മുന്‍വിധികളുടെയും കുറ്റപ്പെടുത്തലുകളുടെയും കാലം കടന്ന് തങ്ങളുടേതായ സന്തോഷങ്ങളിലേക്ക് പാപ്പുവിനൊപ്പം പറന്നുയരുകയാണ് അമൃതയും അഭിരാമിയും. ജീവിതത്തിന്റെ പുതിയ ഏടുകളെപ്പറ്റിയും നടന്നുതീര്‍ത്ത കനലുകളെപ്പറ്റിയും അവര്‍ ഗൃഹലക്ഷ്മിയോട് സംസാരിച്ചപ്പോള്‍.      

To advertise here,

''വനവാസകാലം പതിന്നാലുവര്‍ഷമാണെന്നല്ലേ, പുരാണത്തില്‍ പറയുന്നത്? അങ്ങനെയൊരു വനവാസമായിരുന്നു ഞങ്ങളുടെതും. സോഷ്യല്‍ മീഡിയയില്‍നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്ക് കണക്കില്ല. മനസ്സ് മരവിച്ച അവസ്ഥ. ഡിപ്രഷന്റെ ഭീകരമുഖം കണ്ടു. എന്റെ തീരുമാനമാണല്ലോ ഇതിനൊക്കെ കാരണം. അതിന്റെ പ്രശ്‌നങ്ങള്‍ എന്നിലൊതുങ്ങേണ്ടതല്ലേ? പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. അച്ഛനും അമ്മയും കുറ്റക്കാരായി. വളര്‍ത്തുദോഷമാണെന്ന് പലരും പറഞ്ഞു. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മുന്‍പില്‍ മറുപടിയില്ലാതെ തലകുനിച്ച് നില്‍ക്കേണ്ടിവന്നിട്ടുണ്ട് അവര്‍ക്ക്. എല്ലാവരോടും എല്ലാം പറയാന്‍ പറ്റില്ലല്ലോ. പിന്നെ, മറുപക്ഷത്തുള്ളവര്‍ പറയുന്നതാണ് ശരിയെന്ന് കണ്ണടച്ചുവിശ്വസിക്കുന്നവരും കുറവായിരുന്നില്ല. സോഷ്യല്‍ മീഡിയ തുറക്കാന്‍ ഭയമായിരുന്നു. സഹിക്കാനാവാത്ത വെറുപ്പ് എനിക്കുനേരേ വന്നു. 

'അമ്മ ചീത്തയല്ലേ, എന്തിനാണ് അമ്മയുടെകൂടെ നില്‍ക്കുന്നത്?' എന്ന ചോദ്യം പാപ്പുവിന് കേള്‍ക്കേണ്ടിവന്നു. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇടതടവില്ലാതെ കേട്ട് അവള്‍ വീട്ടില്‍ വന്ന് കരച്ചിലായി. 'മമ്മി സൈലന്റാവുന്നതുകൊണ്ടല്ലേ, ഞാനിത് കേള്‍ക്കേണ്ടിവരുന്നത്?' എന്നവള്‍ ചോദിച്ചു. അതോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു. പ്രതികരിക്കാന്‍ ഊര്‍ജം തന്നത് പാപ്പുവാണ്. ഈ കോലാഹലങ്ങളില്‍ ഞങ്ങള്‍ക്ക് നഷ്ടമായത് മനസ്സമാധാനംമാത്രമല്ല, അവസരങ്ങളുംകൂടിയാണ്. സിനിമയില്‍ എന്നെ പാടിക്കരുതെന്ന പരോക്ഷവിലക്ക് ചിലരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. പാടി റിലീസ് കാത്തിരുന്ന സിനിമകളില്‍നിന്നുപോലും ഞാന്‍ പാടിയ പാട്ടുകള്‍ ഒഴിവാക്കിയിട്ടുണ്ട്. പാടാന്‍ വിളിക്കരുത്, അവസരം കൊടുക്കരുത് എന്നൊക്കെ ഫോണ്‍ വിളിച്ച് ആവശ്യപ്പെട്ടതായി പലരും പറഞ്ഞിട്ടുണ്ട്. 

നഷ്ടങ്ങള്‍ എനിക്കുമാത്രമല്ല, അഭിരാമിക്കുമുണ്ടായി. ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍. ആരോടും വഴക്കിടാന്‍ താത്പര്യമില്ലാത്ത രക്ഷിതാക്കള്‍. കൈനിറയെ പണവും സ്വാധീനശക്തിയും ഉള്ളവരെ നേരിടാന്‍ എളുപ്പമായിരുന്നില്ല. പാപ്പുവിനെ ഇതൊന്നും ബാധിക്കരുതെന്നും ഉണ്ടായിരുന്നു. കൂടുതല്‍ അപമാനവും ആക്രമണവും ഭയന്ന് നിശ്ശബ്ദരാകുന്നവരാണ് സ്ത്രീകളില്‍ ഏറെയും. പക്ഷേ, നോ എന്നതാണ് നമ്മുടെ തീരുമാനമെങ്കില്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങി അതിനെ യെസ് എന്ന് തിരുത്തരുതെന്നാണ് എനിക്കിപ്പോള്‍ പറയാനുള്ളത്. ഡൊമസ്റ്റിക് വയലന്‍സ് ഉള്‍പ്പെടെ എന്തുതരം അതിക്രമത്തിന് ഇരയായാലും അപ്പോള്‍തന്നെ പ്രതികരിക്കുക. ഒരുപാടുകാലം കഴിഞ്ഞ് നമ്മുടെ ദുരനുഭവങ്ങള്‍ തുറന്നുപറയുമ്പോള്‍ നമ്മുടെ കൈയില്‍ തെളിവുണ്ടാകില്ല. ആരും വിശ്വസിക്കണമെന്നില്ല. തെളിവ് ആവശ്യപ്പെടുമ്പോള്‍ ഒഴിഞ്ഞ കൈ മലര്‍ത്തിക്കാണിച്ച് നിസ്സഹായരായി നില്‍ക്കേണ്ടിവരും'', അമൃത പറയുന്നു. മുന്‍വിധികള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇരയായി നഷ്ടപ്പെട്ട അവസരങ്ങളെയും മനസ്സിനേറ്റ വിഷമങ്ങളെയും പറ്റി അഭിരാമിയും സംസാരിച്ചു. 

(അഭിമുഖത്തിന്റെ പൂര്‍ണരൂപം ഡിസംബര്‍ ഒന്നാം ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)