'പൊൻമുട്ടയിടുന്ന താറാവ്' എന്ന സിനിമയിലെ ഒടുവിലെ രംഗം. ചെമ്പ് തെളിഞ്ഞ മാലയുടെ പേരിൽ തട്ടാൻ ഭാസ്‌കരന്റെയും സ്നേഹലതയുടെ ദുബായിക്കാരന്റെയും പക്ഷം തിരിഞ്ഞ് ഗ്രാമം തല്ലുകൂടുകയാണ്. ആ സംഘർഷങ്ങൾക്കിടയിലേക്കാണ് പാടവരമ്പത്തൂടെ ഖൽമേയിത്താത്ത ഓടിവരുന്നത്. തട്ടമിട്ട് പട്ടുടുത്ത് മേലാകെ പൊന്നണിഞ്ഞ ഖൽമേയി. ഹാജിയാരുടെ അറപ്പുരയിൽ നിന്ന് അന്നോളം പുറത്തിറങ്ങാത്ത ഖൽമേയിയുടെ ആദ്യ ദർശനത്തിൽ ഗ്രാമം തല്ല് മറന്ന് സ്തബ്ധരാകുന്നു. ഒരു മാലയുടെയും കലഹത്തിന്റെയും ബന്ധങ്ങളുടെയും കഥ മാത്രമല്ലാതായി മാറുകയാണ് ആ രംഗത്തിൽ സിനിമ. ജീവിതമെന്ന കാലുഷ്യങ്ങളുടെ അരങ്ങിനെ ശാന്തതയിലുറപ്പിക്കുന്ന സൗന്ദര്യത്തിന്റെ സമ്മോഹന നിമിഷങ്ങളെപ്പറ്റിക്കൂടിയാണ് ആ സിനിമ അന്നു സംസാരിച്ചത്.

To advertise here,

സൗന്ദര്യത്തിന്റെ ആ നിമിഷം കലയുടേതാകാം, കലർപ്പിലാതെ നമ്മളിലേക്കെത്തുന്ന എഴുത്തുകാരന്റെ സ്നേഹത്തിന്റെതാകാം. തിരക്കഥയൊരുക്കിയ എല്ലാ ചിത്രങ്ങളിലും രഘുനാഥ് പലേരി അങ്ങനെ ചില സ്നേഹം ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കൗതുകമുള്ള കണ്ണുകൊണ്ട് ലോകത്തെ സദാ കണ്ടുകൊണ്ടിരിക്കുന്ന ഒരാളുടെ ഉൾക്കാഴ്ചകൂടിയാണ് അവയൊക്കെയും.

'ചെമ്പരത്തിപ്പൂ പെൺകുട്ടി' എന്ന കഥയിൽ ഒരു കൊച്ചുപെൺകുട്ടിയെപ്പറ്റി അദ്ദേഹം എഴുതിയ ആ വരികൾ തന്നെയാകും അദ്ദേഹത്തിന്റെ സിനിമാലോകത്തെക്കുറിച്ച് കാണികൾക്കും പറയാനുണ്ടാവുക. 'വീണുകിട്ടുന്ന അനുഭവങ്ങൾ ആശ്ലേഷങ്ങളായി പിടിമുറുക്കി ശ്വാസംമുട്ടിച്ചുകളയും. ചിലവ അരുമയോടെ മൂർധാവിലൊന്നുമുത്തിയങ്ങനെ കടന്നുപോകും. ചിലതാകട്ടെ പുഞ്ചിരിയിൽ ആരംഭിച്ച് പൊട്ടിച്ചിരിയുടെ പൂക്കുറ്റി തെറിപ്പിച്ച് വളരെക്കാലം ഉള്ളിൽ നിറഞ്ഞങ്ങനെ നിൽക്കും. ചിലത് മനോമിടിപ്പുകളിലേക്ക് സന്നിവേശിക്കും.'

'നസീമ'യിൽ തുടങ്ങി, 'മൈഡിയർ കുട്ടിച്ചാത്തൻ', 'പൊൻമുട്ടയിടുന്ന താറാവ്', 'പിറവി', 'മഴവിൽക്കാവടി', 'മേലേപ്പറമ്പിൽ ആൺവീട്', 'പിൻഗാമി', 'സ്വം', 'വധു ഡോക്ടറാണ്', 'സ്വപ്നലോകത്തെ ബാലഭാസ്‌കരൻ', 'വാനപ്രസ്ഥം', 'ദേവദൂതൻ', 'മധുരനൊമ്പരക്കാറ്റ്', എന്നിങ്ങനെ 'ഒരു കട്ടിൽ ഒരു മുറി' വരെയുള്ള സിനിമകൾക്ക് തിരക്കഥയൊരുക്കി. 'ഒന്നു മുതൽ പൂജ്യം വരെ' ഉൾപ്പെടെ മൂന്ന് സിനിമകൾ സംവിധാനംചെയ്തു. 2019-ൽ 'തൊട്ടപ്പനി'ൽ തുടങ്ങി 'ലോക' വരെയുള്ള സിനിമകളിൽ നടനായും അദ്ദേഹത്തെ കാണുന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ പട്ടികയിൽ രഘുനാഥ് പലേരിയുടെ സിനിമകൾ തീർച്ചയായുമുണ്ട്. മലയാള സാഹിത്യത്തിന്റെ ആധുനികതയുടെ ആദ്യഘട്ടത്തിൽ ഭാവുകത്വത്തെ തിരുത്തിയ കഥകൾക്കൊപ്പമാണ് രഘുനാഥ് പലേരി എന്ന പേര് ആദ്യം പതിഞ്ഞത്. സിനിമയിലും അദ്ദേഹം പതിവുകളെ കടപുഴക്കി. ആ വിരൽത്തുമ്പിൽ നർമ്മം തത്വചിന്തയായി, തത്വചിന്ത ജീവിതവുമായി.

അദ്ദേഹത്തിന്റെ കലാജീവിതം പുഴ പോലെയാണ്. ഉത്ഭവവും ഒഴുക്കും അത്രത്തോളം ജൈവികം. അതിൽ ആസൂത്രണങ്ങളില്ല, സ്തുതിപാഠകർക്കായുള്ള വിട്ടുവീഴ്ചകളുമില്ല.

ഞാൻ, ഞാൻ എന്ന വാക്കിന്റെ ആവർത്തനമല്ല പ്രതിഭയുടെ, സർഗാത്മകതയുടെ സത്തയെന്ന തിരിച്ചറിവു പകരുന്ന സംഭാഷണത്തിലേക്ക്...

 കുട്ടിക്കാലത്തെ ഓർമ്മിപ്പിക്കുന്ന രംഗങ്ങൾ

കോഴിക്കോട് നടക്കാവിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന എന്റെ ഓർമ്മയിലെ ആദ്യ വാടക വീട്. അമ്മയും അച്ഛനും പരസ്പരം കൈമാറിയത് ഞങ്ങൾ ആറു പേരെ. അഞ്ച് ആൺകുട്ടികൾക്ക് താഴെ ഒരു പെൺകുട്ടി. കൂട്ടത്തിൽ നാലാം നമ്പർ ജേഴ്സിയാണ് എനിക്ക്. കുടുംബ പോസ്റ്റിലെ ഗോൾകീപ്പറായിരുന്നു.

അച്ഛൻ ട്രക്ക് ഡ്രൈവറായിരുന്നു. ദൂരസ്ഥലങ്ങളിലേക്കൊക്കെയാവും ഓട്ടം. പോയാൽ പിന്നെ കുറച്ചുദിവസം കഴിയും തിരിച്ചെത്താൻ. തിരിച്ചെത്താനുള്ള ദിവസം കഴിഞ്ഞിട്ടും അച്ഛൻ വന്നില്ലെങ്കിൽ ടെൻഷൻ മുളച്ചു തുടങ്ങും. നടക്കാവിൽ വയനാട് റോഡിൽ തന്നെയാണ് അച്ഛന്റെ ലോറി നിർത്തിയിടുന്ന വർക്ക്ഷോപ്പ്. വീട്ടിൽ നിന്ന് കുറച്ചു ദൂരെ ഇടവഴി കടന്ന് പടിക്കെട്ട് കയറി മുകളിൽ നിന്നാൽ ലോറി അവിടെ കിടപ്പുണ്ടെങ്കിൽ കാണാം. ഇടയ്ക്കിടെ പോയിനോക്കും. ലോറി അവിടെയുണ്ടെങ്കിൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ച സന്തോഷമാണ്. മറിച്ചായാൽ വല്ലാത്തൊരു ഒറ്റപ്പെടലാണ്. അതൊരോർമ്മയാണ്.

അതുപോലെ കുട്ടിക്കാലത്ത് ഓടിക്കളിക്കുന്നതിനിടെ അടുക്കളയിൽ നിന്ന് തിളച്ചവെള്ളം വീണ് മേലാസകലം പൊള്ളലേറ്റിരുന്നു. ജീവിതത്തിൽ ആരും വിശ്വസിക്കാൻ ഇടയില്ലാത്ത ചില കാര്യങ്ങൾ ഇക്കാര്യത്തിലും ഉണ്ടായി. ബുൾസ്ഐ പോലെ പൊള്ളി തോലുരിഞ്ഞ പക്ഷിക്കുഞ്ഞായി കോഴിക്കോട് അശോക ആശുപത്രിയിൽ വാട്ടിയ വാഴയിലയിൽ കിടന്നു. വീട്ടിൽ നിന്ന് കുഞ്ഞമ്മാവനോ ഏട്ടനോ ഭക്ഷണം കൊണ്ടുവരും. പൊതിച്ചോറിനൊപ്പം വെച്ച പപ്പടം തണുത്തിട്ടുണ്ടാകും. ആ തണുത്ത പപ്പടത്തിന്റെ പ്രത്യേക രുചി ഓർമ്മയിലുണ്ട്.

മരിച്ചുപോകുമെന്നാണ് എല്ലാരും കരുതിയത്. കിടന്നകിടപ്പിൽ വലതുകൈ ശരീരത്തിൽ ഒട്ടിപ്പോയിരുന്നു. അത് നിവർത്തിയെടുക്കാൻ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ, സംഗതി എളുപ്പമല്ല. ഞരമ്പുകൾ മുറിഞ്ഞുപോയേക്കാം. നിവർത്തിയെടുത്താലും കൈയ്ക്ക് ചലനശേഷി ഇല്ലാതായേക്കാം. പക്ഷേ, ശസ്ത്രക്രിയയ്ക്ക് സമ്മതിക്കാൻ അച്ഛന് എന്തോ ഒരു ഭയമുണ്ടായിരുന്നു.

അച്ഛന് ജ്യോതിഷിയായ ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹം ഒരു തീയതി പറഞ്ഞു. ആ ദിവസം വരെ കാത്തിരുന്നാൽ പിന്നെ സർജറി വേണ്ടിവരില്ലെന്നൊരു പ്രവചനവും. ആ വാക്കിന്റെ പുറത്ത് അച്ഛൻ കാത്തിരുന്നു. അശോക ഹോസ്പിറ്റലിൽ എന്നെ ചികിത്സിച്ചിരുന്ന ബാലകൃഷ്ണൻ ഡോക്ടറുടെ സുഹൃത്തായ മറ്റൊരു ഡോക്ടർ ബോംബെയിൽ നിന്ന് അദ്ദേഹത്തെ കാണാൻ വന്നു. ആശുപത്രിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടു, കാര്യങ്ങൾ അറിഞ്ഞു. മദിരാശി മെയിലിന് തിരിച്ചുപോകേണ്ട അദ്ദേഹം യാത്ര മുടക്കി എന്റെ കാര്യം ഏറ്റെടുത്തു.

വിരലുകളഞ്ചിലും കെട്ടിട്ട് മരങ്ങൾ വലിച്ചുകെട്ടുംപോലെ അദ്ദേഹം എന്റെ വലതുകൈ എതിർദിശയിലേക്ക് വലിച്ചുകെട്ടി. കടുത്ത വേദനയുണ്ടാകുമെന്ന മുന്നറിയിപ്പ് അദ്ദേഹം തന്നിരുന്നു. അത് ശരിയായിരുന്നു. എന്തായാലും ഒട്ടിച്ചേർന്ന കൈ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വേർപെട്ടുവന്നു. പതിയെ അത് സാധാരണനിലയിലായി. വിശദീകരിക്കാനാകാത്ത ഇത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.

കഥക്കാലം 

ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ അനിയന് അസുഖം വന്നു. ഭേദമായപ്പോൾ അച്ഛൻ അവനെ പുറത്തുകൊണ്ടുപോയി സന്തോഷത്തോടെ ഒരു കുലുക്കി ബലൂൺ വാങ്ങിക്കൊടുത്തു. കുറെ നേരം കുലുക്കിക്കളിച്ച് അവനത് അമ്മയെ സൂക്ഷിക്കാൻ ഏൽപ്പിച്ചു. അമ്മ അത് മണൽ നിറച്ച ഒരു തകരപ്പാട്ടയിൽ കുത്തി നിർത്തി ജാലകപ്പടിയിൽ വച്ചു. കുറച്ചുകഴിഞ്ഞപ്പോ അവന് വീണ്ടും ബലൂൺ കുലുക്കാൻ തോന്നി. അമ്മയോട് ചോദിക്കാതെ ഏന്തി വലിഞ്ഞ് അത് എടുക്കുന്നതിനിടെ തകരപ്പാട്ട മറിഞ്ഞ് കാലിൽ വീണ് വിരലിന്റെ അറ്റം മുറിഞ്ഞു. അച്ഛൻ വീണ്ടും അവനെ എടുത്ത് ഡോക്ടറുടെ അടുത്തേക്ക് ഓടി. അടുത്ത കുലുക്കി ബലൂൺ വാങ്ങണമെങ്കിൽ ആ മുറിവ് ഉണങ്ങണമല്ലൊ.

ഈ സംഭവം കഥയാക്കി അന്ന് മാതൃഭൂമി ബാലപംക്തിയിലെ കുഞ്ഞുണ്ണി മാഷിന് അയച്ചു. ആ കുഞ്ഞിക്കഥ ബാലപംക്തിയിൽ അച്ചടിച്ചുവന്നു. ആഴ്ചപ്പതിപ്പ് കൈയിൽ കിട്ടുമ്പോ അച്ഛൻ നല്ല ഉറക്കമാണ്. അച്ഛന്റെ അടുത്ത് ചെന്നു. ബാലപംക്തിയിൽ കഥയുണ്ടെന്ന് പറഞ്ഞ് കഥ അച്ചടിച്ച താൾ കാണിച്ചു . അച്ഛൻ എന്നെ പിടിച്ച് അരികത്ത് കിടത്തി. കെട്ടിപ്പിടിച്ച് കിടക്കേ സാവകാശം അച്ഛൻ ചെവിയിൽ പറഞ്ഞു 'അഹങ്കരിക്കരുത്. ഇതൊന്നും നീ എഴുതുന്നതല്ല, നിന്നിലേക്ക് വരുന്നതാണ്'. അച്ഛൻ അത് പറഞ്ഞതോടെ എന്റെ കഥയെന്ന സങ്കല്പം മാഞ്ഞു. മനസ്സ് നഗ്നമായി.

എഴുത്തിലെ സൗഹൃദങ്ങൾ 

ഒരുപാട് കാലം നേരിട്ട് കാണാത്ത ചങ്ങാതിമാരിൽ ഒരാളായിരുന്നു അഷിത. പിന്നീടാണ് ഒരിക്കൽ കണ്ടുമുട്ടിയതും മനസ്സു തുറന്നങ്ങ് ചങ്ങാത്തമായതും. ഒരു കലർപ്പും സൂക്ഷിക്കാനറിയാത്ത പ്രകൃതം. എഴുത്തുകാരൻ എന്ന നിലയിലുള്ള സൗഹൃദങ്ങളൊന്നും ആരോടും ഉണ്ടായിരുന്നില്ല. എഴുതുന്ന ആളാണെന്ന തോന്നലേ ഇല്ല എന്നതാണ് അതിന്റെ കാരണം. എഴുത്തുകാരൻ, സിനിമാക്കാരൻ ഇങ്ങനെയൊന്നും പറയാൻ ഇഷ്ടമല്ല. എഴുത്ത് പുറത്തേക്ക് തുറക്കുന്ന ഒരുതരം മനോജാലകം. അതിനപ്പുറമുള്ള മഹത്വമൊന്നും അതിന് നൽകേണ്ടതില്ല. ഞാനെന്റെ അച്ഛന്റെയും അമ്മയുടെയും മകനാണ്. എന്തിനാണ് അതിനപ്പുറമുള്ള മേൽവിലാസം. എഴുതിയത് ആരെങ്കിലും വായിക്കുന്നുണ്ടോ, സിനിമ ആരെങ്കിലും കാണുന്നുണ്ടോ എന്നൊന്നുമുള്ള ചിന്ത ഉണ്ടായിട്ടില്ല. അങ്ങനെ ചിന്തിച്ചാൽ 'എന്റെ ഗർഭം ഇങ്ങനല്ല' എന്നൊരു സംഭാഷണം എന്നിൽ നിന്നും വരില്ല. എന്റെ കഥ, എന്റെ സിനിമ, അങ്ങനെയങ്ങനെ എന്റേത് എന്ന തോന്നൽ വന്നാൽ മനസ്സ് ചുരുങ്ങും. എഴുതാതെ തന്നെ അതറിഞ്ഞിട്ടാകാം ആദ്യകഥ എഴുതിയപ്പോൾ അഹങ്കരിക്കരുതെന്ന് അച്ഛൻ പറഞ്ഞതും. ഒന്നും നിന്റെതല്ല എന്ന ഓർമ്മപ്പെടുത്തലാവാം അത്.

ആരെങ്കിലും പേര് ചോദിക്കുമ്പോൾ രഘുനാഥ് പലേരി എന്ന് പറയാറില്ല. രഘുവെന്നോ രഘുനാഥെന്നോ പറയും. പേര് കേട്ടശേഷം സാറെന്താ ചെയ്യുന്നതെന്ന് ചോദിച്ച ആൾ ചോദിച്ചാൽ എല്ലാ പലേരിസവും അവിടെ തീരില്ലേ. തിരിച്ചറിയാത്ത ഒരു സാധനം ഞാൻ ചുമന്നോണ്ട് നടന്നിട്ട് എന്തുകാര്യം. നമ്മൾ സ്വയം കല്പിച്ചുവച്ചിരിക്കുന്നതെല്ലാം തിളച്ചുവരുമ്പോഴുള്ള കാമ്പില്ലാപ്പത മാത്രം. സത്യത്തിൽ ഒരു പ്രത്യേക സമയഖണ്ഡത്തിലേക്ക് മനസ്സ് തെന്നിമാറുമ്പോഴാണ് കഥയെഴുത്തും കറിവെക്കലുമൊക്കെ സംഭവിക്കുന്നതെന്ന് തോന്നാറുണ്ട്. എഴുത്തിലൂടെ എന്നെ രസിപ്പിച്ച, ആനന്ദിപ്പിച്ച ഒരുപാടുപേരുണ്ട്. ചില ബാലപംക്തി കഥകൾ വായിച്ചുപോലും അതിശയിച്ചിട്ടുണ്ട്.

കഥകളെഴുതാനുള്ള പ്രേരണ 

ചുറ്റുമുള്ള ജീവിതം നിരീക്ഷിക്കുന്നൊരു ശീലം ഉണ്ടായിരുന്നു എന്നു പറയാം. പിന്നെ കഥയെഴുതിയാൽ പ്രതിഫലം കിട്ടുമല്ലോ. അതും ഒരു കാരണമായിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന ഒരു കഥയ്ക്കാണ് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. മൂന്ന് രൂപ. മണിയോർഡറായാണ് വന്നത്. അതിൽ അമ്പത് പൈസ പോസ്റ്റ്മാന് ദക്ഷിണ നൽകി . ബാക്കിയുള്ള രണ്ടര രൂപ അമ്മയെ ഏല്പിച്ചു. അതിൽ അമ്പത് പൈസ അമ്മ എനിക്ക് തന്നു. ഞാനതിന് കൊക്കക്കോള കുടിച്ചു. വേണ്ടായിരുന്നു. കുടിച്ചുപോയി.

പിന്നീടൊരു ദിവസം എന്റെ ചങ്ങാതിയുടെ അച്ഛൻ മരിച്ചു. മൃതദേഹത്തിനൊപ്പം ഞാനും ശ്മശാനത്തിലേക്ക് പോയി. അപ്പോഴതാ എവിടെനിന്നോ ഒരാൾ ഓടിവന്ന് മൃതദേഹത്തിൽ വീണ് വാവിട്ട്കരയുന്നു. ഇയാളാരാ എന്ന് ഞാനെന്റെ കൂട്ടുകാരനോട് ചോദിച്ചു. അച്ഛന്റെ അനുജനാണ്. തൊട്ടടുത്ത വീട്ടിലാണ്. പിണക്കം കാരണം വീട്ടിൽ കയറാറില്ല. കത്തിച്ചു കഴിഞ്ഞാൽ കരയാൻ ചാൻസ് കിട്ടൂല എന്ന് അവൻ. അച്ഛൻ ഇത് കാണുന്നുണ്ടെങ്കിൽ എന്താകും പറയുക എന്ന് ഞാൻ. 'എണീറ്റ് പോടാ' എന്നാകും എന്നവൻ. അത് 'സ്വയം നഷ്ടപ്പെടുന്ന യാത്രികർ' എന്ന കഥയായി. എഎസ്സിന്റെ ചിത്രങ്ങൾക്കൊപ്പം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു. കഥ വന്ന ദിവസം കോളേജ് ഗെയിറ്റ് കടന്ന് ക്ലാസിലേക്ക് നടക്കേ, ഒപ്പം നടന്നൊരു പ്രൊഫസർ കഥ അയക്കും മുൻപേ അദ്ദേഹത്തെ കാണിച്ചിരുന്നെങ്കിൽ കഥ കുറച്ചൂകൂടി നന്നാക്കി തരാമായിരുന്നു എന്ന് അഭിപ്രായം പറഞ്ഞു. എന്റെ മറുപടി അദ്ദേഹത്തെ ചൊടിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ക്ലാസിൽ കയറിയിട്ടില്ല.

എം.ടിയെപ്പറ്റിയുള്ള ഓർമ്മകൾ?

നടക്കാവിൽ താമസിക്കുമ്പോൾ കൊട്ടാരംറോഡിലെ വീട്ടിൽനിന്ന് നടക്കാനിറങ്ങുന്ന വാസുവേട്ടനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു. ആഴ്ചപ്പതിപ്പിൽ കഥകൾ വരുന്ന കാലമാണത്. ഒരു ദിവസം ബാലകൃഷ്ണൻ എന്നൊരു കൂട്ടുകാരന് ചെറിയൊരു സാമ്പത്തികാവശ്യം വന്നു. അവൻ എന്നെ സമീപിച്ചു. മാതൃഭൂമിയിൽ നിന്ന് ഒരു കഥയുടെ പ്രതിഫലം വരാനുണ്ട്. അതുപോയി ചോദിച്ചാലോ എന്ന് തോന്നി. ഞങ്ങൾ മാതൃഭൂമിയിൽ ചെന്നു. കഥയെഴുതിയതിന്റെ പ്രതിഫലം എവിടെ കിട്ടും എന്ന് വാച്ച്മാനോട് ചോദിച്ചു. അദ്ദേഹം ഞങ്ങളെ റിസപ്ഷനിലേക്ക് വിട്ടു. റിസപ്ഷനിലെ സ്ത്രീ എന്നെ മുകൾനിലയിലേക്ക് പറഞ്ഞയച്ചു. അവിടെ കണ്ട ഒരാൾ നേരേ കൊണ്ടുപോയി വാസുവേട്ടന്റെ മുന്നിൽ നിർത്തി. ഞാനത് പ്രതീക്ഷിച്ചിരുന്നില്ല. വാസുവേട്ടൻ തലയുയർത്തി നോക്കി. ഞാൻ പേര് പറഞ്ഞ് പരിചയപ്പെടുത്തി. ഒരു കഥ പ്രസിദ്ധീകരിച്ചു വന്നിരുന്നു. അതിന്റെ പ്രതിഫലം ഇപ്പോൾ കിട്ടിയിരുന്നെങ്കിൽ എനിക്കും ബാലകൃഷ്ണനും സന്തോഷമായേനേ എന്ന് സത്യം പറഞ്ഞു. ഏത് ബാലകൃഷ്ണൻ എന്ന് അദ്ദേഹം. എന്റെ ക്ലാസ്മേറ്റെന്ന് ഞാൻ. എന്നിട്ട് ബാലകൃഷ്ണനെവിടെ എന്ന് അദ്ദേഹം. താഴെ കാത്തുനിൽപ്പുണ്ടെന്ന് ഞാൻ. ആ പറഞ്ഞതിന്റെ ആത്മാർഥത വാസുവേട്ടന് മനസ്സിലായെന്നു തോന്നുന്നു. അദ്ദേഹം എഴുന്നേറ്റ് എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്ന് മറ്റൊരു കസേരക്കു മുന്നിൽ നിർത്തി. അവിടെ ഒരാൾ കസേരുടെ മുകളിൽ കാൽ കയറ്റിവച്ചിരുന്ന് വരയ്ക്കുന്നു. തിരുമേനീ ഇതാണ് രഘുനാഥ് പലേരി എന്നുപറഞ്ഞ് വാസുവേട്ടൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. വരയ്ക്കുന്നയാൾ അപ്പോൾ പറയുകയാണ് എനിക്ക് ഇയാളെ ആയിരുന്നു കിട്ടേണ്ടതെന്ന്. അദ്ദേഹം ആർട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു. അപ്പോൾ അദ്ദേഹം വരച്ചുകൊണ്ടിരിക്കുന്നത് എന്റെ തന്നെ കഥയ്ക്കുള്ള ചിത്രമായിരുന്നു. അദ്ദേഹം എനിക്ക് എഎസ്സിനെ പരിചയപ്പെടുത്തി. അതൊക്കെ ഒരു അനുഗ്രഹമായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

നമ്പൂതിരിയുടെ വര കൗതുകത്തോടെ നോക്കിനിൽക്കേ ഒരാൾ വന്ന് ഒരു രസീതിൽ ഒപ്പീടിച്ചു. അയാൾ നൽകിയ ഒരു കവർ വാസുവേട്ടൻ എന്റെ കീശയിൽ ഇട്ടു. വാസുവേട്ടനോട് നന്ദിപോലും പറയാതെയാണ് ഞാൻ താഴേക്ക് ഇറങ്ങിയത്. ബാലകൃഷ്ണന്റെ അടുത്ത് ചെന്ന് കവർ തുറന്നപ്പോൾ എഴുപത് രൂപയുണ്ട്. എന്റെ കഴിഞ്ഞ കഥ രണ്ട് ലക്കമായാണ് ആഴ്ചപ്പതിപ്പിൽ വന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. രണ്ട് ലക്കത്തിനും കൂടിയുള്ള പ്രതിഫലമാണ് കവറിൽ. ആ നിമിഷത്തിന്റെ പ്രകാശം പിന്നീടാണ് ഞാൻ അനുഭവിക്കുന്നത്. ഏതിന്റെയും ദിവ്യത്വം നമ്മൾ അറിയുക അത് അനുഭവിച്ചശേഷമാണ്. അനുഭവിക്കുമ്പോൾ അത് മനസ്സിലാവണമെങ്കിൽ നമ്മളത് നേരത്തെ അറിഞ്ഞിരിക്കണം. നേരത്തേ അറിഞ്ഞാൽ അത് കൃത്രിമമാവും.അതാണ് സ്വീകരണങ്ങളുടെയും മറ്റും പ്രശ്നം.

വാസുവേട്ടനെ ഇപ്പോഴും ഓർക്കുമ്പോൾ ആ സ്നേഹവും മധുരവുമൊക്കെ മനസ്സിൽവരും. എനിക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ മാതൃഭൂമിയിൽ ചെന്ന് അദ്ദേഹത്തെ കണ്ടിരുന്നു. പലപ്പോഴും അദ്ദേഹം ഒന്നും സംസാരിക്കാറില്ല. തലയുയർത്തി ഒന്ന് നോക്കും. അല്ലെങ്കിൽ ചെറുതായൊന്ന് ചിരിക്കും. വല്ലപ്പോഴും കഥയെപ്പറ്റി ഒന്നോ രണ്ടോ വരി പറഞ്ഞെന്നുമായി. അങ്ങനെയൊരുദിവസം കണ്ട് തിരിച്ചിറങ്ങുമ്പോൾ അദ്ദേഹം ഒപ്പം ഇറങ്ങിവന്നു. വരാന്തയിൽ ഞങ്ങൾ കുറച്ചുസമയം നിന്നു. അതിനിടയിൽ തോളത്ത് കൈവച്ച് മൂത്ത ജ്യേഷ്ടനായി കരുതണമെന്ന് പറഞ്ഞു. ഇപ്പോഴും എന്റെ തോളിൽ വാസുവേട്ടന്റെ സ്പർശം എനിക്ക് അനുഭവപ്പെടാറുണ്ട്. ഇതൊന്നും എന്റെ ക്രെഡിറ്റല്ല. അത് വാസുവേട്ടന്റെ നല്ല മനസ്സാണ്.

സിനിമയിലേക്ക് 

കോളേജിൽ പഠിക്കുമ്പോഴേ സിനിമ മനസ്സിലുണ്ട്. ഫിലിം ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് ഫണ്ട് വാങ്ങി സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ 'ചുഴലി' എന്നൊരു കഥയെഴുതി സ്‌ക്രിപ്റ്റ് തയ്യാറാക്കി. വാസുവേട്ടൻ വായിച്ച് നല്ല അഭിപ്രായം പറഞ്ഞു. അന്നതിലെ നായകനായി മനസ്സിൽ കണ്ടത് ജനാർദ്ദനനെയാണ്. ബഡ്ജറ്റ് കണക്കുകൂട്ടാനൊക്കെ കൂട്ടുകാരനും ഛായാഗ്രാഹകനുമായ നിവാസാണ് സഹായിച്ചത്. രണ്ടേകാൽ ലക്ഷം രൂപയാണ് ആവശ്യപ്പെടാനിരുന്നത്. പക്ഷേ, എൻട്രൻസ് ഫീസായി 2250 രൂപ അയക്കണം. അതെന്റെ കൈയിൽ ഇല്ല. സിനിമയിൽ അഭിനയിക്കാനിരുന്ന ഒരാൾ കടംതരാമെന്ന് പറഞ്ഞു. അച്ഛൻ ഇതറിഞ്ഞു. ഇതുവരെ നീ ചെയ്തതൊക്കെ ശരിയാണ്. പക്ഷേ, ഇവിടുന്നങ്ങോട്ട് മുന്നോട്ടുപോയാൽ നീ കടക്കാരനാകും. അതുകൊണ്ട് അത് വേണ്ട എന്ന് അച്ഛൻ പറഞ്ഞു. അങ്ങനെ ഞാനത് ഉപേക്ഷിച്ചു.

പിന്നെ ആ കഥ 'സ്വപ്നങ്ങളിൽ ചുഴലി വീശുന്നു' എന്ന പേരിൽ നോവലെറ്റായി എഴുതി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു. അന്ന് വായനക്കാരുടെ കത്തുകൾ കുറേ കിട്ടി. സിനിമ പോലെയാണെന്നാണ് ഏറെപ്പേരും പറഞ്ഞത്. ആ കഥ 25 വർഷത്തിനുശേഷം കമൽ 'മധുരനൊമ്പരക്കാറ്റ്' എന്ന സിനിമയാക്കി. അതാണ് ജീവിതം. പലതിന്റെയും ജനനം മറ്റെപ്പോഴോ ആണ്. ആ സിനിമയുടെ ചിത്രീകരണ സമയത്താണ് ബിജു മേനോനും സംയുക്തയും തമ്മിലുള്ള പ്രണയം തീവ്രമാകുന്നത്. ഞാൻ തമാശയായി പറയും കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു ഉൾസന്ദേശം കിട്ടി, കുറേക്കാലം കഴിഞ്ഞ് ഒരു സംയുക്താ വർമ്മയും ബിജു മേനോനും പരസ്പരം സ്നേഹിക്കേണ്ടിയിരിക്കുന്നു, അവർക്കൊരു കുടുംബം ഉണ്ടാകണം. അതിനൊരു പശ്ചാത്തലം ഒരുക്കണം. അതാവാം ആ കഥയുടെ പിറവിയെന്ന്.

സിനിമയുടെ വാതിൽ 

അത് വാതിലൊന്നുമല്ല. മതിലാണ്. മതിൽ ചാട്ടമാണ് നടന്നത്. കോളേജ് കഴിഞ്ഞ് ഒന്നു രണ്ട് തിരക്കഥകളെഴുതി ഒരാവശ്യവുമില്ലാതെ മദിരാശിക്ക് നാടുവിട്ടു. ആന്ധ്രയിലെ ഉൾഗ്രാമങ്ങളിൽ സഞ്ചരിച്ച് അവിടുത്തെ ജീവിതത്തെ പറ്റി കലാകൗമുദിയിൽ ലേഖനങ്ങൾ എഴുതാമെന്ന തോന്നലിലാണ് പുറപ്പെട്ടത്. വിശപ്പാറ്റാൻ കാശ് വല്ലതും വേണമെന്നോ കയറിക്കിടക്കാൻ ഒരിടം വേണമെന്നോ ചിന്തിക്കാതുള്ള പോക്കായിരുന്നു. അന്നൊക്കെ അങ്ങനെയാണ്. ഇരിക്കുന്നിടം വിട്ട് ആളുകൾ ഓടി രക്ഷപ്പെടും. മദ്രാസിലെത്തി അപ്രതീക്ഷിതമായി ഒരു തമിഴ് സിനിമാനിർമ്മാതാവിനെ പരിചയപ്പെട്ടു. അദ്ദേഹം എനിക്ക് ഓഫീസിലൊരു ജോലി തന്നു. അങ്ങനെ കുറേ സിനിമകളുടെ ഭാഗമായി ജോലിചെയ്തു. ഫോട്ടോഗ്രഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ്. അങ്ങനെ പലതും തൊട്ടുകൂട്ടി. ആരുടെയൊക്കെയോ സിനിമകളിൽ ഇളയരാജയുടെ മ്യൂസിക് കമ്പോസിങ്ങിൽവരെ ഒപ്പമിരുന്നു. രണ്ട് വർഷം കഴിഞ്ഞാണ് പിന്നെ നാട്ടിലേക്ക് മടങ്ങിയത്. അതിനിടെ നവോദയയിൽ നിന്ന് ജിജോയുടെ ഒരു കത്ത് വന്നു.

സിബി മലയിലിന്റെ ആദ്യ സിനിമയ്ക്ക് തിരക്കഥ എഴുതാനായിരുന്നു അത്. ആ സിനിമയുടെ ചർച്ചകൾക്കിടയിൽ ജിജോ എപ്പോഴും ത്രിഡി സിനിമയെപ്പറ്റി പറയും. 'മൈ ഡിയർ കുട്ടിച്ചാത്ത'ന്റെ പ്രാരംഭ ചർച്ചകൾ എനിക്കും ജിജോക്കും ഇടയിൽ തുടങ്ങുന്നത് അങ്ങനെയാണ്. പത്മരാജനെക്കൊണ്ട് തിരക്കഥ എഴുതിക്കാനും ഇളയരാജ സംഗീതം ചെയ്യാനും അശോക് കുമാർ ഫോട്ടോഗ്രഫി ചെയ്യാനുമുള്ള ആഗ്രഹം ഞാനും പറഞ്ഞു.

പത്മരാജൻ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ്. ചിരിക്കുമ്പോൾ കണ്ണുകൾ തിളങ്ങുന്ന, സ്നേഹത്തിന്റെ ഭാഷ അറിയാവുന്ന ഒരാൾ. അദ്ദേഹം ആ സിനിമയ്ക്ക് എഴുതിത്തുടങ്ങി. പക്ഷേ, പെട്ടെന്നുതന്നെ പിന്മാറി. പിന്നെ പതിമൂന്നുപേരെക്കൊണ്ട് ജിജോ എഴുതിച്ചു. ഓരോരോ ഘട്ടത്തിൽ അവരെല്ലാം മാഞ്ഞു. അതിന്റെ കാരണങ്ങൾ എനിക്കറിയില്ല. പിന്നെ ജിജോ എന്റെയടുത്ത് വന്നു.

ജിജോ എന്ന സംവിധായകന്റെ മനസ്സിലുണ്ടായ ഒരാശയത്തിൽ നിന്നാണ് കുട്ടിച്ചാത്തൻ ഉണ്ടാകുന്നത്. ഞാനതിന്റെ ഭാഗമായി എന്നുമാത്രം. അത് തിരിച്ചറിയുമ്പോൾ എനിക്കുണ്ടാവുന്ന ഒരു ശൂന്യതയിലാണ് ഞാൻ നിൽക്കുന്നത്. ആ ശൂന്യത്യയുടെ ഗുണം എന്താണെന്നുവച്ചാൽ അത് വിശാലവ്യാപ്തിയുള്ള ഒരു സ്ഥലമാണ്. പലർക്കുമൊപ്പം ഞെങ്ങിഞെരുങ്ങി പങ്കിടേണ്ട ഇടുങ്ങിയ ഇടമല്ല അത്. അതാണ് വ്യത്യാസം. ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ എന്നിലൂടെയാണ് ഉണ്ടായതെന്ന് ഞാൻ വിചാരിച്ചാൽ അവിടെ ഞാൻ ചുരുങ്ങും. ആ തോന്നൽ എനിക്കില്ല. അതുകൊണ്ടാവാം മനസ്സിന് ഓടിക്കളിക്കാൻ ഒരുപാട് ഇടമുള്ള വിശാലമായ ലോകം എനിക്കുള്ളത്. അവിടെയെനിക്ക് എത്ര കുട്ടിച്ചാത്തന്മാരെ വേണമെങ്കിലും ഉണ്ടാക്കാം.

'മൈഡിയർ കുട്ടിച്ചാത്ത'നു ശേഷമുള്ള നവോദയയുടെ പ്രോജക്റ്റായിരുന്നു 'ഒന്നുമുതൽ പൂജ്യം വരെ'. അതിലൂടെ ഞാൻ സംവിധായകനായി. ഷാജി എൻ.കരുൺ ആയിരുന്നു ഛായാഗ്രഹണം. പിന്നീട് 'പിറവി', 'സ്വം', 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിൽ ഷാജിക്കൊപ്പം പ്രവർത്തിക്കാനായി. സിബിയും ജിജോയും ജോസും ഷാജിയുമൊക്കെ കഴിഞ്ഞ ജന്മം മുതലേ കൂടെയുണ്ടെന്ന തോന്നലുണ്ടാക്കിയ ആളുകളാണ്.

കുടുംബം, സ്ഥിരവരുമാനം...

കുടുംബ സങ്കല്പം ജനിച്ചന്നു മുതൽ ഒപ്പം ഉള്ളതല്ലേ. പിന്നെ സ്ഥിര വരുമാനം. അത് ഇന്നുവരെ ഇല്ല. ഈ മാസവും ശമ്പളം കിട്ടിയിട്ടില്ല. എന്തൊക്കെയോ ചെയ്യുന്നു. എന്തൊക്കെയോ പ്രതിഫലം കിട്ടുന്നു. ഉത്സവംപോലെ മാനേജരുടെ യുക്തംപോലെ പ്രാണനിൽ കരുത്താർജിച്ച് പിടിവിടാതെ പറക്കുന്നു. ഞാനങ്ങനെയാണ് അതിനെ കാണുന്നത്.

ഒരേ ഒരുതവണ പി.എസ്.സി ടെസ്റ്റ് എഴുതാൻ ശ്രമം നടത്തി. ഇടുക്കിയിൽ വച്ചായിരുന്നു പരീക്ഷ. അവിടെയെത്തി പരീക്ഷാകേന്ദ്രത്തിലേക്ക് നടക്കുമ്പോൾ ഒരു സ്ത്രീയുടെ കരച്ചിൽ കേൾക്കുന്നു. ചെന്നു നോക്കുമ്പോൾ ഒരു സ്ത്രീ പ്രസവ വേദനയിൽ നിലവിളിക്കുന്നു. അടുത്തെങ്ങും ആരുമില്ല. ചുറ്റുവട്ടത്തൊക്കെ തിരഞ്ഞ് ആളെ കൂട്ടി അവിടേക്ക് ചെന്നു. പ്രസവസമയത്ത് ഞാനാ വീടിന്റെ മുറ്റത്ത് ഇരിപ്പുണ്ട്. പിറന്ന കുഞ്ഞിനെ എനിക്കും കാണിച്ചുതന്നു. അതെല്ലാം കഴിഞ്ഞപ്പോഴേക്കും പരീക്ഷാ സമയവും കഴിഞ്ഞിരുന്നു. വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ചോദിച്ചു പരീക്ഷ എങ്ങനെയുണ്ടായിരുന്നെന്ന്. ഞാൻ പറഞ്ഞു അച്ഛാ കുട്ടി ആണാണെന്ന്. അച്ഛനോ അമ്മയോ വഴക്ക് പറഞ്ഞില്ല. അത് നന്നായെന്നാണ് അമ്മ പറഞ്ഞത്.

അച്ഛന്റെ സുഹൃത്തിന്റെ മകളാണ് സ്മിത. പെണ്ണുകാണലിന് ഇറങ്ങി വീട്ടുമുറ്റത്ത് ചെല്ലുന്നതുവരെ ഞാനക്കാര്യം അറിഞ്ഞിരുന്നില്ല. ഞങ്ങൾ വിവാഹിതരായി. മേഘയും ആകാശും മക്കൾ. അവർ രണ്ടുപേരും അവരുടേതായ മേഖലകളിൽ ജോലിചെയ്യുന്നു. ദീർഘകാലം ചെന്നൈയിലായിരുന്നു ഞങ്ങളുടെ താമസം. പിന്നെ കോയമ്പത്തൂരേക്ക് മാറി. ഇപ്പോൾ കോഴിക്കോട് വീടു പണിത് താമസം തുടങ്ങി. ആ വീടെങ്ങനെ പിറന്നെന്ന് പോലും ഒരു പിടിയും ഇല്ല. സർവ്വ പിറവിയും അങ്ങനെയാണ്.

സിനിമാ നടൻ

ആ നടന ലോകം തുറന്നു തന്നത് സംവിധായകൻ ഷാനവാസ് കെ. ബാവക്കുട്ടി. അവന്റെ നിർബന്ധമാണ് 'തൊട്ടപ്പ'നിൽ അഭിനയിക്കാൻ കാരണം. ഞാനെന്റെ മക്കളോട് ചോദിച്ചു. 'ചെയ്യച്ഛാ...'ന്ന് അവർ പറഞ്ഞു. അൻവർ റഷീദിനോട് ചോദിച്ചു. 'സാറ് ചെയ്തില്ലെങ്കി ഞാൻ തള്ളിയിടും'ന്ന് സ്നേഹത്തോടെ പ്രതികരിച്ചു. സത്യൻ അന്തിക്കാടിനോട് ചോദിച്ചു. ധൈര്യായിട്ട് ചെയ്യെന്ന് അവനും. പിന്നാരോടും ചോദിച്ചില്ല. ആദ്യമൊക്കെ സ്‌ക്രീനിൽ എനിക്കെന്നെ കാണുമ്പോൾ തമാശയായിരുന്നു. പിന്നെയും അവസരങ്ങൾ വന്നു. ഒരു രസത്തിന് അതൊക്കെയും ഏറ്റെടുത്തു. അല്ലാതെ ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. പുതിയ ആളുകളുടെ കൂടെ ജോലിചെയ്യാൻ നല്ല രസമാണ്. അസാധാരണ കൗതുകങ്ങൾ തുന്നിച്ചേർത്താണ് പല യങ്‌സ്റ്റേഴ്സും സിനിമകളെടുക്കുന്നത്. അവരുടെ ഭാഷയും ആശയവിനിമയ രീതികൾപോലും വ്യത്യസ്തമാണ്.

കലാലോകത്തുനിന്നുള്ള അംഗീകാരം

ആര് ആരെയാണ് അംഗീകരിക്കേണ്ടത്. അംഗീകാരം എന്നുവെച്ചാ എന്താണ്. ഇന്നുവരെ എന്നിൽ നിന്നും വന്ന എല്ലാ സിനിമകളും സംഭവിച്ചതാണ്. ഞാനായിട്ട് തേടിപ്പോയതല്ല. സിബി മലയിലിന്റെ ആദ്യ സിനിമയ്ക്ക് കഥയൊരുക്കാനാണ് നവോദയയിൽ ആദ്യം ചെല്ലുന്നത്. അന്നത് നടന്നില്ല. അന്ന് പോയതുകൊണ്ടാണ് പിന്നീട് ത്രീഡി സിനിമയായ കുട്ടിച്ചാത്തൻ വന്നത്. വർഷങ്ങൾക്കുശേഷം 'ദേവദൂതൻ' ഉണ്ടായതും ആ പോക്കിന്റെ തുടർച്ചയായിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് അതിന്റെ റീ റിലീസ്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കോളേജ് കാലത്ത് എഴുതിയ ഒരു കഥയാണ് 'മൗനത്തിന്റെ ചിറകുകൾ'. ആ കഥയും തേടി കെപി കുമാരൻ എനിക്കരികിൽ എത്തി. അത് 'നേരംപുലരുമ്പോൾ' എന്ന സിനിമയായി. അത് സെല്ലുലോയിഡിൽ പകർത്താൻ ഷാജി എൻ. കരുൺ എത്തി. ഷാജി പിന്നീട് 'ഒന്നുമുതൽ പൂജ്യംവരെ'യുടെ ഛായാഗ്രാഹകനായി. ഷൂട്ടിങ്ങ് വേളയിൽ അദ്ദേഹം എന്നോട് അദ്ദേഹത്തിനൊരു തിരക്കഥ നൽകുമോ എന്നു ചോദിച്ചു. അതാണ് 'പിറവി'.

ബന്ധങ്ങളുടെ സ്നേഹബന്ധനമാണ് അംഗീകാരം. സൗഹൃദങ്ങളുടെ മുറിവിൽ നിന്നും രക്തം കിനിയും. അതവിടെത്തന്നെ ഉറഞ്ഞ് കട്ടിയാവും. കാലങ്ങളോളം പിന്നാതെ നിൽക്കും. എല്ലാം ഒരൊഴുക്കിൽ അങ്ങനെ സംഭവിക്കുന്നതല്ലേ. സിനിമ ഒരു എൻജിനീയറിങ് സ്‌കിൽ അല്ല. അത് ഭാവനയുടെ സത്ത ഉരുകി സ്വയം സൃഷ്ടിക്കപ്പെടുന്നൊരു കലയാണ്.

'ദ മോസ്റ്റ് അണ്ടർ റേറ്റഡ് റൈറ്റർ ഇൻ മലയാളം ഫിലിം ഇൻഡസ്ട്രി...' ഒരു യൂട്യൂബ് വീഡിയോയുടെ താഴെ ആരോ ഇങ്ങനെ ഒരു കമന്റ് ഇട്ടുകണ്ടു. വീഡിയോയും കമന്റും എന്നെപ്പറ്റിയാണ്. ഒരു രസത്തിന് കമന്റിന് താഴെ ഇങ്ങനെ എഴുതി: 'അണ്ടർ റേറ്റഡ്, ഓവർ റേറ്റഡ് എന്നൊന്നുമില്ല. റേറ്റ് അറിഞ്ഞാലല്ലേ റേറ്റിങ് തീരുമാനിക്കാനാവൂ. എന്നെ പ്രസവിച്ച സമയത്തേ അമ്മ എന്നെ സബ്സ്‌ക്രൈബ് ചെയ്തു, ലൈക്ക് ചെയ്തു, എന്റെ ബെൽബട്ടൻ പ്രെസ്സും ചെയ്തു. അതിനപ്പുറം എന്ത് അംഗീകാരാ എനിക്ക് വേണ്ടത്.'

ജീവിതത്തിൽ സന്തോഷത്തോടെ ഇരിക്കാൻ എല്ലാത്തിൽ നിന്നും ആഗ്രഹത്തെ അടർത്തിമാറ്റി കൗതുകത്തെ നിലനിർത്തുക എന്നതാണ് ഒരു വഴി. ആ കൗതുകം ആസ്വദിക്കാൻ ശീലിച്ചാൽ ജീവിതം ഉള്ളിൽ പ്രകാശിക്കും. എല്ലാത്തിനെയും നർമ്മത്തോടെയേ കാണാവൂ. വേദനിക്കാതിരിക്കാൻ എറ്റവും നല്ല മാർഗം നർമ്മമാണ്. 'എന്റെ ഗർഭം ഇങ്ങനല്ല' എന്ന ചിന്ത. 'ഹാ...' എന്ന് വേദനിക്കാതെ 'ഹൌ...'ന്ന് നർമ്മത്തോടെ വേദനിക്യ. അങ്ങനെ 'ഹൌ...'ന്ന് ചിന്ത വരണമെങ്കിൽ ഒന്നും നമ്മുടേതല്ലെന്ന ബോധ്യം വേണം. എന്റേത് എന്ന ചിന്തയെ ജീവിതത്തിൽ നിന്ന് എടുത്തു കളഞ്ഞാൽ ജീവിതം സ്വതന്ത്രമാകും.

കഥയെഴുതുന്ന, തിരക്കഥയെഴുതുന്ന രഘുനാഥ് പലേരി എന്നെ സംബന്ധിച്ച് വേറൊരാളാണ്. ഞാനൊന്ന് എഴുന്നേറ്റ് മാറിനിന്നാണ് അയാളെ നോക്കുന്നത്. അയാളുടെ പടം നന്നായാലും അതാരും കണ്ടില്ലെങ്കിലും അതുകൊണ്ട് എനിക്കൊരു പ്രശ്നവുമില്ല. ജീവിതം മുഴുവൻ ഒരു ഫാന്റസിയാണ്. നമ്മളതിൽ ഒന്നും ചെയ്യേണ്ട. അതങ്ങനെ സംഭവിച്ചുകൊണ്ടേയിരിക്കും എന്ന ധൈര്യത്തോടെ ശ്വാസം മറക്കാതെ സൂര്യചന്ദ്രന്മാരെ എണ്ണി നടന്നാ മതി. ഒരെണ്ണംപോലും മിസ്സാവൂല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi