നിറത്തിന്റെ പേരിൽ ശക്തമായ നിലപാടുകളെടുത്ത മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യ മോഡലിങ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. സാമ്പത്തികബാധ്യതകളും മാനസികസംഘർഷങ്ങളുമാണ് കാരണമായി പറയപ്പെടുന്നത്. കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ച അവർ, ചികിത്സയിലായിരുന്നുവെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
മോഡലിങ് ലോകത്ത് തന്റേതായ ഇടംകണ്ടെത്തിയിരുന്നു സാൻ റേച്ചൽ. വിനോദമേഖലയിലെ വർണ വിവേചനത്തിനെതിരെ എന്നും നിലപാട് എടുക്കുകയും ചെയ്തു. വെള്ളനിറമുള്ള ചർമത്തെ വിനോദമേഖല സൗന്ദര്യത്തിന്റെ ഏക മാനദണ്ഡമായി കണക്കാക്കുന്നതിനെക്കുറിച്ച് റേച്ചൽ പലപ്പോഴും തന്റെ സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചിട്ടുണ്ട്. ഒട്ടേറെ സൗന്ദര്യമത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട് സാൻ റേച്ചൽ. മിസ് ഡാർക്ക് ക്വീൻ തമിഴ്‌നാട് 2019, മിസ് പുതുച്ചേരി 2020, ക്വീൻ ഓഫ് മദ്രാസ് 2023 എന്നിവയാണ് അവർ നേടിയ പ്രധാനടൈറ്റിലുകൾ.
പുതുച്ചേരിയിലെ വീട്ടിൽവെച്ചാണ് സാൻ അമിതമായി ഉറക്കഗുളികകൾ കഴിച്ചത്. ഗുരുതരാവസ്ഥയിലായ അവരെ അടുത്തുള്ള സർക്കാർ ആസ്പത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടുന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചിലേക്കും. അവിടെ വെച്ചായിരുന്നു മരണം. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള സാൻ റേച്ചലിന്റെ കുറിപ്പും പോലീസ് കണ്ടെടുത്തു.
പല ഫാഷൻ ഷോകളും സംഘടിപ്പിച്ചതിലൂടെ അവർക്ക് വൻ സാമ്പത്തികപ്രശ്‌നങ്ങൾ ഉണ്ടായതായി വാർത്തകളുണ്ട്. അതെല്ലാം പരിഹരിക്കാനും കിഡ്‌നിസംബന്ധമായ അസുഖത്തിന്റെ ചികിത്സയ്ക്കായും അവർ തന്റെ ആഭരണങ്ങൾ പണയംവെച്ചിരുന്നുവത്രെ. അതെല്ലാം അവരെ കടുത്ത വിഷാദത്തിലേക്ക് തള്ളിയിട്ടിരുന്നു.
അടുത്തിടെയാണ് അവർ വിവാഹിതയായത്. ചെറിയ പ്രായത്തിലേ അമ്മ മരിച്ച സാനിനെ അച്ഛനാണ് വളർത്തിയത്. ഷൺമുഖപ്രിയ എന്നായിരുന്നു പേര്. മോഡലിങ് രംഗത്തേക്ക് വന്നപ്പോഴാണ് സാൻ റേച്ചൽ എന്നാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ലണ്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ മോഡലിങ് മത്സരങ്ങളിലും പങ്കെടുത്തിരുന്നു സാൻ.
സൗന്ദര്യത്തെയും നിറത്തെയും സംബന്ധിച്ചുള്ള സങ്കൽപ്പങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ സൗന്ദര്യമത്സരങ്ങളിലെല്ലാം പങ്കെടുത്തത്. സ്‌കൂൾകാലം മുതലേ നിറത്തിന്റെ അടിസ്ഥാനത്തിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട് അവർ. ''കുടുംബത്തിലും മറ്റുള്ള കുട്ടികളുമായി എന്നും താരതമ്യപ്പെടുത്തിയിട്ടുണ്ട് എന്നെ. അന്നൊക്കെ നിറംമാറാൻ പല സൗന്ദര്യവർധകവസ്തുക്കളും ഉപയോഗിച്ചു. അതൊന്നും ഫലിച്ചില്ല. പിന്നീട് എന്തിനങ്ങനെ ചെയ്യുന്നുവെന്ന് എനിക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് എന്റെ നിറത്തെ അംഗീകരിച്ചത്'', സാൻ റേച്ചൽ ഒരിക്കൽ പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: san rachel, a model known for her activism against colorism died by suicide
Published: 14 Jul 2025, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented