ബോളിവുഡില്‍ ഒരു പുതിയ ലൈംഗികാരോപണം കൂടി പുകയുകയാണ്. ആരോപിതന്‍ പ്രശസ്ത സംവിധായകനും ഫറാ ഖാന്റെ സഹോദരനുമായ സാജിദ് ഖാന്‍. ആരോപണം ഉന്നയിച്ചത് ടെലിവിഷന്‍ താരവും മോഡലുമായ നവീന ബോലേ. ഗുരുതരമായ ആരോപണമാണ് നവീന ഉയര്‍ത്തിയിരിക്കുന്നത്. 

2018 മി ടൂ തരംഗത്തില്‍ 9 സ്ത്രീകള്‍ സാജിദ് ഖാനെതിരെ ആരോപണമുയര്‍ത്തിയിരുന്നു. ഷെര്‍ലിന്‍ ചോപ്ര,സലോമി ചോപ്ര, ആഹാന കുമാര, മന്ദന കരീമി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ അക്കൂട്ടത്തില്‍ പെടും. ഒരിടവേളയ്ക്ക് ശേഷം സാജിദ് വീണ്ടും ആരോപണം നേരിടുകയാണ്. 

placeholder
നവീന ബോലേ/Instagram

2006-2007 കാലത്ത് നടന്ന സംഭവമാണ് നവീന ഓര്‍ത്തെടുത്തത്തത്. ശുഭോജിത് ഘോഷുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജീവിതത്തില്‍ ഇനിയൊരിക്കലൂം കാണാന്‍ താത്പര്യമില്ലാത്തയാള്‍ എന്ന് സാജിദ് ഖാനെ വിശേഷിപ്പിച്ചുകൊണ്ടാണ് അവര്‍ പറഞ്ഞുതുടങ്ങിയത്.

ഒരു റോള്‍ തരാം ഒഡിഷനുണ്ടെന്ന് പറഞ്ഞ് സാജിദ് നവീനയെ വീട്ടിലേക്ക് വിളിച്ചിരുന്നു. ''വലിയ സന്തോഷത്തോടെയാണ് ഞാന്‍ ചെന്നത്. എന്നോട് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം വസ്ത്രങ്ങള്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് ഇരിക്കാനാണ്‌ പറഞ്ഞത്. എത്രത്തോളം കംഫര്‍ട്ടബിള്‍ ആണെന്ന് അദ്ദേഹത്തിന് നോക്കണംപോലും.'' സ്റ്റേജില്‍ ബിക്കിനി ധരിച്ചയാളല്ലേ ഇതിനെന്താ പ്രശ്‌നം എന്നായിരുന്നു സാജിദിന്റെ ചോദ്യമെന്നും നവീന ഓര്‍ത്തെടുത്തു.

''എങ്ങനെയൊക്കെയോ ആണ് അവിടെ നിന്നിറങ്ങിയത്. എന്നെ അയാള്‍ പിന്നെയൊരു അന്‍പത് വട്ടമെങ്കിലും ഫോണ്‍ ചെയ്തിട്ടുണ്ടാകും. എന്താ വരാത്തത് എവിടെയെത്തി എന്നൊക്കെ അയാള്‍ക്ക് അറിയണമായിരുന്നു.''

placeholder
സാജിദ് ഖാൻ സഹോദരി ഫറാ ഖാനൊപ്പം
/AFP

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും റോള്‍ വാഗ്ദാനം ചെയ്ത് സാജിദ് വിളിച്ചതും നവീന ഓര്‍ക്കുന്നു. ''ഒരുപാട് സ്ത്രീകളെ ഇത്തരത്തില്‍ വിളിച്ച് ശല്യം ചെയ്യുന്നത് കൊണ്ടാകാം കഴിഞ്ഞ വര്‍ഷം എന്നെ വിളിച്ചതും ചൂഷണം ചെയ്യാന്‍ ശ്രമിച്ചതും അയാള്‍ മറന്നുപോയിക്കാണും.''

നവീനയുടെ ആരോപണത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ പേര് മുന്നോട്ടുവന്നേക്കാം. ഇത്രയും സ്ത്രീകള്‍ പൊതുമധ്യത്തില്‍ പരാതി ഉന്നയിച്ചിട്ടും സാജിദ് സ്വതന്ത്രനായി ജീവിക്കുന്നതെങ്ങനെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയരുന്നത്. ബോളിവുഡിലെ പ്രമുഖരാരും ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.