
മുന്‍സൈനികനും മോഡലുമായ നിതിന്‍ മേത്ത, ഡൗണ്‍സിന്‍ഡ്രോം മോഡലായ സാനിയ ഖിംജി
സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്ന് പറഞ്ഞത് ആരാണ്. ആരായാലും ഇന്ത്യന്‍ ഫാഷന്‍ റാമ്പുകള്‍ സൗന്ദര്യത്തിന്റെ നിര്‍വചനത്തെ അങ്ങനെ പൊളിച്ചെഴുതുകയാണ് ഇപ്പോള്‍. ബോഡിപോസിറ്റിവിറ്റി മൂവ്‌മെന്റിന്റെ അലയൊലികള്‍ ഇന്ത്യന്‍ ഫാഷന്‍രംഗത്തും ഉയരുന്നുണ്ട്. വലിയ ബ്രാന്‍ഡുകളും ഡിസൈനര്‍മാരും വരെ ഫാഷനെപ്പറ്റി ഇത്രയും കാലമുണ്ടായിരുന്ന വിശ്വാസങ്ങള്‍ മാറ്റാന്‍ തയ്യാറാവുകയാണ്.
ഒരു കാലം വരെ ഇന്ത്യന്‍ ഫാഷന്‍ വളരെ ചുരുങ്ങിയ ബോഡി ടൈപ്പുകളെയും സ്‌കിന്‍ടോണുകളെയും മാത്രമേ അംഗീകരിച്ചിരുന്നുള്ളു. റാമ്പിലേക്കിറങ്ങാന്‍ കൊതിക്കുന്നവര്‍ അവരുടെ ശരീരത്തെ അത്തരത്തിലൊരുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇനി ഈ പറഞ്ഞ അഴകളവുകള്‍ ഒത്തുവരാത്തവര്‍ റാമ്പ് സ്വപ്‌നമായി ഉള്ളിലൊതുക്കി പിന്തിരിയേണ്ടിയും വന്നിരുന്നു. ഫാഷന്‍ ലോകത്തിന്ന് മാറ്റത്തിന്റെ കാലമാണ്. വണ്‍സൈസ് ഫിറ്റ് ഓള്‍ എന്ന ചിന്തയില്‍ നിന്ന് വസ്ത്രങ്ങള്‍ക്ക് വിശാലമായ സൈസ് റേഞ്ചുകളുണ്ട്, നിറങ്ങളുണ്ട്. ആവശ്യക്കാരന് പെർഫക്റ്റ് ഫിറ്റാവുന്നതാണ് വസ്ത്രത്തിന്റെ ഭംഗിയെന്ന് ഡിസൈനേഴ്‌സും തിരിച്ചറിയുന്നുണ്ട്.
വെളുത്തു മെലിഞ്ഞ ആകാരവടിവുകള്‍ ഒത്തുചേര്‍ന്ന മോഡല്‍ സങ്കല്പങ്ങളിലല്ല, പ്രായമോ ശാരീരികന്യൂനതകളോ ഒന്നും കാര്യമാക്കാതെ ആത്മവിശ്വാസത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന മുഖങ്ങളാണ് ഇപ്പോള്‍ മോഡലിങ് രംഗത്തെ ഭരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറായ ഗയ കൗര്‍, ഡൗണ്‍സിന്‍ഡ്രോം മോഡലായ സാനിയ ഖിംജി, വിറ്റിലിഗോക്കെതിരെ പോരാടുന്ന റിയ അഗര്‍വാള്‍, പ്രായമൊന്നും മോഡലിങ്ങിന് തടസ്സമല്ലെന്ന് തെളിയിക്കുന്ന മുക്താ സിങ്, എക്‌സ് ആര്‍മിമാന്‍ നിതിന്‍ മേത്ത.. പട്ടിക നീളുകയാണ്.
കുറവുകളെ തുരത്തിയ പെണ്‍കരുത്ത്
സാനിയ ഖിംജി, 22 വയസ്സ്... മോഡല്‍, ഇന്‍ഫ്‌ളുവന്‍സര്‍, ഇന്റര്‍നാഷണല്‍ പേഗന്റ് വിന്നര്‍.... 2016-ലാണ് സാനിയ ആദ്യമായി റാമ്പില്‍ ചുവടുകള്‍ വയ്ക്കുന്നത്. അന്ന് ആ ഫാഷന്‍ ഷോയില്‍ വിജയിച്ചവര്‍ മറ്റ് മോഡലുകളായിരുന്നു. എന്നാല്‍ എല്ലാവരുടെയും അഭിനന്ദനവും ശ്രദ്ധയും നേടിയത് സാനിയ എന്ന പെണ്‍കുട്ടിയും.
റാമ്പിലെ അവളുടെ ആ വിജയത്തിന് പിന്നില്‍ കുറവുകളെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം ഇന്ത്യയിലെ ആദ്യത്തെ ഡൗണ്‍സിന്‍ഡ്രോം മോഡലാണ് സാനിയ. തന്റെ എല്ലാ പരിമിതികളെയും വിജയങ്ങളാക്കിയാണ് സാനിയ റാമ്പില്‍ തിളങ്ങുന്നത്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഒരാള്‍ക്ക് സാധാരണജീവിതം പോലും സാധ്യമല്ലെന്ന് കരുതുന്ന സമൂഹത്തിലാണ് സാനിയ തന്റെ സ്വപ്നത്തിലേക്ക് കുതിക്കുന്നത്. മിസ് ഇന്ത്യ സ്‌പെഷ്യല്‍ നീഡ് കാറ്റഗറിയിലെ കിരീടജേതാവു കൂടിയാണ് സാനിയ.
ബെംഗളൂരു ഫാഷന്‍ വീക്കിലടക്കം പ്രശസ്തരായ ഡിസൈനേഴ്‌സിന്റെയും കൊറിയോഗ്രാഫര്‍മാരുടെയും ഒപ്പം സാനിയ പ്രവര്‍ത്തിച്ചു കഴിഞ്ഞു. റാമ്പില്‍, എത്ര വലിയ ആള്‍ക്കൂട്ടത്തിനുമുന്നിലും അവളുടെ മുഖത്തു തെളിയുന്ന ആത്മവിശ്വാസമാണ് എല്ലാവരെയും അമ്പരപ്പിക്കുന്നതെന്ന് സാനിയയുടെ അമ്മ മുദിത പറയുന്നു. 'ഡൗണ്‍സിന്‍ഡ്രോം നിസാരമായ ഒരവസ്ഥയല്ല, ശരീരത്തിലെ മോട്ടോര്‍സ്‌ക്കില്ലുകളെയും കോശങ്ങളെയും വരെ ബാധിക്കുന്ന ജനിതകരോഗമാണ്. ചികിത്സയുമില്ല. എന്നാല്‍ അവളുടെ ജീവിതം മനോഹരമാക്കാന്‍ കലയിലൂടെ ഞങ്ങള്‍ ശ്രമിക്കുകയാണ്. ചെറുപ്പം തൊട്ടേ വരയ്ക്കാനും ഡിസൈന്‍ ചെയ്യാനും അവള്‍ക്കിഷ്ടമായിരുന്നു. ഒരു തെറാപ്പിയായിരുന്നു അത്. എന്നാലിന്ന് അത് അവളുടെ പാഷനാണ്. ഇങ്ങനെയൊരു രോഗമുള്ള വ്യക്തിയെ മാറ്റിനിര്‍ത്താനാണ് പലരും ശ്രമിക്കുക. മോഡലിങ് പോലൊരു മേഖലയില്‍ ഒരു സാധ്യതയുമില്ല. എങ്കിലും അവള്‍ വിജയിച്ചു.' അമ്മയുടെ വാക്കുകള്‍ പോലെ എല്ലാ തടസ്സങ്ങളെയും മുന്‍വിധികളെയും തകര്‍ക്കുകയാണ് സാനിയ.
ഗഗനില്‍ നിന്ന് ഗയയിലേക്ക്
2022-ലെ ലാക്‌മേ ഫാഷന്‍ വീക്കില്‍ ഡിസൈനര്‍മാരും ഫാഷന്‍പ്രേമികളും ഒരുപോലെ കൈയടിച്ച മോഡല്‍, ഗയ കൗര്‍ എന്ന 25-കാരി. അവിടെ നിന്ന് ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലേക്ക് അടുത്ത ചുവടുവയ്പ്. എന്നാല്‍ ആ കൈയടികളിലേക്ക് നടന്നെത്താന്‍ ഒരുപാട് കൂക്കിവിളികള്‍ അവള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഗഗനില്‍ നിന്ന് ഗയയിലേക്ക് ഉള്ള യാത്രയായിരുന്നു അത്. 2022-ലെ ഫാഷന്‍ റാമ്പുകളില്‍ എഴുതപ്പെട്ട പേരായിരുന്നു ഗയ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിന്റേത്. ഡിസൈനിങ്ങിലും മോഡലിങ്ങിലും ഗയ ഒരുപോലെ തിളങ്ങുകയാണ്.
ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിയായി ഡല്‍ഹിയിലെത്തിയ കാലത്താണ് തന്നിലെ സ്ത്രീത്വത്തെ സ്വതന്ത്രമാക്കാന്‍ ഗയ തീരുമാനിക്കുന്നത്. ഇന്ത്യയിലെ ഒരു സാധാരണ സിഖ് കുടുംബത്തിലാണ് ഗഗനെന്ന ഗയയുടെ ജനനം. പുരുഷന്മാര്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന കുടുംബത്തില്‍ താനെപ്പോഴും ഒറ്റയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ഗയ പറയുന്നു.
എല്ലാവരും എഞ്ചിനീയറിങ് പഠിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഫാഷന്‍ രംഗത്തേക്ക് വാശിപിടിച്ച് ഇറങ്ങിത്തിരിച്ചു. അമ്മമാത്രമാണ് അന്ന് പിന്തുണച്ചത്. ആറടി രണ്ടിഞ്ച് ഉയരത്തില്‍ അഴകളവുകള്‍ ഉള്ള ശരീരം. റാമ്പിലെ ആദ്യത്തെ നടത്തം തന്നെ വൈറലായി. പിന്നീട് പൂര്‍ണമായും സ്ത്രീയാവാനുള്ള കടമ്പകള്‍. താന്‍ ഏറ്റവും സന്തോഷിച്ചത് ബ്രെസ്റ്റ് അഗ്മെന്റേഷന്‍ സര്‍ജറിക്കു ശേഷമാണെന്നും ഗയ പറഞ്ഞു. 'അതിന് ശേഷം സാരി ധരിച്ച് ഒരു റാമ്പ് വാക്ക് ഉണ്ടായിരുന്നു. പല്ലു ഉപയോഗിച്ച് മാറിടം മറക്കുക മാത്രമായിരുന്നു അന്ന് ചെയ്തത്, ബ്ലൗസ് ഉണ്ടായിരുന്നില്ല. ഏറെ ആത്മവിശ്വാസത്തോടെയാണ് അന്ന് ഞാന്‍ ചുവടുവച്ചത്.'
എന്റെ ചര്‍മം എന്റെ ആത്മവിശ്വാസം
സോഷ്യല്‍ മീഡിയ മുഴുവന്‍ ഫില്ലറുകളും ഫില്‍റ്ററുകളുമാണ്. വളരെ ചുരുക്കം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മാത്രമാണ് അണ്‍ഫില്‍റ്റേര്‍ഡ് സ്റ്റോറികള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അതിലുമുണ്ട് കപടമായവ. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് റിയ അഗര്‍വാള്‍ എന്ന ഇരുപതുകാരി. ഈ വര്‍ഷം വേള്‍ഡ് വിറ്റിലിഗോ ദിനത്തില്‍ റിയ പങ്കുവെച്ച വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു. മോഡലും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയ, വിറ്റിലിഗോ രോഗവുമൊത്തുള്ള തന്റെ ജീവിതപോരാട്ടത്തെപ്പറ്റിയാണ് ആ പോസ്റ്റിലൂടെ തുറന്നു പറഞ്ഞത്.
എങ്ങനെയാണ് താന്‍ ചര്‍മത്തിലെ നിറവ്യത്യാസം മൂലം മറ്റുള്ളവരില്‍ നിന്നേല്‍ക്കുന്ന കളിയാക്കലുകളെ നേരിട്ടത് എന്ന് റിയ പങ്കുവയ്ക്കുന്നു. മാത്രമല്ല റിയ ഇന്ന് സ്‌കിന്‍ പോസിറ്റിവിറ്റിയെ മുന്നോട്ടുവയ്ക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍ പ്രധാനികൂടിയാണ്.
മൂന്നാമത്തെ വയസ്സിലാണ് റിയയുടെ ചര്‍മത്തില്‍ വിറ്റിലിഗോയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എന്നാല്‍ സ്‌കൂള്‍ പഠനകാലത്തൊക്കെ അതൊരു സ്വഭാവികകാര്യം എന്ന മട്ടിലായിരുന്നു റിയയും ചുറ്റുമുള്ളവരും കണ്ടത്. കോളേജിലെത്തിയപ്പോള്‍ സ്ഥിതി മാറി. പരിഹാസവും ഒറ്റപ്പെടുത്തലും. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണയോടെ വിറ്റിലിഗോയെപ്പറ്റി ബോധവത്ക്കരണം നടത്താനായിരുന്നു റിയ ശ്രമിച്ചത്. അതിനായി സോഷ്യല്‍ മീഡിയ പേജും തുടങ്ങി.
സ്വയം സ്‌നേഹിക്കാന്‍ തുടങ്ങുന്നിടത്താണ് എല്ലാവരും വിജയിക്കുക എന്ന് റിയ തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. റിയയെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഒപ്പം പ്രമുഖമായ ബ്രാന്‍ഡുകളും മറ്റും തങ്ങളുടെ റിവ്യൂസിന് വേണ്ടി റിയയെ സമീപിച്ചു തുടങ്ങി. നൈക്ക പോലുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ടവളാണ് റിയ ഇപ്പോള്‍.
പ്രായം ഒരു പ്രശ്‌നമല്ല
58-ാമത്തെ വയസ്സില്‍ മോഡലിങ്ങിലേക്ക് തിരിയുക. അതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ മാത്രം കേള്‍ക്കുക. മുക്താ സിങ്ങ് മോഡലിങ്ങിലെ നിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. കൊച്ചുമക്കളെയൊക്കെ നോക്കി വീട്ടിലിരിക്കേണ്ട പ്രായമെന്ന പരിഹാസം ചില്ലറയല്ല മുക്തയ്ക്ക് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ തന്റെ ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഇന്ത്യന്‍ ഫാഷന്‍രംഗത്ത് ഇടം നേടിയിരിക്കുകയാണ് അവര്‍.
ജോലി, വീട്, ഫൈറ്റര്‍പൈലറ്റായ ഭര്‍ത്താവിന്റെ തിരക്കുകള്‍, മക്കള്‍, അവരുടെ കുട്ടികള്‍... അങ്ങനെ പോയിരുന്ന സാധാരണ ജീവിതത്തിലാണ് തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ മുക്തയ്ക്ക് വന്നത്. മക്കള്‍ക്കൊപ്പം ഒരു യാത്രയ്ക്ക് ജീന്‍സും ഷര്‍ട്ടു അണിയുമ്പോള്‍ ഇതുകൊള്ളാമല്ലോ, തനിക്കു ചേരുന്നുണ്ടല്ലോ എന്നായി. കുറച്ചു ചിത്രങ്ങളും എടുത്തു. മധ്യവയസ്സിൽ ഒന്നൊഴിയാതെ മുഴുവന്‍ നരച്ച തലമുടിയും ജീന്‍സും ഷര്‍ട്ടും മുക്തയ്ക്ക് ഉഗ്രന്‍ ലുക്ക് നല്‍കിയെന്നു തന്നെ പറയാം. പ്രാദേശികമായ ബ്രാന്‍ഡുകള്‍ക്ക് മോഡലായി തുടങ്ങിയ മുക്തയുടെ കരിയര്‍ ലാക്‌മേ ഫാഷന്‍വീക്കില്‍ എത്തിനില്‍ക്കുകയാണ് ഇപ്പോള്‍.
സേനയില്‍ നിന്ന് റാമ്പിലേക്ക്
ഇരുപത്തിയൊന്ന് വര്‍ഷത്തെ സൈനികസേവനത്തിന് ശേഷം തിരിച്ചെത്തുമ്പോള്‍ നിതിന്‍ മേത്തയുടെ മുന്നില്‍ അടുത്ത ലക്ഷ്യം എന്തെന്നത് ചോദ്യചിഹ്നമായിരുന്നില്ല. ഉറപ്പായിരുന്നു. മോഡലിങ്ങിലേക്ക് തിരിയും മുമ്പ് നിതിന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കാണ് എത്തിയത്. അവിടെ നിന്ന് റാമ്പിലേക്ക്. തനിഷ്‌ക്കിന്റെ മോഡലായി ലാക്‌മേ ഫാഷന്‍ വീക്കില്‍. ഇന്ത്യന്‍ ഫാഷന്‍ ലോകത്തിന്റെ ഐക്കണുകളില്‍ ഒരാളാണ് 56-കാരനായ നിതിനിപ്പോള്‍.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 13 Aug 2025, 02:20 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented