
എ ഐ നിർമിത ചിത്രം
മനുഷ്യന്റെ സ്നേഹമുള്ള ഉറ്റ ചങ്ങാതിമാരാണ് നായകള്‍. എന്താണ് ഇതിന്റെ പിറകിലുള്ള കാരണം? ആയിരക്കണക്കിന് വര്‍ഷങ്ങളായി രണ്ടു വ്യത്യസ്ത ജീവജാതികള്‍ ഉറ്റചങ്ങാതിമാരായിരിക്കുകയെന്നത് അതിശയകരമാണ്. ആ ഹൃദയബന്ധത്തിന്റെ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ഇപ്പോള്‍ ഗവേഷകര്‍ക്ക് കഴിയുന്നുണ്ട്. മനുഷ്യനൊപ്പം ജീവിക്കാന്‍ സമാന്തരമായ ഒരുപാടു മാറ്റങ്ങള്‍ (parallel evolution) നായകളില്‍ ഉണ്ടായതായി മോളിക്കുലര്‍ ബയോളജി, ജീനോം സീക്വന്‍സിങ്ങ്, എംആര്‍ഐ തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വഴി കണ്ടെത്തിയിട്ടുണ്ട്.
ഓക്‌സിടോസിനും പരിണാമവും
ആളുകള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന് കാരണമാകുന്ന ഹോര്‍മോണായ ഓക്സിടോക്സിന്റെ പ്രവര്‍ത്തനമാണ് നായയും മനുഷ്യനുമായുള്ള തീവ്ര ബന്ധത്തിന്റെ അടിസ്ഥാനമായി ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. അരുമകളായ നായകള്‍ തങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയപ്പോള്‍ ഉടമകളില്‍ ഓക്സിടോക്സിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ സമാനമായ ഹോര്‍മോണ്‍ വ്യത്യാസം നായകളിലും കാണപ്പെട്ടു. പരസ്പരം നോക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ഇതിലൂടെ തലച്ചോറിന്റെ ഉദ്ദീപനവും ഓക്‌സിടോസിന്റെ പ്രവര്‍ത്തനവുമാണ് നടക്കുന്നത്. ഏറ്റവും പുതിയ കണ്ടെത്തലുകളനുസരിച്ച് നായകള്‍ ചിരപുരാതനമായ ഈ ജൈവീക പ്രക്രിയ പകര്‍ന്നെടുത്തിരിക്കുന്നു. അതുവഴി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയതു മുതലുള്ള കൂട്ടുകെട്ടിനെ ഈ പ്രക്രിയ കൂടുതല്‍ ശക്തമാകുകയും ചെയ്തു.
മനുഷ്യനും നായയുമുള്ള ബന്ധം ഇത്ര അനായസമായി കൊണ്ടുപോകാന്‍ പറ്റുന്നത് പരസ്പര സൗഹൃദം കാരണമാണ്. അതിനു പിന്നിലും ഓക്‌സിടോസിന്റെ കളിയാണെന്ന് ടാക്കേഫുമി കിക്കുസൂയി എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു. മനുഷ്യനും നായകളും അവരുടെ സവിശേഷമായ ബന്ധം രൂപപ്പെടുത്തിയതിന്റെ രഹസ്യമറിയാൻ കിക്കുസൂയിയും സഹപ്രവര്‍ത്തകരും തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തി. തുടക്കത്തില്‍ മുപ്പത് നായകളുടെ ഉടമസ്ഥരും അവരുടെ നായകളും തമ്മില്‍ കളിക്കുന്നത് അരമണിക്കൂര്‍ നിരീക്ഷിച്ചു. ഗോള്‍ഡന്‍ റിട്രീവര്‍, പൂഡില്‍, ജാക്ക് റസ്സല്‍ ടെറിയര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങളാണ് അവയിലുണ്ടായിരുന്നത്. നായകളും ഉടമകളും കളികളില്‍ ഏര്‍പ്പെട്ട 30 മിനിറ്റിനു മുമ്പും പിന്‍പുമുള്ള മൂത്രപരിശോധനയില്‍ നിന്ന് ചില കാര്യങ്ങള്‍ ഗവേഷകര്‍ മനസ്സിലാക്കി. ആരുടെ നായകളാണോ ഉടമകളുടെ കണ്ണില്‍ കൂടുതല്‍ സമയം നോക്കിയത്, അവരുടെ മൂത്രത്തില്‍ ഓക്സിടോക്സിന്റെ അളവ് കൂടുതലായി കാണപ്പെട്ടു. അവരുടെ നായ്ക്കളിലും സമാനമായ ഫലമാണ് കണ്ടെത്താന്‍ സാധിച്ചത്. അടുത്ത ഘട്ടത്തില്‍ അവര്‍ പരീക്ഷണത്തെ ഒരു പടി മുന്നോട്ട് കൊണ്ടുപോയി. ഇത്തവണ ഗവേഷണ സംഘം ചെയ്തത് ഉപ്പുവെള്ളമോ ഒരു തുള്ളി ഓക്സിടോസിന്‍ ഹോര്‍മോണോ നായകളുടെ മൂക്കിനു മുകളില്‍ സ്പ്രേ ചെയ്തു. ഓക്സിടോസിന്‍ അധികം കിട്ടിയ നായകള്‍ പരസ്പരം നോക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി അവര്‍ കണ്ടെത്തുകയും ചെയ്തു. മനുഷ്യബന്ധങ്ങളുടെ രഹസ്യവഴികള്‍ നായകള്‍ കവര്‍ന്നെടുത്തതിനെ വിശദീകരിക്കുന്ന ഒരു ശാസ്ത്രലേഖനം 2015-ല്‍ ലോകപ്രസിദ്ധമായ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു.
കണ്‍വര്‍ജന്റ് പരിണാമം (Convergent evolution) എന്ന പ്രതിഭാസത്തിന്റെ അത്യപൂര്‍വമായ ഉദാഹരണങ്ങളിലൊന്നാണിത്.
ഒരേ സ്വഭാവങ്ങള്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ രണ്ട് വ്യത്യസ്ത ജീവജാതികളില്‍ പരിണമിച്ചുണ്ടാകുന്നതിനെയാണ് ഇത് അര്‍ഥമാക്കുന്നത്. മനുഷ്യര്‍ തമ്മിലുള്ള നിശബ്ദമായ ആശയവിനിമയത്തിന്റെ വഴികള്‍ നായകള്‍ പരിണാമത്തിലൂടെ പകര്‍ത്തിയെടുത്തു. ഉറ്റുനോട്ടത്തിലൂടെ (gaze) അല്ലെങ്കില്‍ കണ്ണുകള്‍ കഥകള്‍ കൈമാറുന്നു എന്നൊക്കെ സാഹിത്യത്തില്‍ പറയുന്ന പ്രവൃത്തിയിലൂടെ തലച്ചോറിലെ രാസപരിസ്ഥിതിയെ മാറ്റിമറിച്ച് രണ്ടു മനുഷ്യരില്‍ ഒരേ അനുഭൂതി ഉണ്ടാകുന്ന ഈ ജൈവ പ്രവര്‍ത്തനമാണ് നായകള്‍ സ്വന്തം തലച്ചോറില്‍ പരിണാമത്തിലൂടെ ഉരുത്തിരിച്ചെടുത്തത്. പരിണാമത്തിന്റെ വ്യത്യസ്ത വഴികളില്‍ ഉരുത്തിരിഞ്ഞ മനുഷ്യരും നായകളും അവരുടെ പരസ്പരബന്ധവും വൈകാരിക വിനിമയവും സാധ്യമാക്കാന്‍ തങ്ങളുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയേയും സൂക്ഷ്മതലത്തില്‍ മാറ്റിവരയ്ക്കുകയായിരുന്നു എന്നും പറയാം. മനുഷ്യന്റെ തലച്ചോറിന്റെ ഇത്രയും സൂക്ഷ്മമായ പ്രവൃത്തികള്‍ വരെ മോഷ്ടിച്ചെടുത്ത് മനുഷ്യനോട് ഹൃദയത്തില്‍ തൊട്ടു സംവദിക്കാന്‍ നായകള്‍ കാണിച്ച വിരുതാണ് അവരെ മനുഷ്യന്റെ ഉറ്റ കൂട്ടുകാരാകാന്‍ സഹായിച്ചത്. വാക്കുകളില്ലാതെ ഒരു മൃഗവുമായി ആശയവിനിമയം സാധ്യമായാല്‍ മനുഷ്യര്‍ക്ക് അവയെ ഉപേക്ഷിക്കാനാവില്ലെന്ന രഹസ്യം ഒരു പക്ഷേ അവ മനസിലാക്കിയിട്ടുണ്ടാവും. ഓക്‌സിടോസിന്റെ പ്രവര്‍ത്തന ഫലമായി ഡോപമിന്‍, എന്‍ഡോര്‍ഫിന്‍ തുടങ്ങിയ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും രാസവസ്തുക്കള്‍ ശരീരത്തിലുണ്ടാകുമ്പോള്‍ പരസ്പര നോട്ടം സമ്മാനിക്കുന്നത് അമ്മയ്ക്കും കാമുകിക്കും ഉറ്റചങ്ങാതിക്കും നല്‍കാന്‍ കഴിയുന്ന അതേ നോട്ടമാകാം.
മെനു മാറിയപ്പോള്‍ മാറിയ ദഹനശക്തി
വേട്ടയാടിയും കായ്കനികള്‍ ശേഖരിച്ചും സ്ഥിര വാസസ്ഥലമില്ലാതെ ജീവിച്ച മനുഷ്യന്‍ അന്നജ പ്രധാനമായ ധാന്യങ്ങള്‍ വളര്‍ത്തുന്ന കര്‍ഷകനായി '' സെറ്റില്‍ ' ചെയ്തതോടെ കൂട്ടുകാരായ നായ്ക്കള്‍ക്കും അവരുടെ മെനുവില്‍ മാറ്റം വന്നു. മാംസാഹാരികളായ നായ്ക്കള്‍ക്ക് അന്നജം (സ്റ്റാര്‍ച്ച്) ദഹിപ്പിക്കാനുള്ള കഴിവാകട്ടെ അന്ന് നാമമാത്രമായിരുന്നു. പക്ഷേ ആ പ്രതിസന്ധിഘട്ടം നായ്ക്കള്‍ അതിജീവിച്ചതിന്റെ രഹസ്യം ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 2013-ല്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പേപ്പറിലാണ് എറിക് ആക്‌സല്‍സണും സംഘവും മനുഷ്യനൊപ്പം ഉണ്ണാന്‍ നായകള്‍ക്കുണ്ടായ ജൈവപരിണാമത്തിന്റെ ശാസ്ത്രം വിശദീകരിച്ചത്. അന്നജമായ സ്റ്റാര്‍ച്ച് (starch) ദഹിപ്പിക്കാന്‍ കഴിയുന്ന സലൈവറി അമൈലേസ് എന്ന ജൈവരാസത്വരകം ഉത്പാദിപ്പിക്കാന്‍ ജനിതക സന്ദേശം നല്‍കുന്ന മൂന്നു ജീനുകള്‍ സെലക്ട് ചെയ്യപ്പെട്ടതാണ് നായയുടെ ദഹനശേഷി മാറാനുള്ള കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. AMY2B,MGAM,SGLT1 എന്നിവയാണ് അന്നജത്തിന്റെ ദഹനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന മൂന്നു ജീനുകള്‍. മൂന്നു ജീനുകളിലുണ്ടായ ഉണര്‍വാണ് മനുഷ്യന്‍ ഭക്ഷണരീതി മാറ്റിയപ്പോള്‍ അതിനോട് അനുരൂപപ്പെടാന്‍ നായ്ക്കളെ സഹായിച്ചത്.
ഹൃദയസ്പര്‍ശിയായ നോട്ടം
നായകള്‍ മനുഷ്യന്റെ മുഖത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര നിഷ്‌കളങ്കമായ നോട്ടമാണത്. മനുഷ്യന്റെ ശ്രദ്ധ തന്റെ മേലൊന്നു പതിയാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വളര്‍ത്തുമൃഗമാണ് നായ. ഏകദേശം നാലാഴ്ച പ്രായം മുതല്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഈ ശ്രമം വളര്‍ത്തുനായക്കുട്ടികള്‍ തുടങ്ങുന്നു. നായയെ വളര്‍ത്തുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കാകട്ടെ നായയുടെ ദൈന്യമായ ഭാവം ഹൃദയത്തില്‍ തൊടുന്നതുപോലെയാവും അനുഭവപ്പെടുക. പ്രൊസീഡിങ്ങ്‌സ് ഓഫ് നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസിന്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ നായയുടെ മുഖത്തിനും കണ്ണുകള്‍ക്കും തങ്ങളുടെ പിതാമഹന്‍മാരായ ചെന്നായകള്‍ക്കില്ലാത്ത സങ്കീര്‍ണ്ണമായ ഭാവങ്ങള്‍ ലഭിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടുണ്ട്. നായകളുടെ കണ്ണുകളിലെ ഒരു ജോടി മാംസപേശികളാണ് മനുഷ്യന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന നോട്ടം തരാന്‍ അവയെ പ്രാപ്താരാക്കുന്നത്. ഈ രണ്ടു മാംസപേശികള്‍ ചെന്നായകളില്‍ വികാസം പ്രാപിച്ചിട്ടില്ലായെന്നതിനാല്‍ വളര്‍ത്തുനായയായുള്ള പരിണാമത്തില്‍ വിജയിക്കാന്‍ നായ കാട്ടിയ മറ്റൊരു ജൈവശാസ്ത്ര കൗശലമായി ഈ ശാരീരിക മാറ്റത്തെ പരിഗണിക്കാം. ഈ മാറ്റമാകട്ടെ മനുഷ്യരുമായി കൂടുതല്‍ ഹൃദ്യമായി ആശയവിനിമയം നടത്താനും ബന്ധങ്ങള്‍ ഒന്നു കൂടി ഉറപ്പിക്കാനും അവരെ സഹായിച്ചിട്ടുണ്ട്. The retractor anguli oculi lateralis, levator anguli oculi medialis (RAOL and LAOM) എന്നീ മാംസപേശികള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് കണ്ണുകളുടെ പ്രത്യേക ചലനം സാധ്യമാക്കുന്നതിലൂടെയാണ് ഇത്തരമൊരു ക്യൂട്ട് ലുക്ക് ലഭിക്കുന്നത്.
സന്തോഷവും സന്താപവും തിരിച്ചറിയുന്ന നായ
നായയും മനുഷ്യനുമായുള്ള അടുത്ത സഹവാസം തുടങ്ങിയിട്ട് കാലമേറെയായല്ലോ? സമയവും അനുഭവങ്ങളും അവരെ കൂടുതല്‍ അടുത്തറിയാനും മനസിലാക്കാനും കഴിയുംവിധം മാറ്റിയെടുത്തിട്ടുണ്ട്. മനുഷ്യരുടെ സംസാരം നായകള്‍ മനസ്സിലാക്കുന്നത് എങ്ങനെയെന്ന് 2016 സെപ്റ്റംബര്‍ 2- ന് പ്രസിദ്ധീകരിച്ച സയന്‍സ് ജേണലില്‍ ആന്‍ഡിക്‌സും സഹപ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ഗവേഷണത്തിന്റെ ഫലം പ്രസിദ്ധീകരിച്ചതോടെ നമുക്ക് കൂടുതല്‍ ബോധ്യമായിട്ടുണ്ട്. നമ്മള്‍ പറയുന്ന വാക്കുകളും ശബ്ദത്തിന്റെ ധ്വനിയും മനസിലാക്കാന്‍ നായയുടെ തലച്ചോറ് പ്രവര്‍ത്തിക്കുന്ന രീതിയാണ് അവര്‍ പഠിച്ചത്. അത്ഭുതകരമെന്നു പറയട്ടെ വാക്കുകളുടെയും ശബ്ദത്തിന്റെയും വൈകാരികത മനസിലാക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന തലച്ചോറിന്റെ അതേ ഭാഗങ്ങളാണ് നായകളും ഉപയോഗിക്കുന്നതത്രേ! തലച്ചോറിന്റെ ഇടത് അര്‍ധഗോളമാണ് വാക്കുകളുടെ അര്‍ഥം മനസിലാക്കാന്‍ മനുഷ്യനെ സഹായിക്കുന്നത്. നായകളെ പ്രശംസിക്കാന്‍ നാം ഉപയോഗിക്കുന്ന വാക്കുകളോട് ശക്തമായി പ്രതികരിക്കുന്നതും നായയുടെ തലച്ചോറിന്റെ ഇടതു വശമാണ്. നായയുടെ തലച്ചോറിന്റെ വലത് അര്‍ധഗോളത്തിലെ ഒരു പ്രത്യേക ഭാഗമാണ് വാക്കുകളുടെ ധ്വനിഭേദങ്ങള്‍, വൈകാരികത എന്നിവ തിരിച്ചറിയാന്‍ സഹായിക്കുന്നത്. എന്നാല്‍ സന്തോഷം തോന്നിപ്പിക്കുന്ന നായയുടെ തലച്ചോറിലെ ഭാഗം പ്രവര്‍ത്തിക്കുന്നത് വാക്കുകളും അവയുടെ ധ്വനിയും, വികാരവും നല്ലതാകുമ്പോള്‍ മാത്രമാണ്. അതായത് വാക്കുകള്‍ മാത്രമല്ല അവയ്ക്ക് നമ്മള്‍ പറയുന്നതിന്റെ രീതിയും മനസിലാക്കാന്‍ കഴിയുന്ന വിധം നായയുടെ തലച്ചോര്‍ മാറിയിരിക്കുന്നു. നായക്കു സംസാരിക്കാനാവില്ലെങ്കിലും മനുഷ്യന്‍ പറയുന്ന വാക്കുകളുടെ പൊരുളറിയാന്‍ അവയ്ക്കു കഴിയുമെന്ന് സാരം.
( വയനാട്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് ലേഖകന്‍)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The science behind the deep connection between humans and dogs
Published: 05 Aug 2025, 12:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented