തമിഴ് സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നടനുമായ വിശാല്‍ പറ‍ഞ്ഞു. ആഗസ്റ്റ് 29-ന് തന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് വിശാല്‍ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. മോളിവുഡിലെ ഹേമ കമ്മിറ്റിയ്ക്ക് സമാനമായി കോളിവുഡിലെ സ്ത്രീകളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കമ്മിറ്റി രൂപീകരിക്കുയെന്നും താരം കൂട്ടിച്ചേര്‍ത്തു.

''വരുന്ന പത്ത് ദിവസത്തിനുള്ളില്‍ തമിഴ് സിനിമാമേഖലയിലും ഹേമകമ്മിറ്റിയ്ക്ക് സമാനമായ പത്ത് അംഗ കമ്മിറ്റി രൂപീകരിക്കും. അതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കോളിവുഡിൽ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും അവരുടെ പരാതികള്‍ ഫയല്‍ ചെയ്യാം. താരസംഘടനകള്‍ പുരുഷന്മാര്‍ക്കുവേണ്ടി മാത്രമുള്ളതല്ല, അത് സ്ത്രീകള്‍ക്കും കൂടിയുള്ളതാണ്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ട്, അവര്‍ക്കുവേണ്ടി സംസാരിക്കാനും ആളുകളുണ്ടെന്ന് അവര്‍ക്ക് തോന്നണം.''- വിശാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫോട്ടോഷൂട്ടിന്റെ മറവില്‍ ഓഫീസും ക്യാമറയും സ്ഥാപിച്ച് സ്ത്രീകളെ കുരുക്കിലാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന വ്യാജ പ്രൊഡക്ഷന്‍  കമ്പനികളെ വിശ്വസിക്കരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും വിശാല്‍ ഓര്‍മപ്പെടുത്തി.

തമിഴ് ഗായിക ചിന്മയി ശ്രീപാദ ഉള്‍പ്പെടെ ഒന്നിലധികം സ്ത്രീകള്‍ തമിഴ് സിനിമയിലെ പ്രശസ്ത ഗായരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് വലിയ ചര്‍ച്ചയായിരുന്നു.