ജന്തർമന്തറിൽ നടന്ന സി.ജെ.പി (Cockroach Janata Party) പ്രതിഷേധത്തിനുപിന്നാലെയാണ് നടിയും ബി.ജെ.പി. എം.പി.യുമായ കങ്കണ റണൗട്ടും സി.ജെ.പി വക്താവ് സൗരവ് ദാസും തമ്മിൽ വാക്‌പോരുണ്ടായത് സമരത്തിനെതിരെ കങ്കണ രൂക്ഷമായി രംഗത്തെത്തിയിരുന്നു. ചില പ്രതിഷേധക്കാർ ഉപയോഗിച്ച ഭാഷയെയും കങ്കണ വിമർശിച്ചു. അതിനൊപ്പം അതിൽ പങ്കെടുത്ത യുവതികളെയും മറ്റുള്ളവരെയും 'ജനറേഷൻ ഗട്ടർ' എന്നാണ് വിളിച്ചത്. സൗരവിനെ 'useless' എന്നും കങ്കണ വിശേഷിപ്പിച്ചു. വ്യക്തിപരമായുള്ള ഈ അധിക്ഷേപത്തിനെതിരെ സൗരവും രംഗത്തെത്തി. താൻ ഹൃത്വിക് റോഷന്റെ ചെറുപ്പത്തിലേത് പോലെയുണ്ടെന്നും അതുകൊണ്ടാവാം കങ്കണ തന്നെ ആക്രമിക്കുന്നതെന്നും ഒരു സുഹൃത്ത് പറഞ്ഞതായും സൗരവ് പറഞ്ഞു.

To advertise here,

പിന്നാലെ സോഷ്യൽമീഡിയയിൽ ഒരു ട്രെൻഡും തുടങ്ങി, 'Sorry Hrithik Roshan, We need to apologise to Hrithik Roshan' എന്ന ട്രെൻഡ്. ഒടുവിൽ ഇത് ഹൃത്വിക്കിന്റെ ശ്രദ്ധയിലും പെട്ടു. ഇത്തരമൊരു പോസ്റ്റിനുതാഴെ താരം കമന്റുമായെത്തി. ''

സുഹൃത്തേ, 'B'-യെ ഇനി ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രം 'A'-യുടെ പക്ഷം പിടിക്കുന്നത്, നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു വ്യവസ്ഥാപരമായ പ്രശ്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. വസ്തുതകളിൽ അധിഷ്ഠിതവും ശരിയായ സാഹചര്യവുമുള്ള ഒരു സന്ദർഭം വരുന്നത് വരെ ഞാൻ കാത്തിരിക്കാം; അതാണ് ഉചിതം. പക്ഷെ, അതൊക്കെ ആർക്കാണ് ഇനി ഒരു പ്രശ്‌നമായി തോന്നുന്നത്, അല്ലേ?'', എന്നാണ് അദ്ദേഹം കമന്റിട്ടത്.

ഇതിനുള്ള മറുപടിയുമായി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടു കങ്കണ. ''പ്രിയ ഹൃതിക്, നിങ്ങൾക്ക് അനുയോജ്യയായ ഒരാളെ (സബ ആസാദ്) കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളിരുവരും ഒരുമിച്ച് കാണാൻ വളരെ നല്ലതാണ്. നിങ്ങൾ ഒരു ഗൗരവകരമായ ബന്ധത്തിലായിരിക്കെ, ഒരു സ്ത്രീയെ ഇത്തരത്തിൽ പരിഹസിക്കുന്നത് നിങ്ങൾക്ക് ഒട്ടും ചേർന്നതല്ല. പകരം, നിങ്ങളുടെ പേര് ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവരെ നിങ്ങൾ തള്ളിപ്പറയുകയാണ് വേണ്ടത്. പ്രശ്‌നങ്ങൾ വഷളാക്കുന്നതും നിങ്ങളുടെ പങ്കാളിയെ നാണംകെടുത്തുന്നതും അവസാനിപ്പിക്കൂ. നിങ്ങൾക്ക് നല്ല ബുദ്ധി തോന്നുമെന്നും, അടിസ്ഥാനരഹിതമായ ഇത്തരം അഭിപ്രായങ്ങൾ പറയുന്നത് നിർത്തുമെന്നും കരുതുന്നു''.

കങ്കണയും ഹൃത്വിക്കും തമ്മിലുണ്ടായ 2016-ലുണ്ടായ പ്രശ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ ട്രെൻഡ് തുടങ്ങിയത്. 2016-ന്റെ തുടക്കത്തിൽ, ഒരു അഭിമുഖത്തിനിടെ ഹൃതിക് റോഷനെ 'വിഡ്ഢിയായ മുൻ കാമുകൻ' എന്ന് കങ്കണ വിളിച്ചു. 'ക്രിഷ് 3'-ന്റെ ചിത്രീകരണ വേളയിൽ താരങ്ങൾ തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നുവെന്ന സൂചനയും അവർ നൽകി. ഈ പ്രസ്താവന തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് ഹൃത്വിക് ആ അവകാശവാദം നിഷേധിക്കുകയും, പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കങ്കണയ്ക്ക് വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാൽ മാപ്പ് പറയാൻ വിസമ്മതിച്ച കങ്കണ, പകരം ഒരു മറുനോട്ടീസ് അയയ്ക്കുകയാണുണ്ടായത്. ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ തെളിവുകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി, 2017-ൽ സൈബർ ക്രൈം സെൽ കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോർട്ട് സമർപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi