കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് നടി സായ് പല്ലവി. അവർ സീതയായെത്തിയ 'രാമായണ: പാർട്ട് വൺ' തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയായി ചിത്രം നേടിയത് 1300 കോടി രൂപയാണ്. അടുത്തതായി 'ഓം: ചാപ്റ്റർ വൺ-ഉധിരം: ദ ബ്ലഡ് വുഡ്' (O.M: Operation Mole) എന്ന സിനിമയാണ് റിലീസാവാനുള്ളത്. മമ്മൂട്ടിയും ധനുഷും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങൾ.

To advertise here,

അനധികൃത ചന്ദനക്കടത്ത് അന്വേഷിക്കുന്ന ഒരു സിബിഐ ഉദ്യോഗസ്ഥയുടെ വേഷമാണ് ചിത്രത്തിൽ സായ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി സായ്ക്ക് തന്റെ മുടി മുറിച്ച് ചെറുതാക്കേണ്ടി വന്നു. ഇത് തന്റെ മാതാപിതാക്കളെ ഞെട്ടിച്ചുവെന്ന് പറയുകയാണ് താരം. 'ബിഹൈൻഡ്വുഡ്സ് ടിവി'യുമായുള്ള സംഭാഷണത്തിനിടെ, ഈ കഥാപാത്രത്തിനായി താൻ എന്തുകൊണ്ടാണ് മുടി മുറിക്കാൻ തീരുമാനിച്ചതെന്ന് സായ് വെളിപ്പെടുത്തി.

''ഞാൻ എന്റെ മുടി മുറിച്ചു. കഥ കേൾക്കുകയും, എന്റെ കഥാപാത്രത്തെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ, ആ വേഷത്തിന് അനുയോജ്യമായ രീതിയിൽ ഞാൻ എന്നെത്തന്നെ മാറ്റിയെടുത്തു. കഥ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ട്, ഈ കഥാപാത്രത്തിനായി മുടി മുറിക്കാൻ ഞാൻ തയ്യാറായി. മുടി മുറിച്ച ശേഷം, ഒരു വീഡിയോ കോളിലൂടെയാണ് ഞാൻ എന്റെ പുതിയ ലുക്ക് ആദ്യം അമ്മയെ കാണിച്ചത്. അമ്മയ്ക്ക് വലിയ അത്ഭുതം തോന്നി; എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് അമ്മ പല ചോദ്യങ്ങളും ഉന്നയിച്ചു. ഒടുവിൽ അമ്മ കോൾ കട്ട് ചെയ്തു. പിന്നീട് അച്ഛൻ വിളിച്ചു, ഞാൻ വിഗ്ഗ് വെച്ചിരിക്കുകയാണോ എന്ന് ചോദിച്ചു. കഥാപാത്രത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് ഞാൻ വിശദീകരിച്ചു. എന്റെ ഈ പുതിയ ലുക്കുമായി പൊരുത്തപ്പെടാൻ അവർക്ക് കുറച്ചു സമയമെടുത്തു''.

ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമിയിലുള്ള വിശ്വാസവും, സിനിമയ്ക്ക് ഈ ഹെയർസ്‌റ്റൈൽ ആവശ്യമാണെന്നതുമാണ് ഈ തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും സായ് പറയുന്നു. തിരക്കഥയിലും സംവിധായകനിലും പൂർണ്ണ വിശ്വാസമർപ്പിച്ച സായ്, മുടി മുറിക്കാൻ സമ്മതിച്ചു. സിനിമ റിലീസ് ചെയ്യുന്നതിന് വളരെ മുമ്പുതന്നെ ഈ ലുക്ക് പുറത്തറിയാതിരിക്കാൻ, ചിത്രീകരണ വേളയിൽ താരം മുടി ഒരു സ്‌കാർഫ് ഉപയോഗിച്ച് മറച്ചുവെച്ചിരുന്നു.

രാജ്കുമാർ പെരിയസാമി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ശ്രീലീല, നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ 20-ന് ചിത്രം തിയേറ്ററുകളിലെത്തും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi