പുസ്തകങ്ങള്‍ ദൈവമാകുന്ന ഇടം. പുരോഹിതനില്ലാത്ത, വഴിപാടും പ്രസാദവും പുസ്തകങ്ങളാകുന്ന, ഗ്രന്ഥപ്രതിഷ്ഠയുള്ള മതാതീത ദേവാലയം. കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് പ്രാപ്പൊയിലേക്ക് വഴിനീണ്ടു. എടവപ്പാതി മാനത്തുനിന്നും മരങ്ങളില്‍നിന്നും മുറിയാതെ വഴിനീളെ പെയ്തുകൊണ്ടിരുന്നു. പ്രാപ്പൊയില്‍നിന്ന് കക്കോട് റോഡിലേക്ക്. ഇരുഭാഗത്തും മരങ്ങള്‍ കുടപോലെ പാതകളെ പൊതിഞ്ഞുനില്‍ക്കുന്നു. ആ പച്ചപ്പിനിടയിലൂടെ ചെങ്കുത്തായ കയറ്റംകയറി ചെല്ലുന്നത് നവപുരത്തിന്റെ മുറ്റത്തേക്കാണ്. ചെറുശ്ശേരി ഗ്രാമത്തിലാണ് നവപുരം മതാതീതദേവാലയം സ്ഥിതിചെയ്യുന്നത്.
ദേവാലയത്തിന്റെ സ്ഥാപകനും സാരഥിയുമായ പ്രാപ്പൊയില്‍ നാരായണനും സെക്രട്ടറിയായ സാബു മാളിയേക്കലും . അറിവും അക്ഷരങ്ങളും വെളിച്ചമാകുന്ന ആ തണലിലിരുന്ന് അവര്‍ നവപുരത്തിന്റെ ഇന്നലെകളെക്കുറിച്ചും നാളെയെക്കുറിച്ചും പറഞ്ഞുതുടങ്ങി.
ആശയംമുളച്ച നാൾ
പഠനകാലത്ത് നാരായണന്റെ കൂട്ട് പുസ്തകങ്ങളായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ബിരുദവിദ്യാര്‍ഥിയായിരുന്നപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി, എന്‍. പ്രഭാകരന്‍, എം.എന്‍. വിജയന്‍, എം.എ. റഹ്‌മാന്‍ തുടങ്ങി പ്രഗല്ഭരായ അധ്യാപകരായിരുന്നു മലയാളവിഭാഗത്തില്‍ ഉണ്ടായിരുന്നത്. ''വിഷ്ണുനാരായണന്‍നമ്പൂതിരി രചിച്ച സുഭദ്രാര്‍ജുനം എന്ന കവിത പഠിക്കാനുണ്ടായിരുന്നു. കവിത എഴുതിയ കവിയെ നേരില്‍ക്കാണുക അദ്ഭുതമായിരുന്നു.
അത്തരം കവിതകളില്‍ ഉള്‍ച്ചേര്‍ന്ന ആശയങ്ങള്‍ എഴുത്തിലേക്ക് നയിച്ചു. എഴുതുന്ന കാര്യങ്ങള്‍ വിഷ്ണുമാഷിനെ കാണിക്കുകയും അദ്ദേഹം തിരുത്തിത്തരുകയും ചെയ്യും. എല്ലാ അറിവിന്റെയും ഉറവിടം പുസ്തകങ്ങളാണെന്ന് തിരിച്ചറിഞ്ഞു. എന്തുകൊണ്ട് പുസ്തകത്തെ പ്രതിഷ്ഠിച്ചിട്ടുകൂടാ എന്നൊരു ചിന്ത മനസ്സിലുദിച്ചു.''
അധ്യാപനവഴിയിൽ
ഗ്രന്ഥപ്രതിഷ്ഠ എന്ന ആശയം നാരായണന്റെ മനസ്സില്‍ രൂപപ്പെട്ടെങ്കിലും സാമ്പത്തികസാഹചര്യം അനുകൂലമായിരുന്നില്ല. ദാരിദ്ര്യവും കഷ്ടപ്പാടുകളുമെല്ലാം നേരിട്ടാണ് ജീവിതം മുന്നോട്ടുപോയത്. ''പഠനശേഷം ട്യൂഷന്‍ അധ്യാപകനായി ജീവിതം ആരംഭിച്ചു. ചെറുപുഴയില്‍ 'പീയെന്‍സ്' എന്ന പാരലല്‍ കോളേജ് സ്ഥാപിച്ചതോടെജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ തളിരിട്ടു. അഞ്ച് വിഷയങ്ങളില്‍ പിജി ബിരുദം കരസ്ഥമാക്കി. എല്ലാ അറിവിന്റെ മാര്‍ഗങ്ങളോടും ഇഷ്ടംതോന്നി. ജനങ്ങളെയും അറിവിന്റെ ഈ വിശാലലോകത്തേക്ക് നയിക്കണം എന്നുതോന്നി. പരസ്പരം കലഹിക്കുന്ന മതങ്ങളെ യോജിപ്പിക്കാന്‍ പുസ്തകങ്ങളോളം മറ്റൊരു മാര്‍ഗമില്ലെന്നും തോന്നി. ഇതിനെല്ലാമുള്ള മാര്‍ഗമായി ഞാന്‍ പുസ്തകത്തെ കണ്ടു.
30 വര്‍ഷംമുന്‍പ് ഈ പറമ്പിന്റെ മുകള്‍ഭാഗത്ത് തറ കെട്ടുകയും സാംസ്കാരിക സമിതി രൂപവത്കരിക്കുകയും ചെയ്തു. അന്ന് റോഡൊന്നും ഇല്ല. മൊത്തം കാടാണ്. എല്ലാ സാധനങ്ങളും തലച്ചുമടായി ഇവിടേക്ക് എത്തിക്കണം. നാട്ടുകാരെല്ലാം സജീവമായി പരിപാടികളില്‍ പങ്കെടുത്തു. സിനിമാപ്രദര്‍ശനം, പുസ്തകച്ചര്‍ച്ച, കലാപരിപാടികള്‍ ഒക്കെയാണ് അന്ന് നടത്തിയിരുന്നത്. ഓരോതവണയും പരിപാടി കഴിയുമ്പോഴും കടത്തിലാകും. പിന്നെ മെല്ലെ കടം വീട്ടിയശേഷം അടുത്ത പരിപാടി നടത്തും. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു.''
നവപുരം തളിർക്കുന്നു
ആദ്യ ശ്രമം വിജയം കാണാതെവന്നതോടെ കൃത്യമായ മുന്നൊരുക്കത്തോടെ മാത്രമേ തന്റെ ആശയം പ്രാവര്‍ത്തികമാക്കൂ എന്ന് നാരായണന്‍ ഉറപ്പിച്ചു. അതിനുവേണ്ട സമ്പാദ്യം വര്‍ഷങ്ങളെടുത്ത് അദ്ദേഹം ഉണ്ടാക്കി. ''കുറച്ചുനാള്‍ കാത്തിരുന്നാലും ആരെയും ആശ്രയിക്കാതെ ഗ്രന്ഥപ്രതിഷ്ഠയും മതാതീത ദേവാലയവും സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. മക്കളുടെ വിവാഹത്തിനെന്നപോലെ ഞാന്‍ കാശ് കൂട്ടിവെച്ചു. ജീവിതത്തില്‍ ആര്‍ഭാടങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. കുടുംബത്തോടും അത് പറഞ്ഞു. അപ്പോഴേക്കും അവരുടെകൂടി സ്വപ്‌നമായി ഇത് മാറിയിരുന്നു.
കോളേജില്‍നിന്ന് ലഭിക്കുന്ന കാശ്, പുസ്തകങ്ങളുടെ റോയല്‍റ്റി, എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയുമുള്ള വരുമാനം... അങ്ങനെ കിട്ടുന്നതെല്ലാം സ്വരുക്കൂട്ടി. 30 വര്‍ഷത്തോളം കൂട്ടിവെച്ച പണംകൊണ്ട് 2021 മാര്‍ച്ച് നാലിന് പ്രഥമാലയത്തിന് തറക്കല്ലിട്ടു. വിവിധ മതപുരോഹിതരും യുക്തിവാദികളും രാഷ്ട്രീയക്കാരുമെല്ലാം കൂടിയാണ് ആ തറക്കല്ലിടല്‍ നടത്തിയത്. ഇത് നാടിന്റെ വെളിച്ചമാണ് എന്ന ആശയത്തിലാണ് അങ്ങനെയൊരു തുടക്കം നല്‍കിയത്. 2021 ഒക്ടോബര്‍ 15-ന് ഗ്രന്ഥപ്രതിഷ്ഠ നടത്തി.
ദേവാലയത്തില്‍ കല്‍വിളക്ക് പ്രതിഷ്ഠിച്ചത് ഗോത്രവിഭാഗത്തില്‍നിന്നുള്ളയാളാണ്. ഇങ്ങനെയൊരു ആവശ്യം അയാളോട് പറഞ്ഞപ്പോള്‍ ആദ്യം പേടികൊണ്ട് മടിച്ചെങ്കിലും പിന്നീട് ഞങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി. ഇതൊരു മലഞ്ചെരുവാണ്, മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്ന സ്ഥലം, ഒരുപാട് പ്രയാസങ്ങള്‍ സഹിച്ചാണ് ഇന്ന് കാണുന്ന വിധത്തിലേക്ക് ഈ ദേവാലയവും അനുബന്ധ നിര്‍മിതികളും പണിതുയര്‍ത്തിയത്. എന്റെ പേരിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് എല്ലാം സ്ഥിതിചെയ്യുന്നത്. ഇതുവരെ ഞാന്‍ തന്നെയാണ് എല്ലാകാര്യങ്ങള്‍ക്കുമുള്ള ഭൂരിഭാഗം കാശും എടുത്തത്. അത് ഞാന്‍ ധനികനായതുകൊണ്ടല്ല, മറിച്ച് ഈ ആശയത്തെ വളര്‍ത്തിയെടുക്കണം എന്ന ആഗ്രഹത്തിലാണ്.''
ശിൽപങ്ങൾ, ആശയങ്ങൾ
നവപുരം സ്ഥിതിചെയ്യുന്ന പ്രദേശത്തിന് ചെറുശ്ശേരിഗ്രാമം എന്ന പേര് നല്‍കിയിരിക്കുന്നു. ചെറുശ്ശേരിയോടുള്ള ആദരമായാണിത്.
ദേവാലയത്തിന്റെ പ്രവേശനകവാടത്തിനരികിലായി സ്ഥാപിച്ച അക്ഷരശില്പം എഴുത്തച്ഛന്റേതാണ്. 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് 51 ഇഞ്ച് വലുപ്പത്തിലാണ് അതുണ്ടാക്കിയത്. മലയാളം എന്ന വാക്കുകൊണ്ട് എഴുത്തച്ഛന്റെ രൂപം പണിതിരിക്കുകയാണ്. ഷിബു വെട്ടമാണ് ശില്പം പണിതത്. അതിനുശേഷം നടന്നെത്തുക എഴുത്തുപുരയിലാണ്. അതിഥികളായി എത്തുന്ന എഴുത്തുകാര്‍ക്ക് സൗജന്യമായി താമസിച്ചുകൊണ്ട് പുസ്തകരചന നടത്താനുള്ള സംവിധാനമാണത്. നിലവില്‍ മൂന്ന് എഴുത്തുപുരകളാണ് ഇവിടെയുള്ളത്. ഏഴ് എഴുത്തുപുരകള്‍കൂടി വൈകാതെ പണിതീര്‍ക്കും.
അതിനുശേഷം മഹാമാനവം എന്ന ശില്പം കാണാം. ഭ്രൂണാവസ്ഥ മുതല്‍ മനുഷ്യനെ നയിക്കുന്നത് ജ്ഞാനമാണെന്നതാണ് ആ ശില്പത്തിന്റെ ആശയം. അതിന്റെ തൊട്ടുമുകളില്‍ സംവാദമണ്ഡപം. ആശയങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്യാനുള്ള വേദിയാണിത്. എതിര്‍വശത്ത് ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന ബുദ്ധശില്പം കാണാം. അതിനും മുകളിലാണ് ചെറുശ്ശേരി ശില്പം. അതിനരികില്‍ തന്നെയാണ് പ്രഥമാലയം. ഇതാണ് ആദ്യം സ്ഥാപിച്ചത്. 5000-ത്തിലധികം പുസ്തകങ്ങളടങ്ങുന്ന ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത് ഇതിനുള്ളിലാണ്. ലൈബ്രറികടന്ന് മുന്നോട്ടുനടന്നാല്‍ ഗ്രന്ഥപ്രതിഷ്ഠയ്ക്ക് മുന്നിലെത്തും. ഇവിടെ പുസ്തകങ്ങള്‍ വഴിപാടായി സമര്‍പ്പിക്കാം. പകരം പുസ്തകംതന്നെ പ്രസാദമായി നല്‍കുകയും ചെയ്യും. ഇതിനരികിലായി ജ്ഞാനമയി ശില്പവും കാണാം. പുസ്തകത്തില്‍ നിന്നാണ് അമ്മയും കുഞ്ഞും സ്‌നേഹവും സമാധാനവും എല്ലാം ഉദ്ഭവിക്കുന്നതെന്ന് ശില്‍പം ലോകത്തോട് വിളിച്ചുപറയുന്നു. ഇതുകൂടാതെ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ചെറുശ്ശേരി കലാമണ്ഡപവുമുണ്ട്. അതിനരികിലായി മിനിഹാളും ഭക്ഷണശാലയും. വിശാലമായ ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങളും നടക്കുകയാണെന്ന് നവപുരത്തിന്റെ സാരഥികള്‍ പറയുന്നു.
വഴിപാട്, ഉത്സവം
‘’എല്ലാ ആരാധനാലയങ്ങളിലും ഉള്ളപോലെ ഉത്സവങ്ങളും വഴിപാടുമെല്ലാം ഇവിടെയുമുണ്ട്. എന്നാല്‍, അതിലെല്ലാം ചില വ്യത്യസ്തതകളുണ്ടെന്ന് സെക്രട്ടറിയായ സാബു മാളിയേക്കല്‍ പറയുന്നു. ''ഏപ്രിലിലാണ് ഒന്‍പത് ദിവസം നീളുന്ന പ്രധാന ഉത്സവം നടക്കുന്നത്. ക്ഷേത്രങ്ങളിലെ കലവറനിറയ്ക്കലിന് സമാനമായി ഞങ്ങള്‍ ഇവിടെ ഉത്സവകാലത്ത് ഗ്രന്ഥം നിറയ്ക്കല്‍ എന്ന ചടങ്ങ് നടത്തുന്നു. ഉത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍, സാഹിത്യ സദസ്സുകള്‍, ബഹുഭാഷാ സാഹിത്യസംഗമം, അന്നദാനം എന്നിവയെല്ലാം നടക്കുന്നു. ഉത്സവത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ദ്രാവിഡഭാഷാ പുരസ്‌കാരങ്ങള്‍ നല്‍കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ ഭാഷകളിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. ഒപ്പം സംഗീതശ്രീ, നൃത്തശ്രീ പുരസ്‌കാരവും നല്‍കുന്നു. ഇതുകൂടാതെ വിജയദശമിയോടനുബന്ധിച്ച് മതാതീതമായി വിദ്യാരംഭവും നടത്തുന്നു. എല്ലാ മാസങ്ങളിലും സാഹിത്യക്യാമ്പുകള്‍, പുസ്തകപ്രകാശനങ്ങള്‍ എന്നിവയും നടത്തുന്നു. ചെറുശ്ശേരി പ്രസാധനാലയം എന്ന പേരില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.''
പരിമിതികള്‍ക്കിടയിലും സ്വയംപര്യാപ്തമായ കൂട്ടായ്മയായി മുന്നോട്ടുപോകണം എന്നതാണ് സ്ഥാപകനായ നാരായണന്റെ ആഗ്രഹം. അതിനായി ഒരു ട്രസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ''നിങ്ങളുടെ അമ്പലത്തില്‍ ശത്രുസംഹാരപൂജ നടത്താനുള്ള സൗകര്യമുണ്ടോ എന്ന് ഒരാള്‍ കളിയാക്കി ചോദിച്ചു . അയാളോട് ഞാന്‍ ഇങ്ങനെ പറഞ്ഞു: ''അതുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം ഇതാണ്, നിങ്ങള്‍ക്ക് സ്വയം അറിയാനുള്ള പുസ്തകം ഞങ്ങള്‍ ഇവിടെനിന്ന് തരാം. അത് വായിച്ചുനോക്കുമ്പോള്‍ മനസ്സിലാകും മറ്റൊരാളെ ശത്രുവായി കാണുന്ന മനസ്സാണ് നിങ്ങളുടെ ശത്രു എന്ന്. അറിവുണ്ടായാല്‍ നിങ്ങള്‍ക്ക് ശത്രു ഉണ്ടാകില്ല''
സാമ്പത്തികമായി ഒരുപാട് പരിമിതികളുണ്ടെങ്കിലും വിശാല ആശയം കൊണ്ട് അതിനെയെല്ലാം മറികടക്കാനുള്ള കരുത്ത് നവപുരം മതാതീത ദേവാലയത്തിനുണ്ട്.
വിജ്ഞാനമാണ് ദൈവം
വിശാലചിന്തയും വിചിന്തനബോധവുമാണ് മതം
വിനയമാര്‍ന്ന വിവേകമാണ് വഴി
നവപുരം മുന്നോട്ടുവയ്ക്കുന്ന ആപ്തവാക്യം, ഇവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
Content Highlights: Navapura, a unique secular temple in Kerala, India, where books are worshipped. Learn about its history, architecture, and mission.
Published: 04 Jul 2025, 08:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented