ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന്റെ ചൂട് ഇപ്പോഴും അടങ്ങിയിട്ടില്ല. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടി സിജ റോസും ജന്തർ മന്തറിലെത്തിയിരുന്നു. അവിടെ അവർ കണ്ടത് ഒരു സമരവേദി മാത്രമായിരുന്നില്ല; കടുത്ത ചൂടിനെയും പൊലീസ് നിയന്ത്രണങ്ങളെയും വകവയ്ക്കാതെ നീതിക്കായി ശബ്ദമുയർത്തുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവുമായിരുന്നു. യാത്രയ്ക്കിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ നിമിഷങ്ങളിലൂടെ, ജന്തർ മന്തറിലെ സമരവേദിയുടെ യഥാർഥ ചിത്രം സിജ റോസ് പങ്കുവയ്ക്കുന്നു.
“അപ്പോൾ എന്റെ കഥ എവിടെ നിന്നാണ് തുടങ്ങുന്നത്? അതെ, എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും ആശയങ്ങളെയും കുറിച്ച് വളരെ തുറന്നു സംസാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ കാലമായി സോഷ്യൽ മീഡിയയിലൂടെ ഞാനത് പങ്കുവെക്കാറുമുണ്ട്. മതപരമായ നാടകങ്ങളും, നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഓരോ മേഖലയിലുമുള്ള പരാജയങ്ങളും കാണുമ്പോൾ നമുക്ക് ശരിക്കും നിരാശയും ദേഷ്യവും തോന്നും. അതിനേക്കാളും ഉപരിയായി ഒരുതരം നിസ്സഹായതയാണ് തോന്നുക.
Also Read
അങ്ങനെയുള്ള ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ നീറ്റ് (NEET paper leak) ചോദ്യപേപ്പർ ചോർച്ചയുടെ വാർത്തകളും കാര്യങ്ങളുമൊക്കെ അറിയുന്നത്. ഈ വിഷയത്തെക്കുറിച്ച് ഞാൻ കൃത്യമായി അപ്‌ഡേറ്റഡ് ആയിരുന്നു. സിജെപി(CJP) പോലൊരു പാർട്ടിയോ സംഘടനയോ രൂപീകരിച്ചുവെന്ന് അറിഞ്ഞപ്പോൾ, ആദ്യം ഞാനതൊരു തമാശയായിട്ടാണ് എടുത്തത്. ഒരു മോക്കിംഗ് രീതിയിൽ, 'കോക്ക്രോച്ച് ജനതാ പാർട്ടി' എന്ന പേരിൽ ഒരു മീം ആയിട്ട് തന്നെയാണ് ഞാനും അതിനെ കണ്ടത്. പക്ഷേ പിന്നീട്, ഈ പോരാട്ടം ആളുകൾക്കിടയിൽ ശ്രദ്ധ നേടാനും അതൊരു യാഥാർത്ഥ്യമായി മാറാനും തുടങ്ങിയപ്പോൾ, ഞാൻ അതിനെ ഗൗരവമായി കാണാൻ തുടങ്ങി. ഞാൻ അവരെ ഫോളോ ചെയ്തു. ഈ പ്രതിഷേധത്തിന്റെ കാര്യം വന്നപ്പോൾ, വളരെ ഗൗരവമായിതന്നെ ആളുകൾ ഇതിന്റെ ഭാഗമാകാൻ മുന്നോട്ട് വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. യുവാക്കൾ തുടങ്ങിവെച്ച ഒരു കാര്യം, അത് യുവാക്കൾക്കുവേണ്ടി തന്നെയാണല്ലോ എന്നോർത്ത് അഭിമാനമായിരുന്നു.
പങ്കെടുക്കാനുള്ള തീരുമാനം
ഈ പ്രതിഷേധത്തിന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ അവർ പോസ്റ്റ് ചെയ്തപ്പോൾ, സത്യം പറയാമല്ലോ, എനിക്കതിൽ പങ്കെടുക്കണം എന്നൊരു തോന്നലുണ്ടായി. ആദ്യം അതൊരു തോന്നൽ മാത്രമായിരുന്നു. പക്ഷേ, പ്രതിഷേധത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ പോകാൻ തന്നെ തീരുമാനിച്ചു. അതിന് പ്രധാന കാരണം, നേരത്തെ പറഞ്ഞ ആ നിസ്സഹായത തന്നെയാണ്. എനിക്ക് മാത്രമല്ല, ഞാൻ സംസാരിച്ച ഒരുപാട് പേരുടെ വായിൽ നിന്നും എപ്പോഴും വരുന്ന കുറച്ചു വാക്കുകളാണിത്: ദേഷ്യം, നിരാശ, നിസ്സഹായത, സമൂഹത്തിന്റെ തകർച്ച, വിദ്വേഷം…
ഇതൊക്കെ നമ്മൾ നേരിടുന്നുണ്ടെങ്കിലും ആരും ഇതിനെപ്പറ്റി മിണ്ടുന്നില്ല. അതുകൊണ്ട് ഈ പ്രതിഷേധത്തിൽ പങ്കെടുക്കാനും, ഈ രാജ്യത്ത് ജീവിക്കുന്ന എന്നെപ്പോലെയുള്ള നിരാശരായ യുവാക്കളെ പ്രതിനിധീകരിക്കാനും എനിക്ക് കിട്ടിയ ഒരു അവസരമായിരുന്നു ഇത്.
ഞാനൊരു ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ പോകണോ വേണ്ടയോ എന്നതിൽ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സ്വാഭാവികമായും നമ്മൾ സിനിമാ ഇൻഡസ്ട്രിയുടെ ഭാഗമായതുകൊണ്ട് അതിന്റേതായ ആശങ്കകൾ പലരും പങ്കുവെച്ചിരുന്നു. എങ്കിലും എന്റെ സ്വന്തം ശബ്ദത്തിന് ഞാൻ കാതോർത്തു. പ്രതിഷേധത്തിന് രണ്ട് ദിവസം മുമ്പ് ഞാൻ എന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തു.
തുടക്കത്തിൽ ഞാൻ തനിച്ചായിരുന്നു യാത്ര ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അതൊരു സോളോ ട്രിപ്പ് ആയിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ഒരു ദിവസം മുമ്പ് ഞാൻ രഞ്ജിനിയുടെ (അവതാരക രഞ്ജിനി ഹരിദാസ്) പോസ്റ്റ് കാണുകയും അവരെ കോൺടാക്ട് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ബന്ധപ്പെടുന്നത്. ഇതിനിടയിൽ, മുംബൈയിൽ നിന്നുള്ള എന്റെ ചില സുഹൃത്തുക്കളും ഈ പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ടായിരുന്നു. അവർ വളരെ മികച്ച രീതിയിൽ ചില കാര്യങ്ങൾ സെറ്റ് ചെയ്തു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തനിച്ചു യാത്ര ചെയ്യുന്ന പെൺകുട്ടികൾക്കായി അവർ ഒരു വാട്‌സ്ആപ്പ് പേജ്/ലിങ്ക് ഉണ്ടാക്കി. സ്ഥലമോ സാഹചര്യങ്ങളോ അറിയാത്ത, എന്നാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവർ അതിൽ ചേർത്തു. എവിടെ വെച്ചു കാണണം, എങ്ങനെ സുരക്ഷിതരായിരിക്കണം, പ്രതിഷേധത്തിന് പോകുമ്പോൾ എന്തൊക്കെ കയ്യിൽ കരുതണം എന്നതിനെക്കുറിച്ചെല്ലാം ആ ഗ്രൂപ്പിൽ ചർച്ചകളും പ്ലാനിങ്ങും നടന്നു.
നമ്മുടെ തലമുറയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രതിഷേധമായിരുന്നു. എല്ലാവരും ഇതിനെ വളരെ വ്യക്തിപരമായാണ് എടുത്തത്. കാരണം ഈ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളും ആവർത്തിച്ചുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളും കണ്ടും കേട്ടും മടുത്തിരിക്കുകയായിരുന്നു. ആ പെൺകുട്ടികളുടെ ഗ്രൂപ്പിൽ നിന്ന് എനിക്ക് ഒരുപാട് വിവരങ്ങൾ ലഭിച്ചു. പരസ്പരം ഉള്ള ആ കരുതലാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.
യുദ്ധസമാനമായ അന്തരീക്ഷം
ജൂലൈ 20-ാം തീയതി ഉച്ചകഴിഞ്ഞാണ് ഞാൻ അവിടെയെത്തുന്നത്. ട്രാഫിക് കാരണം മൂന്ന് മണിക്കാണ് ലൊക്കേഷനിൽ എത്താൻ സാധിച്ചത്. ജന്തർ മന്തറിൽ എത്തിയപ്പോൾ ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു. അതൊരു യുദ്ധമേഖല പോലെയാണ് എനിക്ക് തോന്നിയത്.
ഡ്രൈവർ മുന്നറിയിപ്പ് നൽകി, ഇത് കഴിഞ്ഞാൽ ചിലപ്പോൾ ജാമറുകൾ ഉണ്ടാകാം, ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് കരുതി കാഷ് കയ്യിൽ കരുതാൻ പറഞ്ഞു. ഒരുപാട് പോലീസുകാരെയും ബാരിക്കേഡുകളും എനിക്ക് കാണാമായിരുന്നു. ഞാൻ നേരിട്ട് ജന്തർ മന്തറിലേക്കാണ് പോയത്. വഴിയിലാണ് രഞ്ജിനിയുടെ താമസസ്ഥലം. ലൊക്കേഷനടുത്തായതുകൊണ്ട് എന്റെ ബാഗുകൾ അവിടെ വെച്ചു.
ഹോട്ടലിൽ നിന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ ഒരുപാട് വിദ്യാർത്ഥികളെ കണ്ടു. അപ്പോഴേക്കും അവിടെ നടന്ന ലാത്തിച്ചാർജിന്റെ ബാക്കിപത്രങ്ങൾ കാണാമായിരുന്നു. റോഡിലെല്ലാം വെള്ളം, ചെരിപ്പുകൾ ചിതറിക്കിടക്കുന്നു. ആകെ അലങ്കോലപ്പെട്ട ഒരു അവസ്ഥ! നീലയും കാക്കി യൂണിഫോമും ധരിച്ച പോലീസുകാരെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. ചിലരുടെ കയ്യിൽ തോക്കും മറ്റു ചിലരുടെ കയ്യിൽ ലാത്തിയും ഉണ്ടായിരുന്നു.
കണ്ണീർ വാതകവും പോലീസിന്റെ ക്രൂരതയും
ഒരു കൂട്ടം കുട്ടികൾ ഒരു ഭാഗത്തേക്ക് നടന്നു പോകുന്നത് ഞാൻ കണ്ടു. പോലീസ് അവരെ വഴിതിരിച്ചു വിടുകയായിരുന്നു. ഞാൻ അവിടെ കാലെടുത്തുവെച്ചതും, എന്റെ ഇടതുവശത്ത് നിന്ന് അവർ ഒരു ടിയർ ഗ്യാസ് (കണ്ണീർ വാതകം) പൊട്ടിച്ചു. അതെന്നെ ശരിക്കും ഭയപ്പെടുത്തി! എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു സംഭവം നേരിട്ട് കാണുന്നത്.
ഏകദേശം 200-300 മീറ്റർ അകലെ നിന്നാണ് ടിയർ ഗ്യാസ് പൊട്ടിച്ചത്, എന്നിട്ടും എന്റെ കണ്ണ് വല്ലാതെ നീറുന്നുണ്ടായിരുന്നു. കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങിയപ്പോൾ, ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല എന്ന് തോന്നി. ആൾക്കൂട്ടം പോയതിന്റെ എതിർദിശയിലേക്ക് ഞാൻ നടന്നു. വല്ലാത്തൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ബാരിക്കേഡുകൾ വെച്ച് ആ പ്രദേശം മുഴുവൻ അടച്ചിരുന്നു.
ഞാൻ പോലീസുകാരോട് കാര്യം ചോദിക്കാൻ ശ്രമിച്ചു. അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരൻ എന്നോട് വളരെ മോശമായാണ് സംസാരിച്ചത്. ഞാൻ വളരെ ശാന്തമായാണ് സംസാരിച്ചത്. എന്നിട്ടും അയാൾ വീണ്ടുംവീണ്ടും ഒച്ചയിട്ടു, 'നിങ്ങൾക്ക് ചെവി കേൾക്കില്ലേ, അവിടെയെല്ലാം ബ്ലോക്ക് ചെയ്തിരിക്കുകയാണ്, അവിടേക്ക് പോകാനാവില്ല' എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. പെട്ടെന്ന് മറ്റൊരു പോലീസുകാരൻ വന്ന് എന്നെ പോകാൻ അനുവദിക്കാൻ പറഞ്ഞു.
അടുത്ത ബാരിക്കേഡിന് അടുത്തെത്തിയപ്പോൾ അവിടെ പ്രതിഷേധക്കാർ ഇരുന്ന സ്റ്റേജ് പൊളിച്ചു മാറ്റുകയായിരുന്നു. അവിടെയുള്ള പോലീസുകാരനും എന്നോട് തിരിച്ചു പോകാൻ പറഞ്ഞു. ഞാൻ ഹിന്ദിയിലാണ് സംസാരിച്ചത്. എന്നാൽ അവർ വളരെ മോശമായാണ് എന്നോട് പെരുമാറിയത്. ആ രണ്ട് വനിതാ പോലീസുകാരെ വിളിച്ച് 'ഇവളെ ഇവിടുന്ന് കൊണ്ടുപോ' എന്ന് അയാൾ പറഞ്ഞു. എനിക്ക് വല്ലാത്ത ഭയം തോന്നി. അവർ എന്നെ തൊടുന്നതോ കൊണ്ടുപോകുന്നതോ എനിക്ക് ഇഷ്ടമായിരുന്നില്ല. 'കുഴപ്പമില്ല, തനിയെ പൊയ്‌ക്കോളാം' എന്ന് ഞാൻ പറഞ്ഞു.
നിസ്സഹായതയുടെ നേർക്കാഴ്ച
അങ്ങനെ അവിടെ കാത്തുനിൽക്കുമ്പോഴാണ് കുറച്ചു കുട്ടികൾ ഒരു പെൺകുട്ടിക്ക് ചുറ്റും നിൽക്കുന്നത് കണ്ടത്. അവൾക്ക് ലാത്തിച്ചാർജിൽ മർദ്ദനമേറ്റിരുന്നു. അവൾക്ക് അപസ്മാരം (seizure) വന്നിട്ട് താഴെ കിടക്കുകയായിരുന്നു. കുട്ടികൾ അവളെ സഹായിക്കാൻ ശ്രമിക്കുകയാണ്, കുറച്ചു വെള്ളം കൊടുക്കാൻ. പക്ഷെ ആരുടെ കയ്യിലും വെള്ളം ഉണ്ടായിരുന്നില്ല. അവിടെ എങ്ങും വെള്ളം കിട്ടാൻ ഒരു വഴിയുമില്ലായിരുന്നു. വാസ്തവത്തിൽ അതൊരു ദയനീയമായ കാഴ്ചയായിരുന്നു. വിദ്യാർത്ഥികൾ പോലീസുകാരോടും ഉദ്യോഗസ്ഥരോടും സഹായത്തിനായി അപേക്ഷിച്ചു. അവിടെ ഒരുപാട് പോലീസുകാരുണ്ട്. എന്നാൽ അവരാരും ആ പെൺകുട്ടിയെ തിരിഞ്ഞു നോക്കാനോ ശ്രദ്ധിക്കാനോ തയ്യാറായില്ല. കുട്ടികളെല്ലാവരും ചേർന്ന് പോലീസുകാരോട് അപേക്ഷിച്ചു: “ദയവായി ഒരു ആംബുലൻസ് വിളിക്കൂ, എന്തെങ്കിലും ചെയ്യൂ, കുടിക്കാൻ കുറച്ച് വെള്ളമെങ്കിലും എത്തിച്ചു തരൂ...” പക്ഷേ, പോലീസുകാരുടെ ഭാഗത്തുനിന്ന് യാതൊരു അനക്കവും ഉണ്ടായില്ല. വിണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നിട്ടും... ഏകദേശം 10-15 മിനിറ്റോളം ഞാൻ അവിടെ നിൽക്കുമ്പോഴും ഒരാൾ പോലും സഹായത്തിനെത്തിയില്ല.
പിന്നീട് ഒരു മുതിർന്ന പോലീസ് ഓഫീസർ അദ്ദേഹത്തിന്റെ കീഴിലുള്ള ജീവനക്കാരുമായി അങ്ങോട്ട് വന്നു. അവർക്ക് ഒന്നുമറിയില്ല എന്ന മട്ടിലാണ് പെരുമാറിയത്. വിദ്യാർത്ഥികൾ വീണ്ടും പറഞ്ഞു: 'ദയവായി ആംബുലൻസ് വിളിക്കൂ.' എന്നാൽ ആ ഓഫീസർ പറഞ്ഞത് 'എവിടെയാണ് ആംബുലൻസ് ഉള്ളതെന്ന് എനിക്കറിയില്ല. നിങ്ങൾ തന്നെ വിളിക്കൂ, നിങ്ങൾക്കല്ലേ ആംബുലൻസ് വേണ്ടത്?' എന്നായിരുന്നു.
അപ്പോൾ അവിടെനിന്ന ഒരു പെൺകുട്ടി പറഞ്ഞു, 'പ്രതിഷേധ സമയം മുതൽ ഇവിടെ ഒരു ആംബുലൻസ് ഉണ്ടായിരുന്നല്ലോ, ആളുകളെ കൊണ്ടുപോകുന്നുണ്ടായിരുന്നല്ലോ! അത് എവിടെ പോയെന്ന് നിങ്ങൾക്ക് അറിയേണ്ടതല്ലേ? നിങ്ങളല്ലേ ഇതൊക്കെ നിയന്ത്രിക്കേണ്ടത്?' പക്ഷേ, ആ ഓഫീസറുടെ മറുപടി വളരെ അലസവും ഉത്തരവാദിത്തമില്ലാത്തതുമായിരുന്നു, 'എനിക്കറിയില്ല, നോക്കാം എന്താണ് ചെയ്യാനാവുക എന്ന്...'
അവസാനം, ചിലരുടെ കയ്യിലുണ്ടായിരുന്ന ഒന്നോ രണ്ടോ കുപ്പി വെള്ളം ആ കുട്ടിക്ക് കൊടുത്തു. ആ സമയത്ത്, പെൺകുട്ടി കുഴഞ്ഞുവീണ സ്ഥലത്തേക്ക് എല്ലാ പോലീസുകാരും ഒന്നിച്ചു കൂടാൻ തുടങ്ങി. പോലീസുകാരുടെ ശ്രദ്ധ ആ പെൺകുട്ടിയിലേക്ക് തിരിഞ്ഞ സമയം, എനിക്ക് രഞ്ജിനിയുടെ അടുത്തേക്ക് പോകാനുള്ള ഒരു അവസരമായി ഞാൻ കണ്ടു. ആ പെൺകുട്ടിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ എനിക്ക് സാധിച്ചില്ല, അതിൽ സങ്കടമുണ്ട്. പക്ഷേ, എനിക്ക് പ്രധാന ആൾക്കൂട്ടത്തിലേക്ക് ചെന്നെത്താൻ വഴികണ്ടെത്തണമായിരുന്നു. അല്ലെങ്കിൽ ഞാൻ അവിടെ ഒറ്റപ്പെട്ടുപോയേനെ. ഇത്രയും വലിയൊരു പ്രതിഷേധം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുമായിരുന്നില്ല.
അതുകൊണ്ട്, എല്ലാവരുടെയും ശ്രദ്ധ മാറിയ നിമിഷം, ഞാൻ അവിടെനിന്ന് മെല്ലെ ഊരിപ്പോന്നു. ബാരിക്കേഡുകൾ കടന്ന്, പ്രകാശ് രാജും, സോനം സാറിന്റെ ഭാര്യ ഗീതാഞ്ജലി മാഡവും മറ്റു നേതാക്കളും ട്രക്കിന് മുകളിലുണ്ടായിരുന്ന ആ പ്രധാന ആൾക്കൂട്ടത്തിലേക്ക് ഞാൻ നടന്നുപോയി. അവിടെയെത്തിയ ശേഷം ഞാൻ രഞ്ജിനിയെ വിളിക്കുകയും, അവരിരിക്കുന്ന സ്ഥലം മനസ്സിലാക്കി അവരുടെ കൂടെ ചേരുകയും ചെയ്തു. അവിടെയെത്താൻ കഴിഞ്ഞത് ഞാൻ എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഇല്ലെങ്കിൽ ഞാൻ ആ ലാത്തിച്ചാർജിനിടയിൽ കുടുങ്ങിപ്പോകുമായിരുന്നു.
ദുരിതക്കാഴ്ചകൾ...
പ്രധാന ആൾക്കൂട്ടത്തിലുള്ള പരമാവധി ആളുകളെ വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിച്ചത്. അതിനായി അവർ ജനക്കൂട്ടത്തിന്റെ മുൻവശവും പിൻവശവും ബാരിക്കേഡുകൾ വെച്ച് പൂർണ്ണമായി അടച്ചു. ആർക്കും പുറത്തുപോകാനോ, പുതിയതായി ആർക്കും അകത്തേക്ക് വരാനോ കഴിയാത്ത അവസ്ഥ ഉണ്ടാക്കി. ആളുകൾക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നത് തടയാനുള്ള ഏറ്റവും നല്ല വഴിയായി അവർ ഇതിനെ കണ്ടു. ആ ബാരിക്കേഡിനുള്ളിൽ എല്ലാവരും തിങ്ങിഞെരുങ്ങി നിൽക്കുകയായിരുന്നു. ആ അവസ്ഥയിലാണ് മണിക്കൂറുകളോളം വിദ്യാർത്ഥികൾ കഠിനമായി ബുദ്ധിമുട്ടി അവിടെ ഇരുന്നത്. ഒരുവശത്ത് പെൺകുട്ടികൾ ബോധംകെട്ടു വീഴുന്നു, മറുവശത്ത് പരിക്കേറ്റവർ ചികിത്സപോലും കിട്ടാതെ അവിടെത്തന്നെ വന്നിരിക്കുന്നു. അവർക്ക് ചികിത്സ നൽകാൻ പുറത്തുപോകാൻ കഴിയുന്നില്ല. അവിടെ ചികിത്സാ സൗകര്യങ്ങളോ ആംബുലൻസോ ഇല്ല. കുടിക്കാൻ വെള്ളമോ കഴിക്കാൻ ഭക്ഷണമോ ഇല്ല. സത്യത്തിൽ, വിവരിക്കാൻ കഴിയാത്തത്ര ഭയാനകവും ദയനീയവുമായ ഒരു കാഴ്ചയായിരുന്നു അത്.
ഞാൻ കണ്ടത് ഈ സംഭവങ്ങളുടെയെല്ലാം ഒരു ചെറിയ അംശം മാത്രമാണ്. അവിടെയുണ്ടായിരുന്ന ആളുകൾ അനുഭവിച്ചത് ഇതിനേക്കാൾ എത്രയോ കൂടുതലാണ്! ഇൻസ്റ്റാഗ്രാമിൽ വന്ന വീഡിയോകളിൽ ഇതിലും ഭയാനകമായ കാര്യങ്ങളാണ് കണ്ടത്. എന്തായാലും, ഒരു സുരക്ഷിതമായ സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തോടും ആ സമയത്തെ അനുകൂല സാഹചര്യങ്ങളോടും നന്ദി പറയുന്നു. എങ്കിലും, അവിടെയുണ്ടായിരുന്ന ആ പാവം കുട്ടികൾക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ഓർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട്.
എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥയാക്കിയത് അവിടെയുണ്ടായിരുന്ന പോലീസുകാരുടെ പെരുമാറ്റമാണ്. ഇത്രയും സമാധാനപരമായി പ്രതിഷേധിച്ച ഒരു കൂട്ടം ആളുകൾക്ക് നേരെ അവർ തോക്കുകളും ലാത്തികളും ചൂണ്ടിയാണ് നിന്നത്. സമാധാനം എന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാകാത്തവരെപ്പോലെയാണ് അവർ പെരുമാറിയത്. നമ്മൾ പാർലമെന്റിലേക്ക് മാർച്ച് നടത്തി ആളുകളെ ആക്രമിക്കാൻ പോകുകയാണെന്നാണ് അവർ കരുതിയതെന്ന് തോന്നുന്നു. ഞങ്ങളെ ഭീകരവാദികളെപ്പോലെയോ തീരെ വിലയില്ലാത്ത ജീവികളെപ്പോലെയോ ആണ് അവർ കണ്ടതെന്ന് തോന്നിപ്പോകും. യഥാർഥത്തിൽ അവർ ഞങ്ങളെ വെറും പാറ്റകളെപ്പോലെയാണ് (Cockroaches) കണ്ടത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ രണ്ടുതരം പ്രചാരണങ്ങളാണ് നടക്കുന്നത്: ഒന്ന് യാഥാർത്ഥ്യം വിളിച്ചുപറയുന്നവർ. മറ്റൊന്ന് വ്യാജമായ പ്രൊപ്പഗാൻഡകൾ (Propaganda) പരത്തുന്നവർ. നമ്മളാണ് പോലീസുകാരെ ആക്രമിച്ചത് എന്ന രീതിയിലുള്ള വ്യാജ വാർത്തകൾ വരുമ്പോൾ വലിയ ദേഷ്യം തോന്നും. 'ഹലോ, ഞാൻ അവിടെ നേരിട്ടുണ്ടായിരുന്ന ആളാണ്, കാര്യങ്ങൾ ഇങ്ങനെയല്ല!' എന്ന് ലോകത്തോടൊന്ന് ഉറക്കെ വിളിച്ചു പറയാൻ എനിക്ക് തോന്നാറുണ്ട്. പക്ഷേ എത്ര പേരോടാണ് നമ്മൾ ഇത് പറഞ്ഞു ബോധ്യപ്പെടുത്തുക? അത് സാധ്യവുമല്ലല്ലോ.
പ്രതിഷേധത്തിനായി ഉണ്ടാക്കിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഞാൻ ഇപ്പോഴും അംഗമാണ്. അതിൽ പുതിയ അപ്‌ഡേറ്റുകൾ വരുന്നുണ്ട്. ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച്, ജന്തർ മന്തറിന് പുറത്ത് വാളുകളും വടികളുമായി ചിലർ ആളുകളെ ആക്രമിക്കാൻ ഇറങ്ങിയിട്ടുണ്ടെന്നും വലിയ രീതിയിലുള്ള അക്രമ സംഭവങ്ങൾ നടക്കുന്നുണ്ടെന്നുമാണ്. കാര്യങ്ങൾ വളരെ മോശമായ അവസ്ഥയിലേക്കാണ് പോകുന്നത്.
നിരാശയും ദു:ഖവും മാത്രം…
ആ സമയത്ത് ദേശീയ മാധ്യമങ്ങളോ വലിയ ചാനലുകളോ ഒന്നും അവിടെ റിപ്പോർട്ട് ചെയ്യാൻ ഉണ്ടായിരുന്നില്ല. നമ്മുടെ പ്രാദേശിക ഭാഷാ മാധ്യമങ്ങൾ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇൻസ്റ്റഗ്രാം വഴി മാത്രമാണ് അവിടെ നടക്കുന്ന കാര്യങ്ങൾ ആളുകൾ അറിയുന്നതും കാണുന്നതും. അതില്ലായിരുന്നെങ്കിൽ ഇതൊന്നും പുറംലോകം അറിയാൻ പോകുന്നുണ്ടായിരുന്നില്ല.
സത്യം പറഞ്ഞാൽ, മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ആരോടും സംസാരിക്കാതെ മിണ്ടാതെ വന്ന് മടങ്ങാം എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ മാധ്യമങ്ങളെ കണ്ടപ്പോൾ എന്താണ് പറയേണ്ടത്, എങ്ങനെ സംസാരിക്കണം എന്നൊന്നും എനിക്ക് മനസ്സിലായില്ല.
ഇത്രയധികം ആളുകൾ ഈ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. വരാൻ കഴിയാതിരുന്ന ഒരുപാട് പേർ, ഞങ്ങൾ അവരെ അവിടെ പ്രതിനിധീകരിച്ചതിൽ സന്തോഷം പങ്കുവെച്ച് മെസേജുകൾ അയക്കുന്നുണ്ട്.
എല്ലാവരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണല്ലോ. വരാൻ ആഗ്രഹമുണ്ടായിട്ടും പലർക്കും അതിന് സാധിച്ചില്ല. എന്നാൽ കേരളത്തിൽ നിന്ന് കുറച്ചുപേർ അവിടെ പോകുകയും അവരുടെ ശബ്ദമായി മാറുകയുമാണ് ചെയ്തത്. അവർ നമ്മളെ കാണുന്നത് അവരുടെ തന്നെ പ്രതിനിധികളായിട്ടാണ്. അത് കേട്ടപ്പോൾ എനിക്ക് ശരിക്കും വളരെ സന്തോഷം തോന്നി.
തയ്യാറാക്കിയത്: രേഖ നമ്പ്യാർ
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: sija-rose-jantar-mantar-protest-cjp-2026
Published: 23 Jul 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented