മാന്‍ഫോഴ്സ് സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിന ഫാഷന്‍ ഷോയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് സമ്മാനിച്ചത് സണ്ണി ലിയോണിയായിരുന്നു. ഫാഷനെ ഒരു ദൃശ്യ വിരുന്നായും അതോടൊപ്പം കാമ്പെയ്‌നിന്റെ സന്ദേശം പ്രതീകാത്മകമായി അവതരിപ്പിച്ചുംകൊണ്ടാണ് താരമെത്തിയത്.

കേവലം ഗ്ലാമറിനെ മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്തത്. കാമ്പെയ്നിന്റെ സന്ദേശം ഉള്‍ക്കൊളളുന്ന രീതിയിലാണ് അവരുടെ വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തിളക്കമാര്‍ന്ന വെള്ളി നിറത്തിലുളള മിനി ഡ്രസ് ധരിച്ചാണ് സണ്ണി റാംപിലേക്ക് കടന്നുവന്നത്. അത് കാഴ്ചക്കാരില്‍ വലിയ സ്വാധീനം ചെലുത്തി. പ്രതിഫലിക്കുന്ന ക്രിസ്റ്റല്‍ വര്‍ക്കുകളും കണ്ണാടി പോലുള്ള പാനലുകളും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് ഈ വസ്ത്രം. കഴുത്തിലും തലയിലും, ലെയറുകളായുള്ള ലോഹ ചെയ്‌നുകള്‍ ഉണ്ടായിരുന്നത് വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കി.

തുടക്കത്തിലെ ലുക്കിനായി, പിങ്ക് നിറത്തിലുള്ള സ്‌കേര്‍ട്ട്, മിനി ഡ്രസ്സിനു ചുറ്റും പൊതിഞ്ഞാണ് അവര്‍ എത്തിയത്. മുന്‍വശത്ത് സ്ലിറ്റുളള ഗൗണ്‍ പോലെ തോന്നുന്നതായിരുന്നു ഈ ലുക്ക്. റാംപിന്റെ പകുതിയില്‍ വെച്ച്, സണ്ണി ഓവര്‍സ്‌കേര്‍ട്ട് ഊരിമാറ്റി, മിനി ഡ്രസ്സിന്റെ പൂര്‍ണ്ണ രൂപം വെളിപ്പെടുത്തി. അതായിരുന്നു കാമ്പെയ്നിന്റെ സന്ദേശം. ഓവര്‍സ്‌കേര്‍ട്ട് മാറിയപ്പോള്‍, മിനി ഡ്രസ്സിലെ വിശദാംശങ്ങള്‍ കാണികൾ ശ്രദ്ധിച്ചു. അതില്‍ തുന്നിപിടിപ്പിച്ചു വെച്ചിരുന്ന കോണ്ടം പാക്കറ്റുകളും ഉണ്ടായിരുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ പ്രതീകാത്മകത അവരുടെ വസ്ത്രത്തില്‍ വ്യക്തമായിരുന്നു. ‘കാഴ്ചയ്ക്കും,തിളക്കത്തിനും സംരക്ഷണം പ്രധാനമാണ്’ എന്നതായിരുന്നു സന്ദേശം.'അവബോധത്തിനും ഫാഷനും വേണ്ടിയാണ് സണ്ണി ലിയോണി ഈ വേഷം തിരഞ്ഞെടുത്തത് എന്ന് ഡിസൈനര്‍ ആഷ്ലി റെബെല്ലോ പറഞ്ഞു.

സണ്ണി ലിയോണി സിനിമാ രംഗത്ത് സജീവമായിട്ട് ഏകദേശം 15 വര്‍ഷം കഴിഞ്ഞു. നടി, സംരംഭക, അമ്മ എന്നിങ്ങനെ നിരവധി റോളുകളില്‍ തിളങ്ങുന്ന ഈ ബോളിവുഡ് താരം പുതുതായി ഡല്‍ഹിയില്‍ ഒരു കോക്ടെയ്ല്‍ ബാര്‍ തുടങ്ങിയിട്ടുണ്ട്. ഒരേ സമയം ഇത്രയധികം കാര്യങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, “നിങ്ങള്‍ക്ക് മറ്റ് വഴികളില്ലെങ്കില്‍, നിങ്ങള്‍ അത് ചെയ്യും.  ചെയ്യുന്ന കാര്യങ്ങളിൽ മുഴുകി ഇരിക്കുന്നത് എനിക്ക് പ്രചോദനവും ഊര്‍ജവും നല്‍കുന്നു” അവർ പറയുന്നു. തിരക്കുകള്‍ക്കിടയിലും ഫിറ്റ്നെസ്സിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് അവര്‍.

പാന്‍ ഇന്ത്യന്‍ സുന്ദരി, കോര്‍ കോറേ എന്നിവയാണ് സണ്ണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi