''ആര്‍മി പുരുഷന്മാരുടെ ലോകമാണ്. സ്ത്രീയെന്ന നിലയില്‍ നിങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാവുമോ?''

To advertise here,

ദില്ലിനോര്‍ത്ത് ബ്ലോക്കിലെ ആര്‍മി മെഡിക്കല്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ്. ഡെന്റല്‍ ഓഫീസേഴ്‌സിനുവേണ്ടിയുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്. പത്തുപതിന്നാലു പേരുള്ള ഇന്റര്‍വ്യൂ ബോര്‍ഡില്‍ മിക്കവരും ഡെന്റല്‍ കോറിന്റെ സീനിയര്‍ ഓഫീസേഴ്‌സാണ്. വളരെ നീണ്ടുപോയ ഇന്റര്‍വ്യൂ. എന്നോട് ചോദിച്ച ഒട്ടേറെ ചോദ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു. (2001-ലാണ്. ഇന്ത്യന്‍ ആര്‍മിയില്‍ സ്ത്രീകള്‍ ഇപ്പോഴുള്ളതിലുമെത്രയോ കുറവാണ് അന്ന്).

''ആണ്‍വീട് എനിക്കൊരു പ്രശ്‌നമേയല്ല. എന്റെ വീട്ടിലും അതുപോലെത്തന്നെ. സഹോദരന്മാരുടെ ഒറ്റപ്പെങ്ങളാണ് ഞാന്‍.'' വളരെ ഫോര്‍മലായ ചോദ്യത്തിന് എന്റെ ശടേന്നുള്ള ഉത്തരം ഇന്റര്‍വ്യൂ ബോര്‍ഡില്‍ ചിരിപടര്‍ത്തിയത് ഇന്നും ഓര്‍ക്കുന്നു. ''ആണ്‍വീട് -All son family'' എന്ന പരാമര്‍ശമാവാം കാരണം.

പക്ഷേ, അന്ന് ഇന്റര്‍വ്യൂവിന്റെ ടെന്‍ഷനില്‍ അറിയാതെ പറഞ്ഞുപോയ ആ വാക്ക് എന്റെ പിന്നീടുള്ള ജീവിതമായി, അനുഭവമായി. ഒരു വലിയ കുടുംബത്തിലേക്ക് വന്നുചേരുന്നത് പോലെയായിരുന്നു എനിക്ക് പട്ടാളത്തില്‍ ചേരല്‍.

ഇന്ത്യന്‍ ആര്‍മി എന്ന വലിയ കുടുംബം, ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബം. ആകാശത്ത് യുദ്ധമേഘങ്ങള്‍ കൂടിക്കനത്തുനിന്ന ഒരുസമയത്താണ് ഞാന്‍ മിലിറ്ററിയില്‍ ജോയിന്‍ ചെയ്തത്. യുദ്ധത്തിന് സര്‍വസജ്ജരായി ഒരുങ്ങിയിരിക്കുന്ന പട്ടാളത്തെയാണ് ആദ്യം കണ്ടത്.

രാജസ്ഥാനില്‍ അതിരിനോട് തൊട്ടുചേര്‍ന്നു ഡിപ്ലോയ് ചെയ്തിരിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലിലാണ് ആദ്യ നിയമനം. 2002ലെ 'ഓപ് പരാക്രം' കാലമാണ്. 2001 ഡിസംബര്‍ 14നു നടന്ന പാര്‍ലമെന്റ് ഭീകരാക്രമണം. അതിന്റെ കാരണക്കാരായ ഭീകരസംഘടനകളെ പോറ്റിവളര്‍ത്തുന്ന പാകിസ്താനോടുള്ള പകരത്തിനായി ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ അതിരുകളിലേക്കും നടത്തിയ മിലിറ്ററി മൊബിലൈസേഷന്‍. ഉത്തരേന്ത്യന്‍ ശീതകാലത്തിന്റെ കൊടുംതണുപ്പിനിടയിലും അതിവേഗം അതിര്‍ത്തികളിലെത്തി, പടയൊരുക്കം നടത്തിക്കൊണ്ടിരിക്കുന്ന സൈന്യം. യുദ്ധം ഒഴിവാക്കാനായി കഠിനമായി പരിശ്രമിക്കുന്ന അന്തര്‍ദേശീയ നയതന്ത്രവിദഗ്ധര്‍... ഏതുനിമിഷവും ആരംഭിക്കാവുന്ന യുദ്ധത്തിന് സര്‍വസന്നാഹങ്ങളുമായി മൈന്‍ ഫീല്‍ഡുകള്‍ വിതച്ച് ഉറക്കമിളച്ച് കാവലിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ സൈനികര്‍.

പട്ടാളത്തിലെ ഒന്നാംദിവസം തലേന്നുതൊട്ട് തുടങ്ങിയ തീവണ്ടിയാത്രയും പിന്നത്തെ മരുഭൂമിയാത്രയും കഴിഞ്ഞ് സ്വന്തം യൂണിറ്റിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. മണല്‍ക്കടലിന് നടുവില്‍ കുറച്ച് കിക്കര്‍മരങ്ങളുടെ മറവില്‍ എന്റെ ഫീല്‍ഡ് ഹോസ്പിറ്റല്‍. എന്നുവെച്ചാല്‍ നീണ്ടതും ചെറുതുമായ കുറച്ചധികം മണല്‍നിറ കൂടാരങ്ങളും മറവുകളില്‍ കാമോഫ്‌ലേജ് പുതപ്പുകളണിയിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സുകളും.

ജോലിസമയം കഴിഞ്ഞതിനാല്‍ എല്ലാവരും അവരവരുടെ കൂടാരങ്ങളിലാണ്. കൂട്ടാന്‍ വന്ന രജീന്ദര്‍ എനിക്കായി ഒരുക്കിയിട്ടിരിക്കുന്ന ടെന്റ് കാട്ടിത്തന്നു. യൂണിറ്റിലെ ഒരേയൊരു സ്ത്രീയായതിനാല്‍ ആരുമായും ഷെയര്‍ ചെയ്യേണ്ടതില്ല എന്ന് ആള്‍ പറഞ്ഞു. ഇന്റര്‍വ്യൂവിലെ 'ആണ്‍വീട്' പരാമര്‍ശം ഞാന്‍ വീണ്ടും ഓര്‍ത്തു.

ടെന്റില്‍ ജീവിച്ച ആദ്യ ദിവസങ്ങളെക്കുറിച്ച് 'ഇന്ത്യന്‍ റെയിന്‍ബോ' എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ വിശദമായി എഴുതിയിട്ടുണ്ട്. അതില്‍ നിന്ന് ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു.

ഒരു കുഞ്ഞു മടക്കുകസേരയും ചെറിയ ഇരുമ്പു ബക്കറ്റില്‍ വെള്ളവും കൂടെ കൊണ്ടുവന്ന് തന്നു രജീന്ദര്‍. 'ഇതാണ് ഇന്നത്തെ പാനി റേഷന്‍.' അപ്പോഴാണ് ശരിക്കും ഞെട്ടിയത്. ഒരുദിവസത്തെ ഉപയോഗത്തിന് ഒരു കുഞ്ഞുബക്കറ്റ് വെള്ളം! നീണ്ട യാത്രയില്‍ പൂഴിപറ്റിപ്പിടിച്ച് കണ്‍പീലികള്‍പോലും മണല്‍നിറമായിരിക്കുന്നു. ശരീരം ഒരു കുളിക്കുവേണ്ടി വാശിപിടിക്കുന്നു. മരുഭൂമിയില്‍ ഏറ്റവും വിലപ്പെട്ട ധനം ജലമാണ്. വിലകൊടുത്താലും കിട്ടാത്ത ബ്ലൂ ഗോള്‍ഡ്.

ഒരുപാട് ദൂരെനിന്ന് വണ്ടിയില്‍ കൊണ്ടുവരുന്ന വെള്ളമാണ്. എല്ലാവര്‍ക്കും ഒരുദിവസം ഒരു ബക്കറ്റ്. അതില്‍കൂടുതല്‍ നല്‍കാനാവില്ല. അതാണ് നിയമം. എങ്കിലും ആവശ്യപ്പെട്ടപ്പോള്‍ ഒരു ബക്കറ്റ് വെള്ളം കൂടെകിട്ടി. സ്ത്രീയാണല്ലോ !

ടെന്റിനോട് ചേര്‍ത്ത് കെട്ടിയിരിക്കുന്ന കുട്ടിടെന്റാണ് വാഷ് റൂം. മുലപ്പാല്‍ വീണ് ഷര്‍ട്ടിന്റെ മുന്‍ഭാഗം മുഴുവന്‍ നനഞ്ഞിരിക്കുന്നു. മുലകൊടുക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിന്റെയും അമ്മയുടെയും അരികിലാക്കിയാണീ പട്ടാളത്തില്‍ ചേരല്‍. 'ഓപ് പരാക്രമിന്റെ' സമയമായതിനാലാണ്. അല്ലെങ്കില്‍ കുഞ്ഞിനെ കൂടെക്കൊണ്ടുപോകാവുന്ന സ്ഥലത്തായിരുന്നേനെ നിയമനം. വാഷ് റൂം ടെന്റിന്റെ ടാര്‍പോളിന്‍ പാര്‍ശ്വങ്ങള്‍ പിഴിഞ്ഞുകളഞ്ഞ മുലപ്പാല്‍ ചീറ്റിത്തെറിച്ച് നനഞ്ഞു. ഒരുദിവസംമുഴുവന്‍ പാലു കെട്ടിക്കിടന്ന് കല്ലിച്ച നെഞ്ചിലൂടെ കണ്ണുനീരും മുലപ്പാലും ഇടകലര്‍ന്നൊഴുകി.. കുഞ്ഞിനെയോര്‍ത്തപ്പോള്‍ കൂടുതല്‍ക്കൂടുതല്‍ പാല്‍ചുരത്തി...

ഉറങ്ങാനുള്ള സമയമാവുന്നു, ഒരാള്‍ വന്ന് ഇരുമ്പു ചാര്‍പായ് (കട്ടില്‍) പുറത്തേക്ക് വലിച്ചിട്ട്, മുകളില്‍ ഒരു കൊതുകുവലയും ഫിറ്റ് ചെയ്തു. അന്തംവിട്ട് നോക്കിനിന്ന എന്നോട് വേഗം കിടന്നോളൂ, പത്തുമണിക്ക് ജനറേറ്റര്‍ ഓഫാക്കിയാല്‍ പിന്നെ ലൈറ്റ് കെടും എന്നു പറഞ്ഞിട്ട് പോയി. അടച്ചുറപ്പുള്ള മുറിയില്‍, വാതില്‍ കുറ്റിയിട്ട് മാത്രം ഉറങ്ങിയിട്ടുള്ള മലയാളിപ്പെണ്ണിന്റെ സുരക്ഷാസങ്കല്പങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. 'മോളേ, വാതില് കുറ്റിയിടുംമുന്നെ കട്ടിന്റടിയിലൊക്കെ നോക്കണം കെട്ടോ.' എന്ന അമ്മയുടെ 'സുരക്ഷാ ടിപ്' ഓര്‍ത്ത് ഉള്ളില്‍ ചിരിച്ചുപോയി. വേഗം നൈറ്റ് പൈജാമയും ഇട്ട് വന്ന് ലൈറ്റ് ഓഫാകുംമുന്നേ കൊതുകുവലയ്ക്കുള്ളില്‍ കയറി.

 

തൊട്ടടുത്ത ടെന്റുകളിലുള്ളവരെല്ലാം അവരവരുടെ ചാര്‍പായ്കളുമായി പുറത്താണ്. പരസ്പരം ഗുഡ്‌നൈറ്റ് പറയുന്നു. 'Sonia, don't worry, we all are here.' എന്നു പറയുന്നു. ദൂരെയും അടുത്തുമൊക്കെയായി യൂണിറ്റിലെ എല്ലാവരും പുറത്തുണ്ട്. പത്തിരുനൂറ് ചെറുപ്പം പുരുഷന്മാര്‍. മരുഭൂമിയുടെ നെഞ്ചില്‍ അരണ്ടവെളിച്ചത്തില്‍ ചൈനീസ് കടലാസുവിളക്കുകൂടുകള്‍പോലെ കൊതുകുവല കെട്ടി, നിരയായി അനേകം കട്ടിലുകള്‍.

മരുഭൂമിരാത്രികള്‍ തണുത്തിട്ടാണ്, കടുത്ത വേനല്‍ക്കാലത്തുപോലും. മുകളിലേക്കൊന്ന് നോക്കിയപ്പോഴാണ് അത്രയും മനോഹരമായ ആ കാഴ്ച കണ്ടത്. അലങ്കരിച്ച വിതാനംപോലെ മാനം. മെട്രോകളിലെ പൊടിപിടിച്ച ആകാശം മറച്ചുപിടിച്ചിരുന്ന സുന്ദരനക്ഷത്രങ്ങളെല്ലാം ചിരിച്ചുകൊണ്ട് ഉറ്റുനോക്കുന്നു. താരകാര്‍ച്ചിത തങ്കരാവ്... അതിമോഹമെന്നു കരുതി എന്നോ ഉപേക്ഷിച്ച ഒരു കുഞ്ഞാഗ്രഹം ഓര്‍മ്മവന്നു. രാത്രിയിലെ കടലുകണ്ട് ഒരു രാത്രിമുഴുവന്‍ തീരത്ത് കിടക്കണമെന്ന്... മറന്നുപോയിരുന്ന ആശയൊക്കെ ഞങ്ങള്‍ ഓര്‍ത്തുവെച്ചിരുന്നുവല്ലോ എന്ന് നക്ഷത്രങ്ങള്‍ കണ്ണിറുക്കിക്കാണിച്ചു.. നക്ഷത്രത്തിളക്കം പ്രതിഫലിപ്പിക്കുന്ന പൂഴിപ്പരപ്പിന്റെ കടല്‍ ചുറ്റിലും നിശ്ശബ്ദമായി തിരയടിച്ചു.. തുറന്ന ആകാശത്തിനു കീഴില്‍ ഉറങ്ങുക എന്ന ഒരു പെണ്ണിന് കിട്ടാവുന്ന അപൂര്‍വസ്വാതന്ത്ര്യം. നിലാവും രാത്രിയും നക്ഷത്രങ്ങളും എനിക്കുംകൂടെയാണെന്ന് തിരിച്ചറിഞ്ഞ രാത്രി.... മരുഭൂമിയുടെ അവകാശമായ ആഴമുള്ള നിശ്ശബ്ദത ഒരു പുതപ്പുപോലെ വന്ന് പൊതിഞ്ഞു... പൂഴിപ്പരപ്പിലെ ഒരു മണല്‍ത്തരിയെപ്പോലെ പെട്ടെന്ന് അതിന്റെ ഭാഗമായി മാറിയതുപോലെ. ആ അതീവ ശാന്തിയില്‍ അറിയാതെ കണ്ണടഞ്ഞുപോയി.

കൊതുകുകളില്ലാതെ എന്തിനാണ് കൊതുകു വലകള്‍ എന്ന സംശയം പിറ്റേന്ന് തീര്‍ത്തുതന്നത് സഹപ്രവര്‍ത്തകരാണ്. മരുഭൂമിയിലെ കൊടുംവിഷമുള്ള പാമ്പുകളില്‍നിന്നും മറ്റു ഇഴജന്തുക്കളില്‍നിന്നും രക്ഷനേടാനാണത്. കിക്കര്‍ ചെടികളുടെ ശിഖരങ്ങളില്‍നിന്നും മറ്റും രാത്രി ഊര്‍ന്നുവീഴുന്ന വിഷപ്പാമ്പുകള്‍ പലപ്പോഴും നേരം വെളുക്കുമ്പോള്‍ കൊതുകുവലയുടെ മുകളില്‍ വീണ് ചുരുണ്ടും നീണ്ടും കിടക്കാറുണ്ടുപോലും.

പിന്നീട് ഒരുപാട് നാളുകള്‍ ആ ലൊക്കേഷനില്‍ തന്നെയായിരുന്നു. ഇടയ്‌ക്കൊക്കെ കുറെനാള്‍ മറ്റ് ബ്രിഗേഡുകളിലെ സെക്ഷനുകളിലേക്ക് പോകേണ്ടിവന്നതൊഴിച്ചാല്‍ ഓപ് പരാക്രം കഴിയുംവരെ നീണ്ടു ആ കൂടാരജീവിതം. ഇത്രയും പുരുഷന്മാരുടെ കൂടെ ഒറ്റസ്ത്രീയായി ജീവിച്ചിട്ടും തനിച്ചാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നതാണ്. അഥവാ അങ്ങനെ തോന്നാന്‍ അവര്‍ അനുവദിച്ചിട്ടില്ല. കോംബാറ്റ് യൂണിഫോമില്‍ ഞാന്‍ ലെഫ്റ്റനന്റ് സോണിയ മാത്രമായിരുന്നു. അവരുടെ സ്വന്തം ഡോക്ടര്‍ സാബ്. മോശമായ ഒരു നോട്ടംപോലും എവിടന്നുമില്ല. പക്ഷേ, സ്ത്രീയാണെന്നതിന്റെ ഒരു സ്‌നേഹപരിഗണന എപ്പോഴും ഉണ്ടായിരുന്നുതാനും. പിപ്പിങ്ങിന്റെ സമയത്ത് കമാന്‍ഡിങ് ഓഫീസര്‍ വാക്കുതന്നതുപോലെ ഇത് നിന്റെ കുടുംബമാണ് എന്നത് അവരും ഞാനും അക്ഷരാര്‍ഥത്തില്‍ പാലിച്ചു.

മിലിറ്ററിയില്‍ ആദ്യദിവസത്തെ പിപ്പിങ് ഒരു വലിയ സംഭവംതന്നെയാണ്. റാങ്കുകളുടെ സൂചനയായ തോള്‍നക്ഷത്രങ്ങള്‍ അണിയിച്ച് ആഘോഷമായി യൂണിറ്റെന്ന കുടുംബത്തിലേക്കുള്ള സ്വാഗതം. ട്രഡീഷന്റെ ഭാഗമായി വെള്ളംചേര്‍ക്കാത്ത ഒരു ഗ്ലാസ് റമ്മില്‍ കുതിര്‍ത്തെടുക്കുന്ന എപുലെറ്റ്‌സ്‌കളാണ് (ഷോള്‍ഡര്‍ പീസ്) അണിയിക്കുക. പിന്നീട് ആ റം ഒറ്റവലിക്ക് കുടിക്കണമെന്ന പുരാതന പട്ടാള ആചാരംപോലും എനിക്കായി സ്‌നേഹത്തോടെ ഒഴിവാക്കിത്തന്നു. ഓഫീസര്‍ മെസിലും ബാറിലും പരിധിവിടുന്ന തമാശകളൊന്നും ഞാനുള്ളപ്പോള്‍ ആരും പറയാറില്ലായിരുന്നു. അവരുടെ വിഷയങ്ങള്‍ ഞാന്‍ കാരണം എത്ര ശുഷ്‌കമായിപ്പോയിരിക്കാം എന്നോര്‍ത്ത് പാവം തോന്നിയിട്ടുണ്ട്. (മതവും രാഷ്ട്രീയവും അല്ലെങ്കില്‍ത്തന്നെ ഓഫീസര്‍ മെസുകളില്‍ സംസാരിക്കാന്‍ പാടില്ല അതാണ് 'എറ്റിക്വെറ്റ്‌സ്'). ജ്യൂസ് മാത്രം കുടിച്ച് ബോറടിച്ച് കൂടെയിരിക്കുന്ന ഞാനൊരാള്‍ക്കുവേണ്ടി അവര്‍ അത്താഴത്തിനു മുന്നെയുള്ള ഡ്രിങ്‌സ് സെഷന്‍ വെട്ടിച്ചുരുക്കാറുണ്ടായിരുന്നു. ഫീല്‍ഡില്‍ അതായത് യുദ്ധമുഖത്ത് സ്‌നേഹപ്പശിമയുള്ള ഒരു കുടുംബം പോലെ ഞങ്ങള്‍ ജീവിച്ചു.

ഇതെന്റെ ആദ്യദിവസങ്ങളിലെ അനുഭവങ്ങളാണ്. പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് ഒറ്റയ്ക്ക് കയറിവന്ന ഒരു പെണ്ണെന്ന നിലയില്‍ ഒരുപിടി ആശങ്കകളോടെ ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. തൊട്ടറിഞ്ഞു. എല്ലാം നല്ലതെന്ന്, തന്റേതെന്ന്, തന്റെ സ്വന്തം ഇടംതന്നെയെന്ന് അഭിമാനത്തോടെ തിരിച്ചറിഞ്ഞ ആദ്യ ദിവസങ്ങള്‍.

ജെന്‍ഡര്‍ ഇക്വാലിറ്റിയുടെ ഏറ്റവും ഭംഗിയുള്ള ഒരു ലോകമാണ് ചുറ്റും ഞാന്‍ കണ്ടത്. ആത്മാഭിമാനത്തോടെ ഒരു സ്ത്രീക്ക് ജീവിക്കാന്‍പറ്റിയ ഇടം. പട്ടാളത്തില്‍ ചേര്‍ന്നുകഴിഞ്ഞാല്‍, യൂണിഫോം അണിഞ്ഞുകഴിഞ്ഞാല്‍ പിന്നെ നിങ്ങളൊരു സോള്‍ജിയര്‍ ആണ്. അത് ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ വാക്ക് ആണ്. അതുപോലെത്തന്നെയാണ് ബാക്കിയുള്ള കാര്യങ്ങളും. ആണ്, പെണ്ണ് എന്ന ഒരു ചിന്തപോലും ജോലിക്കിടയില്‍ മനസ്സില്‍ വന്നുകയറില്ല. ട്രെയിനിങ് ഏകദേശം ഒരുപോലെ, ആയുധപരിശീലനം ഒരുപോലെ, വേഷം ഒരുപോലെ, ജോലിയും ഒരുപോലെത്തന്നെ.

കഠിനപരിശീലനവും ശാരീരികാധ്വാനവും ആവശ്യമുള്ള മിലിറ്ററി മേഖലകളില്‍പ്പോലും ഇന്ന് എത്രയോ സ്ത്രീകളുണ്ട്. ജെന്‍ഡര്‍ ബാരിയറുകളൊക്കെ നമ്മള്‍ എന്നേ മറികടന്നുകഴിഞ്ഞു. സിയാച്ചിനിലേക്ക് വരൂ, ലോകത്തെ ഏറ്റവും തണുപ്പേറിയ ഉയരമേറിയ യുദ്ധക്കളം. ഓരോ നിമിഷത്തെ നിലനില്‍പ്പും അവിടെ യുദ്ധമാണ്. പട്ടാളക്കാര്‍ക്ക് സ്വന്തം മനക്കരുത്തിനും ശാരീരികശക്തിക്കുമുള്ള മാറ്റുരയ്ക്കലാണ് ഇവിടത്തെ നിയമനം. പണ്ട് സ്ത്രീകള്‍ ഇവിടെ നിയമിക്കപ്പെടില്ലായിരുന്നു. എന്നാല്‍ ഇപ്പോഴുണ്ട്. കഠിനമായ ട്രെയിനിങ്ങുകള്‍ക്കും മൗണ്ടനീയറിങ് പരിശീലനങ്ങള്‍ക്കും ശേഷം അവിടെ ആദ്യമായി നിയമിക്കപ്പെട്ട വനിതാ ഓഫീസര്‍ ക്യാപ്റ്റന്‍ ശിവ ചൗഹാന്‍, ക്രിവേയ്‌സുകള്‍ക്ക് കുറുകെ കടക്കുന്ന, മഞ്ഞുഭിത്തികള്‍ കുത്തനെ കയറുന്ന വീഡിയോകള്‍ നമ്മള്‍ കണ്ടു.

സിയാച്ചിനില്‍ ഹെലികോപ്റ്റര്‍ പറത്തുക എന്നത് ഏത് ഹെലികോപ്റ്റര്‍ പൈലറ്റിന്റെയും ചലഞ്ചാണ്. എപ്പോള്‍ വേണമെങ്കിലും മൂടിക്കെട്ടാവുന്ന ഊഹാതീതഭാവമാറ്റങ്ങളുടെ ചതിയാകാശമാണ്, ചോപ്പറിന് ഇറങ്ങാന്‍ നിരപ്പുകളില്ലാത്ത കൂര്‍മ്പന്‍മലകളാണ്. ദീര്‍ഘമായ പ്രത്യേക ട്രെയിനിങ്ങിനുശേഷമാണ് ഹെലികോപ്റ്റര്‍ പൈലറ്റുകള്‍ സിയാച്ചിനിലേക്ക് വരുന്നത്. പില്ലര്‍ ലാന്‍ഡിങ് തുടങ്ങി കഠിനമുറകളെല്ലാം പരിശീലിപ്പിക്കപ്പെട്ടശേഷംമാത്രം. ഏറ്റവും മിടുക്കരായ സിയാച്ചിന്‍ പൈലറ്റുകളുടെകൂടെ ഇപ്പോള്‍ സ്ത്രീകളുമുണ്ട്. നമ്രിത ചാണ്ടിയും ഖുഷ്ബു ഗുപ്തയും ഒക്കെ ആദ്യത്തെ പേരുകളാണ്.

ഫൈറ്റര്‍ പൈലറ്റുകളില്‍ 2016 തൊട്ടുണ്ട് സ്ത്രീകള്‍. റഫാല്‍ പറത്തുന്ന ശിവാംഗി സിങ് അടക്കം. ഇന്ത്യയുടെ സുന്ദരനീലാകാശത്തിന് പോര്‍വിമാനങ്ങളുടെ കാവല്‍ ഒരുക്കുന്ന ചിറകുള്ള പെണ്ണുങ്ങള്‍. സ്ത്രീകള്‍ മാത്രമുള്ള പട്ടാള പര്‍വതാരോഹണസംഘങ്ങളുണ്ട് നമുക്ക്. യുദ്ധക്കപ്പല്‍ കമാന്‍ഡ് ചെയ്ത ആദ്യ വനിതയാണ് കമാന്‍ഡര്‍ പ്രേരണ. ഈ അടുത്തകാലത്താണ് ഇന്ത്യന്‍ നേവിയുടെ ലെഫ്റ്റനന്റ് കമാന്‍ഡര്‍മാര്‍ ദില്‍നയും രൂപയും പായ്‌വഞ്ചിയിലേറി ലോകത്തിലേറ്റവും അപകടംപിടിച്ച കേപ്‌ഹോണ്‍ പിന്നിട്ടത്.

കഴിഞ്ഞതവണ റീയൂണിയന് ഡല്‍ഹിയില്‍ പോയപ്പോള്‍ ഞങ്ങളുടെ DG (ഡയറക്ടര്‍ ജനറല്‍) അഭിമാനത്തോടെ പ്രഖ്യാപിച്ചു, ഇന്ത്യന്‍ ആര്‍മിയില്‍ ആനുപാതികമായി ഏറ്റവും അധികം സ്ത്രീകളുള്ളത് നമ്മുടെ സ്വന്തം ഡെന്റല്‍ കോറില്‍ എന്ന്. എന്റെ മിടുമിടുക്കികളായ സഹപ്രവര്‍ത്തകര്‍, അകക്കാമ്പിന്റെ കടുപ്പംകൊണ്ട് അമ്പരപ്പിച്ച എന്റെ സ്വന്തം പെണ്ണുങ്ങള്‍. കോമ്രേഡ്‌സ് ഇന്‍ കോംബാറ്റ്.

ഡോക്ടര്‍മാരും ഹെലികോപ്റ്റര്‍ പൈലറ്റുമാരും ഫോര്‍വേഡില്‍ ടാങ്കുകള്‍ കടത്താന്‍ പാലംപണിയുന്ന എന്‍ജിനീയേഴ്‌സും മൗണ്ടനീയേഴ്‌സും ഒക്കെ അവരിലുണ്ട്. പല ദേശങ്ങളില്‍നിന്നുള്ളവരാണെങ്കിലും ഒരേ ദിശയില്‍ ചിന്തിച്ച, ഒരേതരം ജീവിതം ആശിച്ച പെണ്ണുങ്ങളായതിനാല്‍ മനപ്പൊരുത്തം നന്നായുണ്ട്. കൂട്ടുകൂടാന്‍ എളുപ്പം.

അടുത്ത കൂട്ടുകാരികളിലും അതിസാഹസികമാര്‍ ധാരാളം. മൗണ്ടനീയറിങ്ങും പാരാജംപിങ്ങും ഒക്കെ പാഷനാക്കിയ ഡോക്ടര്‍മാര്‍. പാരച്യൂട്ട് ട്രെയിന്‍ഡായ ഡോക്ടര്‍മാരും സ്റ്റാഫും മാത്രമുള്ള ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ നമുക്കുണ്ട്. അതില്‍ എത്രയോപേര്‍ സ്ത്രീകളാണ്. എത്തിപ്പെടാനാവാത്ത മേഖലകളില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉപകരണങ്ങളടക്കം പാരച്യൂട്ടില്‍ ഇറക്കി അതിവേഗം ആശുപത്രി സ്ഥാപിച്ച് എമര്‍ജന്‍സി സര്‍ജറികളടക്കം ചെയ്യാന്‍ പരിശീലിപ്പിക്കപ്പെട്ടവര്‍. തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ സമയത്ത് നമ്മള്‍ അവരെ അവിടെ കണ്ടു.

മേജര്‍ തസ്‌നീമിന് മുന്‍വരിയില്‍ത്തന്നെ ഒരു പൊട്ടിയ പല്ലുണ്ട്. നമ്മുടെ കണക്കില്‍ അത് പുഞ്ചിരിക്കൊരു ബ്ലാക്ക്മാര്‍ക്കാണ്. കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് നടത്തി ആ പല്ല് ഭംഗിയാക്കിത്തരാം എന്ന് പറഞ്ഞപ്പോള്‍ 'വേണ്ട, അതവിടെ ഇരുന്നോട്ടേ, അത് അവളുടെ ആദ്യത്തെ പാരാജംപിന്റെ മെമന്റോയാണെന്ന്.' പാരച്യൂട്ട് ഫീല്‍ഡ് ഹോസ്പിറ്റലിലെ ഡോക്ടറാണ് തസ്‌നീം. ചുവന്ന ബെറെയും (Berret cap) നെഞ്ചില്‍ വിടര്‍ന്ന ചിറകുകളുടെ ബാഡ്ജും അഭിമാനത്തോടെ അണിഞ്ഞുനടക്കുന്ന സുന്ദരിമാരിലൊരാള്‍. സൗന്ദര്യസങ്കല്പങ്ങളൊക്കെ തകിടംമറിക്കുന്നു ഈ പുലിക്കുട്ടികള്‍!

കുറച്ച് കൂട്ടുകാരെക്കുറിച്ച് 'ഇന്ത്യന്‍ റെയിന്‍ബോ'യില്‍ എഴുതിയിട്ടുമുണ്ട്. ഭൈരവിയെക്കുറിച്ച് പറഞ്ഞത് 'വേനലിലെ പഴമരങ്ങള്‍' എന്ന അധ്യായത്തിലാണ്. മെഡിക്കല്‍ കോറിന്റെ മിടുക്കിയായ സര്‍ജന്‍, രാജസ്ഥാന്‍കാരി. ചാരത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ കഥയാണ് അവളുടേത്. ഒരു ശൈശവവിവാഹത്തില്‍നിന്ന് രക്ഷപ്പെട്ടുപോന്നതാണവള്‍.

റെയിന്‍ബോയില്‍ ചെന്നൈയുടെ ചാപ്റ്ററില്‍ പറയുന്ന മേജര്‍ അഗമേന്തി... അനാഥാലയത്തില്‍ വളര്‍ന്നവള്‍. ഓഫീസര്‍ മെസിലെ ഡൈനിങ് ടേബിളിലിരുന്ന് അവള്‍ ഒരിക്കല്‍ സ്വന്തം കഥ പറഞ്ഞുതന്നു. അച്ഛനും അമ്മയും മരിച്ചുപോയ രണ്ടു കുട്ടികള്‍ തമ്മില്‍ തുണയായിനിന്ന് ജീവിതത്തോട് പൊരുതിയ കഥയാണത്. തമിഴ് സിനിമാനടന്‍ സൂര്യയുടെ അഗരം ഫൗണ്ടേഷനാണ് അവളെ മെഡിസിന്‍ പഠിപ്പിച്ചത്. തന്നെ ഇത്രയും സപ്പോര്‍ട്ട് ചെയ്ത സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കണം എന്ന ആശയിലാണ് അവള്‍ പട്ടാളത്തില്‍ ചേര്‍ന്നത്.

ഇന്ത്യന്‍ ആര്‍മി 1992 തൊട്ടാണ് വിവിധ പട്ടാള മേഖലകളില്‍ സ്ത്രീകളെ എടുത്തുതുടങ്ങിയത്. പക്ഷേ, മിലിറ്ററി മെഡിക്കല്‍ ഫീല്‍ഡില്‍ മുന്‍പേതന്നെ സ്ത്രീകളുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ ബര്‍മയിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും മിലിറ്ററി നഴ്‌സിങ് കോറിന്റെ വനിതകള്‍ സൈന്യത്തിന്റെകൂടെ യുദ്ധത്തിന് പോയിട്ടുമുണ്ട്.

മെഡിക്കല്‍ കോറിലും ഡെന്റല്‍ കോറിലും ഒക്കെ പണ്ടുതൊട്ടേ സ്ത്രീകള്‍ കമാന്‍ഡിലും ഉന്നതസ്ഥാനങ്ങളിലും ഉണ്ട്. മെഡിക്കല്‍ കോറിന്റെ തലപ്പത്ത് ഇപ്പോഴുള്ളതും (ഉഏങട) വനിതാ ഓഫീസറാണ്.

കമാന്‍ഡ് പൊസിഷന്‍ പട്ടാളത്തില്‍ സ്ത്രീകള്‍ക്ക് പറ്റുമോ അഥവാ സ്ത്രീകള്‍ കൊടുക്കുന്ന കമാന്‍ഡ് പട്ടാളക്കാര്‍ അനുസരിക്കുമോ എന്നൊരു സംശയം പൊതുവേ കേള്‍ക്കാറുണ്ട്. എന്റെ സര്‍വീസില്‍ അധികസമയവും ഞാന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയിരുന്നു. നാഗാലാന്‍ഡിലെ ലാസ്റ്റ് പോസ്റ്റിങ്ങില്‍ ബോര്‍ഡര്‍ റോഡിലെ ഡെന്റല്‍ യൂണിറ്റിലെ ഛകഇ (ഓഫീസര്‍ ഇന്‍ കമാന്‍ഡ്) ആയിരുന്നു. പട്ടാളക്കാര്‍ കമാന്‍ഡ് അനുസരിക്കുന്നില്ല എന്ന ഒരു പ്രശ്‌നം എനിക്ക് ഒരിക്കലുമുണ്ടായിട്ടില്ല. മറിച്ച് സ്‌നേഹത്തോടെ കൊടുക്കുന്ന നീതിപൂര്‍വമായ കമാന്‍ഡുകള്‍ സ്‌നേഹത്തോടെ, കൂടുതല്‍ സന്തോഷത്തോടെ അനുസരിക്കും എന്നാണ് അനുഭവം.

ഒരിക്കല്‍ ഫീല്‍ഡില്‍വെച്ചാണ്, ഒരു പട്ടാളക്കാരന്റെ അമ്മയെ പാമ്പ് കടിച്ചിരിക്കുന്നു. നാട്ടിലേക്ക് ഒരുപാട് ദൂരമുണ്ട്. ദിവസങ്ങളുടെ യാത്ര. അവരുടെ വീടിനടുത്തുള്ള ഹോസ്പിറ്റലില്‍, അടുത്തുള്ള മിലിറ്ററി യൂണിറ്റിലെ ഡോക്ടര്‍ വഴി വിളിച്ച് അമ്മയുടെ ചികിത്സയുടെ കാര്യങ്ങളെല്ലാം ശരിയാക്കി. കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി അറിഞ്ഞ് അമ്മയ്ക്ക് ഇപ്പോള്‍ പ്രശ്‌നമില്ല എന്ന കൃത്യവിവരം പറഞ്ഞുകൊടുത്തപ്പോള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ഓടിവന്ന് ആള്‍ എന്നെ കെട്ടിപ്പിടിച്ചു. ഒരു സ്ത്രീയോ പുരുഷനോ ഒന്നുമല്ലാതെ നിങ്ങള്‍ അവരുടെ സ്വന്തം കമാന്‍ഡിങ് ഓഫീസര്‍ മാത്രം ആവുകയാണ്. പട്ടാളക്കാരുടെ അമ്മയും അപ്പനും ഒക്കെ ആയി മാറേണ്ട കമാന്‍ഡിങ് ഓഫീസര്‍.

ജെന്‍ഡര്‍ ഒക്കെ ഇവിടെ മാറിനില്‍ക്കും. ബേട്ടാ എന്ന് അങ്ങോട്ടും സാഹബ് എന്ന് ഇങ്ങോട്ടും വിളി. എവിടെയാണ് ജെന്‍ഡര്‍? ഇപ്പോള്‍ ഓപ് സിന്ദൂര്‍ സമയത്ത് മിലിറ്ററി വക്താക്കളായി വന്ന വനിതാ ഓഫീസര്‍മാരില്‍ ഒരാള്‍ ഒരു സിഗ്‌നല്‍ യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറാണ്.

ഇതൊക്കെ എഴുതാനായി ഒന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് ഓരോ നിമിഷവും എത്ര സുന്ദരങ്ങളായിരുന്നു എന്നറിയുന്നത്. അവ അത്രയ്ക്കും സ്‌നേഹവും ഈര്‍പ്പവും നിറഞ്ഞതാക്കിയത്, വര്‍ണശബളമാക്കിയത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരാണ്്. പ്രത്യേകിച്ചും ആണ്‍വീട്ടിലെ എന്റെ പ്രിയപ്പെട്ട ജന്റില്‍മാന്‍ കൊളീഗ്‌സ്. മിലിറ്ററി ഡിസിപ്ലിനും ഗ്രൂമിങ്ങും അവരെ അതിന് സഹായിച്ചിരിക്കാം. ഇന്ത്യന്‍ ആര്‍മി ഇഴയടുപ്പംകൂടിയ ഒരു കുടുംബമാണെന്ന് എനിക്ക് മനസ്സിലാക്കിത്തന്നതവരാണ്... Salute you my dear comrades...

ഇനിയും ഒരുകൂട്ടരെ കൂടെ പറയാതെ ഈ പട്ടാള പെണ്ണനുഭവങ്ങള്‍ പൂര്‍ത്തിയാവില്ല. പട്ടാളക്കാരുടെ പ്രിയപ്പെട്ട പെണ്ണുങ്ങള്‍ അമ്മ, ഭാര്യ, മകള്‍ .... കുടുംബം.

പട്ടാളക്കാരി എന്നതിനൊപ്പം 25 വര്‍ഷത്തോളം ഈ പരിസരങ്ങളില്‍ ജീവിച്ചത് ഒരു പട്ടാളക്കാരന്റെ ഭാര്യയായിട്ടുകൂടിയാണ്. കശ്മീര്‍താഴ്‌വരയില്‍ കാട്ടിലൊളിച്ച മിലിറ്റന്റുകളെ തിരഞ്ഞ് മലങ്കാടുകളിലൂടെയുള്ള രാത്രിയാത്രകളില്‍ ഉള്ളുപിടഞ്ഞ് ഉറങ്ങാതെ ഫോണ്‍വിളി കാത്തിരുന്ന ഓര്‍മ്മകള്‍ കാല്‍നൂറ്റാണ്ടുകഴിഞ്ഞിട്ടും പൊള്ളിക്കുന്നുണ്ട്.

ഓപ്പറേഷന് പോകുന്ന പാരാസ്‌പെഷ്യല്‍ ഫോഴ്‌സ്‌കാരുടെ, പൈലറ്റുകളുടെ, പട്ടാളക്കാരുടെ ഭാര്യമാരെ ശ്രദ്ധിക്കാറുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരികളാണ്. ഓരോനിമിഷവും നെഞ്ചില്‍ ഒരു ഫോണ്‍ ചേര്‍ത്തുവെച്ച്. എന്നാല്‍, ഒരു കോളും വരാതിരിക്കട്ടെ, പോയവര്‍ സമാധാനമായി തിരിച്ച് എത്തട്ടെ എന്നുമാത്രം പ്രാര്‍ഥിച്ച്. No News is a good news എന്ന് സുകൃതജപംപോലെ ഉരുവിട്ട്, എന്നാലോ പുറത്ത് ഉരുക്കിന്റെ മുഖപടം അണിഞ്ഞ്, മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ധൈര്യംകൊടുത്ത്, വീട് മുഴുവന്‍ ഒറ്റച്ചുമലിലേറ്റി, മക്കളോട് സാരമില്ല എന്ന് വീണ്ടുംവീണ്ടും പറഞ്ഞ്....

സമാധാനം ഏറ്റവും വിശുദ്ധമായ പ്രാര്‍ഥനയാണ്. പട്ടാളക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമോ, അത് ഏറ്റവും ആദ്യത്തെ പ്രാര്‍ഥനയാണ്. പക്ഷേ, കര്‍ത്തവ്യം വിളിക്കുമ്പോള്‍ അവര്‍ തീയിലൂടെയാണെങ്കിലും നടക്കുകയും പറക്കുകയും നീന്തുകയും ചെയ്യും. നാടിനെ കാക്കാന്‍ ആകാശത്തിലും കടലിലും ഭൂമിയിലും പൊരുതും. അതിന് ഒരുങ്ങിയവരാണ്, അത് തെളിയിച്ചവരാണ്.

ജയ് ഹിന്ദ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi