സംരംഭകയും അപ്പോളോ ഫൗണ്ടേഷന്റെ വൈസ് ചെയർപേഴ്‌സണും നടൻ രാംചരണിന്റെ ഭാര്യയുമാണ് ഉപാസന കമിനേനി കൊനിഡേല. ഈയിടെ വിശാഖപട്ടണത്ത് നടന്ന 'സിഐഐ പാർട്ണർഷിപ്പ് സമ്മിറ്റ് 2026'-ൽ ഉപാസനയും പങ്കെടുത്തിരുന്നു. ആന്ധ്രാപ്രദേശ് മന്ത്രി നാര ലോകേഷുമായുള്ള സംഭാഷണത്തിനിടെ, ഇന്ത്യൻ കുടുംബങ്ങളിലെ ലിംഗപരമായ വ്യത്യാസങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഉപാസന ചോദ്യങ്ങളുന്നയിച്ചു. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ കാര്യങ്ങൾ ചെയ്യുമ്പോൾ പിതാക്കന്മാരെ പലപ്പോഴും അമിതമായി പ്രശംസിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉപാസന, താനും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.

To advertise here,

വീട്ടുജോലികളും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടേണ്ടതാണെന്ന കാര്യം കുട്ടിക്കാലം മുതലേ പഠിപ്പിക്കണമെന്ന് ലോകേഷ് അഭിപ്രായപ്പെട്ടപ്പോൾ, ഉപാസന അതിനോട് യോജിച്ചുകൊണ്ട് പറഞ്ഞു, ''ഒരു പിതാവ് കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴോ ഡയപ്പർ മാറ്റിക്കൊടുക്കുമ്പോഴോ, 'എത്ര നല്ല കാര്യം! നിങ്ങൾ വളരെ നല്ലൊരു അച്ഛനാണ്' എന്ന് പറഞ്ഞ് എല്ലാവരും കൈയടിക്കുന്നു. എന്നാൽ ഒരു അമ്മ ഇതേ കാര്യങ്ങൾ ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് ആരും അമ്മയ്ക്കുവേണ്ടി കൈയടിക്കാത്തത്? വീട്ടിലെ ഈ മനോഭാവം മാറാതെ, തൊഴിലിടങ്ങളിലോ മറ്റിടങ്ങളിലോ മാറ്റം വരികയില്ല. ഇതിലാണ് നമ്മൾ യഥാർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാകണം, ആളുകളുടെ ചിന്താഗതിയിലും മനോഭാവത്തിലും മാറ്റം വരണം. പിതാവ് മറ്റാർക്കോ ഒരു ഉപകാരം ചെയ്യുകയല്ല, മറിച്ച് അദ്ദേഹം തന്റെ കുട്ടിയെ വളർത്തുകയാണ്. രക്ഷാകർതൃത്വം നിർവഹിക്കുകയാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് എനിക്ക് തോന്നുന്നു''.

ലിംഗസമത്വം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും, അതോടൊപ്പം വീടുകളിലും ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ''നമ്മുടെ ചിന്താഗതിയിലും വിദ്യാഭ്യാസരീതിയിലും ഈ മാറ്റം കൊണ്ടുവരികയും, കുട്ടികളെ അത്തരത്തിൽ വളർത്തണം. അതുപോലെ ആൺമക്കൾ മികച്ച കാര്യങ്ങൾ ചെയ്യുമ്പോൾ അമ്മമാർ അതിനെ അമിതമായി ആഘോഷിക്കാതിരിക്കുകയും ചെയ്യണം. അങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ വ്യവസ്ഥിതിയാകെ പുരോഗമിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരു ഭാര്യ എന്ന നിലയിൽ ഞാനും ചിലപ്പോഴൊക്കെ അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹം കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് കാണുമ്പോൾ എനിക്ക് അതൊരു വലിയ കാര്യമായി, വളരെ മനോഹരമായ ഒന്നായി തോന്നാറുണ്ട്. എന്നാൽ, ഇതൊരു സാധാരണ കാര്യമാണെന്നും മാതാപിതാക്കൾ ചെയ്യേണ്ട സ്വാഭാവികമായ കാര്യമാണെന്നും ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്'', ഉപാസന പറയുന്നു.

2012-ലാണ് അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് സ്ഥാപകനായ പ്രതാപ് സി.റെഡ്ഡിയുടെ പേരക്കുട്ടി കൂടിയായ ഉപാസനയും രാംചരണും വിവാഹിതരാവുന്നത്. കോളേജ് കാലത്തെ പ്രണയമാണ് വിവാഹത്തിലേക്കെത്തിയത്. 2023-ലാണ് ദമ്പതിമാർക്ക് ആദ്യത്തെ കുഞ്ഞായ ക്ലിൻ കാര ജനിക്കുന്നത്. 2026 ജനുവരിയിൽ ഉപാസന ഇരട്ടക്കുട്ടികൾക്ക് ജൻമം നൽകി. ശിവ്‌റാം, അൻവീര ദേവി എന്നാണ് കുട്ടികളുടെ പേര്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi