'ഓഫ് ലവ് ആന്‍ഡ് അദര്‍ ഡെമണ്‍സ്' ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസ് എഴുതിയ മനോഹരമായൊരു നോവലാണ്. 1994-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ പതിനെട്ടാം നൂറ്റാണ്ടിലെ കൊളംബിയന്‍ ജീവിതത്തിന്റെ ഏടുകള്‍ വിവരിക്കുന്നു. പ്രണയത്തിന്റെയും മതത്തിന്റെയും ഭാവനയുടെയും ഭൂതബാധകളേറ്റ സാധാരണ മനുഷ്യരുടെ നിസ്സഹായതയുടെ കഥകൂടിയാണിത്.
കൊളംബിയന്‍ തുറമുഖ നഗരമായ കാര്‍ട്ടാഗ്നയിലെ പ്രഭുകുടുംബത്തില്‍ നിന്ന് സാന്താ ക്ലാരാ കോണ്‍വെന്റിലെ ഇടുങ്ങിയ മുറിയിലേക്ക് നീളുന്ന കഥ. സീവാ മരിയ എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് കഥയിലെ നായിക. പന്ത്രണ്ടാം പിറന്നാള്‍ ദിനത്തില്‍ വീട്ടുജോലിക്കാരിക്കൊപ്പം നടത്തിയ പട്ടണയാത്രയ്ക്കിടെ അവളുടെ കണങ്കാലില്‍ ഒരു നായ കടിക്കുന്നു. മുറിവില്‍ സള്‍ഫറും നാരങ്ങാനീരും പുരട്ടി വൃത്തിയാക്കിയശേഷം ജോലിക്കാരി പെണ്‍കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുന്നു. കടിച്ചത് പേപ്പട്ടിയാണെന്ന് അറിയുന്നതോടെയാണ് കഥ മാറുന്നത്. സീവാ മരിയയ്ക്കും പേവിഷബാധ ഏറ്റിട്ടുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു. പക്ഷേ, വീട്ടിലെ അസംഖ്യം ആഫ്രിക്കന്‍ അടിമകള്‍ക്കൊപ്പം തികച്ചും പച്ചയും പ്രാകൃതവുമായ ഗോത്ര ജീവിതത്തിന്റെ രസങ്ങളില്‍ ആ പെണ്‍കുട്ടി ആഴ്ന്നുകഴിയുകയാണ്. കടിച്ച നായയേയോ അതിന്റെ പല്ലുകള്‍ കണങ്കാലിലേല്പിച്ച മങ്ങിയ മുറിവിനെയോ അവള്‍ ഓര്‍ക്കുന്നില്ല. അച്ഛനായ നാഷ്യാ ഡി ആല്‍ഫറോ പ്രഭുവും അമ്മ ബെര്‍ണാഡ കബേറയും കാര്യം അറിയുന്നു. പക്ഷേ, അച്ഛനമ്മമാര്‍ക്കിടയിലെ മഞ്ഞിനേക്കാള്‍ തണുത്ത ബന്ധം സീവയ്ക്കും അവര്‍ക്കുമിടയില്‍ അവളുടെ ശൈശവത്തിലേ ഒരു മതിലുയര്‍ത്തിയിരുന്നു. അവളുടെ ജീവിതം ലാളനകളുടേതായിരുന്നില്ല. അവഗണനകളുടേതായിരുന്നു. ആര്‍ത്തിപിടിച്ച ഗര്‍ഭപാത്രമുള്ള ബെര്‍ണാഡയും ജന്മനാ നിസംഗനായ നാഷ്യാ പ്രഭുവും, അവര്‍ക്കിടയില്‍ നുണപറയുന്നതിലും ആടുകളുടെ കഴുത്തറുക്കുന്നതിലും രസംകണ്ടെത്തിയ സീവാ മരിയയും.
സ്‌നേഹരാഹിത്യത്തിന്റ അന്തരീക്ഷത്തില്‍ സീവാ മരിയ വളരുകയാണ്. മകള്‍ക്ക് പേവിഷബാധയേറ്റിട്ടുണ്ടാകും എന്ന ഊഹാപോഹങ്ങളെ തുടര്‍ന്ന് നാഷ്യാ പ്രഭു അവളെ ചികിത്സിക്കാന്‍ ഡോക്ടറെ കൊണ്ടുവരുന്നു. പിന്നീടുള്ള സംഭവഗതികള്‍ സീവാ മരിയയ്ക്ക് വിഷബാധയേറ്റിട്ടില്ലെന്നും അവള്‍ ഭൂതാവിഷ്ടയാണെന്നുമുള്ള നിഗമനത്തിലേക്കാണ് എത്തപ്പെടുന്നത്. ഭൂതാവിഷ്ടര്‍ക്ക് പ്രത്യേക മതനിയമങ്ങള്‍ ബാധകമായ കാലമായിരുന്നു അത്. അങ്ങനെ പന്ത്രണ്ടുകാരിയായ മകളെ ബിഷപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രഭു സാന്താ ക്ലാരാ കോണ്‍വെന്റിലെത്തിക്കുന്നു. ഒരു രാജകുമാരിയെപ്പോലെ അണിയിച്ചൊരുക്കിയാണ് പ്രഭു മകളെ കന്യാസ്ത്രീകളുടെ പക്കലേല്പിക്കുന്നത്. പകിട്ടുകളെല്ലാം അഴിച്ചുവെക്കപ്പെട്ട അവള്‍ ജയിലറപോലൊരു മുറിക്കുള്ളില്‍ അകപ്പെടുന്നു. സീവാ മരിയ നുണ പറയുന്നു, പൊല്ലാപ്പുകള്‍ ആവര്‍ത്തിക്കുന്നു. എല്ലാവരും ഉറപ്പിക്കുന്നു ഇവള്‍ ഭൂതാവിഷ്ടതന്നെയെന്ന്.
പ്രവചനാതീതമായ സ്വഭാവമുള്ള ആ പെണ്‍കുട്ടിക്കരികിലേക്ക് ബിഷപ്പ്, കറ്റാനോ ഡെലൂറാ എന്ന യുവപുരോഹിതനെ അയക്കുകയാണ്. അയാളാണ് അവളുടെ പ്രേതോച്ചാടകന്‍. തികഞ്ഞ വിശ്വാസിയും ദൈവത്തെ അനുസരിക്കുന്നവനുമായ പുരോഹിതന്‍ അവളില്‍ പ്രേമത്തെ കണ്ടെത്തുകയാണ്. ദൈവത്തിന്റെ കഠിന നിയമങ്ങളില്‍ നിന്ന് അയാള്‍ കുതറുന്നു. പ്രണയം അയാളെ പൗരാഹിത്യത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് പുറത്താക്കുന്നു. ശിക്ഷാമാര്‍ഗമെന്ന നിലയില്‍ അയാള്‍ കുഷ്ഠരോഗികളുടെ പരിചാരകനാകുകയാണ്.
രാത്രികളില്‍ ഭൂമിക്കടിയിലെ രഹസ്യപാതയിലൂടെ കൈനിറയെ പലഹാരങ്ങളുമായി അയാള്‍ അവള്‍ക്കരികിലെത്തും. സ്പര്‍ശത്തിന്റെ സൗന്ദര്യമറിയുന്ന രാത്രികള്‍ക്കൊടുവില്‍ അയാളും അവളും വേദനകളുടെയും പീഡകളുടെയും പകലുകളിലേക്ക് മടങ്ങും. ഒടുവില്‍ മതം അതിന്റെ നിഗമനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും സീവാ മരിയ പ്രേതോച്ചാടനത്തിന്റെ പീഢകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുകയാണ്. കറ്റാനോയ്ക്കും അവള്‍ക്കും ഇടയില്‍ നിലനിന്ന വര്‍ണഭരിതമായ പ്രണയത്തിന്റെ തുടര്‍വഴികള്‍ ഇരുട്ടിലാഴുന്നു.
നോവലിലുടനീളം തന്റെ എല്ലാ രചനകളിലുമെന്നപോലെ മാര്‍ക്കേസ് മനുഷ്യ ബന്ധങ്ങളെയും അതിന് മതില്‍കെട്ടുന്ന സാമൂഹ്യനിയമങ്ങളെയും തുറന്നുകാട്ടുന്നുണ്ട്. പ്രണയത്തിന്റെ രസങ്ങളവസാനിച്ച വിരക്തരായ മനുഷ്യരും പാഠങ്ങള്‍ക്ക് മെരുങ്ങാത്ത, പ്രണയത്തില്‍ ഉന്മത്തരാകുന്ന നിസ്സഹായരും ഈ പുസ്തകത്തിലുണ്ട്.
നോവലിന്റെ ആമുഖത്തില്‍ ഇതിന്റെ രചനയിലേക്ക് തനിക്ക് വഴികാട്ടിയ ഒരു സംഭവത്തെപ്പറ്റി മാര്‍ക്കേസ് പറയുന്നുണ്ട്. 1949 ഒക്ടോബര്‍ 26-ന് നടന്ന ഒരു സംഭവം മാര്‍ക്കേസ് ഓര്‍ത്തെടുക്കുന്നു. അന്ന് അദ്ദേഹം ഒരു പത്രത്തില്‍ റിപ്പോര്‍ട്ടറാണ്. പത്രാധിപരുടെ നിര്‍ദേശമനുസരിച്ച് യുവാവും പത്രപ്രവര്‍ത്തകനുമായ മാര്‍ക്കേസ് സാന്താ ക്ലാര കോണ്‍വെന്റിലേക്ക് വാര്‍ത്ത തേടി പോവുകയാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലായി മാറിക്കൊണ്ടിരിക്കുന്ന കോണ്‍വെന്റിന് പുറത്ത് കല്ലറ പൊളിക്കുന്ന ശബ്ദം. പൊളിച്ച കല്ലറകള്‍ക്കിടയില്‍ വാര്‍ത്താ സാധ്യത തേടുന്ന മാര്‍ക്കേസ്. അപ്പോള്‍ കൂടം ഒരു കല്ലറയില്‍ പതിയുന്നു. അതിനുള്ളില്‍ നിബിഢമായി വളര്‍ന്ന മുടിക്കാടുള്ള ഒരു തലയോട്ടി. അതൊരു പെണ്‍കുട്ടിയുടേതായിരുന്നു. 22 മീറ്ററും 12 സെന്റീമീറ്ററുമായിരുന്നു കാടുപോലെ വളര്‍ന്ന ആ മുടിയിഴകളുടെ നീളം. മരണശേഷം മനുഷ്യരുടെ മുടി ഒരു മാസം ഒരു സെന്റീ മീറ്ററെന്ന കണക്കില്‍ വളരാറുണ്ടെന്നും അതുകൊണ്ട് ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നും തൊഴിലാളികളില്‍ ഒരാള്‍ പറയുന്നു. ആ കണക്കുവച്ച് ആ മുടിയിഴകളുടെ ഉടമയായ പെണ്‍കുട്ടി മരണപ്പെട്ടിട്ട് ചുരുങ്ങിയത് ഇരുന്നൂറ് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് മാര്‍ക്കേസ് കണക്കുകൂട്ടുന്നു. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ നാട്ടുകഥകളിലൊന്ന് മാര്‍ക്കേസ് ഓര്‍ത്തു. പേവിഷബാധയേറ്റു മരിച്ച, അദ്ഭുതശക്തികളുള്ള ഒരു പ്രഭുകുമാരിയുടെ കഥയായിരുന്നു അത്.
പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി മരണത്തിന്റെ വിളുമ്പിലേക്ക് പിറന്നുവീഴുന്ന പെണ്‍കുട്ടിയായി സീവാ മരിയയെ നോവലില്‍ മാര്‍ക്കേസ് ആവിഷ്‌കരിക്കുന്നത് ആ സംഭവകഥയുടെ തുമ്പുപിടിച്ചാണ്. കുഞ്ഞിനെ രക്ഷിച്ചാല്‍ വിവാഹം വരെ അവളുടെ മുടി മുറിക്കില്ലെന്ന് നേര്‍ച്ചനേരുന്ന ആയ. അവിടെയാണ് സീവാ മരിയയുടെ കഥ തുടങ്ങുന്നത്. കണങ്കാലറ്റം വരെ ചെമ്പുചുരുളുകള്‍ പോലെ കരുത്തുറ്റ മുടിക്കാടുള്ള സീവാ മരിയ.
അവളുടെ കഥ വായനയിലുടനീളം വേദനിപ്പിക്കും. മനുഷ്യര്‍ക്കിടയില്‍ ഉയരുന്ന മതിലുകളെയും നിസ്സഹായതകളെയും അതോര്‍മ്മിപ്പിക്കും. ഓരോ വായനയിലും തിമിര്‍ത്തുപെയ്യുന്ന ഇരുട്ടിന്റെ പെരുമഴയാണ് ഈ നോവല്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore Marquez`s haunting tale of love, religion, and demons in 18th-century Colombia. A captivating story of Sierva Maria and her tragic fate.
Published: 26 Jul 2025, 12:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented