ഓർമ്മക്കുറിപ്പുകൾ വ്യക്തിപരമായ അനുഭവങ്ങളും ജീവിതാനുഭവങ്ങളും പ്രദാനം ചെയ്യുന്ന ഉത്തമസഹായികളാണ്. ഇത്തരം പുസ്തകങ്ങൾ ചില വൈകാരിക അനുഭവങ്ങളിലൂടെ നൽകുന്ന ജീവിതപാഠങ്ങൾ ഹൃദയത്തിൽ എന്നും നിലനിൽക്കുന്നു. ഇതിലൂടെ വായനക്കാർക്ക് മറ്റുള്ളവരുടെ ജീവിതപോരാട്ടങ്ങളിൽ നിന്നും പഠിക്കാൻ കഴിയുന്നതോടൊപ്പം യഥാർത്ഥ ജീവിതാനുഭവങ്ങളുടെ അവതരണത്തിലൂടെ സ്വന്തം ജീവിതത്തെ പുതിയ വെളിച്ചത്തിൽ കാണാനും സാധിക്കുന്നു.

വിലപ്പെട്ട ഓരോ നിമിഷവും മനുഷ്യനെന്ന ജീവി അവനുള്ളിൽ വഹിക്കുന്ന നിരന്തരയുദ്ധങ്ങളുടെ, സംഘർഷങ്ങളുടെ ഒരു തുറന്നുകാട്ടലാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ 'ആരും കാണാത്ത യുദ്ധങ്ങൾ' എന്ന പുസ്തകം. മനുഷ്യജീവിതത്തെ പുതുക്കിപ്പണിയാൻ, ചില തെറ്റുകളെ തിരുത്താൻ ലോകം മൊത്തം തനിക്കെതിരാണെന്ന് ചിന്തിക്കുമ്പോഴും ചേർത്ത് പിടിക്കാൻ കുറേ മനുഷ്യർ ഇവിടെ ബാക്കിയുണ്ട് എന്ന ഓർമപ്പെടുത്തലിനൊപ്പം ഹൃദയനൈർമല്യമുളള ഒരു പിടി മനുഷ്യരെ കാട്ടിത്തരുന്ന ഈ പുസ്തകം ചുറ്റുമുള്ള നിരവധി മനുഷ്യരുടെ ജീവിതത്തിലൂടെ സാർവത്രികമായ യാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നു.

' ചോദ്യങ്ങളും ഉത്തരങ്ങളും' എന്ന ആദ്യ അധ്യായത്തിൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ തന്നെ ഉപേക്ഷിച്ചുപോയ പ്രണയത്തെക്കുറിച്ച് വിവരിക്കുന്നു. പ്രണയമെന്ന വികാരത്തിൽ ഒരു മനുഷ്യൻ ഏറ്റവും ഭയപ്പെടുന്ന നിരാകരണത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നു. ജീവിതത്തിൽ ഓരോ മനുഷ്യനും ഏറ്റുവാങ്ങേണ്ടി വരുന്ന നിരാകരണങ്ങളുടെ എണ്ണം പറയുന്നു.

ജനനം മുതൽ ഇത്തരം നിരാകരണങ്ങൾ ഓരോ മനുഷ്യന്റെ ജീവിതത്തിലുമൃണ്ട്. ജോലിയിൽ നിന്ന് പുറത്താക്കലും ചടങ്ങിന് ക്ഷണിക്കപ്പെടാതിരിക്കലും ഉൾപ്പെടെയുള്ള ജൻമസങ്കടത്തിന്റെ ഓർമ്മപ്പെടുത്തലുകൾ. അതിൽ നിന്നും എങ്ങനെ സുഖം പ്രാപിക്കലിന്റെ വഴികളിലേക്ക് സഞ്ചരിക്കാമെന്നും ഇതിനുള്ളിലെ ചെറിയ നുറുങ്ങു കഥകളിലൂടെ വെളിപ്പെടുത്തുന്നു. ജീവിതം ഒരു പ്രഹേളികയായിരിക്കുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉള്ളിൽപ്പേറുന്നതു കൊണ്ടാണ്.

തന്റെ ജീവിതത്തിലെ നിരവധി അനുഭവങ്ങൾ, അപരിചിതരും പരിചിതരുമായ മനുഷ്യർ ഇവരുടെ ജീവിതത്തിലൂടെയാണ് പുസ്തകം മുന്നോട്ട് പോകുന്നത് സ്നേഹിക്കാൻ മാത്രം അറിയുന്നവർക്ക് കൊടുക്കുന്നതിന്റെ പകുതി പോലും തിരിച്ച് കിട്ടാറില്ല. അതറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇവർ നിർലോഭമായി സ്‌നേഹിക്കാറുണ്ട്. സ്വന്തം മക്കളെക്കാൾ മകന്റെ കൂടുകാരനെ സ്‌നേഹിക്കുന്ന അമ്മയും മറ്റുള്ളവരുടെ അക്ഷരങ്ങളെപ്പോലും നിധിപോലെ നെഞ്ചിലേറ്റുന്ന ചില മനുഷ്യരുമെല്ലാം ഇത്തരം നിസ്വാർത്ഥതയുടെ ഉദാഹരണങ്ങളാണ്.

പലപ്പോഴും നമ്മൾ സ്‌നേഹം കൊടുക്കുന്ന വീട്ടുകാർ ഇതൊന്നുമോർക്കാറില്ല. താൻ കുടുംബത്തിന് വേണ്ടി എന്തെല്ലാം ചെയ്തിട്ടും തനിക്കതൊന്നും തിരിച്ച് കിട്ടിയില്ലെന്ന് ഓർത്ത് ദുഃഖിക്കുന്ന ജോസഫിന്റെ കൂട്ടുകാരൻ ഒടുവിൽ എത്തിച്ചേർന്നത് അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ ഫിലോസഫിയിലേക്കാണ്. 'Just live for them.' എന്ന ചിന്ത അയാളെ സ്വസ്ഥനാക്കുന്നു. ജീവിതത്തിൽ നന്ദി ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.

ജീവിതത്തെ കൂടുതൽ തെളിമയോടെ ജീവിക്കാൻ, ജീവിതത്തിൽ സ്‌നേഹിക്കപ്പെടുന്നതിന്റെ ആഴം തിരിച്ചറിയാൻ, കപടതകളെ തകർത്തെറിഞ്ഞ് മുന്നേറാൻ ഈ പുസ്തകം ഒരു ഉത്തമ സഹായിയാണ്. 'എത്ര പഠിപ്പിച്ചിട്ടും തലയിൽ കയറാത്ത കാര്യം അങ്ങേയറ്റം ക്ഷമയോടെ പഠിപ്പിച്ചു തന്ന് നമ്മൾ ജയിക്കണമെന്ന് നമ്മളെക്കാൾ വാശി പിടിച്ച ചില അദ്ധ്യാപകരോ ട്യൂഷൻ ടീച്ചറ കൂട്ടുകാരോ ഒക്കെ ഉണ്ടായതു കൊണ്ടാണ് ചില വിഷയങ്ങൾ നമ്മൾ നീന്തിക്കടന്നത്. ചിലരൊക്കെ പാതി വഴിയിൽ ഉപേക്ഷിക്കാതിരുന്നത് കൊണ്ടാണ് ഞാനും നിങ്ങളുമൊക്കെ ജീവിച്ചിരിക്കുന്നത്.' എന്നൊക്കെയുള്ള വാക്കുകൾ ഈ പുസ്തകത്തെ ഹൃദയത്തോട് ചേർത്ത് നിർത്താൻ പ്രേരിപ്പിക്കുന്നു.

'ചില മനുഷ്യരെ കൈവിട്ടാൽ അതിന് അവരെ ലോകം കൈവിട്ടു എന്നൊരർത്ഥം കൂടിയുണ്ട്' എന്ന തിരിച്ചറിവിനെ വിശദീകരിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കഥ പറയുന്നു. റൊണാൾഡോയുടെ മൂത്ത സഹോദരൻ ഹ്യൂഗോ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു. അവരുടെ പിതാവ് കടുത്ത മദ്യപാനം മൂലം ലിവർ സിറോസിസ് വന്ന് മരിച്ചുപോയ ഒരാളായിരുന്നു. റൊണാൾഡോ മദ്യത്തിനോട് 'നോ' പറഞ്ഞപ്പോൾ സഹോദരൻ പിതാവിന്റെ വഴി തെരഞ്ഞെടുത്തു. 2014-ൽ അവർ തമ്മിൽ ഒരു പന്തയമുണ്ടാക്കി. റൊണാൾഡോ കളിക്കുന്ന റിയൽ മാഡ്രിഡ് ക്ലബിന് പന്ത്രണ്ട് വർഷമായി ചാമ്പ്യൻസ് ലീഗ് കിരീടം കിട്ടിയിരുന്നില്ല. ഇത്തവണ റിയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് നേടുകയാണെങ്കിൽ ഒരു ഡീ അഡിക്ഷൻ സെന്ററിൽ ജോയിൻ ചെയ്യണമെന്നും മദ്യപാനവും മയക്കുമരുന്നും ഉപേക്ഷിക്കണമെന്നും റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു. സഹോദരൻ അതിന് സമ്മതിച്ചു.

അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ റൊക്കോർഡിട്ടു കൊണ്ട് പതിനേഴ് ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയത്. ഫൈനലിൽ അത്ലറ്റികോ മാഡ്രിഡ് എന്ന ടീമിനെ തോൽപ്പിച്ചു കൊണ്ടാണ് പന്ത്രണ്ട് വർഷത്തിന് ശേഷം റൊണാൾഡോ റിയൽ മാഡ്രിഡിന് അവരുടെ പത്താമത്തെ കിരീടം 'ല ഡെസിമ' നേടിക്കൊടുത്തത്. അതിന് ശേഷം ഗാലറിയിലേക്ക് കയറി സഹോദരന്റെ അടുത്തെത്തി 'I kept my promise, now it is your turn'.

ഹ്യുഗോ ഏറ്റവും നല്ല ഡീ അഡിക്ഷൻ സെന്ററിൽ പോയി ലഹരിയിൽ നിന്നും മുക്തനായി. ഉപാധികളില്ലാതെ തന്നെ സ്‌നേഹിക്കുന്ന മനുഷ്യരെക്കുറിച്ച് വിവരിക്കുമ്പോഴും നന്ദിയില്ലായ്മയുടെ നിരവധി പാഠങ്ങളും ഈ പുസ്തകത്തിലുണ്ട്. ചില സമയങ്ങളിൽ 'നോ' പറയാൻ മടിച്ച തന്റെ അവസ്ഥയെക്കുറിച്ച് പരിതപിക്കുമ്പോഴും പറയാതെ പോയ 'നോ' ജോസഫിനെ കൂടുതൽ മൂല്യവത്തായ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ നമ്മളും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ നിമിഷങ്ങളെ അറിയാതെ ഓർത്ത് പോകും.

ജർമനിയിലെത്തിയപ്പോൾ കണ്ട വ്യത്യസ്തസ്വഭാവികളായ മനുഷ്യർ, മകൻ, ചെറുപ്പക്കാരി, റോസി ആന്റി അങ്ങനെ പലരും ജീവിതത്തിൽ മുൻപൊരിക്കലും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തവരാണ്. അറിയാത്ത ചില മനുഷ്യർ. ജീവിതത്തിൽ വഴിവിളക്കുകളാകുന്നതിനെക്കുറിച്ചും ഒരു കൈത്തിരി വെട്ടത്തിൽ നിന്ന് അവർ പകർന്നു തരുന്ന സ്‌നേഹമെന്ന വികാരത്തെക്കുറിച്ചും ആഴത്തിൽ അവതരിപ്പിക്കുന്നു.

ഇതിലെ ഓരോ അധ്യായവും ഒരു ഓർമ്മപ്പെടുത്തലാണ്. പുറത്തെ യുദ്ധങ്ങളെക്കാൾ ഓരോ മനുഷ്യനെയും ശ്വാസം മുട്ടിക്കുന്ന, മുന്നോട്ടുള്ള പാതയിൽ തടസ്സമായി നിൽക്കുന്ന നിരവധി യുദ്ധങ്ങൾ മനസ്സിനുള്ളിൽ നടക്കുന്നുണ്ട്.; ഓരോ മനുഷ്യനും നിരന്തരമായി കടന്നു പോകുന്ന ഭയത്തിന്റെ, പരാജയത്തിന്റെ, ഒറ്റപ്പെടലിന്റെ സംശയത്തിന്റെ കാണാത്ത യുദ്ധങ്ങൾ.

വൈകാരികമായ തകർച്ചകളെക്കുറിച്ച് ബുദ്ധിമുട്ടുകളെക്കുറിച്ച് സത്യസന്ധമായി ആവിഷ്‌ക്കരിക്കുമ്പോൾ വായനക്കാരന് സ്വന്തം ജീവിതത്തിന്റെ വില മനസ്സിലാക്കാനും, കഴിവില്ലായ്മകളെ തുറന്നു പറയാനും സാധിക്കുന്നു. പരാജയങ്ങൾ അവസാനമല്ലെന്നും ജീവിത യാത്രയിൽ കൂടുതൽ കരുത്തോടെ മുന്നേറാനുള്ള ധൈര്യവും ആത്മവിശ്വാസവും പ്രദാനം ചെയ്യാൻ ഇത്തരം അനുഭവങ്ങൾക്ക് കഴിയുമെന്നും ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.

'സത്യമായിട്ട് പറയുകയാണ്' എന്ന അധ്യായം ഒരാൾ അയാളുടെ ആയുസ്സിൽ ഏറ്റവും കൂടുതൽ മുറിവേൽപ്പിക്കപ്പെട്ട സത്യങ്ങളെക്കുറിച്ചാണ് പറയുന്നത്. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായ സത്യത്തിനും നുണയ്ക്കും മനുഷ്യനെ ആശ്വസിപ്പിക്കാനും വേദനിപ്പിക്കാനുമുള്ള കഴിവുണ്ട്. കാൽച്ചുവട്ടിലെ നിധി കാണാതെ പോകുന്ന മനുഷ്യനെന്ന പാവം ജീവിയെക്കുറിച്ച്, നന്ദി പ്രതീക്ഷിച്ച് ഒരിക്കലും സഹായം ചെയ്യരുത് എന്ന സത്യത്തെക്കുറിച്ച്, വിശ്വാസങ്ങൾ കടുത്ത രീതിയിൽ ലംഘിക്കപ്പെട്ടതിനെക്കുറിച്ച്, നൻമ ചെയ്ത് ചെയ്ത് സ്വയം തകർന്നു പോകുന്നവരെക്കുറിച്ച് ഒക്കെയും വായിക്കുമ്പോൾ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനും തിരുത്തലുകൾ വരുത്തി കൂടുതൽ മികവോടെ ജീവിത യാത്ര തുടരാനും വായനക്കാരന് കഴിയുന്നു.

'നമ്മൾ ചെയ്ത നല്ല കാര്യങ്ങളൊന്നും പാഴായിപ്പോകുന്നില്ല, പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നും നന്ദിയും അംഗീകാരങ്ങളും തേടി വരും.' എന്ന ആശ്വാസവാക്ക് സുഖപ്പെടുത്താത്ത ചില മുറിവുകളെ ഉണക്കുന്നു. 'നമ്മുടെ വിജയത്തിൽ കൂടുതൽ സന്തോഷിക്കുന്നത് അപരിചിതരാണ്. കൂടുതൽ സങ്കടപ്പെടുന്നതോ പരിചിതരും' എത്ര കാലം ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം പൂർണ്ണമായും നമ്മുടെ കൈയിലില്ല. പക്ഷേ ജീവിതം നമുക്ക് നൽകുന്ന നിമിഷങ്ങൾ എങ്ങനെ ചെലവഴിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മളുടേത് മാത്രമാണ്.' എന്നുള്ള വാചകങ്ങൾ ജീവിത യാത്രയിൽ ഏറെ മുതൽ കൂട്ടാകും എന്നത് നിസ്തർക്കമാണ്.

അമ്മമാരുടെ നിസ്വാർത്ഥമായ ത്യാഗത്തിന്റെ ആഴവും പെൺകരുത്തും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് പന്തയ്ക്കലമ്മ' എന്ന അധ്യായം. തന്റെ അച്ഛനമ്മമാർക്ക് സ്മാർട്ട് ഫോൺ വാങ്ങിയ ശേഷം സുരക്ഷിതത്വം ഉറപ്പാക്കാനായി ഫിംഗർ ലോക്കിടാൻ ജോസഫ് ശ്രമിക്കുന്നു. എന്നാൽ അമ്മയുടെ വിരലുകൾ ഉപയോഗിച്ച് പലയാവർത്തി ശ്രമിച്ചെങ്കിലും ശരിയാകുന്നില്ല. തേഞ്ഞു തുടങ്ങിയ വിരലുകൾ അയാളിൽ വേദന സൃഷ്ടിക്കുന്നു. പിന്നീട് തന്റെ വിരലുകളുടെ ഉറവിടത്തെക്കുറിച്ചുള്ള ചിന്ത 'പന്തയ്ക്കലമ്മ' എന്ന് വിളിച്ചിരുന്ന അമ്മയുടെ അമ്മയിലേക്ക് നയിക്കുന്നു.

വലിയ സ്വത്തും സമ്പത്തും ഉള്ള എന്നാൽ മനസ്സിനും ശരീരത്തിനും കുറച്ച് വയ്യായ്കകളുള്ള ഒരാളെക്കൊണ്ട് ജോസഫിന്റെ അമ്മുമ്മയെ വിവാഹം കഴിപ്പിക്കുന്നു. ഒരു പെൺ ജീവിതം അവിടെ ഹോമിക്കപ്പെടുകയായിരുന്നു. എന്നാൽ കരുത്തയായ ആ അമ്മ തലയുയർത്തി നടക്കാനും വിദ്യാഭ്യാസത്തിലൂടെ എല്ലാ പ്രതിസന്ധിയും തരണം ചെയ്യാനും തന്റെ മക്കളെ പ്രാപ്തരാക്കി. പത്ത് മക്കളും ജീവിതത്തിൽ വിജയിച്ചു. മക്കൾക്ക് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളാണ് അവരെ ഇപ്പോഴും ഓർമ്മിപ്പിക്കുന്നത്.

'ഒരു വിളിപ്പാടകലെ' എന്ന അധ്യായം നമ്മളറിയാതെ നമ്മളെ കരുതുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ് 'പ്രാർത്ഥിച്ചും സ്വപ്നം കണ്ടും അലഞ്ഞും ഒടുവിൽ നമ്മൾ സ്വന്തമാക്കിയ ചിലതല്ലേ ഇന്ന് നമ്മുടെ സമാധാനത്തെ കളയുന്നത്?' എന്നത് ഓരോ വായനക്കാരനോടുമുളള ചോദ്യമാണ്. ചിലപ്പോൾ ആസ്വദിച്ചിരുന്നതെല്ലാം നമുക്ക് ദുഃഖകാരണമായി മാറാം. പബ്ലിക് പ്രോപ്പർട്ടിയായിരിക്കുന്നതിന്റെ സംഘർഷങ്ങളെ തുറന്നുകാണിക്കുന്ന ഈ അധ്യായം സെലിബ്രിറ്റി സ്റ്റാറ്റസിന്റെ നൻമതിൻമകൾ തുറന്നുകാട്ടുന്നു.

തന്റെ സെലിബ്രിറ്റി സ്റ്റാറ്റസിനെ അത്രമാത്രം വെറുത്ത് പോകുന്ന സമയത്താണ് കൃഷ്ണേന്ദു എന്ന ക്യാൻസർ പേഷ്യന്റിനെ ജോസഫ് പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ 'ഭൂമിയിൽ ജീവിച്ചിരിക്കുന്നത് നല്ലതാണെന്ന് ഓർമ്മിപ്പിക്കുന്ന ആരെങ്കിലുമൊക്കെ വേണം എന്ന് ഓർമ്മിപ്പിക്കുന്നു.'

ജീവിതം ഓരോ മനുഷ്യനും കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങളുടെ ഓർമ്മപ്പെടുത്തലാണ്. 'സമാധാനത്തിന്റെ രാജകുമാരൻ' എന്ന അധ്യായം. ജീവിതത്തിലെ അപ്രതീക്ഷിതമായ മിറക്കിൾസ് (miracles) നെക്കുറിച്ചും അത് ഒരു മനുഷ്യജീവിതത്തെ എപ്രകാരം പരിവർത്തനപ്പെടുത്തുമെന്നും കാണിച്ചു തരുന്നു. 'നല്ലപ്പൻ' എന്ന അധ്യായം കുടുംബസ്‌നേഹത്തിന്റെ ആഴത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. കുടുംബം എന്തുകൊണ്ടാണ് കൂടുമ്പോൾ ഇമ്പമുള്ളതായി മാറുന്നത് എന്നോർമ്മിപ്പിക്കുന്നു.

ഒരു യുദ്ധഭൂമിയ്ക്ക് സമാനമായ ജീവിതഭൂമിയിൽ കൂടുതൽ കരുത്തോടെ പോരാടാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കും. നമ്മൾ അനുഭവിക്കുന്ന ജീവിതയുദ്ധങ്ങളിൽ നാം ഒറ്റയ്ക്കല്ലെന്നും ഓരോ മനുഷ്യനുള്ളിലും നിരന്തരമായി ഇത്തരം യുദ്ധങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നുവെന്നും ഓരോ യുദ്ധവും നമ്മെ കൂടുതൽ കരുത്തരാക്കി, പ്രാപ്തരാക്കി മാറ്റുമെന്നും ഈ പുസ്തകം ഓർമ്മപ്പെടുത്തുന്നു. ജീവിതത്തെ സമചിത്തതയോടെ നേരിടാനും തെളിമയോടെ കാണാനും വിജയത്തിലേക്ക് കുതിക്കാനും ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും.

ഓരോ മനുഷ്യന്റെ ഉള്ളിലും ആരും കാണാതെയും അറിയാതെയും പോകുന്ന നിരവധി പോരാട്ടങ്ങൾ ഉണ്ട്. ആ പോരാട്ടഭൂമിയെക്കുറിച്ച് ജോസഫ് തന്റെ ജീവിതാനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്നത് വായിക്കുമ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസവും പ്രതീക്ഷയും ആവശ്യമാണെന്ന ബോധം വായനക്കാരിൽ സൃഷ്ടിക്കപ്പെടുന്നു. ജീവിതയാത്രയിൽ നാം നൽകുന്ന കരുണയും പരിഗണനയുമെല്ലാം അപരജീവിതത്തിൽ ആശ്വാസത്തണലാകുമെന്ന ബോധ്യം വായനക്കാരനെ സ്വസ്ഥജീവിയാക്കി പരിവർത്തനപ്പെടുത്തുന്നു എന്നതിലാണ് ഈ പുസ്തകത്തിന്റെ മഹത്വം നിലനിൽക്കുന്നത്.

(ജി.ജി.എച്ച്.എസ്.എസ് വണ്ടൂരിലെ ഇംഗ്ലീഷ് അധ്യാപികയാണ് ലേഖിക)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi