
ധർമേന്ദ്രയുടെ അവസാനചിത്രമെന്ന നിലയിൽ പ്രശസ്തമായ 'ഇക്കിസ്', റിലീസ് ചെയ്തപ്പോൾ ഇന്ത്യൻ സൈനികനായ സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേതർപാലിന്റെ ജീവിതം ചർച്ചയായിരുന്നു. ധൈര്യവും ആത്മവിശ്വാസവും ഒരുപോലെ പ്രകടിപ്പിച്ച അദ്ദേഹം, പരംവീർ ചക്ര നേടിയ ഏറ്റവും പ്രായം കുറഞ്ഞ സൈനികൻ കൂടിയാണ്.
മഹാരാഷ്ട്രയിലെ പുണെയിലാണ് അദ്ദേഹത്തിന്റെ ജനനം. വിഭജനസമയത്ത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു അവരുടെ കുടുംബം. പിന്നീട് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. അച്ഛന്റെ സൈനികജീവിതത്തിലെ വീരകഥകളും, ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മുത്തശ്ശന്റെ അനുഭവങ്ങളും കേട്ടാണ് അരുൺ വളർന്നത്. അതുകൊണ്ടാവാം വലുതായപ്പോൾ സൈനികനാവുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അങ്ങനെ 17-ാം വയസ്സിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ അദ്ദേഹവും ഭാഗമായി. ആ യുദ്ധത്തിൽ 47-ാം ബ്രിഗേഡിന്റെ ഭാഗമായിരുന്നു സെക്കന്റ് ലെഫ്റ്റനന്റ് അരുൺ.
ഷക്കർഗഡ് സെക്ടറിലെ യുദ്ധത്തിനിടയിൽ, പാകിസ്ഥാന്റെ പാറ്റൺ ടാങ്കുകൾക്കെതിരെ പടനയിച്ചത് അരുൺ ഖേതർപാലായിരുന്നു. ഇന്ത്യയുടെ സെഞ്ചൂറിയൻ ടാങ്കുമായി പാക് പാറ്റൺ ടാങ്കുകളെ നേരിട്ടത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
തുടർച്ചയായി സെഞ്ചൂറിയൻ ടാങ്കിനുനേരെയും ആക്രമണമുണ്ടായി. അതെല്ലാം മറികടന്നും ഇന്ത്യൻ സൈനികർ മുന്നോട്ടുപോയി. അതിനിടെയാണ് ഇന്ത്യൻ ടാങ്കിന് ആക്രമണത്തിൽ തീപിടിക്കുന്നത്. ടാങ്ക് തീജ്വാലകളിൽ മുങ്ങിയപ്പോൾ, അവിടുന്ന് പിൻവാങ്ങാനുള്ള ഉത്തരവ് ലെഫ്റ്റനന്റ് അരുൺ ഖേതർപാലിന് ലഭിച്ചു. പക്ഷേ ടാങ്ക് വിട്ടുപോകാൻ അദ്ദേഹം തയ്യാറായില്ല. 'ഇല്ല സർ. ഞാൻ എന്റെ ടാങ്ക് വിടില്ല. എന്റെ തോക്ക് ഇപ്പോഴും പ്രവർത്തനക്ഷമമാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. തീ പടരുന്ന ടാങ്കിൽനിന്ന് അദ്ദേഹം യുദ്ധം തുടർന്നു. നിരവധി ശത്രു ടാങ്കുകളെ നശിപ്പിച്ചു.
വീണ്ടും ടാങ്കിനുനേരെയുണ്ടായ ആക്രമണത്തിൽ ഒടുവിൽ അദ്ദേഹം വീരമൃത്യു വരിക്കുകയായിരുന്നു. മരണംവരെയും അസാമാന്യധൈര്യം പ്രകടിപ്പിച്ചുകൊണ്ട് ശത്രുക്കൾക്കുനേരെ അദ്ദേഹം പടനയിച്ചു. ഒടുവിൽ തോൽവിയറിയാതെ തന്നെ വീരമൃത്യുവും. അപ്പോൾ അദ്ദേഹത്തിന് വെറും 21 വയസ്സ് പ്രായമേയുണ്ടായിരുന്നുള്ളൂ.
മരണശേഷം രാജ്യത്തിന്റെ ബഹുമോന്നത സൈനിക പുരസ്‌കാരമായ പരംവീർ ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഒന്നിലധികം ശത്രു ടാങ്കുകൾ നശിപ്പിച്ചതിനും, കഠിനമായ മുറിവുകളുണ്ടായിട്ടും തന്റെ കത്തുന്ന ടാങ്ക് ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനും, തന്റെ രാജ്യത്തെ സംരക്ഷിക്കാൻ അവസാന ശ്വാസം വരെ പോരാടിയതിനുമാണ് പരംവീർ ചക്ര ലഭിച്ചത്. ഇന്നും ആ ബഹുമതി നേടിയ ഏറ്റവും പ്രായംകുറഞ്ഞ സൈനികനാണ് സെക്കന്റ് ലെഫ്റ്റനന്റ് അരുൺ ഖേതർപാൽ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about Second Lieutenant Arun Khetarpal, the youngest Param Vir Chakra awardee who displayed extraordinary bravery and sacrificed his life at 21
Published: 26 Jan 2026, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented