
വര- ശ്രീലാൽ എ.ജി.
അയല്‍വക്കത്ത് നാളെയൊരു കല്യാണമുണ്ടെങ്കില്‍ ഇന്ന് ഉച്ചയ്ക്കേ വീട് ശൂന്യമാവും. ചിരവ, അമ്മിക്കല്ല്, തവി, കലം തുടങ്ങി അടുത്തുള്ള വീടുകളിലെ അടുക്കളകള്‍ കല്യാണവീട്ടിലെത്തിയിട്ടുണ്ടാവും.
'മോശല്ലേ, ഇത്ര അടുത്തായിട്ട് പോയില്ലെങ്കി' എന്ന് തമ്മില്‍ പറഞ്ഞ് പെണ്ണുങ്ങള് അരയ്ക്കാനും അരിയാനും കഴുകാനും തയ്യാറായി കല്യാണവീട്ടില്‍ ചെന്ന് കേറും.
'ഏടത്ത്യേ എന്താ പണിള്ളത്..'
എന്നാണ് ആദ്യത്തെ കുശലം.
അടുക്കപ്പുറത്ത് ആരുമില്ലല്ലോ എന്ന് വേവുന്ന കല്യാണപ്പെണ്ണിന്റെ അമ്മ ആശ്വാസത്തോടെ ചിരിക്കും.
'ആദ്യം വന്നീ വെള്ളം കുടിക്കീ കൂട്ടരേ..'
എന്ന് ആതിഥേയയാവും. രസ്ന എന്നറിയപ്പെടുന്ന, വിശേഷങ്ങളുള്ള വീടുകളില്‍ മുന്‍കൂട്ടി 'ആള്ക്കാര് കേറിവരുമ്പോ എന്തേലും കൊടുക്കണ്ടേ 'എന്ന് വാങ്ങി സൂക്ഷിക്കുന്ന നിറമുള്ള പൊടി പഞ്ചസാരയിട്ട് കലക്കിയ വെള്ളം കുടിക്കുന്ന അമ്മമാര്‍ അവരുടെ മക്കളെ തിരയും, അല്പം കുടിച്ചെന്ന് വരുത്തി അവര്‍ക്ക് നീട്ടും.
'ന്നാ, വേം കുടിച്ചോ...'
നാവ് ഓറഞ്ചല്ലി പോലെ തുടുപ്പിച്ച്, ചുണ്ടിന് മീതെ നാവുകൊണ്ട് തുഴഞ്ഞ് ബാക്കിയുള്ള ഇത്തിരി മധുരം കൂടി നുണഞ്ഞ് കുട്ടിക്കൂട്ടം കളികളിലേക്ക് മടങ്ങും.
പെണ്ണിന്റെ വീടാണെങ്കി പെണ്ണുങ്ങള് അടക്കം പറയും,
'വരീ നമ്മക്ക് പണ്ടം കാണാ...'
പണ്ടം എന്നുപറയുമ്പോള്‍ ശബ്ദം പതുക്കും. രഹസ്യമായി ചെയ്യേണ്ടതാണ്, കല്യാണവീട്ടില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാവുമെന്ന് ആര്‍ക്കും അറിയില്ല, തങ്ങളായിട്ട് ഒരു സുരക്ഷാവീഴ്ച്ച ഉണ്ടാക്കരുതല്ലോ എന്നാണ് മട്ട്!
കുട്ടികള്‍ക്കും ആണുങ്ങള്‍ക്കും പ്രവേശനമില്ലാത്ത ഒരു മുറി അവര്‍ക്ക് അനുവദിച്ചു കിട്ടിയിരിക്കും. അതിലാണ് പൊന്നും സാരിയും തുടങ്ങി സകല ഒരുക്കക്കൂട്ടങ്ങളും.
(പിറ്റേന്ന് കല്യാണത്തിന് ഒരുങ്ങുന്നതും ആ മുറിയിലാണ്, അതിന്റെ പരിസരത്ത് ആണുങ്ങളുടെ സാന്നിധ്യം അറിയുന്ന മാത്രയില്‍ പെണ്ണുങ്ങള് യുദ്ധസന്നദ്ധരാവും.
പെണ്ണുങ്ങള് ഒരുങ്ങുന്നടത്ത് എന്താ നിങ്ങക്ക് കാര്യം?)
തൊട്ടും തലോടിയും ആഭരണങ്ങളുടെ പേര് പറഞ്ഞും ഓരോ പെണ്ണിലെയും ഗംഗ ചെറിയ നാഗവല്ലി വേര്‍ഷന്‍ പുറത്തെടുക്കും.
ഇളക്കത്താലി, മണിമാല,മുല്ലമൊട്ടുമാല, നാഗപടത്താലി...
വളകള്‍ മിക്കവാറും ബന്ധുക്കളുടെ സമ്മാനം ആയിരിക്കും. ഓരോന്നും ആരൊക്കെ തന്നത് എന്ന് കൃത്യമായി അറിയേണ്ടതുണ്ട്, എത്ര തൂക്കമുണ്ടെന്ന ഊഹങ്ങള്‍ ഇടയില്‍ കേള്‍ക്കും,
'ഇത് കണ്ടാ അറിഞ്ഞൂടെ, നല്ല പണിയാണ് രണ്ട് പവന് എന്തായാലും ഇണ്ട്..'
'ന്നാ ഇനി പൂട്ടി വച്ചാളീ ഏടത്യേ, കാലം മോശാണ്...'
ആദ്യത്തെ കൂട്ടം അടുക്കളയിലേക്ക് നീങ്ങുകയായി. പൂട്ടി വയ്ക്കാനൊന്നും നേരമില്ല, അടുത്ത പെണ്‍കൂട്ടം പണ്ടം കാണാന്‍ വാതിലിന് പുറത്തുണ്ട്.
അടുപ്പ് കൂട്ടിയതിനടുത്തായി നിലത്ത് വിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കും.അവിയലിന് ചേന ഈ നീളത്തില്‍ മതിയേ, കാബേജ് ഇത്തിരി കൂടി പൊടിയാക്കി അരിയീന്ന്, തേങ്ങ പൊളിച്ചത് ഇനിയില്ലേ എന്നൊക്കെ ആവശ്യത്തിലധികം ഒച്ചയില്‍ കല്പിച്ചുകൊണ്ട് പന്തലില്‍ ചുറ്റുന്ന ദേഹണ്ഡക്കാരനെ പെണ്ണുങ്ങള് 'ഇയാളെക്കൊണ്ട് തോറ്റല്ലോ'എന്ന് കനപ്പിച്ച് നോക്കും.
ചിരവിയ തേങ്ങ ആദ്യമൊന്ന് അമ്മിക്കുട്ടി കൊണ്ട് ഇടിച്ച് ഒതുക്കി താളത്തില്‍ നീട്ടി അരയ്ക്കുന്ന പെണ്ണുങ്ങള് ശ് ശ് എന്ന് അരയ്ക്കുന്ന താളത്തില്‍ ചുണ്ട് വിടര്‍ത്തും. എന്തൊരു ഭംഗിയെന്ന് പണ്ടേ കാഴ്ചകളില്‍ കണ്ണുടക്കി നിന്നുപോവുന്ന ഞാന്‍ അമ്പരക്കും.
'കുട്ട്യാളെ മൈലാഞ്ചി ഇടണ്ടോര് അകത്തിക്ക് ചെല്ലീ...'
എന്നൊരു അശരീരി കേള്‍ക്കുന്നതോടെ പെണ്‍കുട്ടികള്‍ കളിക്കൂട്ടത്തില് നിന്ന് അപ്രത്യക്ഷരാവും.
കുഞ്ഞിമ്മുവെന്നോ പൂവിയെന്നോ, ചെറിയെന്നോ, പൂമോളെന്നോ ഓമനപ്പേരുള്ള ഒരു താത്തക്കുട്ടി മണവാട്ടിയുടെ കൈകള്‍ മൈലാഞ്ചിചോപ്പ് പുരട്ടി ഭംഗിയാക്കുന്ന ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തിരിക്കും. പുതുപ്പെണ്ണിന്റെ കൈകളില്‍ ചുവപ്പ് നിറഞ്ഞുകഴിഞ്ഞാല്‍ കുഞ്ഞിക്കൈകള്‍ക്ക് ഒരു പൂവോ പൂമ്പാറ്റയോ വള്ളിച്ചെടിയോ ഹൃദയാകാരത്തിനകത്ത് അവനവന്റെ പേരിന്റെ ആദ്യത്തെ അക്ഷരമോ വരച്ചു കിട്ടും.നിറഞ്ഞു!
ഇവന്റ് മാനേജ്മെന്റ് ടീമൊന്നും അന്നില്ല. പക്ഷേ ഒരു നാട് മുഴുവന്‍ ജോലികള്‍ പങ്കിട്ടെടുക്കും. മണിയറ, മണ്ഡപം അലങ്കരിക്കല്‍ ചെറുപ്പക്കാരുടെ ജോലിയാണ്. അവര്‍ക്കല്ലേ പുതിയ ഫാഷന്‍ ഒക്കെ അറിയാവുന്നത് എന്ന് മുതിര്‍ന്നവര്‍ പുതുതലമുറയോടുള്ള അല്പം അമര്‍ഷം അടക്കി പറയും.
പന്തലില്‍ കസേരകള്‍ നിരത്താനും അടുക്കളപ്പുറത്തെ മേല്‍നോട്ടവും അച്ഛന്മാര്ക്ക്. കൂട്ടത്തില്‍ അല്പം അനാരോഗ്യമുള്ള അപ്പൂപ്പന്മാര് എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കും. അതൊന്നും കേള്‍ക്കാത്ത മട്ടില്‍ ബാക്കിയുള്ളവര്‍ പണി തുടരും.
മഴയെങ്ങാനും പെയ്യോ, വണ്ടി നേരത്തെ വരാന്‍ പറഞ്ഞിട്ടില്ലേ എന്നൊക്കെ തമ്മില്‍ തമ്മില്‍ ചോദിച്ച് അവര്‍ ജാള്യത മറയ്ക്കും.
'വൈകണ്ട, ഉറങ്ങിക്കോ പെണ്ണെ, ഇനിയങ്ങോട്ട് ഉറക്കം ഒക്കെ കണക്കാ' എന്ന് മണവാട്ടിയുടെ തോളില്‍ തോളുകൊണ്ട് തട്ടി പെണ്ണുങ്ങള് പൊട്ടിച്ചിരിക്കും. പുതുപ്പെണ്ണ് നാണിച്ച് ചിരിക്കും.
ഞാന്‍ വലുതാവുമ്പോ കല്യാണത്തിന് ഇളക്കത്താലി കെട്ടും, ആകാശനീലയില്‍ ചുവന്നപട്ടുകരയുള്ള സാരി മതി. പിച്ചിപ്പൂ ചൂടിയാല്‍ മതി, അതിനാ മുല്ലപ്പൂവിനേക്കാള് നല്ല മണം, കാലിലും മൈലാഞ്ചി ഇടണം, മൂക്കുത്തി ഇട്ടാല്‍ ചെക്കന് ഇഷ്ടാവോ ആവോ എന്നൊക്കെ ഓര്‍ത്തോര്‍ത്ത് കയ്യിലെ ചുവപ്പ് വീണ്ടും വീണ്ടും നോക്കി ആനന്ദിച്ച് ഒരു പെണ്‍കുട്ടി ഉറങ്ങാന്‍ കിടക്കും. നാളെ എന്ന് അവളുടെ സ്വപ്നങ്ങളില്‍ നിറങ്ങള്‍ പടരും. അതിലൊരു തരി ചുവപ്പ് കവിളില്‍ പടര്‍ന്ന് അവള് ഉറക്കത്തില്‍ ചിരിക്കും…
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: childhood memories of the heartwarming traditions of a Kerala wedding from pre-wedding rituals to the vibrant celebrations
Published: 09 Aug 2025, 03:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented