2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. എന്നാൽ, മീ ടൂ (MeToo) പ്രസ്ഥാനത്തിനിടെ വൈരമുത്തുവിനെതിരെ ആരോപണമുന്നയിച്ച ഗായിക ചിന്മയി ശ്രീപദ, ഈ നേട്ടത്തിന് പിന്നാലെ വൈരമുത്തുവിനെ പ്രശംസിച്ച രജനികാന്തിനെതിരെ രംഗത്തെത്തി. നേരത്തെ കമൽഹാസൻ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോഴും ചിന്മയി വിമർശനവുമായി എത്തിയിരുന്നു.
മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി ചിന്മയി ഉൾപ്പെടെ നിരവധി സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2018 ലാണ് ചിന്മയി, വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ചിൻമയിയുടെ വെളിപ്പെടുത്തൽ. എന്നാൽ ഈ ആരോപണങ്ങൾ വൈരമുത്തു നിഷേധിച്ചിരുന്നു.
Also Read
പുരസ്കാര വാർത്ത പുറത്തുവന്നതിന് പിന്നാലെ ചിന്മയി കുറിച്ചു: "2018-ൽ, വിവിധ പ്രായത്തിലുള്ള നിരവധി സ്ത്രീകൾ ഒരു കവിയെയും ഗാനരചയിതാവിനെയും തങ്ങളെ ഉപദ്രവിച്ച വ്യക്തിയായി പേരെടുത്തു പറഞ്ഞു. അദ്ദേഹത്തിനെതിരെ ശബ്ദമുയർത്തിയ സ്ത്രീകളുടെ കൂട്ടായ ശബ്ദം അടിച്ചമർത്തപ്പെട്ടു. ഇതിനായി എനിക്ക് വലിയ വില നൽകേണ്ടി വന്നു—തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന മറ്റു സ്ത്രീകളിൽ പലരും എന്നെപ്പോലെ ഭാഗ്യമുള്ളവരായിരുന്നില്ല."
മറ്റൊരു കുറിപ്പിൽ അവർ ഇങ്ങനെ എഴുതി: "ഇന്ത്യയിൽ ജ്ഞാനപീഠം നേടിയ ആദ്യ വനിതാ എഴുത്തുകാരി ആശാപൂർണാ ദേവിയായിരുന്നു. പുരസ്കാരം സ്വീകരിച്ചുകൊണ്ട് അവർ അന്ന് ചോദിച്ച ചോദ്യങ്ങൾ ഇതായിരുന്നു: 'എന്തുകൊണ്ടാണ് പുരുഷന്മാരുടെ അന്യായമായ പ്രവൃത്തികൾ ഈ സമൂഹം ഇത്രയധികം സഹിക്കുന്നത്? എന്തുകൊണ്ടാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്?' അരനൂറ്റാണ്ടിന് ശേഷം ചിന്മയിയും അതേ ചോദ്യം ചോദിക്കുന്നു: 'സ്ത്രീകൾ മാനസികാഘാതത്തിന് ഇരയാകുമ്പോൾ നിങ്ങൾക്ക് എന്തുകൊണ്ടാണ് വേദന തോന്നാത്തത്?'"
വൈരമുത്തുവിനെ അഭിനന്ദിച്ചുകൊണ്ട് രജനികാന്ത് തമിഴിൽ ഇങ്ങനെ കുറിച്ചു: "ജ്ഞാനപീഠം നേടിയ എന്റെ പ്രിയ സുഹൃത്ത് കവി വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ." ഇതിനെതിരെ "അയ്യോ! പറഞ്ഞാലും മനസ്സിലാവില്ലേ (Puriyave puriyaadha)!!" എന്നാണ് ചിന്മയി പ്രതികരിച്ചത്.
കമൽഹാസനും വൈരമുത്തുവിനെ അഭിനന്ദിച്ചിരുന്നു. അദ്ദേഹം വൈരമുത്തുവിനെ അഭിനന്ദിച്ച പോസ്റ്റ് റീട്വീറ്റ് ചെയ്തും ചിന്മയി പ്രതികരിച്ചു."ദൈവത്തെയോർത്ത് ഇത് നിർത്തൂ. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്ന ഇത്രയും അധികാരമുള്ള പുരുഷന്മാർ, 'അവരുടെ ഉപദേഷ്ടാവ്’ ഉപദ്രവിച്ചുവെന്ന് രേഖാമൂലം പരാതിപ്പെട്ട സ്ത്രീകളുടെ ശബ്ദത്തിന് നേരെ ചെവി കൊട്ടിയടയ്ക്കുന്നത്, വോട്ട് ചെയ്യുന്ന സ്ത്രീകൾ ഓർക്കണം. പുരുഷന്മാർ ഒരിക്കലും നമ്മുടെ പക്ഷത്തുണ്ടാകില്ല. ഏറ്റവും വിചിത്രമായ കാര്യം, അദ്ദേഹത്തിന്റെ (കമലിന്റെ) പാർട്ടിയിലെ തന്നെ ഒരു സ്ത്രീ ഈ കവിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു എന്നതാണ്. അവസാനം പുരുഷന്മാർ അവരുടെ സുഹൃത്തുക്കൾക്കും ഇഷ്ടക്കാർക്കുമൊപ്പമേ നിൽക്കൂ. എത്ര സ്ത്രീകൾ മാനസികാഘാതം അനുഭവിച്ചാലും അവർക്ക് അതൊരു പ്രശ്നമല്ല."
അകിലൻ (1975), ജയകാന്തൻ (2002) എന്നിവർക്ക് ശേഷം ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vairamuthu becomes the third Tamil writer to receive the Jnanpith Award., Chinmayi Sripaada expresses strong dissent against public figures congratulating the poet., Chinmayi highlights the collective trauma of women who accused Vairamuthu during the 2018 MeToo movement., Criticism directed at Rajinikanth and Kamal Haasan for supporting an accused individual., The ongoing debate reflects deeper societal issues regarding gender justice and accountability.
Published: 15 Mar 2026, 12:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented