കുറച്ചുനാളായി വിമർശനങ്ങളുടെയും സൈബർ ആക്രമണങ്ങളുടെയും ഇരയായി മാറിയിരിക്കുകയാണ് നടി തൃഷ. കൃത്യമായി പറഞ്ഞാൽ, നടൻ വിജയ്‌യുടെ വിവാഹമോചനവാർത്തകൾക്ക് പിന്നാലെയാണിത്. വിജയ്ക്ക് ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിനുള്ള കാരണങ്ങളിലൊന്നായി താരത്തിന്റെ ഭാര്യ സംഗീത ചൂണ്ടിക്കാട്ടിയത്. അതിനുശേഷമാണ് അത് തൃഷയാണെന്ന് ഉറപ്പിച്ച്, അവർക്കുനേരെ ആളുകൾ തിരിഞ്ഞത്. അതിനൊപ്പം ചില താരങ്ങളും തൃഷയ്ക്കുനേരെ വിമർശങ്ങൾ ചൊരിഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ വിമർശിച്ചത് നടൻ പാർഥിപനാണ്. ആ വിമർശനം അതിരുകടന്നതോടെ, ഒടുവിൽ മൗനംവെടിഞ്ഞിരിക്കുകയാണ് തൃഷ.

To advertise here,

ഗലാട്ട അവാർഡിനിടെ (Galatta Awards) വേദിയിലെത്തിയതായിരുന്നു പാർഥിപൻ. മുമ്പ് താൻ ഒപ്പം അഭിനയിച്ച അഭിനേതാക്കളെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവെക്കാൻ അദ്ദേഹത്തോട് അവതാരകർ ആവശ്യപ്പെട്ടു. വേദിയിലെ വലിയ സ്‌ക്രീനിൽ തൃഷയുടെ ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടപ്പോൾ, അവരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്താണെന്ന് പാർഥിപനോട് ചോദിച്ചു.

'പൊന്നിയിൻ സെൽവനി'ലെ (Ponniyin Selvan) തൃഷയുടെ 'കുന്ദവൈ' എന്ന കഥാപാത്രത്തെ പരാമർശിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, ''ഈ കുന്ദവൈയെ കുറച്ച് ദിവസത്തേക്ക് വീട്ടിൽ തന്നെ ഇരുത്തണം. അതാണ് നല്ലത്. അവളെ പുറത്തുവരാൻ അനുവദിക്കരുത്'', എന്ന് പരിഹസിച്ചു. ഇത് വലിയ വിവാദമാണുണ്ടാക്കി.

പൊതുവേദിയിൽവെച്ച് പാർഥിപൻ ഇങ്ങനെ പറഞ്ഞത്, അവർക്കെതിരെയുള്ള അധിക്ഷേപമായി ആരാധകർ കണക്കാക്കി. പിന്നാലെ തൃഷ തന്നെ രംഗത്തെത്തി.

തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് തൃഷയുടെ പ്രതികരണം വന്നത്. ''സഹായി വഴി ഒരു വ്യക്തി അഭ്യർഥിച്ചതനുസരിച്ച്, എന്റെ പേരും ചിത്രവും അവസാനനിമിഷം ഉൾപ്പെടുത്തിയതായി അടുത്തിടെ നടന്ന ഒരു പരിപാടിയുടെ സംഘാടകർ എന്നെ അറിയിച്ചു. ഒരു മൈക്രോഫോൺ ഒരു അഭിപ്രായത്തെ ബുദ്ധിപരമോ ഹാസ്യാത്മകമോ ആക്കില്ല. അത് മണ്ടത്തരം കൂടുതൽ ഉച്ചത്തിലാക്കുകയേ ഉള്ളൂ. അറിവില്ലാതെ പറയുന്ന പരുഷമായ വാക്കുകൾ, അവ ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ സംസാരിക്കുന്നയാളെക്കുറിച്ച് കൂടുതൽ പറയും'', തൃഷ കുറിച്ചു.

പിന്നാലെ ക്ഷമാപണവുമായി പാർഥിപൻ രംഗത്തെത്തി. അദ്ദേഹവും തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ക്ഷമ ചോദിച്ചത്, ''സംഭവിച്ചതിൽ തെറ്റുപറ്റി'' എന്നാണ് അദ്ദേഹം പറഞ്ഞത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi