ഇക്കഴിഞ്ഞ ദിവസമാണ് നടി സമാന്ത റൂത്ത് പ്രഭു ഗർഭിണിയാണെന്ന് വാർത്തകൾ പുറത്തുവന്നത്. സമാന്ത നായികയായ 'മാ ഇന്റി ബംഗാരം' എന്ന സിനിമയുടെ വിജയാഘോഷങ്ങൾക്കിടയിൽനിന്നുള്ള വീഡിയോ പുറത്തുവന്നപ്പോഴാണ്, ആളുകൾ ഇക്കാര്യം ശ്രദ്ധിച്ചത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ചെത്തിയ സമാന്തയുടെ 'ബേബി ബംപ്' പെട്ടെന്ന് ചർച്ചയായി. സമാന്തയോ ഭർത്താവും സംവിധായകനുമായ രാജ് നിദിമൊരുവോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, അവരോട് അടുത്തവൃത്തങ്ങൾ പലതും ഈ വാർത്ത ശരിവെച്ചു.

To advertise here,

ഇപ്പോഴിതാ 'മാ ഇന്റി ബംഗാരം' സംവിധായിക ബി.വി.നന്ദിനി റെഡ്ഡി ആ വാർത്ത സത്യമാണെന്ന് പറയുകയാണ്. സിനിമാ എക്‌സ്പ്രസിനോടാണ് നന്ദിനി ഇത് വെളിപ്പെടുത്തിയത്. “മാ ഇന്റി ബംഗാരം എന്ന ഞങ്ങളുടെ സിനിമ വിജയകരമായി ഓടുന്ന സമയത്താണ് അവരുടെ ഗർഭധാരണവുമുണ്ടാവുന്നത്”. സിനിമയുടെ വിജയാഘോഷത്തിൽനിന്നുള്ള വീഡിയോയെക്കുറിച്ചും നന്ദിനി സംസാരിച്ചു. അതിൽ പങ്കെടുക്കാനുള്ള സമാന്തയുടെ തീരുമാനം ബോധപൂർവമായിരുന്നുവെന്നും അവർ പറയുന്നു.

മുമ്പ് പല അഭിമുഖങ്ങളിലും അമ്മയാവാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സമാന്ത സംസാരിച്ചിരുന്നു. 'സിറ്റാഡെൽ: ഹണി ബണ്ണി'യുടെ പ്രൊമോഷൻസമയത്തും താരം അതിനെക്കുറിച്ച് പറഞ്ഞു. അമ്മയാകാനും ജീവിതത്തിൽ സെറ്റിൽ ചെയ്യാനുമുള്ള ആഗ്രഹവും അവർ പ്രകടിപ്പിച്ചു. ''ഇനിയും വൈകിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. ഇപ്പോഴും ഒരു അമ്മയാകണമെന്നുള്ള സ്വപ്‌നമുണ്ടെനിക്ക്, അത് വളരെ മനോഹരമായ ഒരു അനുഭവമാണ്. ഞാൻ അതിനായി കാത്തിരിക്കുകയാണ്. ആളുകൾ പലപ്പോഴും പ്രായത്തെക്കുറിച്ച് വിഷമിക്കാറുണ്ട്, പക്ഷേ ജീവിതത്തിൽ ഒരു അമ്മയാകാൻ കഴിയാത്ത സമയമില്ലെന്ന് ഞാൻ കരുതുന്നു''.

നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന 'മാ ഇന്റിം ബംഗാരം', നിർമിക്കുന്നത് സമാന്തയും രാജ് നിദിമൊരുവും ചേർന്നാണ്. സമാന്തയുടേതായി മറ്റ് സിനിമകളൊന്നും ഇപ്പോൾ റിലീസാവാനില്ല. അവരുടെ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. 2025 ഡിസംബറിൽ കോയമ്പത്തൂരിൽവെച്ചാണ് രാജും സമാന്തയും വിവാഹിതരായത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi