
മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കുമെന്ന ആശങ്ക പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. ഇഷ്ടമില്ലാത്ത ആളുകൾക്കിടയിലേക്ക് പോകേണ്ടിവരുമ്പോൾ ആ ഭയം ഇരട്ടിയാകും. അത്തരമൊരു സാഹചര്യത്തിൽ തനിക്ക് ആത്മവിശ്വാസം നൽകിയ അമ്മയുടെ വാക്കുകൾ ഓർത്തെടുക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരെ ഭയന്ന് പിന്മാറേണ്ടതില്ലെന്ന അമ്മയുടെ ഉപദേശമാണ് തനിക്ക് കരുത്തായതെന്ന് താരം വെളിപ്പെടുത്തി. ഒമ്പത് വർഷം മുമ്പ് പങ്കുവച്ച ഈ അനുഭവം വീണ്ടും ശ്രദ്ധനേടുകയാണ്.
തന്നെ ഇഷ്ടമില്ലാത്ത ചിലർ പങ്കെടുക്കുന്ന ഒരു പാർട്ടിയിൽ പോകേണ്ടിവന്നപ്പോഴായിരുന്നു സംഭവം. കാറിൽ അമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്ന പ്രിയങ്കയ്ക്ക് പാർട്ടിക്ക് പോകാൻ മടിയായിരുന്നു. ആത്മവിശ്വാസമില്ലെന്നും അവിടേക്ക് പോകാൻ താൽപര്യമില്ലെന്നും താരം അമ്മയോട് പറഞ്ഞു. എന്നാൽ അമ്മയുടെ മറുപടി വളരെ ലളിതവും അതേസമയം ശക്തവുമായിരുന്നു. ''ഞാൻ ഒരു ഭീരുവിനെയല്ല വളർത്തിയത്,'' എന്നായിരുന്നു അമ്മയുടെ വാക്കുകൾ. അത് പ്രിയങ്കയുടെ മനസ്സുമാറ്റി. മടിച്ചുനിൽക്കാതെ പാർട്ടിനടക്കുന്നിടത്തേക്ക് കടന്ന താരം പിന്നീട് അവിടെയുള്ളവരുടെ ശ്രദ്ധ നേടുകയും ആത്മവിശ്വാസത്തോടെ സമയം ചെലവഴിക്കുകയും ചെയ്തു.
പാർട്ടിയിൽ പോകാൻ തീരുമാനിച്ചതിനെക്കാൾ വലുതായിരുന്നു പ്രിയങ്കയ്ക്ക് ഈ അനുഭവം നൽകിയ പാഠം. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്റെ ജീവിതത്തിലെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്ന തിരിച്ചറിവ്. മാതാപിതാക്കൾ കുട്ടിക്കാലം മുതൽ തനിക്ക് പകർന്നുനൽകിയ ആത്മവിശ്വാസത്തെക്കുറിച്ചും താരം സംസാരിച്ചു.
“ആരെയും മനഃപൂർവം വേദനിപ്പിക്കുകയോ മോശമായ ഉദ്ദേശ്യത്തോടെ പെരുമാറുകയോ ചെയ്തിട്ടില്ലെങ്കിൽ മറ്റുള്ളവരെ അഭിമുഖീകരിക്കാൻ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു അമ്മ നൽകിയ പാഠം. അച്ഛന്റെ മരണശേഷവും അമ്മ ഈ കാര്യം എന്നെ ഓർമിപ്പിച്ചിരുന്നു. എല്ലാവരെയും സന്തോഷിപ്പിക്കാനും എല്ലാവരുടെയും അംഗീകാരം നേടാനും ശ്രമിക്കുന്നത് പലപ്പോഴും മാനസികമായി തളർത്തുന്ന കാര്യമാണ്. ചിലർ നമ്മളെ ഇഷ്ടപ്പെടില്ല, ചിലർ നമ്മുടെ തീരുമാനങ്ങളോട് യോജിക്കില്ല. അതുകൊണ്ടുമാത്രം നമ്മൾ തെറ്റുകാരാകുന്നില്ല. മറ്റുള്ളവരുടെ അനിഷ്ടത്തെ സ്വന്തം കുറ്റബോധമായി കാണേണ്ടതില്ലെന്ന തിരിച്ചറിവാണ് അന്നെനിക്ക് ലഭിച്ചത്”, പ്രിയങ്ക വ്യക്തമാക്കി.
ബോളിവുഡിൽനിന്ന് ഹോളിവുഡിലേക്കും രാജ്യാന്തര സിനിമാലോകത്തേക്കും വളർന്ന പ്രിയങ്ക ചോപ്രയുടെ കരിയറിൽ ആത്മവിശ്വാസത്തിന് വലിയ സ്ഥാനമുണ്ട്. നടി എന്നതിലുപരി നിർമാതാവായും സംരംഭകയായും ആഗോളതലത്തിൽ ശ്രദ്ധനേടുന്ന താരം, വ്യക്തിജീവിതത്തിലും പുതിയ അധ്യായങ്ങളിലൂടെ മുന്നേറുകയാണ്. നിക്ക് ജോനാസിനൊപ്പമുള്ള കുടുംബജീവിതവും മകൾ മാൾട്ടീ മേരിയുടെ വളർച്ചയുമെല്ലാം ആ യാത്രയുടെ ഭാഗമാണ്. മറ്റുള്ളവരുടെ അംഗീകാരത്തിനായി കാത്തുനിൽക്കാതെ സ്വന്തം തീരുമാനങ്ങളിൽ വിശ്വസിച്ച് മുന്നോട്ടുപോകണമെന്ന അമ്മയുടെ വാക്കുകൾ ഇന്നും പ്രിയങ്കയുടെ ജീവിതത്തിന് നൽകുന്ന സന്ദേശം അതുതന്നെയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 11 Oct 2026, 04:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented