
നാട് മാറിയെങ്കിലും ദാരിദ്ര്യത്തിന് വലിയ മാറ്റം ഒന്നുമുണ്ടായില്ല. ഇരുന്നൂറ്റി അൻപത് രൂപയാണ് വാടക. അത് പലതവണ മുടങ്ങി. ചെറേക്കാടിന് പത്ത് പതിനഞ്ച് കിലോമീറ്റർ അപ്പുറം പേങ്ങാട്ടുകുണ്ട് എന്ന സ്ഥലത്തെ യുപി സ്‌കൂളിലാണ് എന്നെ ചേർത്തത്. സ്‌കൂൾ ബസ് ഫീസ് മാസങ്ങളോളം മുടങ്ങി, പലതവണ ബസ്സിലെ ക്ലീനറും സ്‌കൂളിലെ ക്ലർക്കും ഫീസിന്റെ കാര്യം സൂചിപ്പിച്ചു.
ആദ്യമായാണ് സ്‌കൂൾ ബസ്സിൽ പോയി വരുന്നത്. ആറാം ക്ലാസ് വരെ അതിന്റെ ആവശ്യമുണ്ടായിട്ടില്ല, വാഹനത്തിൽ പോയി വരേണ്ട ദൂരമുണ്ടായിരുന്നെങ്കിലും നടന്നാണല്ലോ സ്‌കൂളിൽ പോയിരുന്നത്. അതുകൊണ്ട് സ്‌കൂൾ ബസ്സിലുള്ള പോക്കുവരവ് എനിക്കിഷ്ടപ്പെട്ടു. കുന്നുംപുറം ടൗണിൽ നിന്ന് ചെറേക്കാട്ടിലേക്ക് സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. ആളുകൾ നിറയുന്നതിനനുസരിച്ച് ജീപ്പുകൾ ഇരുവശങ്ങളിലേക്കും സർവീസ് നടത്തും. ചിലപ്പോൾ ഏറെനേരം കാത്തു നിന്നാലാണ് ജീപ്പിൽ ആളുതികയുക. ഒരു സീറ്റ് ഒഴിഞ്ഞു കിടന്നാൽ പോലും ജീപ്പ് ഓടുകയില്ല. അപ്പോഴാണ് ബസ് ഇല്ലാത്തതിന്റെ അസൗകര്യം നാട്ടുകാർ ചർച്ച ചെയ്യുക. ജീപ്പുകാരുടെ അഹങ്കാരം കുറയ്ക്കാൻ അതേ മാർഗ്ഗമുള്ളൂ എന്ന് ചെറേക്കാടുകാർ അരിശം കൊണ്ടു. പലതവണ പല ബസ്സുകളും പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തി നോക്കിയതാണ്. മുൻപിലും പിൻപിലും ജീപ്പുകൾ ഓടിച്ച് ബസ്സുകാരെ അവർ തോൽപ്പിച്ചു. ബസ്സിലെ സീറ്റുകൾ എപ്പോഴും ഒഴിഞ്ഞു കിടന്നു. അങ്ങനെ ചെറേക്കാട് ഗ്രാമത്തിന് ജീപ്പുകളെ അംഗീകരിക്കേണ്ടിവന്നു. അവരുടെ ധാർഷ്ട്യം സഹിച്ചും ഏറെ നേരം കാത്തിരുന്നും അവർ യാത്ര ചെയ്തു. ജീപ്പിൽ സ്‌കൂളിൽ പോകുന്നത് എളുപ്പമല്ല, ഒരിക്കലും സമയത്ത് ക്ലാസ്സിൽ എത്താൻ പറ്റില്ല.സ്വകാര്യ വാഹനങ്ങൾ തീരെ കുറവാണ്. സ്‌കൂൾ ബസ്സിൽ വൻ തിരക്കായിരുന്നു അതുകൊണ്ട്. ഭിന്നതലപഠന കേന്ദ്രം എന്ന പേരിൽ ഒരേയൊരു സ്‌കൂളാണ് അവിടെ ഉണ്ടായിരുന്നത്, നാലാം ക്ലാസ് വരെ മാത്രം. ബാക്കിയുള്ളവർ മുഴുവൻ പേങ്ങാട്ടുകുണ്ടിലാണ് പഠിക്കുന്നത്. ബസ്സിൽ തിരക്കില്ലാതിരിക്കുമോ?
ദാരിദ്രം ശീലമായതുകൊണ്ടാവണം അത് ഞങ്ങളെ വല്ലാതെ ബാധിച്ചില്ല, എന്നുവച്ചാൽ കുട്ടികളെ. ഞങ്ങൾക്ക് വലിയ കൊതികൾ ഇല്ലാതായി, ആഗ്രഹങ്ങൾ വീട്ടിൽ പറയാതായി, ആവശ്യങ്ങൾ പോലും ആലോചിച്ചേ പറയൂ എന്നായി. അത്യാവശ്യം കാര്യങ്ങൾ നടന്നു പോകാനുള്ള പണം ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ കുട്ടിക്കാലം കുറെ കൂടി സമാധാനമുള്ളതായേനെ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ദാരിദ്ര്യം മനുഷ്യരെ സകല സ്ഥലത്തും അപമാനിക്കും. ബസ്സ് ഫീസ് അടയ്ക്കാത്തതിന് സ്‌കൂളിൽ, വാടക കൊടുക്കാത്തതിന് പള്ളി കമ്മിറ്റിയിൽ, പലചരക്ക് കടയിലെ പറ്റ് തീർക്കാത്തതിന് കടയിൽ, അങ്ങനെ ഞാൻ സ്‌കൂളിലും അച്ഛൻ നാട്ടിലും നിരന്തരം നാണംകെട്ടു. അവിടെയും അനിയൻ രക്ഷപ്പെട്ടു. അവന്റെ സ്‌കൂൾ ക്വാർട്ടേഴ്‌സിന് തൊട്ടടുത്തായിരുന്നു.
ദരിദ്ര്യത്തെക്കാൾ അമ്മയ്ക്ക് ഉണ്ടായ മാറ്റമാണ് കുടുംബത്തെ ഉലച്ചത്. അതുവരെ ഇല്ലാത്ത പല അന്ധവിശ്വാസങ്ങളും അമ്മയ്ക്ക് ഉണ്ടായി. ആരോ ഞങ്ങളെ നശിപ്പിക്കാൻ കൂടോത്രം ചെയ്യുന്നുണ്ട്, ഞാൻ കണ്ടതാണ് പൂജ ചെയ്ത് പൂക്കളും വാഴയിലയും മുറ്റത്ത് കിടക്കുന്നത് എന്ന് ആവർത്തിച്ചു പറഞ്ഞ് അമ്മ ഭയന്നു. അത് ഞങ്ങൾക്ക് പരിചയമില്ലാത്ത അമ്മയായിരുന്നു. ദൈവവിശ്വാസം പോലും പേരിനു മാത്രം ഉണ്ടായിരുന്ന അമ്മയുടെ പുതിയ ചിന്തകൾ അച്ഛനെ ദേഷ്യം പിടിപ്പിച്ചു. യുക്തിവാദിയായ അച്ഛൻ അമ്മയുടെ കണ്ടെത്തലുകളെ പുച്ഛിച്ചു. വഴക്കുകൾക്ക് പുതിയ കാരണം കൂടിയായി. യുക്തിവാദിയും അന്ധവിശ്വാസിയും, അത് അസാധ്യ കോമ്പിനേഷൻ ആയിരുന്നു. അലർച്ച, വാക്കേറ്റം, കരച്ചിൽ, എറിഞ്ഞുടക്കൽ, പിണങ്ങിയിരിക്കൽ, പട്ടിണി കിടക്കൽ എന്നിങ്ങനെ ഞങ്ങളുടെ രാത്രികൾ മാറ്റമില്ലാതെ തുടർന്നു. ഒരു ദിവസം പോലും വീട്ടിലെത്തിയാൽ എനിക്ക് പുസ്തകം തുറക്കാൻ പറ്റിയില്ല. പാഠപുസ്തകം അല്ലാതെ മറ്റൊന്നും കൈകൊണ്ടു തൊടാത്ത ഒരു വർഷമായിരുന്നു അത്. ഹോംവർക്ക് ഞാൻ സ്‌കൂളിൽ തന്നെ എഴുതി തീർത്തു. പലപ്പോഴും സ്‌കൂളിൽ ഇരുന്ന് ഉറക്കം തൂങ്ങി. എല്ലാ പരീക്ഷകളും പഠിക്കാതെ പോയി എഴുതി. എനിക്ക് അവിടത്തെ ജീവിതം മടുത്തു. എവിടെയും അഭയം ഉണ്ടായിരുന്നില്ല. ആരെങ്കിലും ആ വീട്ടിൽനിന്ന് എന്നെ ദത്ത് എടുത്തിരുന്നെങ്കിൽ എന്നൊക്കെയായിരുന്നു അന്നത്തെ ചിന്തകൾ. കൂട്ടുകാരുടെ വീടുകൾ ഇങ്ങനെയല്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അവരാരും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ക്ലാസിൽ വന്നിരിക്കുന്നത് കണ്ടിട്ടില്ല. അവർക്ക് ആർക്കും എന്തെങ്കിലുമൊന്ന് ഒളിച്ചു വയ്ക്കാനുള്ളതായും തോന്നിയിട്ടില്ല. അവർക്കൊന്നും ആരോടും ഒരു പരിധിയിൽ കൂടുതൽ അടുക്കാനും പ്രയാസമുണ്ടായിരുന്നില്ല. ചെറിയവർക്കും വലിയവർക്കും ആദ്യം വേണ്ടത് സമാധാനമാണ് എന്ന് മനസ്സിലായത് ആ കാലത്തായിരിക്കണം.
നാട്ടിലേക്ക് തിരിച്ച് പോകാം എന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് കരഞ്ഞു പറഞ്ഞു. അവിടെ ആര് ഇരിക്കുന്നു പുന്നാരിക്കാൻ എന്ന് അപ്പോഴൊക്കെ അമ്മ തിരിച്ചു ചോദിച്ചു. എനിക്ക് ആ ന്യായം ഒരിക്കലും മനസ്സിലായില്ല. ഞാൻ എണ്ണുമ്പോൾ ഒരുപാട് മനുഷ്യരുണ്ട്, അമ്മമ്മ, സത്യമാമ, വല്യമ്മ, വല്യച്ഛൻ, അവരുടെ മക്കൾ, ചുരുക്കം ചിലർ ആണെങ്കിലും അയൽവക്കത്തുള്ള സ്‌നേഹമുള്ളവർ, എന്റെ കൂട്ടുകാർ, അമ്മയുടെ കൂട്ടുകാരികൾ, അച്ഛന്റെ പരിചയക്കാർ... അങ്ങനെ ആലോചിക്കുമ്പോൾ ഞങ്ങളങ്ങനെ ആരും ഇല്ലാത്തവരല്ല. പക്ഷേ അമ്മ നാട്ടിലേക്ക് പോകുന്നില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ്. അച്ഛന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല. അനിയനും നാടാണ് പ്രിയം എന്ന് മനസ്സിലായി. ഞങ്ങൾ ആ നാട്ടിൽ ഒരു വർഷം തികയ്ക്കുക തന്നെ ചെയ്തു. അതിനിടയിൽ കുറേനാൾ അമ്മ പിണങ്ങി നാട്ടിലേക്ക് പോയി. ഞാനും അച്ഛനും അനിയനും ആകെ വലഞ്ഞ ദിവസങ്ങളായിരുന്നു അത്. അമ്മയ്ക്ക് അങ്ങനെ എന്നെയും അനിയനെയും വിട്ടു പോകാൻ പറ്റുമെന്ന അറിവ് തന്നെ വലിയ വേദനയായിരുന്നു. ബാക്കി ബുദ്ധിമുട്ടുകൾ അതുകഴിഞ്ഞേയുള്ളൂ. എല്ലാ തിരിവുകളിലും അമ്മയുണ്ടാകും എന്ന വിശ്വാസമാണ് അന്ന് ഇല്ലാതായത്. കഠിനമായിരുന്നു ആ ദിവസങ്ങൾ. ഒരു ഏഴാം ക്ലാസുകാരി അന്ന് വീട്ടിലെ സകല ജോലികളും ചെയ്തു പഠിച്ചു. ഉച്ചയ്ക്ക് പട്ടിണി ഇരിക്കാൻ പഠിച്ചു, വിശപ്പില്ല എന്ന് കൂട്ടുകാരോട് കള്ളം പറയാൻ പഠിച്ചു. സങ്കടമില്ല, എനിക്ക് ഇതൊന്നും പ്രശ്‌നമല്ല എന്ന് അച്ഛനെ ബോധിപ്പിക്കാൻ ശ്രമിച്ചു. അനിയനോട് തല്ലുകൂടാതെ അവന്റെ അമ്മയാവാൻ ശ്രമിച്ചു. ആളുകളുടെ ചോദ്യങ്ങളെ കേട്ടില്ലെന്ന് നടിച്ചു. സ്‌കൂളിൽ പോയി, പക്ഷേ ഒന്നും പഠിച്ചില്ല. ആരും അധികം ശ്രദ്ധിക്കാത്ത കുട്ടിയായതുകൊണ്ട് സ്‌കൂളിൽ ആരും ഒന്നും അറിഞ്ഞില്ല.
ഇടയ്ക്ക് അമ്മ വന്ന് അനിയനെ കൂടെ കൊണ്ടുപോയി. അവന്റെ കൈപിടിച്ച് പാടത്തിന്റെ അറ്റത്തേക്ക് നടന്നു മറയുന്നത് ക്വാർട്ടേഴ്‌സിന് ഉമ്മറത്തു നിന്ന് ഞാൻ കണ്ടു. അമ്മ എന്താണ് എന്നെ കൊണ്ടുപോകാത്തത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയില്ല. അച്ഛൻ ഒന്നും പറയാതെ കെട്ടിപ്പിടിച്ചു. എന്തൊക്കെയോ മധുരങ്ങൾ തന്ന് സങ്കടമാറ്റാൻ വെറുതെ ശ്രമിച്ചു. അമ്മ തൽക്കാലത്തേക്കെങ്കിലും ഉപേക്ഷിച്ച ഒരു കുഞ്ഞിന് മധുരം അറിയാൻ കഴിയുമോ? പന്ത്രണ്ട് വയസ്സ് തീരെ ചെറിയ പ്രായമാണ്, ഇതൊക്കെ ആ പ്രായത്തിൽ തീരെ ചെറിയ വേദന ആണെന്ന് പറയാൻ കഴിയുമോ നിങ്ങൾക്ക്?
(തുടരും )
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 22 May 2026, 11:17 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented