അതീവ ഗുരുതരമായ പ്രശ്‌നങ്ങളും ആരോപണങ്ങളുമുന്നയിച്ച് ഒരുവര്‍ഷം തികയും മുന്നേ, പെറുവില്‍ പോണ്‍ താരത്തിന്റെ മരണം. തൈന ഫീല്‍ഡ്‌സിനെയാണ് പെറുവിലെ ട്രൂജില്ലോയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 24 വയസ്സുള്ള താരത്തിന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്.  

രതി ചിത്രങ്ങള്‍ നിര്‍മിക്കുന്നതിന് പേരുകേട്ട കമ്പനിയായ മില്‍ക്കി പെറുവിലൂടെയാണ് തൈന, രംഗത്തേക്ക് കടന്നുവരുന്നത്. അതോടെയാണ് അബിഗേല്‍ എന്ന പേര് തൈന ഫീല്‍ഡ്‌സ് എന്നാക്കുന്നതും. അധികം വൈകാതെ അവര്‍ വളരെ പ്രശസ്തയായി. 

എട്ടുമാസം മുമ്പാണ് തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തൈന തുറന്നുപറഞ്ഞത്. ''ബുദ്ധിമുട്ടേറിയ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. എന്നെക്കൊണ്ട് അവര്‍ക്കിഷ്ടമുള്ളത് ചെയ്യിപ്പിക്കാമെന്നാണ് പലരും കരുതിയിരുന്നത്. അങ്ങനെയാണ് എന്നെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതും. അതിക്രൂരമായ ശാരീരികപീഡനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വീട്ടില്‍ വന്ന് കരഞ്ഞുകൊണ്ട് കിടന്നുറങ്ങിയ നാളുകളായിരുന്നു അതൊക്കെ''.

ഇതെല്ലാം അവരെ കടുത്ത വിഷാദത്തിലേക്കും തള്ളിയിട്ടു. 'വിഷാദവും ചിത്തഭ്രമവും എന്നെ വിട്ടൊഴിയാതെയായി. ഉറക്കഗുളികകളില്ലാതെ ഉറങ്ങാന്‍ പറ്റില്ലെന്ന അവസ്ഥ വന്നു. അങ്ങനെയാണ് ഞാന്‍ പിടിച്ചുനിന്നത്''.   

ഈ മേഖലയില്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് തൈന എന്നും തുറന്നുപറഞ്ഞിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ മുതിര്‍ന്നവര്‍ക്കുള്ള ഇത്തരം കണ്ടന്റ് ഉണ്ടാക്കുക എന്നത് എളുപ്പമല്ലെന്നായിരുന്നു തൈന സ്വന്തം അനുഭവത്തില്‍നിന്ന് പഠിച്ചത്. തൈനയുടെ വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. എന്നിട്ടും മാറ്റങ്ങളൊന്നുമുണ്ടായില്ലെന്നത് വേറെ കാര്യം. 
 
തൈനയുടെ മരണത്തില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുകയാണ്. ബ്രിട്ടീഷ് പോണ്‍ താരമായ സോഫി ആന്‍ഡേഴ്‌സണും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. ജീവിതകാലം മുഴുവന്‍ തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുസംസാരിച്ച്, ദിവസങ്ങള്‍ക്കുശേഷമായിരുന്നു മരണം.