സെല്‍ഫിയെടുക്കാനെത്തിയ ആരാധികയെ ചുംബിച്ചതിനു പിന്നാലെ ഗായകന്‍ ഉദിത് നാരായണ്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. ആരാധകരുടെ അമിതമായ ആവേശമാണ് ഇങ്ങനെയുണ്ടാവാന്‍ കാരണമെന്നും ഗായകര്‍ മാന്യത പുലര്‍ത്തുന്നവരാണെന്നും പറഞ്ഞാണ് വിവാദങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. 

എന്നാല്‍ ഇതിനു പിന്നാലെ ഉദിത് നാരായണ്‍ പ്രമുഖവ്യക്തികളെ അവരുടെ അനുമതിയില്ലാതെ ചുംബിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗായകരായ ശ്രേയ ഘോഷാല്‍, അല്‍ക്ക യാഗ്നിക്, നടി കരീഷ്മ കപൂര്‍ തുടങ്ങിയവരെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപ്രതീക്ഷിതമായി ഉദിത് ചുംബിച്ചത് അവരിലെല്ലാം ഞെട്ടലും അസ്വസ്ഥതയുമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഇതോടെ ഉദിത് നാരായണിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നു. 

placeholder
അഭിജീത് ഭട്ടാചാര്യ

ഇതിനിടെ, അദ്ദേഹത്തെ പ്രതിരോധിക്കാനെത്തിയിരിക്കുകയാണ് ഗായകനായ അഭിജീത് ഭട്ടാചാര്യ. തനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

'ഉദിത് നാരായണ്‍ സൂപ്പര്‍സ്റ്റാര്‍ പാട്ടുകാരനാണ്. ഞങ്ങളെപ്പോലെയുള്ള പാട്ടുകാര്‍ക്ക് ഇതുപോലെയുള്ള സംഭവങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കും. നമുക്ക് വേണ്ടവിധത്തില്‍ സംരക്ഷണം ലഭിച്ചില്ലെങ്കിലോ ബൗണ്‍സര്‍മാരാല്‍ ചുറ്റപ്പെട്ടില്ലെങ്കിലോ ആളുകള്‍ വസ്ത്രം വലിച്ചുകീറും. എനിക്കും മുമ്പ് അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ താരതമ്യേന പുതിയതായിരുന്ന സമയത്ത് ദക്ഷിണാഫ്രിക്കയില്‍ ഒരു സംഗീതപരിപാടിക്കു പോയിരുന്നു ഞാന്‍. മൂന്നാല് പെണ്‍കുട്ടികള്‍ വന്ന് എന്റെ കവിളില്‍ ബലമായി ഉമ്മവെച്ചു, എനിക്ക് വീണ്ടും സ്റ്റേജില്‍ പോവാന്‍ പോലും പറ്റിയില്ല, എന്റെ കവിളില്‍ ലിപ്സ്റ്റിക് മാര്‍ക്കുകളുണ്ടായിരുന്നു. ലതാ മങ്കേഷ്‌കറിന്റെ മുമ്പില്‍ വെച്ചാണ് എല്ലാം നടന്നത്.'-അദ്ദേഹം പറഞ്ഞു. 

ഇവിടെ ഉദിത് നാരായണിന്റെ പുറകെയാണ് പെണ്‍കുട്ടികളെന്നും അദ്ദേഹമൊരു ഖിലാഡിയാണെന്നും അഭിജീത് പറയുന്നു. 'അദ്ദേഹം ആരെയും വലിച്ചടുപ്പിച്ചിട്ടില്ല. ഉദിത് പാടാന്‍ പോകുമ്പോഴെല്ലാം ഭാര്യ സഹഗായികയായി ഒപ്പം പോവാറുണ്ട്. സ്വന്തം വിജയം ആസ്വദിക്കാന്‍ അദ്ദേഹത്തെ അനുവദിക്കൂ. ഉദിത് ഒരു റൊമാന്റിക് പാട്ടുകാരനാണ്'- അഭിജീത് പറഞ്ഞു. 

ലൈവ് വേദികളില്‍ മാത്രമാണ് ആരാധകര്‍ക്ക് തങ്ങളെ അടുത്തു കാണാന്‍ അവസരമുള്ളതെന്നും ആരാധനയുടെ ഉന്മാദാവസ്ഥയില്‍ ചിലര്‍ സ്പര്‍ശിക്കാനാഗ്രഹിക്കുമെന്നും ഇതൊന്നും വലിയ വിഷയമാക്കേണ്ടതില്ലെന്നും ഉദിത് പറഞ്ഞിരുന്നു.