
2017 ഒക്ടോബര്‍ 15 നാണ് അമേരിക്കന്‍ നടിയായ അലീസ്സ മിലാനോ തന്റെ ട്വിറ്ററില്‍ ഇങ്ങനെയൊരു കുറിപ്പ് പോസ്റ്റു ചെയ്തു. 'ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായ സ്ത്രീകള്‍ #MeToo എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രവലുതാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാവും.' പോസ്റ്റിട്ട് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ 4.5 ദശലക്ഷം ആളുകളാണ് മീ ടൂ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച്് പോസ്റ്റുകളിട്ടത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മീ ടൂ കാമ്പയിനിന്റെ കടന്നുവരവ്. മീ ടൂ എന്ന ടാഗ് അതോടെ തരംഗമായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലേക്കും പീഡനങ്ങളിലേക്കും വിരല്‍ചൂണ്ടി 86 ലധികം രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ന് മീ ടൂ ഹാഷ് ടാഗ് ഉപയോഗിക്കുന്നുണ്ട്.

അലീസയുടെ ട്വീറ്റിന് പിന്നാലെ ഹോളിവുഡിലെ മുന്‍നിര നടിമാരടക്കം ധാരാളം സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെപ്പറ്റി തുറന്നുപറയാന്‍ തയ്യാറായി. ആഞ്ജലീന ജോളി, ലുപിത ന്യോന്‍ഗോ, ടെയ്‌ലര്‍ സ്വിഫ്റ്റ്, സല്‍മാ ഹയക് തുടങ്ങീ എണ്‍പതിലധികം സ്ത്രീകള്‍ ഹാര്‍വി വെയിന്‍സ്റ്റീനെതിരെ പരാതിയുമായി രംഗത്തെത്തി. എട്ട് മാസം നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ വെയിസ്റ്റീന്‍ പോലീസില്‍ കീഴടങ്ങി.
മീ ടൂ ലോക ശ്രദ്ധ നേടിയത് അലീസയുടെ ട്വീറ്റോടെയാണെങ്കിലും 2006 മുതല്‍ ഈ കാമ്പയിന്‍ രംഗത്തുണ്ട്. മനുഷ്യാവകാശപ്രവര്‍ത്തകയും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമായ തരാന ബുര്‍ക്കയാണ് ഈ ടാഗ് അവതരിപ്പിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന ആഫിക്കന്‍ വംശജരായ സ്ത്രീകളെ പിന്തുണയ്ക്കാനായിരുന്നു ഇത്.

പിന്നീട് ഈ മീ ടൂ കോടുങ്കാറ്റ് സംഗീത, ശാസ്ത്ര, സാഹിത്യ, രാഷ്ട്രീയ, കായിക മേഖലകളിലെല്ലാം വ്യാപിച്ചു. അതിന്റെ അലയൊലികള്‍ ഇന്ത്യയിലും വലിയ ചലനം സൃഷ്ടിച്ചു. 2017 നവംബറിലായിരുന്നു ഇന്ത്യയിലെ ആദ്യ മീ ടൂ തുറന്നു പറച്ചില്‍. അമേരിക്കന്‍ അഭിഭാഷകയായ റയാ സര്‍ക്കാര്‍ ഇന്ത്യയിലെ അക്കാദമിക മേഖലയിലെ എഴുപതോളം ആളുകളുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പലരും രംഗത്ത് വന്നു. പിന്നീടും പലതുറന്നു പറച്ചിലുകളുമുണ്ടായെങ്കിലും ഒരു പ്രക്ഷോഭം ഉണ്ടാക്കാന്‍ കഴിയുന്നവയൊന്നും ഉണ്ടായിരുന്നില്ല.
ഇന്ത്യന്‍ സിനിമയിലെ മീ ടൂ തുറന്നു പറച്ചില്‍
സിനിമാരംഗത്തെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും രാധിക ആപ്‌തെ, സ്വര ഭാസ്‌കര്‍ എന്നിവര്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അവരെ പിന്തുണച്ചവര്‍ വളരെകുറവായിരുന്നു. സ്വരാ ഭാസ്‌ക്കര്‍ ആയിരുന്നു അത്തരമൊരു ചര്‍ച്ചയ്ക്ക് ആദ്യം ഇന്ത്യന്‍സിനിമയില്‍ തുടക്കമിട്ടത്. താനൊരിക്കല്‍ ഒരു സംവിധായകനില്‍നിന്ന് മോശമായ അനുഭവം നേരിട്ടെന്നും എന്നാലത് മോശം പെരുമാറ്റമായിരുന്നുവെന്ന് തിരിച്ചറിയാന്‍ ആറ് വര്‍ഷത്തിലധകമെടുത്തെന്നുമായിരുന്നു സ്വരയുടെ തുറന്നു പറച്ചില്‍. അതിന് കാരണം സ്ത്രീകളെ ഒരിക്കലും അത്തരം അപകടങ്ങളെപ്പറ്റിയോ അവയില്‍ പ്രതികരിക്കാനോ സമൂഹം പഠിപ്പിക്കുന്നില്ല എന്നതാണെന്നും അവര്‍ പറഞ്ഞു. നമ്മുടെ സംസ്‌ക്കാരം അത്തരത്തിലാണെന്നും സ്വര വിമര്‍ശനമുയര്‍ത്തി. എന്നാല്‍ സ്വരയെ പിന്തുണയ്ക്കാന്‍ അന്നാരും മുന്നോട്ടു വന്നില്ല.

സ്വരയ്ക്കു പിന്നാലെ വെളിപ്പെടുത്തലുകള്‍ നടത്തിയത് രാധിക ആപ്‌തേയായിരുന്നു. പവര്‍ ഗെയിം എന്ന വാക്കാണ് അന്ന് രാധിക ബോളിവുഡിലെ വമ്പന്‍മാരെ പറ്റി പരാമര്‍ശിക്കാന്‍ ഉപയോഗിച്ചത്. ' ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന് വരുമ്പോള്‍ ലിഫ്റ്റില്‍ വെച്ച് ഒരാള്‍ എന്നോട് മോശമായി സംസാരിക്കുകയായിരുന്നു. അയാള്‍ ആ സിനിമയുമായി ബന്ധമുള്ളയാളാണ്. രാത്രിയില്‍ എപ്പോള്‍ വിളിച്ചാലും വരാമെന്നും പുറം മസാജ് ചെയ്ത് തരാമെന്നുമാണ് അയാള്‍ എന്നോട് പറഞ്ഞത്. പിറ്റേന്ന് ആ സിനിമയിലെ നിര്‍മാതാക്കളോട് ഞാന്‍ ഇതേപ്പറ്റിപ്പറഞ്ഞു. അയാളോട് വിശദീകരണം ചോദിച്ചപ്പോള്‍ ആ പെരുമാറ്റത്തില്‍ തെറ്റൊന്നുമില്ല എന്ന ഭാവമായിരുന്നു അയാളുടേത്. നിങ്ങള്‍ക്ക് ബുദ്ധിമുട്ടായതില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് അയാള്‍ പറഞ്ഞത്.' സ്ത്രീകളോട് ഇത്തരത്തില്‍ സംസാരിക്കുന്നതോ പെരുമാറുന്നതോ തെറ്റാണന്ന് അവര്‍ക്ക് തോന്നുന്നില്ല എന്നതാണ് പ്രശ്‌നമെന്നും രാധിക പറഞ്ഞു. എന്നാല്‍ ഈ വെളിപ്പെടുത്തലിനെയും ആരും പിന്തുണച്ചില്ല.

ഇതിനൊരു മാറ്റമുണ്ടായത് നാനാ പടേക്കര്‍ക്കെതിരെ ശക്തമായ ആരോപണവുമായി തനുശ്രീ ദത്ത രംഗത്തെത്തിയതോടെയാണ്. 2008 ല്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികാത്രിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ സിനിമാ, രാഷ്ട്രീയ, സാമൂഹിക മേഖലയിലുള്ളവരെല്ലാം നാനാ പടേക്കറിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. തെളിവുകളുടെ അഭാവത്തില്‍ മുംബൈ പോലീസ് ഈ കേസ് തള്ളുകയും ചെയ്തു.
2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ഗായിക ചിന്മയി ശ്രീപദ മീ ടൂ ആരോപണം ഉന്നയിച്ചത്. 2005 ല്‍ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സര്‍ലണ്ടിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഗായികയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം കള്ളമാണെന്നായിരുന്നു വൈരമുത്തുവിന്റെ മറുപടി. വൈരമുത്തുവിനെതിരെയുള്ള ആരോപണത്തെ തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കുകയുംചെയ്തു. നടന്‍ രാധാ രവിക്കെതിരെയും മീ ടൂ ആരോപണമുയര്‍ന്നു. പേരുവെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനൊപ്പം മറ്റൊരുസ്ത്രീ ഗായകന്‍ കാര്‍ത്തിക്കിനെതിരെയും മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതായി ചിന്മയി പറഞ്ഞു. എന്നാല്‍ ചിന്മയിയെ വിലക്കിയ ഡബ്ബിങ് സംഘടനയുടെ പ്രസിഡന്റ് ഇപ്പോഴും ആരോപണവിധേയനായ രാധാരവി തന്നെയാണ്.

ഇന്ത്യന്‍ സിനിമയെ ഏറെ ഞെട്ടിച്ച വെളിപ്പെടുത്തലുകളിലൊന്ന് നടത്തിയത് സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റായ സപ്‌ന ഭവാനിയായിരുന്നു, നടന്‍ അമിതാഭ് ബച്ചനെതിരെ. ബച്ചന്‍ മീ ടൂ മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ട് പോസ്റ്റു ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തകൊണ്ടാണ് സപ്‌ന ഭവാനി തന്റെ ആരോപണമുന്നയിച്ചത്. ' ഇത് വലിയൊരു നുണയാണ്. പിങ്ക് സിനിമയിറങ്ങുന്നതോടെ വലിയൊരു ആക്ടിവിസ്റ്റ് എന്ന പദവി നിങ്ങള്‍ക്ക് ലഭിക്കുമായിരിക്കും. പക്ഷേ ഇതെല്ലാം കള്ളത്തരമാണ്. സത്യം ഒരിക്കല്‍ പുറത്തു വരും. ബച്ചനില്‍ നിന്ന് മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്ന ധാരാളം സ്ത്രീകളെ എനിക്ക് വ്യക്തിപരമായി അറിയാം. അവരാരെങ്കിലും തുറന്ന് പറയാന്‍ തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നു. 'സപ്‌ന ട്വിറ്ററില്‍ കുറിച്ചു.
ബോളിവുഡ് സംവിധായകനായ സാജിദ് ഖാനെതിരെ ഒരു കൂട്ടം നടിമാരാണ് പരസ്യമായി രംഗത്ത് വരാന്‍ തയ്യാറായത്. ഷെര്‍ലിന്‍ ചോപ്ര, ജിയ ഖാന്‍, ഡിംപിള്‍ പോള്‍, റേച്ചല്‍ വൈറ്റ്, മന്ദാന കരീമി, അഹാന കുമാര, സലോനി ചോപ്ര എന്നീ നടിമാര്‍ സാജിദ് ഖാനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഒരുവര്‍ഷം വിലക്കും ഇയാള്‍ക്ക് ലഭിച്ചു.
നടിയും ലോക്‌സഭാഗവുമായ കങ്കണ റാനൗട്ട് മീ ടൂ തുറന്നു പറച്ചിലില്‍ പങ്കുവച്ചത് സിനിമാ മേഖലയിലെ അനീതികളെപ്പറ്റിയാണ്. 'തെറ്റായ സമയം നല്‍കി ഷൂട്ടിന് ആറ് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലെ ഷൂട്ടിങ് തീയതികള്‍ തെറ്റായി നല്‍കിയവരുണ്ട്. എന്നോട് പറയാതെ എന്റെ ശബ്ദം മറ്റ് ആളുകളെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുവരെയുണ്ട്. നായകന്‍മാര്‍ക്ക് വേണ്ടി അവസാനനിമിഷം ഷെഡ്യൂളുകള്‍ മാറിമറിഞ്ഞിട്ടുണ്ട്.' ക്വീന്‍ സിനിമയുടെ സംവിധായകന്‍ വികാസ് ബാലിനെതിരായ മറ്റൊരു നടിയുടെ മീ ടൂ വെളിപ്പെടുത്തലിന് കങ്കണ പിന്തുണയും പ്രഖ്യപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സിനിമാ സെറ്റുകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ വേണമെന്നും അവര്‍ തുറന്നു പറഞ്ഞു. എന്നാല്‍ വികാസ് ബാലിന്റെ മുന്‍ഭാര്യ കങ്കണ മീടൂ മൂവ്‌മെന്റിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയതോടെ സംഭവം വിവാദമായി

ഗായകന്‍ കൈലാഷ് ഖേറിനെതിരെ ഗായിക സോനാ മഹപത്ര നടത്തിയ മീ ടൂ ആരോപണവും ബോളിവുഡിനെ പിടിച്ചുലച്ചിരുന്നു. ബോളിവുഡ് നിര്‍മാതാവായ കരീം മൊറാനിക്കെതിരെ യുവതിയുടെ പരാതിയില്‍ ലൈംഗികഅതിക്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ ചെന്നൈ എക്‌സ്പ്രസ്, റാ വണ്‍, ഹാപ്പി ന്യൂ ഇയര്‍ എന്നീ ചിത്രങ്ങളുടെയൊക്കെ നിര്‍മാതാവാണ് കരീം മൊറാനി. മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. നടന്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ കന്നട നടി ശ്രുതി ഹരിഹരന്‍ നടത്തിയ മീ ടൂ വെളിപ്പെടുത്തല്‍, ബിര്‍ജ് മഹാരാജിനെതിരെയുണ്ടായ ആരോപണങ്ങള്‍, സംഗീത സംവിധായകനും ഗായകനുമായ അനുമാലിക്കിനെതിരെ വന്ന തുറന്നു പറച്ചിലുകള്‍, നടന്‍ അലോക് നാഥിനെതിരായ മീ ടൂ ആരോപണങ്ങള്‍... സ്ത്രീകള്‍ തങ്ങള്‍ക്കു നേരിട്ട ലൈംഗികഅതിക്രങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായതോടെ ഇന്ത്യന്‍ സിനിമയിലെ വന്‍മരങ്ങള്‍ കടപുഴകിത്തുടങ്ങിയിരുന്നു.
മലയാളസിനിമയെ പിടിച്ചുലയ്ക്കുന്ന ഹേമ കമ്മീഷന്‍
ലോകത്ത് മീടൂ പ്രസ്ഥാനം കത്തിപ്പടര്‍ന്ന 2017 ലാണ് ഹേമ കമ്മിറ്റി നിലവില്‍ വന്നത്. അതിന് കാരണമായത് മനുഷ്യമനസ്സിനെ തന്നെ ഞെട്ടിക്കുന്ന ഒരു സംഭവവും. കേരളത്തിലോ ഇത്തരമൊരു സംഭവമെന്ന് അന്ന് എല്ലാവരും അമ്പരന്നു, ലജ്ജിച്ചു. ഓടുന്ന വാഹനത്തില്‍ വെച്ച് മലയാളസിനിമയിലെ ഒരു പ്രമുഖനടിയെ ക്രിമിനലുകള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തില്‍ കുറ്റകരമായ ഗുഢാലോചന ആരോപിക്കപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായി. 2024 ലെത്തിയിട്ടും അതിജീവിതയ്ക്ക് നീതി നല്‍കാന്‍ നമ്മുടെ നിയമസംവിധാനത്തിന് സാധിച്ചിട്ടില്ല. ഈ കേസില്‍ പരാതിപ്പെടാനും പോരാടാനും അതിജീവിത കാണിച്ച ധൈര്യമാണ് ഹേമകമ്മിറ്റിയുടെ പിറവിക്കു പിന്നില്‍. അന്നും കുറ്റാരോപിതനുവേണ്ടി വശംപിടിക്കാനാണ് മലയാള സിനിമ ശ്രമിച്ചത്. അതിനെതിരെ മലയാള സിനിമയിലെ സ്ത്രീകള്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കി. വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇതിന്റെയെല്ലാം ബാക്കിപത്രമായിരുന്നു കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയായ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച ഹേമ കമ്മീഷന്‍. 2024 ഓഗസ്റ്റ് 19 ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തുമ്പോള്‍ ആരും ചിന്തിച്ചിരിക്കില്ല സത്രീകള്‍ തങ്ങള്‍ക്കു നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ ഇത്ര ശക്തമായി പ്രതികരിക്കുമെന്നും അതില്‍ നിരവധി വിഗ്രഹങ്ങള്‍ തകര്‍ന്നുടയുമെന്നും.

മലയാളസിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയായിരുന്നു ഹേമ കമ്മീഷന്‍. മുന്നൂറോളം പേജുകളുള്ള വലിയൊരു റിപ്പോര്‍ട്ടാണ് ഒടുവില്‍ അധികാരപ്പെട്ടവര്‍ക്കു മുന്നിലെത്തിയത്. ആ റിപ്പോര്‍ട്ടില്‍ നിന്ന് അറുപതോളം പേജുകള്‍ ഒഴിവാക്കിയാണ് പുറത്ത് വിട്ടത്. എന്നാല്‍ മലയാളസിനിമാലോകത്ത് ആഞ്ഞടിക്കാന്‍ പോകുന്ന കൊടുങ്കാറ്റിനെ അതിനൊന്നും തടയാനായില്ല. കിരീടവും ചെങ്കോലും സിംഹാസനവും തുടച്ചെറിയപ്പെടുന്നതാണ് പിന്നീട് കണ്ടത്. ഒടുവില്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ തന്നെ ഏറെക്കുറേ നിലംപൊത്തി. മോഹന്‍ലാല്‍ പ്രസിഡന്റായ സംഘടനയുടെ ഭരണസമിതി ഒന്നാകെ രാജിവെച്ചു, ഭീരുക്കളെപ്പോലെ.
Content Highlights: metoo movement in indian cinema
Published: 30 Aug 2024, 04:37 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented