
പുസ്തകദിനത്തില്‍ പുസ്തകങ്ങളുടെയും എന്റെയും കൂട്ടുകാരായ, ഏറ്റവുമടുത്ത കുറച്ചു പേര്‍ക്ക് ആശംസകള്‍ അയച്ചു. കൂട്ടത്തില്‍ ഏറെ പ്രിയപ്പെട്ട എന്‍.ഇ സുധീര്‍ നന്ദിയോടൊപ്പം, നമുക്കെന്നും പുസ്തകദിനങ്ങളല്ലേ! എന്നു കൂടി ചേര്‍ത്തു. നിശ്ചയമായും പുസ്തകങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം എന്നും പുസ്തകദിനം തന്നെ. ആദ്യമായി വായിച്ച പുസ്തകം ഓര്‍മ്മയില്ല. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, തൃശ്ശൂര്‍ കൊരട്ടിയിലെ വാടകവീട്ടില്‍ ബൈന്റ് ചെയ്തു വെച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ കസേരയുടെ കയ്യിലൂടെ കാലിട്ട് ചെരിഞ്ഞിരുന്ന് വായിച്ചുതീര്‍ത്തിരുന്നത് ഓര്‍മ്മയുണ്ട്.
കൊരട്ടിമുത്തിയുടെ പള്ളിയ്ക്കടുത്ത് വലിയൊരു വീട്,അതിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ ഉണ്ണിക്കുട്ടന്റെ ലോകവും ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോഴും ഒരേ രസത്തോടെ, ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ വായിച്ചുകൂട്ടിയിരുന്ന ഒരു പെണ്‍കുട്ടിയെ ഓര്‍മ്മയുണ്ട്. അന്നു തൊട്ടിന്നോളം ഒരു ദിവസവും വായന മുടക്കിയിട്ടില്ല. വീട്ടിലും ഓഫീസിലെ മേശപ്പുറത്തും പാതിവായിച്ച് കമിഴ്ത്തി വെച്ച പുസ്തകമുണ്ടാകും. മനസ്സിനുള്ളിലോ ഈയ്യടുത്ത് ഡല്‍ഹിയില്‍ വെച്ച് വായിച്ചു തീര്‍ത്ത എലിഫ് ഷഫാക്കിന്റെ 'ത്രീ ഡോട്ടേഴ്‌സ് ഓഫ് ദി ഈവി'ലെ കഥാപാത്രങ്ങളടക്കവും.
പുസ്തകങ്ങളുടേയും വായനയുടെയും ലോകം എല്ലാം തികഞ്ഞ മാന്ത്രികലോകമാണ്. റഷ്യന്‍ കഥകളിലെ ദുര്‍മന്ത്രവാദിനി ബാബയാഗയുടെ കോഴിക്കാലില്‍ ചുറ്റുന്ന കുടില്‍ പോലെയും മായാലോകത്തിലെ പടുകൂറ്റന്‍ കൊട്ടാരം പോലെയും നമ്മെ ഭ്രമിപ്പിക്കുകയും ജാലത്താല്‍ കെട്ടിയിടുകയും ചെയ്യുന്ന ഒന്ന്. അവിടെ നാമോരോരുത്തര്‍ക്കും വേണ്ടി,ഓരോരുത്തര്‍ക്കും വേണ്ടി മാത്രം അത്ഭുതലോകത്തിലെ ആലിസ് കുസൃതിക്കണ്ണിറുക്കും, ടോട്ടോച്ചാന്‍ ക്ലാസുമുറിയിലേക്ക് നാടോടികളെ ജനലിലൂടെ മാടി വിളിക്കും, റസ്‌ക്കോള്‍നിക്കഫ് പശ്ചാത്താപത്താല്‍ ഉരുകിയൊലിക്കുന്ന ആത്മാവോടെ സോണിയയുടെ മുമ്പില്‍ മുട്ടുകുത്തും.
എഴുത്തുകാര്‍, വായനക്കാര്‍, പ്രസാധകര്‍, സാഹിത്യ വേദികള്‍...ഒപ്പം പുസ്തകശാലകളും.
കഴിഞ്ഞ ഒക്ടോബറില്‍ കൊല്‍ക്കത്തയിലേക്ക് പോയപ്പോഴാണ് ബിംഗ്ഷ ശതാബ്ദി എന്ന പുസ്തകക്കടയില്‍ പോയത്. 1956-ല്‍ സ്ഥാപിതമായ ഈ പ്രസാധകര്‍ ഫ്രഞ്ചില്‍ നിന്നും റഷ്യന്‍ ഭാഷകളില്‍ നിന്നുമെല്ലാം പുസ്തകങ്ങള്‍ ബംഗാളിയിലെത്തിക്കുന്നു. പ്രധാനമായും ഇടതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ. സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരിയായ കാഞ്ചന മുഖര്‍ജിയുടെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചതും. പാര്‍ക്‌സ്ട്രീറ്റിലെ അവരുടെ പുസ്തകക്കടയില്‍ സുഗന്ധമുള്ള ഡാര്‍ജിലിംഗ് ചായ കുടിച്ച് വായിച്ചിരിക്കാനുള്ള സൗകര്യമുണ്ട്.
കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ പോയപ്പോള്‍ ഇന്ത്യന്‍ പബ്ലിഷേഴ്‌സ് ആന്റ് പ്രിന്റേഴ്‌സ് എന്ന ഇംഗ്ലീഷ് മാസികയുടെ ബിസിനസ്സ് കറസ്‌പോണ്‍ഡന്റും അടുത്ത സുഹൃത്തുമായ, പ്രിയുവെന്ന് ഞാന്‍ വിളിക്കുന്ന പ്രിയങ്കാ തന്‍വാറിനെ ആംബിയന്‍സ് മാളില്‍ വെച്ച് കണ്ടു. അവിടെയുള്ള ബഹറിസണ്‍സ് ബുക്ക്‌സെല്ലേഴ്‌സിന്റെ കട ചൂണ്ടിക്കാട്ടി പ്രിയു ചില കാര്യങ്ങള്‍ പറഞ്ഞുതന്നു. 1947-ല്‍ ഇന്ത്യാവിഭജനത്തില്‍ എല്ലാം നഷ്ടപ്പെട്ട് പാക്കിസ്ഥാനില്‍ നിന്ന് അഭയാര്‍ത്ഥികളായി ഒരു കുടുംബം ഡല്‍ഹിയിലെത്തി, അതിലൊരു പത്തൊമ്പതുകാരന്‍ ബല്‍രാജ് ബഹറി മല്‍ഹോത്ര. ജീവിതവും ജീവിതമാര്‍ഗ്ഗവും വഴിമുട്ടിയ അവര്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തണമായിരുന്നു. ചാന്ദിനി ചൗക്കില്‍ മഷിപ്പേനകള്‍ വിറ്റുനടന്ന അയാള്‍ 1953-ല്‍ ഖാന്‍ മാര്‍ക്കറ്റില്‍ അഭയാര്‍ത്ഥികള്‍ക്കായി അനുവദിക്കപ്പെട്ട കടകളിലൊന്ന് ഏറ്റെടുക്കുകയും ബഹറിസണ്‍സ് ബുക്ക്‌സെല്ലേഴ്‌സിന് തുടക്കം കുറിക്കുകയും ചെയ്തു.
1947-ല്‍ തന്നെ നോര്‍ത്ത് വെസ്റ്റിലെ ദേര ഇസ്മയില്‍ ഖാന്‍ പ്രദേശത്തുനിന്ന് ഒരമ്മയും അഞ്ചു മക്കളും സ്വതന്ത്ര ഇന്ത്യയില്‍ പൗരത്വം തേടി ഡല്‍ഹിയിലെത്തി. അവിടെ ടീച്ചറായി ജോലി ചെയ്തു. പിന്നീട് മിനിസ്ട്രി ഓഫ് റീഹാബിലിറ്റേഷനിലായി ജോലി. കുട്ടികളെ സ്‌ക്കൂളിലയച്ചു. പതിയെ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ഭര്‍ത്താവ് പുസ്തകക്കടയുടെ കൂടുതല്‍ സാദ്ധ്യതകള്‍ തേടി പലയിടത്തും അലയുമ്പോള്‍ ഭാര്യ പുസ്തക്കടയിലിരിക്കും. രണ്ടു പേരുടെയും നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി പുസ്തകക്കട നന്നായി തന്നെ മുമ്പോട്ടു പോയി, വലിയ പ്രശസ്തി നേടി.
2016-ല്‍ എണ്‍പത്തിയേഴാം വയസ്സില്‍ പുസ്തകങ്ങളുടെ ലോകം വിട്ടുപോയെങ്കിലും ഇന്നും വായനാലോകം ബഹറി സാഹിബിനെ ആദരവോടെ ഓര്‍ക്കുന്നു. ലെജന്ററിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹറിസണ്‍സിന് ഖാന്‍ മാര്‍ക്കറ്റിലേതിനു പുറമേ സാകേതിലും ഗുഡ്ഗാവിലും കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലും ചണ്ഡീഗഡിലും ബ്രാഞ്ചുകളുണ്ട്. കോവിഡിനിടയില്‍ പോലും ഡല്‍ഹിയില്‍ പുതിയ ബ്രാഞ്ചു തുടങ്ങുകയും ചെയ്തു അവര്‍. അനുജ് ബഹറിയും രജനി ബഹറി മല്‍ഹോത്രയുമാണ് ഇപ്പോഴത്തെ നടത്തിപ്പുകാര്‍. ബഹറിസണ്‍സിന്റെ ചരിത്രം, ക്രോണിക്കിള്‍ ഓഫ് എ ബുക്ക്‌ഷോപ്പ് എന്ന പേരില്‍ രണ്ടു പേരും ചേര്‍ന്നെഴുതിയിട്ടുണ്ട്.
ഇത്രയെല്ലാം കേട്ടതിനു ശേഷം അവിടേക്ക് പോകാതിരിക്കുന്നതെങ്ങിനെ? ഖാന്‍ മാര്‍ക്കറ്റിലെ കടയില്‍ പോയി. നല്ല തിരക്ക്. ഭിത്തിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന വാര്‍ത്തകള്‍ വായിച്ചു. കുട്ടികളുടെ പുസ്തതകങ്ങള്‍ക്കു മാത്രമായി മറ്റൊരു കടയും കുറച്ചു മാറിയുണ്ട്. പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകമായ മക്തൂബും ക്രോണിക്കിള്‍ ഓഫ് എ ബുക്ക് ഷോപ്പും വാങ്ങി അവിടെ നിന്നിറങ്ങി.
(ലോക പുസ്തകദിനത്തില്‍ സി. കബനി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടറാണ് ലേഖിക)
Content Highlights: a note on books
Published: 24 Apr 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented