അല്ലു അർജുൻ നായകനായ 'പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലെ 'ഊ അണ്ടാവ' എന്ന സാമന്ത റൂത്ത് പ്രഭുവിൻെറ ഐറ്റം ഡാൻസ് ഏവരെയും അക്ഷരാർഥത്തിൽ ‍ഞെട്ടിച്ച ഒന്നായിരുന്നു. സാമന്തയുടെ ഹോട്ട്നെസ്സും മെയ് വഴക്കവും ഗാനത്തെ ആഗോളഹിറ്റാക്കി മാറ്റി. കഴിഞ്ഞദിവസം നടന്ന എൻ‍ഡിടിവി വേൾഡ് സമ്മിറ്റ് 2025-ൽ സംസാരിക്കവെ ആ ഗാനരംഗത്തെക്കുറിച്ചും താൻ നേരിട്ട പോരാട്ടങ്ങളെക്കുറിച്ചും ചലച്ചിത്ര രംഗത്തെ തന്റെ യാത്രയെക്കുറിച്ചും സാമന്ത മനസ്സുതുറന്നു.

‘’ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ് എന്റേത്. എനിക്കൊന്നും ഉണ്ടായിരുന്നില്ല, ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി. പേരും പ്രശസ്തിയും പണവും കയ്യടികളും തേടിയെത്തി. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു', എന്നായിരുന്നു സാമന്തയുടെ വാക്കുകൾ.

‘ഊ അണ്ടാവ’ എന്ന ഗാനത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് പലവേദികളിലും സാമന്ത സംസാരിച്ചിട്ടുണ്ട്, ഗാനം ചിത്രീകരിക്കുന്നതിനിടെ തന്റെ കാലുകൾ വിറയ്ക്കുകയായിരുന്നുവെന്നും അത് വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും. ഇതേക്കുറിച്ചുള്ള സാമന്തയുടെ പുതിയ വെളിപ്പെടുത്തലിങ്ങനെ:

‘എനിക്ക് അങ്ങനെയൊന്ന് ചെയ്യാനാവുമോയെന്ന് നോക്കാനാണ് 'ഊ അണ്ടാവ' ചെയ്തത്. ഞാനൊരിക്കലും എന്നെ സെക്സിയായി കണ്ടിരുന്നില്ല. ആരും എനിക്കൊരു ബോൾഡ് റോൾ തരാനും പോകുന്നില്ല. ഞാൻ അത്ര പോരാ, എനിക്ക് സൗന്ദര്യമില്ല, ഞാൻ മറ്റ് പെൺകുട്ടികളെപ്പോലെ അല്ല' എന്ന ചിന്ത എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. അതിനാൽ എനിക്കത് വലിയ വെല്ലുവിളിയായിരുന്നു. സെക്സി എന്റെ ശൈലിയല്ല. അത് എന്റെ രീതിയല്ല. എന്നാൽ ഒരു നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഞാൻ വളർന്നത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്നെത്തന്നെ എത്തിച്ചുകൊണ്ടാണ്, “

തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും അറിഞ്ഞവർക്ക് വിവാഹമോചനം, രോഗം തുടങ്ങിയ വ്യക്തിപരമായ വെല്ലുവിളികളെക്കുറിച്ചറിയാം, ട്രോളുകളും മുൻവിധികളും നേരിടേണ്ടി വരുന്നുണ്ടെന്നും താരം വ്യക്തമാക്കി.

വരുൺ ധവാനോടൊപ്പമുള്ള 'സിറ്റാഡൽ ഹണി ബണ്ണി' ആയിരുന്നു സാമന്തയുടെ ഒടുവിലത്തെ സിനിമ. റിപ്പോർട്ടുകളനുസരിച്ച് രക്ത ബ്രഹ്മാണ്ഡ്' 'മാ ഇന്റി ബംഗാരം' എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് താരം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi