ഊർജ്ജസ്വലമായ പ്രകടനങ്ങളും നൃത്തച്ചുവടുകളും സാധാരണക്കാരെ ആകർഷിക്കാനുള്ള കഴിവുമാണ് വിജയ്‌യെ സൂപ്പർതാരമാക്കി മാറ്റിയത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, ഗില്ലി, തുപ്പാക്കി, മെർസൽ, മാസ്റ്റർ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങൾ വിജയ് സമ്മാനിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവുമധികം അറിയപ്പെടുന്ന താരത്തിന്റെ രാഷ്ട്രീയപ്രവേശനവും (tamilnadu politics) നമ്മൾ കണ്ടു.

To advertise here,

സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. പ്രശസ്ത ചലച്ചിത്ര സംവിധായകൻ എസ്.എ. ചന്ദ്രശേഖറിൻ്റെ മകനായിരുന്നിട്ടും, മത്സരം നിറഞ്ഞ ചലച്ചിത്ര ലോകത്ത് സ്വന്തമായ ഒരിടം കണ്ടെത്താൻ വിജയ് കാര്യമായ വെല്ലുവിളികൾ നേരിട്ടിരുന്നു. വിജയം ഒറ്റരാത്രികൊണ്ട് സംഭവിച്ചില്ല, അദ്ദേഹത്തിൻ്റെ കരിയറിൻ്റെ ആദ്യകാലം കഠിനാധ്വാനത്തിന്റേതു തന്നെയായിരുന്നു.

വിജയ്‌യുടെ അഭിനയഭാവിയിലും കഴിവിലും അന്നത്തെ സംവിധായകർക്ക് സംശയങ്ങളുണ്ടായിരുന്നു. അതിനാൽ വിജയ്ക്കൊപ്പം പ്രവർത്തിക്കാൻ പലരും മടിച്ചു. ഈ സ്ഥിതി പരിഹരിക്കാൻ വിജയ്‌യുടെ അച്ഛൻ തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. ചന്ദ്രശേഖർ സംവിധായകനായി മാത്രമല്ല, നായകനായി വിജയ്‌യെ അവതരിപ്പിച്ച പല ചിത്രങ്ങളുടെയും നിർമ്മാതാവ് കൂടിയായി. 1993-ൽ പുറത്തിറങ്ങിയ സെന്തൂരപ്പാണ്ഡി അത്തരം ഒരു ചിത്രമാണ്.

സെന്തൂരപ്പാണ്ഡി ചിത്രീകരണ വേളയിൽ, വിജയ്‌യുടെ കരിയറിലെ മറക്കാനാവാത്ത ഒരനുഭവവുമുണ്ടായി. അന്ന് വെറും 19 വയസ്സാണ് വിജയ്‌യുടെ പ്രായം. ചിത്രീകരണത്തിനിടെ, അണിയറ പ്രവർത്തകർ മുഴുവൻ നോക്കിനിൽക്കെ, ചന്ദ്രശേഖർ വിജയ്‌യെ പരസ്യമായി ശാസിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മകന്റെ ശ്രദ്ധ കരിയറിലേക്ക് കൊണ്ടുവരാൻ വേണ്ടിയായിരുന്നത്രേ അദ്ദേഹമങ്ങനെ ചെയ്തത്. വിജയ് സൂപ്പർസ്റ്റാർ ആവണമെന്നത് ചന്ദ്രശേഖറിൻ്റെ വലിയ ആഗ്രഹമായിരുന്നു. പിന്നീട് ആ സ്വപ്നം മകൻ പൂർത്തീകരിച്ചു നൽകുകയും ചെയ്തു.

2017-ൽ നൽകിയ ഒരു അഭിമുഖത്തിൽ, എസ്.എ. ചന്ദ്രശേഖർ വിജയ്‌യുടെ സിനിമാ ജീവിതത്തിൻ്റെ തുടക്കത്തെക്കുറിച്ചുള്ള അധികമാരും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തി. 10 വയസ്സുള്ളപ്പോൾ, നടൻ പി.എസ്. വീരപ്പ നിർമ്മിച്ച ഒരു ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. വിജയ്‌ക്ക് അന്ന് 500 രൂപ പ്രതിഫലവും ലഭിച്ചു. ഇന്ത്യൻ സിനിമയിൽ വലിയ ഉയരങ്ങളിലെത്താനുള്ള ഒരു യാത്രയുടെ ചെറിയ തുടക്കമായിരുന്നു ഇത്. സ്ഥിരമായി ബോക്സ് ഓഫീസ് ഹിറ്റുകൾ നൽകുന്നതിന് പേരുകേട്ട അദ്ദേഹം, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന ചിത്രത്തിലെ അഭിനയത്തിന് 200 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്ന് റിപ്പോർട്ടുകളുണ്ട്, ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാക്കി. ജിക്യു (GQ) 2022-ലെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിൻ്റെ ആസ്തി 420 കോടി രൂപയാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi