
പ്രതീകാത്മകചിത്രം (AI generated)
സ്വര്‍ണ വില ഇങ്ങനെ കൂടുന്നതുകണ്ട് മൂക്കത്ത് വിരല്‍ വെച്ച് നിന്നവരോടെല്ലാം പിഗ്ഗി ബാങ്ക് കോളം ഒരു വര്‍ഷം മുമ്പേ പറഞ്ഞതാണ് അല്‍പ്പം നിക്ഷേപം വെള്ളിയിലും നടത്തിയേക്ക്. ഇനി വരാനുള്ളത് വെള്ളിയുടെ കാലമാണെന്ന്. വളരെ നിരാശയോടെ വായനക്കാരില്‍ ചിലര്‍ പിഗ്ഗി ബാങ്കിന്റെ അന്നത്തെ കോളത്തിന്റെ ലിങ്ക് എനിക്ക് അയച്ചുതന്നപ്പോള്‍ ഞാനൊന്നു അമ്പരന്നു. പറഞ്ഞതുപോലെ സ്വര്‍ണത്തേക്കാള്‍ വെള്ളിക്ക് വില വര്‍ധിച്ചതാണല്ലോ പിന്നെ എന്താണ് ഇത്തരം നിരാശ മെസേജിന് കാരണം എന്ന്. മെസേജ് വിശദമായി വായിച്ചപ്പോഴാണ് അവരില്‍ പലര്‍ക്കും വെള്ളിയിലെ നിക്ഷേപ അവസരം നഷ്ടമായതാണ് ഈ കടുത്ത നിരാശയ്ക്ക് കാരണം എന്ന് മനസിലായത്. എന്നാല്‍ കഴിഞ്ഞ തവണത്തെ അവസരം നഷ്ടപ്പെട്ടവര്‍ വിഷമിക്കേണ്ട. വെള്ളിയുടെ പ്രതാപമൊന്നും ഉടനെ അസ്തമിക്കാന്‍ പോകുന്നില്ല. എവിടെയും പോകാതെ മൊബൈല്‍ ഫോണുപയോഗിച്ച് വെള്ളിയില്‍ നിക്ഷേപിക്കാന്‍ നിരവധി അവസരങ്ങളുണ്ട്.
1. വെള്ളി ലോഹ രൂപത്തില്‍ എങ്ങനെ വാങ്ങാം
എല്ലാവര്‍ക്കും അറിയുന്നതുപോലെ എല്ലാ ജുവല്ലറികളിലും നിന്ന് വെള്ളി ആഭരണങ്ങള്‍ വാങ്ങാം. അതുപോലെ വെള്ളി നാണയങ്ങളും വാങ്ങാം. ഇത് സില്‍വര്‍ റിഫൈനറികളുടെ വൈബ്‌സൈറ്റ് വഴിയും ജുവലേഴ്‌സ് വഴിയും വാങ്ങാം. മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ബുള്ളിയന്‍ ബ്രാന്‍ഡായ PAMP SA യും ചേര്‍ന്ന സംയുക്ത സംരംഭമായ MMTC-PAMP എന്ന വെബ്‌സൈറ്റില്‍ നിന്ന് ഒരു ഗ്രാം, അഞ്ച് ഗ്രാം , 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം അളവില്‍ നിങ്ങളുടെ ആവശ്യാനുസരണം ഓണ്‍ലൈനായി വെള്ളി വാങ്ങാം. ഈ ലേഖനം തയ്യാറാക്കുമ്പോള്‍ ഒരു ഗ്രാം വെള്ളിക്ക് 197 രൂപയാണ് ആണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 142.60 രൂപയായിരുന്നു വില. CoinBazaar, eBullion, Amazon തുടങ്ങിയവ വഴിയും വാങ്ങാം.
വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് വാങ്ങാവുന്നതാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മേല്‍ വെള്ളി വാങ്ങുമ്പോള്‍ പാന്‍ നമ്പരും ആധാറും കെ.വൈ.സിയും ആവശ്യമായി വന്നേക്കാം. വെള്ളി വാങ്ങുമ്പോള്‍ ഇന്‍വോയ്‌സും പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റും വാങ്ങി സൂക്ഷിച്ചുവയ്ക്കണം. വാങ്ങുന്നിടത്ത് തന്നെ ബൈബാക്ക് ഉണ്ടോ എന്ന് മനസിലാക്കുക. അതുപോലെ ബിഐസ് ഹോള്‍മാര്‍ക്കും ഉണ്ടെന്ന് ഉറപ്പാക്കണം. ഇവ വില്‍ക്കാന്‍ ഇത്തരം സൈറ്റുകളെയും ജുവല്ലറികളെയും ആശ്രയിക്കാം.
2.സില്‍വര്‍ ഇടിഎഫ്
കടലാസ് വെള്ളിയാണ് ഇത്. വാങ്ങുന്ന വെള്ളി നിങ്ങളുടെ കയ്യില്‍ ലോഹ രൂപത്തില്‍ കിട്ടില്ല. പക്ഷേ അതിന്റെ രേഖ നിങ്ങള്‍ക്ക് കിട്ടും. ലോഹരൂപത്തില്‍ കയ്യിലുള്ളതിന് തുല്യമാണിതും. വെള്ളിയില്‍ നിക്ഷേപിക്കാനുള്ള ഏറ്റവും ലളിതവും സുരക്ഷിതവുമായ വഴിയാണിത്. ഇത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി അനായാസം വിറ്റഴിക്കാവുന്നതേയുള്ളൂ. പ്രധാനപ്പെട്ട സില്‍വര്‍ ഇടിഎഫ് ഇനി പറയുന്നവയാണ്.
- Nippon India Silver ETF (SILVERBEES)
- HDFC Silver ETF
- ICICI Prudential Silver ETF
- SBI Silver ETF
- Kotak Silver ETF
- UTI Silver ETF
- Mirae Asset Silver ETF
സില്‍വര്‍ ഇടിഎഫില്‍ നിക്ഷേപിക്കാന്‍ ഡീമാറ്റ് അക്കൗണ്ടും വില്‍ക്കാന്‍ ട്രേഡിങ് അക്കൗണ്ടും വേണം. ഒരു ഓഹരി ബ്രോക്കിങ് സ്ഥാപനവുമായി ബന്ധപ്പെട്ടോ വിശ്വസ്തമായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയോ ഡീമാറ്റ് അക്കൗണ്ട് എടുക്കാം. ഒരു ഗ്രാം വെള്ളിക്ക് തുല്യമായ ഒരു യൂണിറ്റ് മുതല്‍ സില്‍വര്‍ ഇടിഎഫ് വാങ്ങാം. പ്രതിമാസം 500 രൂപവീതം എസ്‌ഐപിയായും ഇതില്‍ നിക്ഷേപം ആരംഭിക്കാം.
3.ഡിജിറ്റല്‍ സില്‍വര്‍
വെള്ളി ഓണ്‍ലൈനായി വാങ്ങി അവിടെത്തന്നെ സൂക്ഷിക്കുന്നതാണ് ഡിജിറ്റല്‍ സില്‍വര്‍. MMTC-PAMP, Amazon Pay, Paytm, PhonePe തുടങ്ങിയവ വഴി ഇത് വാങ്ങാം. നിങ്ങള്‍ വാങ്ങിയ വെള്ളിയുടെ തൂക്കവും പ്യൂരിറ്റിയും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് നിങ്ങള്‍ക്ക് കിട്ടുക. വാങ്ങുന്ന വെള്ളി ലോഹരൂപത്തില്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവര്‍ അയച്ചുതരും. അതിന് പ്രത്യേക ഡെലിവറി ചാര്‍ജ് നല്‍കണം. .
വെളളിയുടെ ഭാവി
സ്വര്‍ണത്തേക്കാളും സ്റ്റോക്ക് മാര്‍ക്കറ്റിനേക്കാളും വെള്ളിയുടെ വിലയില്‍ വളരെ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകാറുള്ളത്. അതായത് വില കുത്തനെ കയറാം അതുപോലെ ഇടിയുകയും ചെയ്യാം.
ഈ വര്‍ഷം വെള്ളി വിലയില്‍ അതിശയകരമായ വളര്‍ച്ചയാണ് ഉണ്ടായത്. ചില ഇടിഎഫുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ ലാഭമാണ് നല്‍കിയത്. പക്ഷേ, ഈ വളര്‍ച്ചയോടൊപ്പം വിലയില്‍ വന്‍ ചാഞ്ചാട്ടവും ഉണ്ടായിരുന്നു എന്നത് മറക്കരുത്.
വെള്ളി ലോഹരൂപത്തില്‍ വാങ്ങി സൂക്ഷിക്കുമ്പോള്‍ വിപണി വിലയ്ക്ക് അനുസരിച്ച് നേട്ടം കിട്ടും. ഇടിഎഫുകളിലും ഡിജിറ്റല്‍ വെള്ളിയിലും ഫീസുകളും മറ്റ് ചാര്‍ജുകളും ഉണ്ടാകും എന്നത് മറക്കരുത്.
അതുകൊണ്ട് മൊത്തം നിക്ഷേപവും വെള്ളിയലാകരുത്. ആകെ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ താഴെ വെള്ളിയില്‍ നിക്ഷേപിച്ചാല്‍ മതി.
പ്രത്യേകം ശ്രദ്ധിക്കുക
- വെള്ളിയുടെ വില അതിവേഗം മാറും. നിക്ഷേപകരുടെയും ആഭരണ പ്രേമികളുടെയും ഡിമാന്‍ഡും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഡിമാന്‍ഡും വര്‍ധിക്കുമ്പോള്‍ വില ഇരട്ടിയാകാനും ഡിമാന്‍ഡ് കുറയുമ്പോള്‍ വില പകുതിയാകാനും സാധ്യതയുണ്ട്. സ്വര്‍ണം പോലെ ആരും കരുതല്‍ ധനമായി വെള്ളിയെ ഉപയോഗിക്കുന്നില്ല.
- വെള്ളി ലോഹം വാങ്ങുമ്പോള്‍ ഹാള്‍മാര്‍ക്ക് ഉറപ്പാക്കുക. ഡിജിറ്റല്‍ സില്‍വര്‍ വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകളില്‍ നിന്ന് മാത്രം വാങ്ങുക.
വെള്ളിയുടെ ഭാവി
സ്വര്‍ണത്തേക്കാള്‍ വ്യാവസായിക ആവശ്യത്തിന് വ്യാപകമായി ഉപയോഗിക്കുന്ന ലോഹമാണ് വെള്ളി. പാനലുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ - എല്ലായിടത്തും വെള്ളി അനിവാര്യ ഘടകമാണ്. ഹരിത സാങ്കേതികവിദ്യ വളരുന്ന സാഹചര്യത്തില്‍ വെള്ളിക്ക് ദീര്‍ഘകാല ആവശ്യകത വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതിനാല്‍ ഭാവിയില്‍ ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വില ഉയരാനാണ് സാധ്യത. മാത്രമല്ല വെള്ളിയുടെ ഘനനം വളരെ സാവാധാനത്തിലാണ് നടക്കുന്നത്. അതിനാല്‍ സപ്ലൈയും താരമ്യേന കുറവാണ്.
സമ്പദ് വ്യവസ്ഥയിലെ പണപ്പെരുപ്പം, പലിശനിരക്ക്, ഡോളര്‍ മൂല്യം തുടങ്ങിയവ വെള്ളിയുടെ വിലയെ സ്വാധീനിക്കുന്നു. പലിശനിരക്ക് താഴ്ന്നാല്‍ വെള്ളിയും സ്വര്‍ണവും സാധാരണ ഉയരും.
വെള്ളി ഇനി ആഭരണത്തിനോ ആചാരത്തിനോ മാത്രം വാങ്ങുന്ന ലോഹമല്ല. ഈയിടെ ഉണ്ടായ വില വര്‍ധന വെള്ളിക്ക് നിക്ഷേപ മൂല്യവും ഉണ്ടെന്ന് തെളിയിച്ചു. പക്ഷേ വിലയില്‍ വലിയ രീതിയല്‍ ചാഞ്ചാട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള നിക്ഷേപമായതിനാല്‍ ചെറിയ അളവില്‍, വിശ്വാസ്യതയുള്ള മാര്‍ഗങ്ങളില്‍, മാത്രം വെള്ളിയിലും നിക്ഷേപിക്കുക.
(ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും അറിയിക്കാം. ഫോണ്‍-9447667716. e-mail- jayakumarkk8@gmail.com)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Published: 01 Nov 2025, 03:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented