ഒരുകാലത്ത് ഓഫീസ് വെയറിനൊപ്പം ആഭരണങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വളരെ ചെറിയ മിനിമൽ ആഭരണങ്ങൾ മതിയെന്നായിരുന്നു അലിഖിത നിയമം. നേർത്ത സ്വർണച്ചെയിൻ, ചെറിയ സ്റ്റഡ്‌സ്, പരമാവധി ഒരു വാച്ച്...ഇത്രയുമായിരുന്നു പലരുടെയും ഓഫീസ് ജ്വല്ലറി. എന്നാൽ കാലം മാറി. ഇന്ന് ജോലി സ്ഥലത്തേക്കുള്ള വസ്ത്രധാരണത്തിലും വ്യക്തിത്വം പ്രകടമാക്കുന്ന ആഭരണങ്ങൾക്കും പ്രത്യേക ഇടമുണ്ട്. ഓഫീസിൽ നിന്ന് നേരെ ഡിന്നറിനോ പാർട്ടിക്കോ പോകുമ്പോഴും ആഭരണങ്ങൾ മാറ്റേണ്ടി വരാത്ത തരത്തിലുള്ള 'ഡെസ്‌ക് ടു ഡിന്നർ' ജ്വല്ലറി വാർഡ്രോബാണ് ഇപ്പോഴത്തെ ട്രെൻഡ്.

ലോക്കറിൽ സൂക്ഷിക്കാനുള്ളതല്ല
കോവിഡ് കാലത്തിനുശേഷം വർക്ക് ഫ്രം ഹോം, ഹൈബ്രിഡ് വർക്ക് സംസ്‌കാരം എന്നിവ വ്യാപകമായതോടെ ഔദ്യോഗിക വസ്ത്രധാരണത്തിന്റെ കർശനമായ ചട്ടങ്ങളും അയഞ്ഞു. ഫോർമൽ വസ്ത്രങ്ങൾക്ക് പകരം എലിവേറ്റഡ് ബേസിക്‌സും കാഷ്വൽ വസ്ത്രങ്ങളും ഓഫീസ് ലുക്കിന്റെ ഭാഗമായതോടെ ആഭരണങ്ങളും കൂടുതൽ സ്വതന്ത്രമായി. സ്വർണവില ഉയർന്നതോടെ ആഭരണങ്ങൾ വാങ്ങുന്നതിലും ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായി. ദിവസേന ഉപയോഗിക്കാവുന്നതും പല വസ്ത്രങ്ങളോടും ചേർന്നുപോകുന്നതുമായ ആഭരണങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം. ഡയമണ്ട് ആഭരണങ്ങൾ പ്രത്യേക അവസരങ്ങൾക്ക് മാത്രമുള്ളതാണെന്ന ധാരണയും മാറുകയാണ്. ബ്രേസ്ലെറ്റുകളും റിങ്ങുകളും ചെറിയ ഡയമണ്ട് ആഭരണങ്ങളും ഓഫീസിലെ ദൈനംദിന ലുക്കിന്റെ ഭാഗമായിക്കഴിഞ്ഞു.

വിവാഹങ്ങൾക്കും ആഘോഷങ്ങൾക്കും മാത്രമായി മാറ്റിവച്ചിരുന്ന ആഭരണങ്ങൾ ഇന്ന് ഓവർസൈസ്ഡ് ഷർട്ടുകൾ, ടെയ്‌ലേർഡ് ട്രൗസറുകൾ, സാരികൾ, കുർത്തകൾ തുടങ്ങി വിവിധ വസ്ത്രങ്ങളോടൊപ്പം പരീക്ഷിക്കാറുണ്ട്. ഫൈൻ, ഡെമി-ഫൈൻ ജ്വല്ലറി വിഭാഗങ്ങളുടെ വളർച്ചയും ഈ മാറ്റത്തിന് വേഗം കൂട്ടി. ദിവസേന ധരിക്കാനും ലെയർ ചെയ്യാനും മിക്‌സ് ചെയ്യാനും കഴിയുന്ന ആഭരണങ്ങളാണ് ഇപ്പോൾ പലരും തേടുന്നത്.

സ്വർണത്തിലും മാറുന്ന കാഴ്ചപ്പാട്
22 കാരറ്റ് സ്വർണാഭരണങ്ങൾക്കു പകരം മോഡേൺ ഡിസൈനിലുള്ള, ദിവസേന ഉപയോഗിക്കാവുന്ന 14, 18 കാരറ്റ് സ്വർണാഭരണങ്ങൾക്കാണ് സ്വീകാര്യത കൂടുതൽ. ആഘോഷദിവസങ്ങളിൽ മാത്രം അണിയുന്ന ആഭരണങ്ങൾ വാങ്ങുന്നതിനുപകരം, സ്ഥിരമായി ഉപയോഗിക്കാവുന്ന ആഭരണങ്ങളോടാണ് ഇപ്പോൾ ആളുകൾക്ക് കൂടുതൽ താത്പര്യം. ഒരേ ആഭരണം പല രീതിയിൽ ഉപയോഗിക്കാവുന്ന മോഡുലാർ ജ്വല്ലറിയും ശ്രദ്ധ നേടുന്നുണ്ട്. മാറ്റിവയ്ക്കാവുന്ന പെൻഡന്റുകളുള്ള ചെയിനുകൾ, സ്റ്റാക്ക് ചെയ്യാവുന്ന റിങ്ങുകൾ, മാറ്റിമറിച്ച് ഉപയോഗിക്കാവുന്ന ഇയർറിങ്ങുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നതിനു പകരം കുറച്ച് ആഭരണങ്ങൾ തന്നെ പല രീതിയിൽ സ്‌റ്റൈൽ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. 

 

കണ്ടാൽ കുഞ്ഞൻ, സ്റ്റൈലിൽ വമ്പൻ
ഭാരമേറിയ സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളിൽ നിന്ന് ലെയറിങ്ങിലേക്കാണ് ട്രെൻഡ് മാറുന്നത്. നേർത്ത ചെയിനുകൾക്കൊപ്പം ടെന്നിസ് നെക്ലേസുകൾ, സ്ലിം ഗോൾഡ് വളകൾക്കൊപ്പം വാച്ച്, ചെറിയ റിങ്ങുകൾ ഒന്നിനു മുകളിൽ മറ്റൊന്ന് എന്നിങ്ങനെ ലെയർ ചെയ്യുന്നത് ദൈനംദിന ലുക്കിനെ കൂടുതൽ സ്‌റ്റൈലിഷാക്കും.

ഓഫീസിൽനിന്ന് പുറത്ത് ഡിന്നർ പാർട്ടികളിൽ പോകുമ്പോൾ ലുക്ക് മാറ്റാൻ ആഭരണങ്ങൾ പൂർണമായി മാറ്റേണ്ടതില്ല. ഓഫീസിൽ ധരിച്ച നേർത്ത ഗോൾഡ് ചെയിനിനൊപ്പം വൈകുന്നേരം ഒരു പെൻഡന്റ് കൂടി ചേർത്താൽ മതി. റിങ്ങുകൾ കൂട്ടിച്ചേർക്കുകയോ ഗോൾഡിനൊപ്പം മറ്റൊരു മെറ്റൽ പരീക്ഷിക്കുകയോ ചെയ്താലും ലുക്കിൽ വലിയ മാറ്റമുണ്ടാകും. അതുപോലെ, ക്ലാസിക് ഡയമണ്ട് സ്റ്റഡ്‌സിനൊപ്പം ഇയർ കഫ് അല്ലെങ്കിൽ സെക്കൻഡ് പിയേഴ്‌സിങ് ചേർക്കുന്നതും ഇപ്പോൾ സാധാരണമാണ്. ചെറിയ മാറ്റങ്ങളിലൂടെ ഒരേ ആഭരണത്തെ വ്യത്യസ്ത അവസരങ്ങൾക്ക് അനുയോജ്യമാക്കാം.

സ്‌റ്റൈലിസ്റ്റുമാരുടെ അഭിപ്രായത്തിൽ വ്യക്തിത്വത്തിനനുസരിച്ചുവേണം ആഭരണങ്ങൾ തിരഞ്ഞെടുക്കേണ്ടത്. വ്യത്യസ്ത മെറ്റലുകൾ ഒരുമിച്ച് ധരിക്കുക, ചെയിനുകൾ ലെയർ ചെയ്യുക, പഴയ ആഭരണത്തിനൊപ്പം പുതിയൊരു കഷണം ചേർക്കുക തുടങ്ങിയ വ്യക്തിഗത സ്‌റ്റൈലിങ്ങിന് ഏറെ പ്രാധാന്യമുണ്ട്.

പുതിയ ട്രെൻഡ്
ഡെയിലി വെയർ ആഭരണങ്ങളിൽ മൃദുവായ ജ്യോമെട്രിക്കൽ രൂപങ്ങൾക്കും ബെൻഡിങ് സില്ല്യുേറ്റുകൾക്കും(Bending silhouette jewellery) കൊത്തുപണിസമാനമായ ഡിസൈനുകൾക്കും(Sculptural Jewellery) കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമിതമായി ശ്രദ്ധ നേടാതെ തന്നെ സ്റ്റേറ്റ്‌മെന്റ് ലുക്ക് നൽകുന്ന ആഭരണങ്ങളാവും മുൻനിരയിലുണ്ടാവുക.

പരമ്പരാഗത സഫയർ, എമറാൾഡ് തുടങ്ങിയ രത്‌നങ്ങൾക്കൊപ്പം അക്വാമറൈൻ, മോർഗനൈറ്റ്, ടൂർമലിൻ തുടങ്ങിയ നിറങ്ങളിലുള്ള കല്ലുകളും ശ്രദ്ധ നേടാം. മിക്‌സഡ് മെറ്റലുകളും 90-കളിൽ പ്രചാരം നേടിയ ബോൾഡ് സിൽവർ ആഭരണങ്ങളും തിരിച്ചുവരുന്നുണ്ട്. ഓരോ അവസരത്തിനായി മാത്രം ലോക്കറിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾക്ക് ഇനി ജ്വല്ലറി വാർഡ്രോബിൽ കുറച്ച് സ്ഥലം മതിയാകും. ദിവസവും ധരിക്കാനും പല രീതിയിൽ സ്‌റ്റൈൽ ചെയ്യാനും കഴിയുന്ന, വ്യക്തിത്വത്തോടൊപ്പം ചേർന്നുനിൽക്കുന്ന ആഭരണങ്ങളാവും ഇനി  വാർഡ്രോബിൽ ഇടംപിടിക്കുക. 
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi