ഷാരൂഖ് ഖാന്റെ സിനിമകളിലെ പ്രണയരംഗങ്ങൾ കണ്ട് പ്രണയത്തെക്കുറിച്ച് സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. പ്രണയത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച താരമാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ സിനിമകളിലെ നായകന്മാരെപ്പോലെ പ്രണയിക്കുന്ന ഒരാൾ ജീവിതത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. അക്കൂട്ടത്തിൽ താനുമുണ്ടെന്ന് തുറന്നുപറയുകയാണ് നടി മൃണാൾ താക്കൂർ. ഷാരൂഖ് ഖാൻ തന്റെ ജീവിതത്തിലില്ലല്ലോ എന്നതാണ് സങ്കടമെന്നും താരം തമാശരൂപേണ പറയുന്നു.
ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ബോളിവുഡ് സിനിമകൾ അതിനെ സ്വാധീനിച്ച രീതിയും പങ്കുവയ്ക്കുകയായിരുന്നു മൃണാൾ. ''ഷാരൂഖ് ഖാൻ എന്റെ ജീവിതത്തിലില്ലല്ലോ എന്നതാണ് സങ്കടം. പ്രണയത്തിന്റെ കാര്യത്തിൽ അദ്ദേഹം നിശ്ചയിച്ചുവച്ചിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാൽ തീരില്ല. എനിക്ക് ഷാരൂഖ് സാറിനോട് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം സിനിമകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളോടും. ഷാരൂഖ് സാറിനെപ്പോലെ പ്രണയിക്കുന്ന ഒരാളെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്,'' മൃണാൾ പറഞ്ഞു.
Also Read
ബോളിവുഡ് സിനിമകൾ പ്രണയത്തെക്കുറിച്ച് ചില തെറ്റായ ധാരണകൾ സമൂഹത്തിൽ സൃഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മൃണാൾ വ്യക്തമായ മറുപടി നൽകി. ''പല ഐക്കോണിക് സിനിമകളും വീണ്ടും കണ്ടപ്പോൾ, ഇതെന്താണ്, എന്തിനാണ് ഇങ്ങനെ എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ അതൊരു വ്യത്യസ്ത കാലമായിരുന്നു. അന്ന് സമൂഹമാധ്യമങ്ങളില്ല. സിനിമകൾ മാത്രമായിരുന്നു പ്രധാന വിനോദമാധ്യമം. ഇന്ന് കാര്യങ്ങൾ മാറി. ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് ഇഷ്ടമുള്ള സിനിമകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കാൻ കഴിയുന്ന കാലത്ത് ജനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,'' മൃണാൾ പറഞ്ഞു.
ഒരു സിനിമയെ പ്രേക്ഷകർ എങ്ങനെ സമീപിക്കുന്നു എന്നതും അതിൽനിന്ന് എന്ത് ഉൾക്കൊള്ളുന്നു എന്നതും പ്രധാനമാണെന്നാണ് താരത്തിന്റെ അഭിപ്രായം. ചിലർ സിനിമയിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമ്പോൾ മറ്റുചിലർ അതിനെ വിനോദമായി മാത്രം കാണുന്നു. സിനിമ കണ്ടതുകൊണ്ടുമാത്രം എല്ലാവരുടെയും ചിന്താഗതികൾ മാറണമെന്നില്ലെന്നും മൃണാൾ ചൂണ്ടിക്കാട്ടി.
തന്റെ പുതിയ ചിത്രമായ ‘പൂജാ മേരി ജാൻ’ സീ5 എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതിലുള്ള സന്തോഷവും താരം പങ്കുവച്ചു. ''ഒരു പെൺകുട്ടിയെന്നോ ആൺകുട്ടിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു കാര്യം മനസ്സിലാക്കണം. ഒരാൾ 'നോ' എന്നു പറഞ്ഞാൽ അതിന്റെ അർഥം 'നോ' എന്നാണ്. കൂടുതൽ ശ്രമിച്ചുനോക്കൂ എന്നല്ല,'' മൃണാൾ വ്യക്തമാക്കി.
ഷാരൂഖ് ഖാന്റെ കഥാപാത്രങ്ങൾ പ്രണയത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക് പുതിയ ചിത്രം കൂടുതൽ വ്യക്തത നൽകിയെന്നും മൃണാൾ പറയുന്നു. ''ആരോഗ്യകരമായ പ്രണയം എന്നത് പരസ്പരം സംസാരിക്കാൻ കഴിയുക എന്നതാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടായാൽ അപ്പോൾത്തന്നെ തർക്കം തുടരുന്നതിനുപകരം കുറച്ചുസമയം ശാന്തരാകാം. അതിനുശേഷം വീണ്ടും സംസാരിക്കാം. എല്ലാ ബന്ധങ്ങളിലും ഒരാൾ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന ആളായിരിക്കാം. മറ്റേയാൾ കൂടുതൽ ഉത്കണ്ഠപ്പെടുന്ന ആളുമായിരിക്കാം. ഒരാൾക്ക് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ കുറച്ചുസമയം വേണമെങ്കിൽ മറ്റേയാൾ അത് മനസ്സിലാക്കണം. എന്നാൽ ആ ഇടവേള അനിശ്ചിതമായി നീളാനും പാടില്ല. എന്റെ പങ്കാളിക്ക് കുറച്ചുസമയം വേണമെന്ന് എനിക്കറിയാമെങ്കിൽ, രണ്ടുദിവസം എടുത്തോളൂ, പക്ഷേ അതിനുശേഷം എന്നോട് സംസാരിക്കണം എന്ന് ഞാൻ പറയും. അല്ലെങ്കിൽ എന്റെ മനസ്സ് ഓരോന്ന് ആലോചിച്ച് വിഷമിച്ചുകൊണ്ടിരിക്കും,'' മൃണാൾ പറഞ്ഞു. പ്രണയബന്ധങ്ങളിൽ മാത്രമല്ല, കുടുംബബന്ധങ്ങളിലും ആശയവിനിമയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് മൃണാൾ കൂട്ടിച്ചേർത്തു.
മൃണാൾ താക്കൂർ പ്രധാന വേഷത്തിലെത്തുന്ന പൂജാ മേരി ജാൻ പ്രണയത്തിലെ സമ്മതം, വ്യക്തിസ്വാതന്ത്ര്യം, ആരോഗ്യകരമായ ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറക്കുകയാണ്. ഏറെക്കാലം കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്കെത്തിയ ചിത്രം സീ5 ലൂടെയാണ് സ്ട്രീം ചെയ്യുന്നത്. പ്രണയം എന്നത് ഒരാളെ സ്വന്തമാക്കാനുള്ള ശ്രമമല്ലെന്നും പരസ്പരമുള്ള ഇഷ്ടങ്ങളെയും തീരുമാനങ്ങളെയും ബഹുമാനിക്കലാണെന്നും ഓർമിപ്പിക്കുന്ന ചിത്രം, ബന്ധങ്ങളെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടിലേക്ക് പ്രേക്ഷകരെ നയിക്കുമെന്നാണ് മൃണാളിന്റെ പ്രതീക്ഷ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 17 Oct 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented