വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ക്കുകയാണ് കേരളക്കര.  മരണസംഖ്യ 300 കടന്നു. ദുരന്തമേഖലയില്‍ സര്‍വ്വസന്നാഹങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമ്പോള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകളും മറ്റും ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായുള്ള പരിശ്രമത്തിലാണ്. വയനാടിന് ആശ്വാസമേകാന്‍ നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്. കൂട്ടത്തില്‍ സിനിമാതാരങ്ങളും കൈകോര്‍ത്തിരിക്കുകയാണ്.

ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ നിരവധി താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയും നല്‍കി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആസിഫ് അലി ഒരു തുക കൈമാറിയെങ്കിലും കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ദിലീഷ് പോത്തനും ശ്യാം പുഷ്‌കറും ഭാവന സ്റ്റുഡിയോസിന്റെ പേരില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറിയതായി അറിയിച്ചു.സംവിധായകനും അഭിനേതാവുമായ ബേസില്‍ ജോസഫ് ഏവരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. 

സംഭാവനകളുമായി അന്യഭാഷ താരങ്ങളും അണിചേര്‍ന്നു. ഉലകനായകന്‍ കമലഹാസന്‍ 25 ലക്ഷം രൂപയും ചിയാന്‍ വിക്രം 20 ലക്ഷം രൂപയും നല്‍കി. താരങ്ങളായ സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന നല്‍കി. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന 10 ലക്ഷം രൂപ നല്‍കി. ദുരന്തത്തില്‍ തന്റെ ദു:ഖം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.