മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ മധുപാലിനൊപ്പം തിരുവനന്തപുരം കാഞ്ഞിരംപാറയിലെ വീട്ടിലിരിക്കുമ്പോള്‍, സ്വീകരണമുറിയിലെ പുസ്തക ഷെല്‍ഫുകളില്‍നിന്നെന്ന പോലെ കഥകള്‍ പലത് ഇറങ്ങിവന്നു. സുന്ദരമായ ജീവിതകഥകള്‍. ഭാര്യ രേഖാ വസുമതിയും മക്കളായ മാധവിയും മീനാക്ഷിയും അമ്മ രുഗ്മിണിയും ഒപ്പംകൂടി. സിനിമകളുടെയും സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാന്റെയും തിരക്കുകള്‍ക്കിടയില്‍ വീട്ടുകാര്യം പറയാനായി മധുപാല്‍ ഗൃഹനാഥനായി അവര്‍ക്കൊപ്പമിരുന്നു. ഒരിക്കലും ആഗ്രഹിക്കാതെ നടന്‍ ആയി മാറിയതിന്റെ കഥകളുള്‍പ്പെടെ മുന്നിലേക്കെത്തി.
ജീവിതയാത്രയുടെ തുടക്കം മധുപാല്‍ ഓര്‍ത്തു. 1985-ല്‍ കൊച്ചിയില്‍നിന്ന് പാലക്കാട്ടേക്കുള്ള ബസ്സിലായിരുന്നു സുമുഖനായ മധുപാല്‍ എന്ന ചെറുപ്പക്കാരന്‍. ആളിറങ്ങിയപ്പോള്‍ തരപ്പെട്ട സീറ്റില്‍ തൊട്ടടുത്തായിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പേര് രേഖ. പനങ്ങാട് ഫിഷറീസ് കോളേജില്‍ വിദ്യാര്‍ഥിനിയാണ്. വിലാസം വാങ്ങിപ്പിരിഞ്ഞ ഇരുവരും കത്തുകളിലൂടെ സുഹൃത്തുക്കളായി. 1989-ല്‍ രേഖയെ വിവാഹം കഴിക്കുമ്പോള്‍ മധുപാല്‍ സിനിമയെ സ്വപ്‌നംകണ്ടു നടക്കുന്ന ചെറുപ്പക്കാരന്‍ മാത്രം.
പാലക്കാട് സിനിമാ തിയേറ്ററുകള്‍ നടത്തിയിരുന്ന ചെങ്കളത്ത് മാധവന്‍ മേനോന്റെ മകന്റെയുള്ളില്‍ സിനിമാ സ്‌നേഹം കുട്ടിക്കാലത്തേ സ്‌ക്രീന്‍ വലിച്ചുകെട്ടി ഓടിത്തുടങ്ങിയിരുന്നു. അച്ഛന്‍ നടത്തിയിരുന്ന തിയേറ്ററുകളിലെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. നല്ല വായനക്കാരിയും സിനിമാപ്രേമിയും സഹൃദയയുമായ അമ്മ കണ്ണമ്പത്ത് രുഗ്മിണി, മകനെ ആ സ്വപ്‌നത്തിലേക്കും എഴുത്തിലേക്കും വഴിനടത്തിച്ചു. ചില ടെലിഫിലിമുകളില്‍ സഹസംവിധായകന്‍ ആയുള്ള അനുഭവം മാത്രം കൈയില്‍പിടിച്ചാണ് വിവാഹശേഷം മധുപാല്‍ സഹസംവിധായകനാകാന്‍ ഇറങ്ങിത്തിരിച്ചത്. രേഖയ്ക്ക് അന്ന് സര്‍ക്കാര്‍ ജോലിയുണ്ട്.
''എനിക്ക് ജോലിയുണ്ടല്ലോ, അതുമതി. നിങ്ങള്‍ സിനിമ എന്ന സ്വപ്‌നത്തെ പിന്തുടരൂ...''ഈ വാക്കുകളിലൂടെ ഭാര്യ പകര്‍ന്ന ധൈര്യമാണ് തന്നെ ഇവിടെവരെയെത്തിച്ചതെന്ന് മധുപാല്‍. മത്സ്യഫെഡ് ഡിജിഎം ആയി വിരമിച്ച രേഖയുടെ മുഖത്ത് ആ പഴയകാലത്തിന്റെ ഫ്രെയിം ഒരു ചിരിയായി തെളിഞ്ഞു.
സിനിമയെ തൊട്ടത് അമ്മു പിറന്ന നാൾ
വിവാഹം കഴിഞ്ഞ് അടുത്ത വര്‍ഷം തിരുവനന്തപുരത്തേക്ക് എത്തി മധുവും രേഖയും. മൂത്ത മകള്‍ അമ്മു എന്ന മാധവി ജനിച്ച അതേ ദിവസമാണ് മധുപാല്‍ ആദ്യമായി ഒരു സിനിമയില്‍ സഹസംവിധായകനായി തുടക്കമിടുന്നത്. ''ആശുപത്രിയില്‍ കുഞ്ഞിനെ കണ്ടശേഷം ഭരത് ഗോപി സംവിധാനം ചെയ്ത 'യമനം' എന്ന സിനിമയുടെ സെറ്റിലേക്ക്. ആശുപത്രിയില്‍നിന്ന് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടു
പോകുന്ന നേരത്തുപോലും ഞാന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.
ഏറെയിഷ്ടപ്പെട്ട സിനിമയുടെ ലോകത്തേക്ക് ഞാനെത്തിപ്പെടുന്നത് താരതമ്യേന വൈകിയ നേരത്താണെന്ന് പറയാം. അതും കച്ചവട സിനിമയല്ല, പകിട്ടുകള്‍ കുറഞ്ഞ ആര്‍ട്ട് സിനിമകളുടെ ലോകത്ത്. ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത ജൂഡ് അട്ടിപ്പേറ്റിയുടെ 'ശരറാന്തല്‍' എന്ന ടെലിഫിലിമിലൂടെയുണ്ടായ ബന്ധങ്ങളാണ് ഭരത്‌ഗോപിയുടെ ചിത്രത്തില്‍ എത്തിച്ചത്.''
പിടിഎ മീറ്റിങ്ങിന് വരാത്ത അച്ഛൻ
കഥകള്‍ കേട്ടിരിക്കേ മക്കളായ അമ്മുവിനും കുഞ്ഞമ്മുവിനും (മാധവിയും മീനാക്ഷിയും) ഒരുകാര്യം പറയാനുണ്ടായിരുന്നു. സ്‌കൂളില്‍ ഒരു പിടിഎ മീറ്റിങ്ങില്‍പ്പോലും അച്ഛന്‍ പങ്കെടുത്തിട്ടില്ലെന്ന പരിഭവം. സിനിമാ നടന്റെ മക്കളെന്ന ഗ്ലാമറേ ഉണ്ടായിരുന്നുള്ളൂവെന്ന് അവര്‍.
''പക്ഷേ, ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്രൈസ്റ്റ്‌നഗര്‍ സ്‌കൂളില്‍ അച്ഛന്‍ വന്നിട്ടുണ്ട്. ഗസ്റ്റ് ആയിട്ട്!''
മാധവി ഓര്‍ത്തു. ''ഏത് ക്ലാസ്സിലാണ് ഞങ്ങള്‍ പഠിക്കുന്നതെന്നുപോലും അച്ഛന് അറിയില്ലാരുന്നു... അത്ര തിരക്കായിരുന്നു.''കുഞ്ഞമ്മു ആ ഓര്‍മ്മയുടെ മേല്‍ ചിരിതൂകി.
നടനെന്ന നിലയില്‍ കടുത്ത തിരക്കുള്ള കാലഘട്ടമായിരുന്നു അതെന്ന അച്ഛന്റെ 'എക്‌സ്‌ക്യൂസ്' അവര്‍ക്ക് മനസ്സിലായിരുന്നു. ''കുട്ടികള്‍ വളരുന്ന ഘട്ടങ്ങളിലൊക്കെ സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് നായകനായും വില്ലനായുമൊക്കെ പായുകയായിരുന്നു ഞാന്‍.'' പിന്നീട് അഭിനയം വേണ്ടെന്നുവെച്ച് സംവിധായകന്റെ കുപ്പായം അണിഞ്ഞതോടെ തിരക്കിട്ട ഓട്ടങ്ങള്‍ കുറഞ്ഞുവെന്നും മധുപാല്‍. എന്തായാലും അതോടെ മക്കള്‍ക്ക് അച്ഛന്റെ സ്‌നേഹസാന്നിധ്യം സുലഭമായി.
ജേര്‍ണലിസത്തിലും ഡെമോഗ്രഫിയിലും പഠനം പൂര്‍ത്തിയാക്കിയ മാധവി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എഴുതാറുണ്ട്. ഭര്‍ത്താവ് അരവിന്ദ് മര്‍ച്ചന്റ്‌നേവിയില്‍ എഞ്ചിനീയറാണ്. ഇവരുടെ മകളായ ജാനകിയാണ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗം. മീനാക്ഷി ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. അച്ഛന്റെ സിനിമകളില്‍ മക്കള്‍ രണ്ടുപേരുടെയും ഇഷ്ടത്തില്‍ മുന്നില്‍ 'ഒഴിമുറി'തന്നെയാണ്. അഭിനയിച്ച സിനിമകളില്‍ മാധവിയ്ക്ക് ഇഷ്ടം 'ഗുരു'വും മീനാക്ഷിയുടെ ഇഷ്ട കഥാപാത്രം 'കാശ്മീര'ത്തിലെ വില്ലനുമാണ്.
ഭരത് ഗോപി തന്ന അയ്യായിരം
ഭരത് ഗോപിയുടെ 'യമനം' ഒരു പാഠശാലയായിരുന്നുവെന്ന് മധുപാല്‍. ''മൂന്നുമാസത്തോളം ആ സിനിമയ്‌ക്കൊപ്പമുണ്ടായിരുന്നു. സിനിമയുടെ എല്ലാ വഴികളിലൂടെയും സഞ്ചരിക്കാനായി. എല്ലാം കഴിഞ്ഞപ്പോള്‍ ഗോപിയേട്ടന്‍ ഒരു കെട്ട് പണം തന്നു. തുറന്നു നോക്കിയപ്പോള്‍ ഞെട്ടി. അയ്യായിരം രൂപയുണ്ട്. അന്ന് അത് വലിയൊരു തുകയാണ്.
ആ സിനിമയുടെ കലാസംവിധായകനായിരുന്ന രാജീവ് അഞ്ചലുമായുണ്ടായ ബന്ധം പിന്നീട് ഉറ്റസൗഹൃദമായി. രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് സഹസംവിധായകനായിട്ടായിരുന്നു അടുത്ത ക്ഷണം. 'ഓസ്‌ട്രേലിയ' എന്നുപേരിട്ട് പിന്നീട് 'ബട്ടര്‍ഫ്‌ളൈസ്' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അത്.''
അവിചാരിതമായി കൈവന്ന കാശ്മീരത്തിലെ വില്ലൻ വേഷം
''നടനാവുക എന്ന സ്വപ്‌നം ഒരിക്കലും ഉണ്ടായിരുന്നില്ല മധുപാലിന്. പക്ഷേ, അവിചാരിതമായി നടനായി. ''രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത 'കാശ്മീരം' എന്ന ചിത്രം. സഹസംവിധായകന്‍ മാത്രമായിരുന്നു ഞാന്‍. പക്ഷേ, പെട്ടെന്നൊരു ഷൂട്ടിംഗ് ദിവസം പറഞ്ഞുവെച്ചിരുന്ന പ്രധാന റോളുകളിലൊന്നിലേക്ക് ഉറപ്പിച്ചിരുന്നയാള്‍ക്ക് എത്താനായില്ല. ഡല്‍ഹിയാണ് ലൊക്കേഷന്‍. ഷൂട്ടിംഗ് നീണ്ടാല്‍ വന്‍ നഷ്ടമുണ്ടാകും. ആ ഘട്ടത്തിലാണ് രാജീവ് എന്നോട് ആ റോള്‍ ചെയ്യാമോ എന്ന് ചോദിക്കുന്നത്.'' അങ്ങനെ 'പെട്ടുപോയ' അവസ്ഥയില്‍ മധുപാല്‍ നടനായി.

ചിത്രത്തിലെ സുന്ദരവില്ലന്‍ മലയാളികളുടെ മനസ്സില്‍ കയറിയിരിപ്പായി. പിന്നാലെ ഒഴിവാക്കാനാകാത്തവിധം ധാരാളം സിനിമകള്‍ തേടിവന്നു. ''മക്കള്‍ രണ്ടാള്‍ക്കും സ്‌കൂളില്‍പോലും വരാത്ത അച്ഛനെ 'മിസ്' ആയ കാലമായിരുന്നു അത്. സംവിധാനം എന്ന ദൗത്യം ആ തിരക്കുകള്‍ക്കിടെയാണ് നീണ്ടുപോയത്.'' ആ കാത്തിരിപ്പിന്റെ മൂര്‍ച്ചയത്രയും 2008-ല്‍ ആദ്യമായി ഒരുക്കിയ ''തലപ്പാവി'ലൂടെ മലയാളികളറിഞ്ഞു. ''ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് മത്തായിചാക്കോയ്‌ക്കൊപ്പം സഞ്ചരിക്കവേ തിരിച്ചറിഞ്ഞ നക്‌സല്‍ കാലത്തെ കാര്യങ്ങളിലൂടെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ചരിത്രത്തിലെ സംഭവങ്ങള്‍ക്ക് രാഷ്ട്രീയത്തിനപ്പുറം മറ്റൊരു മാനം കൂടി കണ്ടെത്തുകയായിരുന്നു ഈ സിനിമയിലൂടെ.''
ചിത്രത്തിലൂടെ മധുപാല്‍ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലാല്‍ മികച്ച നടനുള്ള പുരസ്‌കാരവും നേടി. പല അന്താരാഷ്ട്ര മേളകളിലും 'തലപ്പാവ്' മലയാളത്തിന്റെ തലയെടുപ്പായി. ജയമോഹന്റെ രചനയില്‍ 2012-ല്‍ സംവിധാനം ചെയ്ത 'ഒഴിമുറി' ഇന്തോനേഷ്യ ഫിലിംഫെസ്റ്റിവലിലടക്കം പതിനഞ്ചോളം പുരസ്‌കാരങ്ങളാണ് നേടിയത്. മൂന്നാം ചിത്രം 'ഒരു കുപ്രസിദ്ധ പയ്യന്‍' 2018-ല്‍ പുറത്തിറങ്ങി.
എല്ലാ ചിത്രങ്ങളും ചരിത്രവും രാഷ്ട്രീയവും സൗന്ദര്യത്തോടെ സംവദിച്ചവയായിരുന്നു. അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങളിലാണ് മധുപാല്‍.
പരുവപ്പെടുത്തിയ കലാപീഠം
''എറണാകുളം കാരിക്കാമുറിയിലെ കലാധരന്റെ 'കലാപീഠം' ആണ് എന്നെ പരുവപ്പെടുത്തിയ ഇടം. ചിത്രകലയും സംഗീതവും സിനിമയുമൊക്കെ സംഗമിച്ച അവിടം ചങ്ങാത്തങ്ങളുടെ കൂടി ഇടമായി. അവിടെ വന്നുപോകുന്നവരുടെ അഭിമുഖം തയ്യാറാക്കി മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചിരുന്നു അക്കാലത്ത്. പ്രമുഖ ആഴ്ച്ചപ്പതിപ്പുകളില്‍ എന്റെ ചെറുകഥകള്‍ വെളിച്ചം കണ്ട കാലം കൂടിയായിരുന്നു അത്.''
മാത്തച്ചന്‍ എന്നു വിളിക്കുന്ന പി.എഫ്.മാത്യുസ്, തോമസ് ജോസഫ്, ജോര്‍ജ് ജോസഫ് തുടങ്ങിയവരുമായുള്ള സൗഹൃദം തന്റെ എഴുത്തിനെ വളര്‍ത്തുകയും നയിക്കുകയും ചെയ്തുവെന്ന് മധുപാല്‍ പറയുന്നു. ''എന്തെഴുതിയാലും അതവിടെ നിലനില്‍ക്കുന്നതായിരിക്കണം എന്ന പി.എഫ്.മാത്യൂസിന്റെ ഉപദേശമാണ് ഇന്നും പിന്തുടരുന്നത്. ആദ്യകാലത്ത് എഴുതി പ്രസിദ്ധീകരിച്ച ചെറുകഥകള്‍ പലതും സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്താത്തതും ഇതേ കാരണം കൊണ്ടാണ്.''
യാത്രകൾ
''മനുഷ്യനെ സ്വതന്ത്രനാക്കാന്‍, അഹന്ത ശമിപ്പിക്കാന്‍, ശുദ്ധീകരിക്കാന്‍ നിരന്തര യാത്രകള്‍ക്കേ കഴിയൂ...''യാത്രകളെ ഏറെ സ്‌നേഹിക്കുന്ന മധുപാല്‍ പറയുന്നു. ''ഒരേ സ്ഥലം തന്നെ പലര്‍ക്കൊപ്പം പോകുമ്പോഴും തനിച്ചു പോകുമ്പോഴും പല കാലാവസ്ഥയില്‍ പോകുമ്പോഴും പലയിടങ്ങളായി അനുഭവിക്കാം. ഒരിക്കല്‍ ശ്രീലങ്കിയില്‍ പോയി.തിരികെയെത്തി ആ എക്‌സൈറ്റ്‌മെന്റ് തീരും മുന്‍പ് കുടുംബത്തെയും കൂട്ടി ഒന്നുകൂടി പോയി.
കേരളം മുഴുവനായും കണ്ടിട്ടുള്ള, നമ്മുടെ പ്രകൃതിയെ അത്ര ആഴത്തില്‍ അറിഞ്ഞിട്ടുള്ള മനുഷ്യര്‍ക്ക് മറ്റേതൊരു സ്ഥലത്തോടും അകല്‍ച്ചതോന്നും. ഇത്രയ്ക്കും പ്രകൃതിയെ ചേര്‍ത്തുപിടിക്കുന്ന അനുഭവം മറ്റൊരു ദേശത്തും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.''
പതിനഞ്ചാമത്തെ വാടകവീട്
''1990-ല്‍ തിരുവനന്തപുരത്തേക്ക് കുടുംബവുമൊത്ത് വന്നുകൂടിയതാണ്. ഇപ്പോഴത്തേത് 15-ാമത്തെ വാടക വീടാണ്. സ്വന്തം വീട് എന്നത് പല കാരണങ്ങളാല്‍ നീണ്ടുപോകുന്നുവെന്നു മാത്രം. കവടിയാര്‍, വഴുതക്കാട്, കാഞ്ഞിരംപാറ തുടങ്ങി നഗരത്തിന്റെ പലയിടങ്ങളില്‍ വാടകക്കാരനായി.''
മലബാറുകാരനായ മധുപാല്‍ തെക്കന്‍ തിരുവനന്തപുരത്തെ നായര്‍ കുടുംബത്തിന്റെ ഉള്ളകങ്ങള്‍ കാട്ടിത്തന്ന 'ഒഴിമുറി' പോലൊരു ചിത്രമൊരുക്കി പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തിയതെങ്ങനെ എ ന്നതിന്റെ ഉത്തരം ഈ ജീവിതത്തിലുണ്ട്.
Content Highlights: A heartwarming story of Madhupal, the celebrated Malayalam filmmaker, writer, and actor, his family, and journey in cinema.
Published: 22 Jun 2025, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented