ഒരു ദൈവം തന്ത പൂവേ, കണ്ണിൽ തേടൽ എന്ന തായേ... മകളോടുള്ള സ്‌നേഹം ഏറ്റവും ആർദ്രമായി, ആരുടെയും നെഞ്ചിനെ തൊടുന്നവിധം, എ.ആർ. റഹ്മാൻ തന്റെ മാന്ത്രികവിരലുകളിലൂടെ സൃഷ്ടിച്ച ഗാനമായിരുന്നു അത്. ആ ഉള്ളം തൊടുന്ന ഗാനത്തിലൂടെ മറ്റൊരാൾകൂടി സംഗീതപ്രേമികളുടെ മനസ്സിൽ ഇടംപിടിച്ചു, ചിന്മയി ശ്രീപദ എന്ന ഗായിക. മനംമയക്കുന്ന ആ ശബ്ദത്തിൽ പിന്നെയും എത്രയോ ഗാനങ്ങൾ. തമിഴിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും... ചിന്മയിയുടെ വ്യത്യസ്തമായ ശബ്ദം അവരെ ആരാധകരുടെ പ്രിയപ്പെട്ട ഗായികയാക്കി.

കന്നത്തിൽ മുത്തമിട്ടാലിനുശേഷം ബോയ്സിലെ പ്ലീസ് സർ (തമിഴ്, 2003), ഗുരുവിലെ തേരേ ബിനാ (ഹിന്ദി, 2006), മയ്യ മയ്യാ (തമിഴ്), ആദവനിലെ (തമിഴ്, 2009) വാരായോ വാരായോ, വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തിലെ അൻബിൽ ഇവൻ (തമിഴ്, 2010), ചെന്നൈ എക്‌സ്പ്രസിലെ തിത്തിലി (ഹിന്ദി, 2013), 96-ലെ കാതലെ കാതലെ (തമിഴ്, 2018)... ഓരോ ഗാനവും മറക്കാനാവാത്തവ. ഗായിക മാത്രമല്ല, വോക്കൽ ആർട്ടിസ്റ്റ്, റേഡിയോ-ടെലിവിഷൻ പ്രസന്റർ, സംരംഭക... എന്നിങ്ങനെ ചിന്മയി കൈവയ്ക്കാത്തവയൊന്നുമില്ല. എന്നാൽ, കലാകാരിക്കു വേണ്ടത്, കഴിവോ മധുരമായ ശബ്ദമോ അല്ല, നിശ്ശബ്ദതയാണ് എന്ന് അലറിവിളിക്കുന്ന ഏഴുവർഷം പിന്നിട്ടാണ് ചിന്മയിയുടെ യാത്രയിപ്പോൾ.

വിലക്കുകളുടെ, മാറ്റിനിർത്തലുകളുടെ, നിരാകരണത്തിന്റെ വർഷങ്ങൾ. കാരണം? സ്ത്രീയെന്നനിലയിൽ തന്റെ അന്തസ്സിനും അഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തി എന്നതുതന്നെ, അതും തമിഴകത്തിന്റെ തലപ്പൊക്കമെന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ.

മുള്ളുകൾ വിടർന്ന പൂക്കാലം
കവിതകളും പാട്ടുകളും കൊണ്ട് മുത്തും മാണിക്യവും പൂക്കാലവുംവരെ ആരാധകരുടെ മനസ്സിൽ നിറയ്ക്കുന്ന കവി, വൈരമുത്തു രാമസ്വാമി. ആ പൂക്കാലത്തിനിടയിൽ ഒളിഞ്ഞിരിക്കുന്ന മുള്ളുകൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയത് ചിന്മയി ശ്രീപദയെന്ന ഗായികയാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ മീ ടൂ തുറന്നുപറച്ചിലുകളിൽ ഏറ്റവും വിവാദമായ ആരോപണം. അത് തമിഴ് സിനിമയെ ഒന്നടങ്കം പിടിച്ചുലയ്ക്കുകയും ചെയ്തു. 2018-ലായിരുന്നു അത്. ചിന്മയി തന്റെ കരിയറിന്റെ കൊടുമുടിയിൽ നിൽക്കുന്ന കാലവും.

ഒരിക്കൽ പാട്ടിന്റെ വരികൾ വിശദീകരിച്ചുതരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും, എന്തുചെയ്യണമെന്നറിയാതെ താൻ ആ വീട്ടിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ചിന്മയി തുറന്നുപറഞ്ഞത്. കൂടാതെ 2005-ൽ സ്വിറ്റ്സർലൻഡിൽ നടന്ന വീഴമറ്റം എന്ന സംഗീതപരിപാടിയിൽ പങ്കെടുക്കാനെത്തിയ തന്നോട് വൈരമുത്തു ഹോട്ടലിൽ കാത്തിരിക്കുന്നുവെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരിലൊരാൾ ആവശ്യപ്പെട്ടുവെന്നും ചിന്മയി ആരോപിച്ചു.

പിന്നാലെ വൈരമുത്തുവിനെതിരേ ആരോപണങ്ങളുടെ പെരുമഴ പെയ്തു. 17 പേരാണ് അന്ന് രംഗത്തെത്തിയത്. അവരിൽ ചിന്മയിയെക്കൂടാതെ ഗായിക സിന്ധുജ രാജാറാം, ഭുവന ശേഷൻ എന്നിങ്ങനെ പ്രശസ്തരായ ഗായികമാരും ഉൾപ്പെട്ടിരുന്നു. ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ പാടാൻ അവസരങ്ങൾ നഷ്ടമാക്കിയെന്ന ആരോപണങ്ങൾ ഏറെപ്പേരും ഉന്നയിച്ചു. എന്നാൽ, ഒന്നും സംഭവിച്ചില്ല.
 

ആരോപണങ്ങളും പ്രത്യാരോപണങ്ങളും
അന്തസ്സോടെ തൊഴിൽചെയ്യാനുള്ള സ്ത്രീകളുടെ അവകാശത്തെ നശിപ്പിക്കുകയാണ് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ. എത്ര പ്രതികരിച്ചാലും തുറന്നുപറഞ്ഞാലും അതിക്രമം നേരിട്ടവർതന്നെ കുറ്റവാളികളുമാകുന്നു. അതേ അവസ്ഥതന്നെ ചിന്മയിയും നേരിട്ടു. വൈരമുത്തുവിനെതിരായ ആരോപണങ്ങൾ ഒരുചലനവും സൃഷ്ടിച്ചില്ല. ചിന്മയിക്ക് അവസരങ്ങൾ കുറയുകയുംചെയ്തു.

വൈരമുത്തുവിനെ അനുകൂലിക്കുന്ന പ്രത്യാരോപണങ്ങൾ ഏറെയുയർന്നു ഇക്കാലത്ത്. ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ച ചടങ്ങ് നടന്നത് 2005-ലാണ്. എന്നാൽ 2015-ൽ തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വൈരമുത്തുവിനെ ചിന്മയി നേരിട്ടെത്തി ക്ഷണിച്ചിരുന്നു. ഈ ആരോപണത്തിനു പിന്നാലെ വൈരമുത്തു ചിന്മയിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഏറെ പ്രചരിപ്പിക്കപ്പെട്ടു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് തന്റെ പിതാവിനെ അപകീർത്തിപ്പെടുത്തുകയാണെന്ന് വൈരമുത്തുവിന്റെ മകൻ മദൻ കാർഗിയുടെ വാദവും പിന്നാലെയെത്തി. ആരോപണങ്ങളെല്ലാം കള്ളമാണെന്നായിരുന്നു വൈരമുത്തുവിന്റെ മറുപടി.

വൈരമുത്തുവിനെതിരേയുള്ള ആരോപണത്തെ തുടർന്ന് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്‌സ് യൂണിയൻ ചിന്മയിയെ സിനിമയിൽനിന്ന് വിലക്കുകയും ചെയ്തു. മറ്റൊരനീതികൂടിയുണ്ട്. തമിഴ് നടൻ രാധാരവിക്കെതിരേയും അന്ന് പേരുവെളിപ്പെടുത്താത്ത ഒരു നടി മീ ടൂ ആരോപണമുന്നയിച്ചിരുന്നു. ചിന്മയിയെ വിലക്കിയ സംഘടനയുടെ പ്രസിഡന്റ് ആരോപണവിധേയനായ രാധാരവിയാണ്. 2018-നുശേഷം ഒന്നോ രണ്ടോ പാട്ടുകൾ, അതും അന്യഭാഷകളിൽ. ഏഴുവർഷം കഴിയുന്നു ഒരു കലാകാരിയെ, ഒരു സ്ത്രീയെ, ഒരുകുറ്റവും ചെയ്യാതെ, അതും ചൂഷണം ചെയ്യപ്പെട്ടുവെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ, സ്വന്തം ഭാഷയിൽനിന്ന് ഇറക്കിവിട്ടു പടിയടച്ചിട്ട്.

തുടരുന്ന പോരാട്ടങ്ങൾ
2006-ൽ പുറത്തിറങ്ങിയ സില്ല്ന് ഒരു കാതൽ എന്ന ചിത്രത്തിൽ ഭൂമിക ചൗളയ്ക്ക് ശബ്ദം നൽകിയാണ് ഡബ്ബിങ് രംഗത്തേക്ക് ചിന്മയി ചുവടുവയ്ക്കുന്നത്. എന്നാൽ, വിലക്ക് നേരിട്ടപ്പോൾ ഗായികയെന്നനിലയിൽ മാത്രമല്ല, സിനിമയിലെ എല്ലാ മേഖലകളിൽനിന്നും അവർ മാറ്റിനിർത്തപ്പെട്ടു.

''ഇവിടെ 20-ലധികം യൂണിയനുകളുണ്ട്. എല്ലാ ആർട്ടിസ്റ്റുകളും അവയിലേതെങ്കിലും ഒന്നിൽ അംഗമായിരിക്കും. ഡബ്ബിങ് യൂണിയനാണ് എനിക്ക് വിലക്കേർപ്പെടുത്തിയത്. പക്ഷേ, എല്ലാ രംഗത്തുനിന്നും എന്നെ മാറ്റിനിർത്തി. ഹീറോ എന്ന സിനിമയിൽ ഞാൻ ഡബ്ബ് ചെയ്തത് രഹസ്യമായാണ്. അത് ലിയോയിലെത്തിയപ്പോൾ മാറ്റങ്ങളുണ്ടായി. സ്റ്റുഡിയോയിൽനിന്നുതന്നെ ശബ്ദം നൽകി. തൃഷയ്ക്കുവേണ്ടി തമിഴിലും തെലുഗ്-കന്നഡ പതിപ്പിലും ഡബ്ബ് ചെയ്തു. ആളുകൾ അത് സ്വീകരിച്ചു.''

വിലക്ക് പോലുള്ള കാര്യങ്ങൾക്ക്, കാലം മാറുന്നതനുസരിച്ച് ആളുകളുടെ മനസ്സിലും മാറ്റമുണ്ടാവുന്നുണ്ടെന്ന് ചിന്മയി ഒരഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് സംഗീതസംവിധായകർ തന്നെ പാടിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, നിർമാതാക്കൾ അതിനെ എതിർക്കുന്നതുകൊണ്ടാണ് അവർക്കത് സാധിക്കാത്തതെന്നും ചിന്മയി പറയുന്നു.

തന്റെ വിലക്കിനുശേഷം ഒരിക്കലും ചിന്മയി നിശ്ശബ്ദയായിരുന്നില്ല. സിനിമാമേഖലയിൽ പിന്നീടുണ്ടായ ഓരോ അനീതിക്കെതിരേയും ചിന്മയിയുടെ ശബ്ദമുയർന്നു. സോഷ്യൽ മീഡിയയിൽ അവർ കുറിക്കുന്ന ഓരോ വാക്കിനും പിന്തുണകളുണ്ടായി. ''ജീവനോപാധി നഷ്ടപ്പെടുന്നതും ലൈംഗികകുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലെ വെല്ലുവിളികളും അടക്കം, നീതി തേടുന്ന സ്ത്രീകൾ കടന്നുപോവുന്ന ബുദ്ധിമുട്ടുകൾ വലുതാണ്. വൈരമുത്തുവിനെതിരേ തുറന്നുപറച്ചിൽ നടത്തിയശേഷം ഡബ്ബിങ്ങിൽനിന്ന് വിലക്കപ്പെട്ട വ്യക്തിയാണ് ഞാൻ, തിരിച്ചറിവുള്ള ഒരു നീതിന്യായവ്യവസ്ഥ അനിവാര്യമാണ്. നിലവിലെ സംവിധാനത്തിൽ, അതിജീവിച്ചവർക്ക് പോലീസിൽ പരാതിപ്പെടുന്നതിനുപോലും ബുദ്ധിമുട്ടാണ്,'' താൻ നേരിട്ട വിലക്കുകളും വിചാരണയും അവർ തുറന്നുപറഞ്ഞത് ഇങ്ങനെ.

''ഞങ്ങൾക്കെപ്പോഴും ബോഡികാം ഒപ്പം കൊണ്ടുനടക്കാനാവില്ല. ഞൊടിയിടയിലാണ് അതിക്രമം നടക്കുന്നത്. ദേശീയ വനിതാ കമ്മിഷനിൽനിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.''

പല കേസുകളിലും സ്ത്രീകൾ പോലീസിൽ പരാതിപ്പെടാൻ വരാത്തതിന് ഒരുകാരണം അതിൽ ഭൂരിഭാഗവും സാഹചര്യത്തെളിവുകളാണെന്നതാണ്. രാഷ്ട്രീയ, സിനിമാ രംഗം മീ ടൂ ആരോപണങ്ങൾ നേരിടുന്നവരുമായി സഹകരിക്കുന്നത് തുടരുകയാണെന്നും ലൈംഗികപീഡനാരോപണങ്ങൾ നേരിടുന്ന പുരുഷൻമാരെ രാഷ്ട്രീയക്കാർ പിന്തുണയ്ക്കുന്നത് അവർ വോട്ടുബാങ്കായതുകൊണ്ടാണെന്നും ചിന്മയി തുറന്നടിക്കുകയും ചെയ്തിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴും ചിന്മയിയുടെ വാക്കുകൾ ചർച്ചയായി.
 

വൈരമുത്തുവിനെ ഓരോതവണയും ചേർത്തുനിർത്തുകയും അതിജീവിതകളെ തള്ളിപ്പറയുകയും ചെയ്യുന്ന ഓരോ ആളോടും അവർക്ക് തുറന്ന യുദ്ധം പ്രഖ്യാപിക്കേണ്ടിവന്നു. ''എന്നെ ലൈംഗികമായി ഉപദ്രവിച്ചയാളെ തമിഴ്നാട്ടിലെ ശക്തരായ പുരുഷൻമാർ ഉയർത്തിക്കാട്ടുന്നു. വിലക്കിനെത്തുടർന്ന് കരിയറിലെ ഏറെ വർഷങ്ങളാണ് എനിക്കു നഷ്ടമായത്. ലൈംഗികക്കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മുഴുവൻ പരിസ്ഥിതിയും ഈനിമിഷംമുതൽ നശിച്ചുതുടങ്ങട്ടെ. എന്റെ ആഗ്രഹം സഫലമാകുന്നതുവരെ ഞാൻ പ്രാർഥിക്കും. എന്തായാലും എനിക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല.''

വൈരമുത്തുവിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മഹാകവിതൈ'യുടെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നടൻ കമൽഹാസൻ എന്നിവർക്കെതിരേ എക്‌സിൽ ചിന്മയി കുറിച്ചത് ഇങ്ങനെയാണ്.

''വൈരമുത്തുവിന് പുരസ്‌കാരം നൽകിയതു കണ്ട്, അന്തരിച്ച ശ്രീ ഒ.എൻ.വി. കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും...'' ട്വിറ്ററിലെ ആ ഒറ്റവരിക്കുറിപ്പും ചിന്മയിയുടെ ആരാധകർ ഏറ്റെടുത്തിരുന്നു. 2021-ലെ ഒ.എൻ.വി. സാഹിത്യപുരസ്‌കാരത്തിന് വൈരമുത്തു അർഹനായതിനു പിന്നാലെയായിരുന്നു ഈ തുറന്നടിക്കൽ.

2023-ൽ എ.ആർ. റഹ്മാൻ ഷോയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ട പെൺകുട്ടികൾക്ക് പിന്തുണയുമായി ചിന്മയി രംഗത്തെത്തിയതും ചർച്ചയായിരുന്നു. മുഖം നോക്കാതെ അനീതിക്കെതിരേ തുറന്നടിക്കാനുള്ള ധൈര്യം ആ പോസ്റ്റിലും പ്രകടമായി. ''പെൺകുട്ടികളേ, ഇത് നിങ്ങളുടെ തെറ്റല്ല. നാണക്കേടും വിചാരിക്കേണ്ട. പക്ഷേ, ഇത് കഴുകിക്കളയാൻ പറ്റാത്ത ആഘാതമാണെന്ന് എനിക്കറിയാം. നിങ്ങൾ ഇതർഹിക്കുന്നില്ല. നിങ്ങൾ വിനോദമാണ് അർഹിക്കുന്നത്. സംഗീതവും സന്തോഷവുമാണ് അർഹിക്കുന്നത്. എല്ലാവരും ഒരുമിച്ച് പാടുകയും ആർപ്പുവിളിക്കുകയും ആവേശംകൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന ആനന്ദമാണ് നിങ്ങൾ അർഹിക്കുന്നത്. നാം ആരാധിക്കുന്ന സംഗീതജ്ഞനൊപ്പം, മനോഹരമായ സംഗീതവുമായി ബന്ധപ്പെട്ട് ഹൃദ്യമായ പുതിയ ഓർമ്മ സൃഷ്ടിക്കുകയും സ്‌നേഹത്തോടെ അത് പങ്കുവയ്ക്കുകയും അതിനെക്കുറിച്ചു ചിന്തിക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്. നിങ്ങൾക്കെതിരേ ലൈംഗികാതിക്രമം ഉണ്ടാകാൻ പാടില്ലായിരുന്നു. പക്ഷേ, അങ്ങനെയൊരു ദുരനുഭവം ഉണ്ടായി. ഇനി ഇത്തരമൊരനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ,'' ചിന്മയി കുറിച്ചു.

വൈരമുത്തുവിനെതിരേ നടപടിയെടുക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോടാവശ്യപ്പെട്ട് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ''ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ഇന്ത്യയിൽ ഓരോ പോക്‌സോ കേസ് വരുമ്പോഴും പീഡകരെ നിങ്ങൾ പിന്തുണയ്ക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. പല മേഖലകളിലും സ്ത്രീസുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ല, പ്രത്യേകിച്ച് സിനിമാമേഖലയിൽ. പതിനേഴിലധികം സ്ത്രീകൾ വൈരമുത്തുവിനെതിരേ പീഡനപരാതി ഉന്നയിച്ചിട്ടും അയാൾക്കെതിരേ നടപടിയെടുക്കാത്തത് അയാൾ താങ്കളുടെ പാർട്ടിയുമായും പ്രവർത്തകരുമായും അടുത്ത ബന്ധം പുലർത്തുന്നതുകൊണ്ടുതന്നെയാണ്.

തനിക്കെതിരേ സംസാരിക്കുന്ന സ്ത്രീകളെ നിശ്ശബ്ദരാക്കാൻ വൈരമുത്തു ശ്രമിക്കുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളുമുള്ള സ്ത്രീകളുടെ ജീവിതം നശിപ്പിക്കുകയാണയാൾ. ഇതൊക്കെ നിങ്ങളുടെ മൂക്കിനുതാഴേ നടക്കുന്ന കാര്യങ്ങളാണ്. എന്നിട്ടും നിങ്ങളുടെ പാർട്ടി അതിനു കൂട്ടുനിൽക്കുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. അല്ലാതെ വൈരമുത്തുവിനും ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനും മാത്രമായി പ്രത്യേക നിയമസംവിധാനങ്ങളൊന്നും ഏർപ്പെടുത്തരുത്. കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ സിനിമാമേഖലയിൽ വിലക്ക് നേരിടുകയാണ്. എനിക്ക് ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാൽ ഈ രാജ്യത്തുനിന്നു നീതി ലഭിക്കാൻ ഇനിയും 20 വർഷംകൂടി എടുത്തേക്കാം. പക്ഷേ, കാലമെത്ര കഴിഞ്ഞാലും പോരാടാനുള്ള ശക്തി എനിക്കുണ്ട്. ഞാൻ നിശ്ശബ്ദയാകില്ല,'' ചിന്മയി കുറിച്ചു.

നിശ്ശബ്ദയാകില്ല
മണിരത്‌നം മൂവി 'തഗ് ലൈഫി'ലൂടെ എ.ആർ. റഹ്മാനും ചിന്മയിയും വീണ്ടും ഒന്നിച്ചു. എന്നാൽ, അവിടെയും തമിഴിൽ പാടാൻ അവർക്ക് കഴിഞ്ഞില്ല. മുത്തമഴൈ എന്ന ഗാനത്തിന്റെ തെലുഗു, ഹിന്ദി വേർഷനുകളാണ് ചിന്മയി പാടിയത്. തമിഴ് പാടിയത് ധീയും. തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചിത്രത്തിലെ മുത്തമഴൈ എന്ന ഗാനത്തിന്റെ തമിഴ് വേർഷൻ ചിന്മയി ആലപിച്ചിരുന്നു. തമിഴ് പതിപ്പിൽ ധീ പാടിയ ഗാനം ധീയുടെ അഭാവത്തിൽ ചിന്മയി പാടുകയായിരുന്നു.

ഇക്കാലയളവിലൊന്നും കിട്ടാതിരുന്ന പിന്തുണയാണ് ഓഡിയോ ലോഞ്ചിലെ ഒറ്റഗാനംകൊണ്ട് ചിന്മയിക്കു ലഭിച്ചത്. വിലക്ക് ചിന്മയിയുടെ നഷ്ടമല്ലെന്നും മറിച്ച് തമിഴ്‌സിനിമയുടെ നഷ്ടമാണെന്നുമായിരുന്നു ആരാധകരുടെ അഭിപ്രായം. ചിന്മയി എന്ന പേര് നിങ്ങൾക്ക് റദ്ദുചെയ്യാമായിരിക്കും. പക്ഷേ, ആ ശബ്ദത്തെ അടക്കിനിർത്താൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞു. ഏഴ് വർഷത്തിനുശേഷം ചിന്മയിയുടെ ശബ്ദം വീണ്ടും തമിഴിൽ മുഴങ്ങി. അതേ, ഇനിയും തുടരുകയാണ് ചിന്മയിയുടെ പോരാട്ടത്തിന്റെ വഴികൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi