
താത്കാലിക മോര്‍ച്ചറിയാക്കിയ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം. മുണ്ടക്കൈയെയും ചൂരല്‍മലയേയും ഉരുളെടുത്തപ്പോള്‍ മണ്ണില്‍പ്പുതഞ്ഞ ശരീരങ്ങളുമായി ഇരച്ചെത്തിയ വണ്ടികള്‍. പാതിമുറിഞ്ഞും ചിന്നിച്ചിതറിയും എത്തിയ മൃതദേഹങ്ങളെ ഏറ്റുവാങ്ങിയും വൃത്തിയാക്കിയും പരിശോധിച്ചും തിരിച്ചറിഞ്ഞും ബന്ധുക്കള്‍ക്കരികില്‍ എത്തിക്കുന്നതില്‍ ഷൈജാ ബേബി മുന്‍പിലുണ്ടായിരുന്നു, ഉരുള്‍പ്പൊട്ടലില്‍ സ്വന്തം കുടുംബത്തില്‍ നിന്നും പൊലിഞ്ഞുപോയവരുടെ വേദനയുംപേറി. പതിനൊന്നു ദിവസം മുഴുവനും മുണ്ടക്കൈക്കാര്‍ക്കായി ജീവിച്ചതിനുള്ള ഉപഹാരമാണ് ഷൈജയ്ക്ക് കേരളശ്രീ പുരസ്‌കാരം.
മുന്നോട്ട്

തളരാതെ തുണയായി
''എന്റെ കുടുംബത്തിലെ ഒന്‍പതുപേരെയാണ് നഷ്ടമായത്. സ്വന്തമായൊരു വീട് എന്റെ വലിയ സ്വപ്നമായിരുന്നു. ഉരുള്‍പ്പൊട്ടലില്‍ ചൂരല്‍മലയില്‍ പണിതുകൊണ്ടിരിക്കുന്ന വീട് ഉള്‍പ്പെടെയാണ് പോയത്. മുണ്ടക്കൈയിലെ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടവരാണ്. ജീവിതത്തിലെ മോശം സമയത്ത് എന്നെ ചേര്‍ത്തുപിടിച്ചവരാണ് മുണ്ടക്കൈക്കാര്‍. 14 വര്‍ഷത്തോളം അവിടുത്തെ ആശാ വര്‍ക്കറായിരുന്നു. ഓരോരുത്തരെയും നന്നായറിയാം. ഏതുവീട്ടിലും എപ്പോഴും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കവര്‍ തന്നിരുന്നു. ഒരാളുപോലും തിരിച്ചറിയപ്പെടാതെപോകരുത് എന്ന് ആഗ്രഹിച്ചിരുന്നു.''
ഭീതിയുണ്ടാക്കിയ മുന്‍വര്‍ഷങ്ങള്‍
''2019-ലെ ഉരുള്‍പ്പൊട്ടല്‍ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. 2019-ല്‍ ഓഗസ്റ്റ് ആറ്, ഏഴ് തീയ്യതികളില്‍ അതിശക്തമായ മഴപെയ്തിരുന്നു. മുന്‍വര്‍ഷങ്ങളിലൊന്നും അത്തരത്തില്‍ മഴ കണ്ടിട്ടില്ല. പഞ്ചായത്തില്‍ അറിയിച്ച് താമസക്കാരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ചെയ്തു. ഓഗസ്റ്റ് എട്ടിന് വൈകീട്ടായിരുന്നു പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയത്. പിറ്റേന്ന് മേപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കിട്ടുന്ന മൃതശരീരങ്ങളെല്ലാം കൊണ്ടുവന്നു. അന്ന് 17 മരണം. എങ്കിലും ബാക്കി ആളുകളെ രക്ഷിക്കാനായല്ലോ എന്ന സമാധാനം ഉണ്ടായിരുന്നു. ഇത്തവണ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ സ്ഥിരതാമസക്കാരായ 279 പേരാണ് മരണപ്പെട്ടത്. വിരുന്നുവന്നവരുമുണ്ട്. എന്റെ ചേച്ചിയുടെ മകള്‍, അവരുടെ കുഞ്ഞ് എല്ലാം ഉരുള്‍പ്പൊട്ടലില്‍പെട്ടു. അവര്‍ തലേദിവസം വിരുന്നെത്തിയതായിരുന്നു. ''
മറക്കാത്ത മുഖങ്ങള്‍
''ഒരുപാടുകാലം അവിടെയുണ്ടായിരുന്നതിനാല്‍ അവിടെയുള്ള ഓരോരുത്തരെയും അറിയാം. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്. എന്നാല്‍ പാതിമുറിഞ്ഞതും വേര്‍പ്പെട്ടതുമായ ശരീരങ്ങളായാകും അവിടേക്കെത്തുക എന്ന് പ്രതീക്ഷിച്ചില്ല. ആദ്യ ദിവസം എന്തുചെയ്യണം എന്നറിയാതെ നിന്നപ്പോഴാണ് ആദ്യത്തെ മൃതശരീരം എത്തുന്നത്. ആളുകള്‍ ശരീരം കണ്ട് ഒന്നും മിണ്ടാതെപോയി. പക്ഷേ, എനിക്ക് ആളെ തിരിച്ചറിയാനായി. വീണ്ടും ശരീരങ്ങള്‍ എത്താന്‍ തുടങ്ങി. മണ്ണില്‍പുതഞ്ഞ് വികൃതമാക്കപ്പെട്ട ശരീരത്തെ ആര്‍ക്കും തിരിച്ചറിയാനാവുന്നില്ല. നമ്മുടെ മനസ്സിലുള്ള രൂപം, ആഭരണങ്ങള്‍, അടയാളങ്ങള്‍ എന്നിവ നോക്കിയാണ് ഓരോ ശരീരവും തിരിച്ചറിയുന്നത്.

ഇന്നും അലട്ടുന്നു
''മണ്ണ് മരണപ്രവാഹമായെത്തിയ ആ മഹാദുരന്തം സൃഷ്ടിച്ച നടുക്കത്തില്‍നിന്നും പെട്ടെന്നൊരു വിടുതല്‍ പ്രയാസമാണ് പലര്‍ക്കും. 'ഒറ്റ രാത്രികൊണ്ടാണ് ഒരു നാടിന് സര്‍വവും നഷ്ടമായത്. പലരും അനാഥമാക്കപ്പെട്ടു. കുറെയധികം കുട്ടികള്‍ ഒറ്റപ്പെട്ടുപോയി. മക്കള്‍ മരിച്ച കുറെ മാതാപിതാക്കളും. കുടുംബത്തില്‍ ഒരാളുമാത്രം ബാക്കിയായിപ്പോയവരുമുണ്ട്. ഇനിയും ശരീരങ്ങള്‍ കിട്ടാത്തവരുണ്ട്. മാനസികാഘാതത്തില്‍ നിന്നും ഇനിയും ഒരുപാടുപേര്‍ രക്ഷപ്പെടാനുണ്ട്. മരുന്നിന്റെ ബലത്തോടെ മനസ്സിനെ നിയന്ത്രിക്കുന്നവരുമുണ്ട്.
ഓരോ മൃതദേഹങ്ങളും പരിശോധിക്കാനും വൃത്തിയാക്കാനും തിരിച്ചറിയാനുമായി 11 പതിനൊന്ന് ദിവസത്തോളം ഞാന്‍ അവിടെയുണ്ടായിരുന്നു. രാത്രി രണ്ടുമണിയോടെയാണ് വീട്ടിലെത്തുക. ഉറങ്ങാനാവില്ല. പിറ്റേദിവസവും കഴിയുന്നത്ര നേരത്തെ ആശുപത്രിയിലെത്തും. പിന്നീടുള്ള ദിവസങ്ങളിലാണ് അന്നത്തെ രംഗങ്ങളെല്ലാം തീവ്രമായി മനസ്സിനെ അലട്ടാന്‍ തുടങ്ങിയത്. ഇടയ്ക്ക് അവരുടെ പഴയ, ചിരിക്കുന്ന ഫോട്ടോകള്‍ നോക്കിയിരിക്കും. ഭീകരമാക്കപ്പെട്ട ആ മുഖങ്ങള്‍ ഉണ്ടാക്കിയ നടുക്കം വിട്ടുമാറുകയില്ല.''
പ്രചോദനമാവട്ടെ
''പുരസ്‌കാരം കിട്ടിയതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ട്. പക്ഷെ വേണ്ടപ്പെട്ടവരെല്ലാം പോയി. പുരസ്‌കാരത്തില്‍ സന്തോഷമില്ല. സന്തോഷവും സമാധാനവുമുള്ള സാഹചര്യത്തില്‍ അല്ല ഈ പുരസ്‌കാരം. ഇതുപോലുള്ള ദുരന്തങ്ങളിലും പ്രതിസന്ധികളിലും മാറിനില്‍ക്കാതെ മുന്നിട്ടിറങ്ങാനും കഴിയുന്നത് ചെയ്യാനും സ്ത്രീകള്‍ക്ക് ഞാന്‍ പ്രചോദനമാവുകയാണെങ്കില്‍ അതില്‍ സന്തോഷിക്കുന്നു.''
സ്നേഹമാണ് പുരസ്‌കാരം
''പുരസ്‌കാരം കിട്ടിയതറിഞ്ഞ് അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു കുട്ടി എനിക്ക് വാട്‌സാപ് സന്ദേശമയച്ചിരുന്നു. നിലമ്പൂരില്‍നിന്നും എത്തിയ മൃതശരീരങ്ങള്‍ മേപ്പാടി ഹൈസ്‌കൂളില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അവിടെക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ വന്നിരുന്നു. പാതിമുറിഞ്ഞൊരു ശരീരമാണ് ആദ്യം കണ്ടത്. അത് അവന്റെ ഉപ്പയാണ് എന്ന് അവന് സംശയിച്ചിരുന്നു. മുഖത്തെ അടയാളങ്ങള്‍വെച്ച് ഞാനും അവനോടുപറഞ്ഞു, മോനെ ഇത് നിന്റെ ഉപ്പ തന്നെയാണ്. അതുകേട്ട് അവന്‍ കരഞ്ഞപ്പോള്‍ ഞാനവനെ ചേര്‍ത്തുപിടിച്ചു. ആശ്വസിപ്പിച്ചു.
'അന്ന് എനിക്ക് മനസ്സിന്റെ നിയന്ത്രണംവിട്ടുപോയിരുന്നു. എന്തുചെയ്യണമെന്നോ ഇനിയെന്തെന്നോ അറിയില്ലായിരുന്നു. ആ സമയം ചേച്ചി ഉപ്പയെ കാണിച്ചുതന്നു. ഒറ്റപ്പെട്ടുപോയെന്ന് തോന്നിയ അവസ്ഥയില്‍ ചേച്ചി തന്ന ആശ്വാസവാക്കുകള്‍ വളരെ വലുതായിരുന്നു.' എന്നാണ് അവന്‍ മെസ്സേജയച്ചത്. അതിനേക്കാള്‍ വലിയ പുരസ്‌കാരങ്ങളൊന്നും കിട്ടാനില്ല.''
Content Highlights: the life of shaija baby
Published: 05 Jan 2025, 12:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented