അമ്മയായ ശേഷം ജോലിയിലേക്ക് മടങ്ങിവരുന്നത് പല സ്ത്രീകൾക്കും അത്ര എളുപ്പമുള്ള കാര്യമല്ല. കുഞ്ഞിനെ വിട്ടുപോകേണ്ടിവരുന്ന നിമിഷം മുതൽ മനസ്സിൽ ഉയരുന്ന കുറ്റബോധവും ആശങ്കകളും പലപ്പോഴും വാക്കുകൾക്കപ്പുറത്താണ്. അത്തരമൊരു അനുഭവമാണ് നടി പരിനീതി ചോപ്രയും പങ്കുവയ്ക്കുന്നത്. മകൻ നീറിനെ വിട്ട് ആദ്യമായി ജോലിക്കായി യാത്ര ചെയ്തപ്പോൾ അനുഭവപ്പെട്ടത് 'താങ്ങാനാകാത്ത ശാരീരിക വേദന' പോലെയായിരുന്നുവെന്ന് പരിനീതി പറയുന്നു.
''ആദ്യമായി എന്റെ കുഞ്ഞിനെ വിട്ടുപോകേണ്ടിവന്നത് ഞാൻ ഓർക്കുന്നു. പ്രസവശേഷം നിരവധി മാസങ്ങൾ, പകലും രാത്രിയും 24 മണിക്കൂറും അവനൊപ്പമായിരുന്നു. ആദ്യമായി അവനെ വിട്ട് പോയപ്പോൾ ബോംബെയിലേക്കുള്ള ആ വിമാനയാത്ര എങ്ങനെയായിരുന്നുവെന്ന് എനിക്ക് ഓർമയില്ല. എപ്പോഴാണ് വിമാനത്താവളത്തിലെത്തിയത്, വിമാനം കയറിയത്, ഇറങ്ങിയത്, വീട്ടിലെത്തിയത്...ഒന്നും ഓർമയില്ല. മൂന്ന് മണിക്കൂർ ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു. ഇനി എനിക്ക് ജോലി ചെയ്യാൻ കഴിയില്ലെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും തോന്നി. അത് കുറ്റബോധമല്ല. കുഞ്ഞിനെ വിട്ടുപോകുമ്പോൾ അനുഭവപ്പെടുന്ന താങ്ങാനാകാത്ത ശാരീരിക വേദനയാണ്,'' പരിനീതി പറഞ്ഞു.
Also Read
കുഞ്ഞിനെ വിട്ടുപോകുന്നതിന്റെ വേദനയ്ക്ക് യാഥാർഥ്യവുമായി എല്ലായ്‌പ്പോഴും ബന്ധമുണ്ടാകണമെന്നില്ലെന്നും പരിനീതി പറയുന്നു. കുഞ്ഞ് സുരക്ഷിതമായിരിക്കുമെന്നും കുടുംബം സന്തോഷത്തോടെയായിരിക്കുമെന്നും അറിയാമെങ്കിലും അമ്മയുടെ മനസ്സിലെ വേദന മാറുന്നില്ല. ''കുഞ്ഞിന് കുഴപ്പമൊന്നുമില്ല. നമ്മുടെ അഭാവം അവനെ ബാധിക്കുന്നുമില്ല. കുടുംബവും സന്തോഷത്തിലാണ്. എല്ലാവരും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും ആ വേദന നമുക്ക് അനുഭവപ്പെടും,'' താരം പറഞ്ഞു.
മാതൃത്വവുമായി ബന്ധപ്പെട്ട സാമൂഹിക പ്രതീക്ഷകളെയും പരിനീതി ചോദ്യം ചെയ്തു. ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ പുറത്തുപോകുമ്പോൾ ചില സ്ത്രീകൾ നേരിടുന്ന ചോദ്യങ്ങളും സമ്മർദങ്ങളും അവർ ചൂണ്ടിക്കാട്ടി. ''നിങ്ങളുടെ കുഞ്ഞ് എവിടെയാണ്?'' എന്ന് സ്ത്രീകളോട് ചോദിക്കുന്നത് പോലും അമ്മയായാൽ സ്വന്തം ജീവിതം മാറ്റിവയ്ക്കണമെന്ന സമൂഹത്തിന്റെ പ്രതീക്ഷയുടെ ഭാഗമാണെന്ന് പരിനീതി പറയുന്നു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം സ്ത്രീകൾക്ക് എന്തുകൊണ്ട് അവരുടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്നും താരം ചോദിക്കുന്നു. മാതൃത്വം സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഭാഗമാണെങ്കിലും അതിനൊപ്പം സ്വന്തം ജോലിയും വ്യക്തിജീവിതവും തുടരാനുള്ള അവകാശവും സ്ത്രീകൾക്കുണ്ടെന്നാണ് പരിനീതിയുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്.
2023 സെപ്റ്റംബറിലാണ് പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്പുരിലുള്ള ദ ലീല പാലസിലായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞായ നീർ പിറന്നത്. 'Shaque: Trust No One' എന്ന വെബ് സീരീസിൽ അഭിനയിക്കുന്നതിനിടെയാണ് താൻ ഗർഭിണിയാണെന്ന് അറിഞ്ഞതെന്നും പരിനീതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ മകന്റെ സിനിമാ രംഗത്തെ 'അരങ്ങേറ്റം' കൂടിയായിരുന്നു ആ സമയമെന്ന് താരം തമാശയായി പറഞ്ഞിരുന്നു.
റൻസിൽ ഡി'സിൽവ സംവിധാനം ചെയ്ത 'Shaque: Trust No One' ആണ് പരിനീതിയുടെ ഏറ്റവും പുതിയ റിലീസ്. സിദ്ധാർഥ് പി. മൽഹോത്രയും സപ്ന മൽഹോത്രയും ചേർന്ന് ആൽക്കെമി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ജെന്നിഫർ വിങ്കെറ്റ്, സോണി റസ്ദാൻ, അനു സോണി, താഹിർ രാജ് ഭാസിൻ, സുമീത് വ്യാസ്, ഹർലിൻ സേഥി, ധ്രുവ് ചൗധരി എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഏഴ് എപ്പിസോഡുകളുള്ള സീരീസ് അന്വിത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ആശുപത്രിയിൽനിന്ന് നവജാത മകളെ കാണാതാകുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഒൻപത് വർഷങ്ങൾക്കു ശേഷവും മകളെ തേടുന്ന അന്വിതയുടെ കഥയാണത്. നെറ്റ്ഫ്‌ലിക്‌സിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 28 Sept 2026, 11:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented