അലയൻസ് എന്ന റിയാലിറ്റി ഷോയിൽ ബോളിവുഡ് നടനും സൽമാൻ ഖാന്റെ സഹോദരനുമായ സൊഹൈൽ ഖാൻ നടത്തിയ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. ചെറുപ്പത്തിൽ ലൈംഗിക അതിക്രമം (sexually harassed) നേരിട്ടിട്ടുണ്ടെന്നും, മുതിർന്ന ശേഷം മാത്രമാണ് താൻ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

റാഗിങ്ങിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും സൊഹൈൽ പറഞ്ഞു. ആരെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ തുറന്നുപറയാൻ ലജ്ജയോ മടിയോ തോന്നരുതെന്ന് കുട്ടികളോട് എപ്പോഴും പറയാറുണ്ട്, കാരണം ചെറുപ്പത്തിൽ താനും അതിക്രമം നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"ഞാൻ ചെറുപ്പത്തിൽ ലൈംഗിക അതിക്രമം നേരിട്ടിട്ടുണ്ട്, വർഷങ്ങളോളം അതെന്റെ മനസ്സിൽ തന്നെ സൂക്ഷിച്ചു. മുതിർന്നപ്പോഴാണ് അച്ഛനോട് ഇക്കാര്യം തുറന്നുപറഞ്ഞത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'ഡാഡി, എനിക്ക് ഇങ്ങനെ സംഭവിച്ചു.' അദ്ദേഹം പറഞ്ഞു, 'മോനേ, ഇത്രയും വർഷം നീ ഇത് നിന്റെ ഉള്ളിൽ തന്നെ വെച്ചല്ലേ?' ഞാൻ പറഞ്ഞു, 'എനിക്ക് വളരെ ഖേദമുണ്ട്, പക്ഷേ ഇത് പറയാൻ എനിക്ക് നാണം തോന്നി.' എന്റെ തെറ്റല്ലെങ്കിലും, എനിക്ക് നാണക്കേട് തോന്നി. അതുകൊണ്ട് ഞാനെന്റെ കുട്ടികളോട് എപ്പോഴും പറയാറുണ്ട്, എന്തു സംഭവിച്ചാലും എന്നോട് എല്ലാം പറയണം."-അദ്ദേഹം പറഞ്ഞു.

അലയൻസ് റിയാലിറ്റി ഷോയിൽ മത്സരാർഥിയായി പങ്കെടുക്കയാണ് നിർമാതാവു കൂടിയായ സൊഹൈൽ ഖാൻ.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ എപ്പിസോഡിൽ, ഷോയിലായതുകൊണ്ട് തന്റെ കുടുംബത്തെ മിസ്സ് ചെയ്യുന്നുണ്ടെന്ന് സൊഹൈൽ പറഞ്ഞു. മുമ്പ് റിയാലിറ്റി ഷോകൾ ജഡ്ജ് ചെയ്യുകയും ഹോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, മത്സരാർത്ഥികൾ നേരിടുന്ന സമ്മർദ്ദം ഒരിക്കലും മനസ്സിലാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ വൈൽഡ്കാർഡ് മത്സരാർത്ഥിയായി അദ്ദേഹത്തിന്റെ മുൻഭാര്യ സീമയും മത്സരത്തിലെത്തിയിരുന്നു. ഇരുവരുടെയും സൗഹൃദത്തെ പ്രേക്ഷകർ അഭിനന്ദിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi