ഇന്ത്യന്‍ മനസ്സുകളില്‍ സൂര്യതേജസ്സോടെ ജ്വലിക്കുന്ന ബിംബമാണ് മഹാത്മാഗാന്ധി. ഒരിക്കല്‍ മഹാത്മാവിനെ തൊട്ടതിനെപ്പറ്റി വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയിട്ടുണ്ട്. അഞ്ചുവട്ടം കേരളത്തിലെത്തിയ മഹാത്മാവിനെ കാണാന്‍ കേരളീയ പൊതുസമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ചെന്നു. അക്കൂട്ടത്തില്‍ മലയാളത്തിലെ മഹാനായ ഒരെഴുത്തുകാരനും പെടുന്നു. ഉറൂബ് എന്ന കുട്ടിക്കൃഷ്ണന്‍ മഹാത്മാഗാന്ധിയെ നേരില്‍കാണുന്നത് മൈലുകള്‍ നടന്നിട്ടാണ്. എന്നിട്ടോ...? അവിസ്മരണീയമായ ആ കൂടിക്കാഴ്ചയെപ്പറ്റിയാണ് ഈ എഴുത്ത്.

                                               ***

എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഗാന്ധിജി ഗുരുവായൂരില്‍ ചെല്ലുന്ന വിവരമറിഞ്ഞു. പൊന്നാനിയില്‍ നിന്ന് ഗുരുവായൂരിലേക്ക് പതിനാറു മൈല്‍ ദൂരമുണ്ട്. വാഹനത്തില്‍ പോകാനുള്ള കാശില്ല. ആരോടും ചോദിയ്ക്കാനും പോയില്ല. നടന്നു. ഗുരുവായൂരിലെത്തി. ഗാന്ധിജി താമസിക്കുന്ന കെട്ടിടത്തിന്റെ ഗേറ്റിലെത്തി. സന്ദര്‍ശകരെ നിയന്ത്രിക്കാനായി ഒട്ടേറെ പേരുണ്ട്. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ. കുട്ടികൃഷ്ണന്‍ അല്പം മാറി എല്ലാം കണ്ടുനിന്നു. അകത്തുകയറാന്‍ തന്നെ നിവൃത്തിയില്ല. മഹാത്മജിയെ എങ്ങനെ കാണും? ഇത്ര ദൂരം നടന്നുവന്നിട്ട് അദ്ദേഹത്തെ ഒരുനോക്കു കാണാതെ മടങ്ങുന്നതെങ്ങനെ?

സഹായിക്കാനും ആരുമില്ല. അങ്ങനെ വിഷണ്ണനായി നില്‍ക്കുമ്പോള്‍ സിലോണില്‍ നിന്നുള്ള അഞ്ചാംഗ സംഘം അവിടെയെത്തി. കാവല്‍ക്കാര്‍ അവരെയും തടഞ്ഞു. അവരുടെ കൈവശം വിസിറ്റിങ് കാര്‍ഡുണ്ട്. അവരത് കാവല്‍ക്കാരെ ഏല്‍പ്പിച്ചു.ഒരാള്‍ അതുമായി അകത്തേക്കുപോയി. ഇതിനിടയില്‍ കൂടി കുട്ടികൃഷ്ണന്‍ ആ സിലോണ്‍ക്കാരുടെ സമീപമെത്തിയിരുന്നു. എന്താണ് നടക്കുന്നതെന്ന് കാണാനാണ് ഗേറ്റിനടുത്തേക്ക് മാറിനിന്നത്.

സിലോണ്‍ക്കാര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി കിട്ടി. കാവല്‍ക്കാരന്‍ ഗേറ്റിന്റെ ഒരു ഭാഗം അല്പം തുറന്നു. ആ ചെറിയ വിടവിലൂടെ സിലോണ്‍കാരകത്തുകയറുമ്പോള്‍ കൂട്ടത്തിലൊരാള്‍ എന്ന ഭാവത്തില്‍ കുട്ടിക്കൃഷ്ണനും അകത്തുകടന്നു.

placeholder
ഉറൂബ്

അവര്‍ ഗാന്ധിജിയുടെ മുറിയിലെത്തി. മഹത്മാവ് പായില്‍ ചമ്രം പടിഞ്ഞിരുന്ന് ചര്‍ക്ക തിരിക്കുകയാണ്. ആഗതരെ കണ്ടപ്പോള്‍ അത് നിര്‍ത്തി. വന്നവരെ ഒന്നുഴിഞ്ഞുനോക്കി. ഉടനെ ചോദിച്ചു. ''നിങ്ങള്‍ അഞ്ചുപേരല്ലല്ലോ. ആറു പേരുണ്ടല്ലോ?''

അപ്പോഴാണ് വിദേശികളും അത് ശ്രദ്ധിച്ചത്. അവര്‍ കുട്ടികൃഷ്ണന്നെ തുറിച്ചുനോക്കി. അവന്‍ ചൂളിപ്പോയി. അപ്പോള്‍ ഗാന്ധിജി തീഷ്ണമായി അവനെ നോക്കിയിട്ടു ചോദിച്ചു. “നീയാരാണ്?”

“ഞാനൊരു വിദ്യാര്‍ത്ഥിയാണ്‌, ബാപ്പുജി.” അവന്‍ വിനയത്തോടെ പറഞ്ഞു.

“എന്തിനാണിവിടെ വന്നത്?” അടുത്ത ചോദ്യം.

“അങ്ങനെ കാണാനായി പതിനാറു മൈല്‍ ദൂരെ നിന്ന് നടന്നുവന്നതാണ്, ഞാന്‍.” അതുപറഞ്ഞതും ബാപ്പുജിയുടെ കാല്‍ക്കല്‍ അവന്‍ വീണു നമസ്‌കരിച്ചു. ബാപ്പു അവനെ പിടിച്ചെഴുന്നേല്പിച്ചു. കരുണയോടെ അവനെ നോക്കി. നേരിയ മന്ദഹാസമുണ്ടായിരുന്നെകിലും അദ്ദേഹം ചിരിച്ചില്ല. ഇമവെട്ടാതെ ഗൗരവത്തില്‍ പറഞ്ഞു.

“കുട്ടീ, ജീവിതത്തില്‍ ഒരിക്കലും എവിടെയും അതിക്രമിച്ചു കടക്കരുത്.”

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi