
''നിങ്ങള്‍ ഭര്‍ത്താവിനൊപ്പം ഇങ്ങനെയൊക്കെ കഴിയുന്നതല്ലേ? അപ്പോള്‍ ഒരാള്‍ ഇതു ചെയ്‌തെന്നുകരുതി വലിയ പ്രശ്‌നമാക്കാനുണ്ടോ? കണ്ടില്ലെന്ന് നടിക്കണം...'' ആശുപത്രിയില്‍ എന്നെ ഉപദ്രവിച്ച അറ്റന്‍ഡറുടെ വക്കാലത്തുമായി വന്ന നഴ്‌സുമാരിലൊരാള്‍ പറഞ്ഞതാണിത്. പീഡനങ്ങള്‍ സാധാരണമാണെന്നും എന്റെ മാനത്തിന് അത്രയേ വിലയുള്ളൂവെന്നും അവരങ്ങ് തീരുമാനിച്ചു. മറ്റൊരു നഴ്‌സ് വന്നുപറഞ്ഞത് 'പണംതരാം, ഇതൊന്ന് ഒതുക്കിത്തീര്‍ക്കണം' എന്നാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീയോട് ഇങ്ങനെയാണോ ഉത്തരവാദിത്വപ്പെട്ടവര്‍ സംസാരിക്കേണ്ടത്?'' -കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പീഡനത്തിനിരയായ യുവതി യുടെ ചോദ്യം ഈ സമൂഹത്തോടു തന്നെയാണ്. രോഗശാന്തിക്കുവേണ്ടി ചെന്ന ആശുപത്രിയില്‍നിന്ന് മനസ്സിനും ശരീരത്തിനും മുറിവേറ്റ് തിരിച്ചുപോരേണ്ടിവന്നു. തളര്‍ന്നുകിടന്ന നേരത്ത് ശരീരം മുറിപ്പെടുത്തി രസിച്ചവനെ നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണം, എന്നിട്ടേ വിശ്രമമുള്ളൂ. ''എനിക്ക് സംഭവിച്ചത് ഇനി മായ്ച്ചുകളയാന്‍ പറ്റില്ല, പക്ഷേ, ഇനിയൊരാള്‍ക്കും അയാളില്‍ നിന്ന് ഈ അനുഭവമുണ്ടാവരുത്. നീതിക്കുവേണ്ടി മരണം വരെ പോരാടും''-മനസ്സില്‍ പിടച്ച അവരുടെ വേദന മൂര്‍ച്ചയുള്ള വാക്കുകളായി പുറത്തുവന്നു.
ഉണരില്ലെന്ന ധൈര്യമായിരുന്നു അയാള്‍ക്ക്
''കഴിഞ്ഞ മാര്‍ച്ച് 18-നായിരുന്നു എന്റെ തൈറോയ്ഡ് ശസ്ത്രക്രിയ. രാവിലെ ആറുമണിക്ക് തിയേറ്ററില്‍ കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിലാക്കി. അനസ്‌തേഷ്യയുടെ ശക്തിയില്‍ ദീര്‍ഘനേരം മയങ്ങിക്കിടക്കുന്ന രോഗികളാണ് അവിടെയുണ്ടായിരുന്നത്. എന്റെ സര്‍ജറി ആദ്യം കഴിഞ്ഞതിനാലാവും, ഐ.സി.യു.വിലേക്ക് മാറ്റിയപ്പോഴേക്കും അല്പം മയക്കംവിട്ടിരുന്നു. പക്ഷേ, അനങ്ങാനും സംസാരിക്കാനുമാവില്ല. മറ്റു നഴ്‌സുമാരോ ഡോക്ടര്‍മാരോ അപ്പോഴവിടെയില്ല, മയങ്ങിക്കിടക്കുന്ന കുറച്ചുപേര്‍ മാത്രം. അയാളെപ്പോലൊരാള്‍ക്ക് എന്തും ചെയ്യാന്‍ സാഹചര്യമൊത്തുവന്ന നേരമെന്നു പറഞ്ഞാല്‍ മതിയല്ലോ.
ആരോ ശരീരത്തില്‍ എന്തൊക്കെയോ ചെയ്യുന്നതായി ഞാനറിയുന്നുണ്ട്, ഉപദ്രവിക്കുകയാണ്. അറിഞ്ഞിട്ടും കൈകാലുകളനക്കാനോ കരയാനോ പറ്റാതെ കുഴഞ്ഞുകിടന്നു. വേദനയൊന്നും അപ്പോഴറിഞ്ഞില്ല. കുറച്ചുകഴിഞ്ഞ് അയാള്‍ പുറത്തുപോയി. ശസ്ത്രക്രിയ കഴിഞ്ഞ മറ്റൊരു സ്ത്രീയുമായി വീണ്ടും വന്നു. എന്റെ കൈയില്‍ കയറിപ്പിടിച്ച് 'എന്താ മോളേ..' എന്നുചോദിച്ചു. ബോധമുണ്ടോയെന്ന് പരിശോധിച്ചതാവും. വീണ്ടും അയാളെക്കണ്ടപ്പോള്‍ ശരിക്കും ഭയന്നു. ചെയ്തതെല്ലാം മനസ്സിലായെന്നറിഞ്ഞാല്‍ അവിടെയിട്ട് കൊന്നുകളയാന്‍ പോലും മടിച്ചേക്കില്ല. അനക്കമില്ലാതെ കിടക്കുകയല്ലേ ഞാന്‍...
അയാള്‍ വീണ്ടും പുറത്തുപോയപ്പോള്‍ ഒരു നഴ്‌സ് വന്നു. അപ്പോഴേക്കും കണ്ണ് നന്നായി തുറക്കാനും ചെറുതായി കൈയനക്കാനുമൊക്കെ പറ്റുന്നുണ്ട്. അവരെ തോണ്ടിവിളിച്ചു, സംസാരിക്കാനാവുന്നില്ല. കൈകൊണ്ട് ആംഗ്യം കാണിച്ച് കാര്യം പറയാന്‍ ശ്രമിച്ചു. സംശയംതോന്നിയ അവര്‍ മറ്റൊരു നഴ്‌സിനെ കൂട്ടിവന്നു. അവര്‍ക്ക് കാര്യം മനസ്സിലായി. ഞാനാകെ വിരണ്ടുപോയിരുന്നു അപ്പോഴേക്കും. ശശീന്ദ്രന്‍ എന്നാണ് ആ അറ്റന്‍ഡറുടെ പേരെന്ന് പിന്നീട് മനസ്സിലായി.''
വീട്ടുകാരെ അറിയിച്ചില്ല
''അപ്പോഴും എനിക്കിങ്ങനെയൊരു പ്രശ്‌നമുണ്ടായെന്ന് എന്റെ വീട്ടുകാരെയോ ഡോക്ടര്‍മാരെയോ ആരുമറിയിച്ചില്ല. വായിലൂടെ ട്യൂബ് ഇട്ട് ചെയ്യുന്ന സര്‍ജറിയായിരുന്നു. ഒരുദിവസം ഐ.സി.യുവില്‍ കിടക്കണം. സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇടയ്ക്ക് ടോയ്ലെറ്റില്‍ പോവാന്‍ ഉമ്മ കൂട്ടുവന്നു, ഉമ്മയോട് കാര്യം പറയാന്‍ നോക്കി, പക്ഷേ ഉമ്മയ്ക്ക് മനസ്സിലായില്ല. ആശുപത്രിയില്‍ അങ്ങനെയൊക്കെയുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ... രാത്രി ഏഴുമണിയായപ്പോള്‍ ഡോക്ടര്‍ വന്നു, അദ്ദേഹത്തോട് കരഞ്ഞുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞു. വൈകാതെ വനിതാഡോക്ടര്‍ വന്ന് സംഭവിച്ചതെല്ലാം ചോദിച്ചറിഞ്ഞു. ഇവിടെക്കിടക്കാന്‍ പേടിയാണ്, മൂന്നുതവണ അയാളിവിടെ വന്നു, എന്നെ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് ഞാനവരോട് അപേക്ഷിച്ചു. അയാളിനി ഇങ്ങോട്ടു വരില്ലെന്ന് സിസ്റ്റര്‍മാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ധൈര്യം വന്നില്ല.
തീവ്രപരിചരണവിഭാഗത്തില്‍ കിടക്കേണ്ടയാളെ വാര്‍ഡിലേക്ക് മാറ്റാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ഒടുവില്‍ എന്റെ നിര്‍ബന്ധപ്രകാരം രാത്രി 12 മണിയോടെ മാറ്റിത്തന്നു. അവിടെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ചെറിയൊരാശ്വാസം തോന്നി. നടന്നതെല്ലാം ഞാന്‍ പറഞ്ഞപ്പോള്‍മാത്രമാണ് ഭര്‍ത്താവറിഞ്ഞത്. പിറ്റേന്ന് രാവിലെ പോലീസില്‍ പരാതികൊടുത്തു. ഡോക്ടര്‍ അപ്പോഴേക്കും മെഡിക്കല്‍ സൂപ്രണ്ടിന് പരാതി കൊടുത്തിരുന്നു. അഞ്ചെട്ടുദിവസം ആശുപത്രിയില്‍ കിടന്നു. വാര്‍ഡിലെനിക്ക് വലിയ വിഷമങ്ങളുണ്ടായി. സംഭവിച്ച കാര്യങ്ങള്‍ അപ്പോഴേക്കും അവിടെയെല്ലാം പ്രചരിച്ചിരുന്നു. ഇരയെ കാണാന്‍ ആളുകള്‍ കൗതുകത്തോടെ വന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.''
ഗൈനക്കോളജിസ്റ്റ് നീതി കാട്ടിയില്ല
''പീഡനം നടന്നെന്ന് പരാതിപ്പെട്ടശേഷം ഗൈനക്കോളജിസ്റ്റ് പരിശോധിക്കാന്‍ വന്നിരുന്നു. ശരീരത്തില്‍ വന്ന മുറിവുകളും ബ്ലീഡിങ്ങുമെല്ലാം ഡോക്ടര്‍ കണ്ടതാണ്. നീറ്റലുണ്ടെന്നും മുറിവുണ്ടെന്നും ഞാന്‍ പറഞ്ഞതുമാണ്. പക്ഷേ, അവരത് കൃത്യമായി രേഖപ്പെടുത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല.
എന്തൊരു അവസ്ഥയാണത്. സ്വന്തം ജോലിയോടുള്ള ഉത്തരവാദിത്വം മാനിക്കാതെ എല്ലാവരുമെന്തിനാണ് കുറ്റവാളിയെ സംരക്ഷിക്കാന്‍ നോക്കുന്നത്? അതേസമയം, പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നിലവില്‍ പോലീസിന്റെ പക്ഷം.''
എത്രപേരെ ഉപദ്രവിച്ചിട്ടുണ്ടാകും
''ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് വാര്‍ഡിലേക്ക് കൊണ്ടുപോകുംവഴി സഹോദരന്റെ ഭാര്യ വിളിച്ചുനോക്കി, കണ്ണ് തുറന്നുകിടക്കുകയാണെങ്കിലും ഞാന്‍ സംസാരിക്കുന്നില്ല. 'നിങ്ങള്‍ വിളിച്ചിട്ട് കാര്യമില്ല, ഉണരില്ല. ഇപ്പോള്‍ എന്തുപറഞ്ഞാലും ചെയ്താലും അവരറിയില്ല' എന്ന് ആ അറ്റന്‍ഡര്‍ അവളോട് പറഞ്ഞതായി പിന്നീടറിഞ്ഞു. രോഗി എപ്പോള്‍ ഉണരുമെന്ന് കൃത്യമായറിയുന്ന ഇയാള്‍ മുന്‍പും എത്രപേരെ ഉപദ്രവിച്ചിട്ടുണ്ടാവും? മരണത്തോട് മല്ലടിക്കുന്ന രോഗികളടക്കം ഇവിടെയെത്തുന്നതല്ലേ, അതില്‍ കുഞ്ഞുങ്ങളുണ്ടാവില്ലേ... അറിഞ്ഞാല്‍തന്നെ പലരും പേടിച്ച് പുറത്ത് പറയാത്തതായിരിക്കും. അല്ലെങ്കില്‍ സ്വാധീനിക്കാന്‍ വന്ന നഴ്‌സുമാരെപ്പോലെയുള്ളവര്‍ പലതും ഒതുക്കിത്തീര്‍ത്തിട്ടുമുണ്ടാവും. ശശീന്ദ്രനെന്നയാള്‍ക്കെതിരേ വേറെയും ഒരുപാട് കേസുകളുണ്ടെന്ന് കേള്‍ക്കുന്നു.
എന്റെ കണ്‍മുമ്പില്‍ മറ്റൊരു സ്ത്രീയുടെ തുണി അയാള്‍ നീക്കിയിട്ടുണ്ട്. അത് നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, ട്യൂബ് ഉണ്ടോന്ന് നോക്കിയതാണെന്ന്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഒരാള്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന് നിങ്ങള്‍ക്കറിഞ്ഞൂടേ എന്നുചോദിച്ച് നഴ്‌സ് അയാളെ വഴക്കുപറഞ്ഞ് പുറത്താക്കി. ആ സമയത്ത് നഴ്സ് എനിക്കുതന്ന പിന്തുണ വലുതായിരുന്നു.''
മാനസികരോഗിയെന്ന് പറഞ്ഞുപരത്തി
''എനിക്ക് മാനസികരോഗമുണ്ടെന്ന് കുറഞ്ഞനേരംകൊണ്ട് ആശുപത്രിയില്‍ ചിലര്‍ പറഞ്ഞുപരത്തി. വിഭ്രാന്തിയാണ്, ബലാത്സംഗം നടന്നെന്ന് തോന്നിയതാണ്, ചിന്തിച്ചുകൂട്ടിയതാണ് എന്നൊക്കെ. കടപ്പുറമാണ്, വിദ്യാഭ്യാസമില്ല എന്ന് ആക്ഷേപിച്ച് ആശുപത്രിക്കാര്‍ തളര്‍ത്താനും നോക്കി. പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂ, വിദ്യാഭ്യാസം കുറവാണെങ്കിലും എന്റേതായ അറിവും അഭിമാനവുമുണ്ടെന്ന് ഞാനവരോടു പറഞ്ഞു. സ്വന്തം ശരീരം വേറൊരാള്‍ ഉപയോഗിക്കുമ്പോള്‍ പ്രതികരിക്കാന്‍ അവകാശവുമുണ്ട്. വിദ്യാഭ്യാസമുള്ള അവരെന്താണ് ചെയ്തത്? കുറ്റവാളിക്കുവേണ്ടി വാദിച്ചു. അവര്‍ പറയുംപോലെ മാനസികരോഗിയാണെന്നിരിക്കട്ടേ, എങ്കില്‍ സര്‍ജറിസമയത്ത് അനസ്‌തേഷ്യ തരുന്നതിന് പ്രത്യേക റൂള്‍ ഒക്കെയുണ്ടാവുമല്ലോ. അതൊന്നും പാലിച്ചിട്ടില്ലല്ലോ... കൗണ്‍സിലിങ്ങിന്റെ ഭാഗമായി സെക്യാട്രിസ്റ്റ് കാണാന്‍ വന്നിരുന്നു. ടെന്‍ഷനുണ്ടോ, ആത്മഹത്യ ചെയ്യാന്‍ തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. ഞാനെന്തിന് ആത്മഹത്യ ചെയ്യണം? പേടികൊണ്ട് അവിടെക്കിടന്ന് ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. അങ്ങനെയൊന്നു സംഭവിക്കുമ്പോള്‍ ഏതൊരാള്‍ക്കും പേടിവരും. അതേ എനിക്കുമുണ്ടായുള്ളൂ. പക്ഷേ ഞാന്‍ മാനസികപ്രശ്‌നമുള്ളയാളല്ല. ബോള്‍ഡാണ്. അവര്‍ തന്ന ഉറക്കഗുളികയൊന്നും കഴിച്ചിട്ടില്ല. വീട്ടില്‍ വന്ന് കുട്ടികളുമായി ഇടപഴകിയപ്പോള്‍ ആശ്വാസംതോന്നി. ഭര്‍ത്താവ് സമാധാനിപ്പിച്ചു. ശേഷവും അവര്‍ നിര്‍ദേശിച്ചതുപ്രകാരം രണ്ടുതവണ സൈക്യാട്രിയില്‍ കാണിക്കാന്‍ ചെന്നു. ഭാവിയിലേക്ക് കുഴപ്പമുണ്ടാവരുത്, ഗുളിക കഴിക്കണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. എന്നെ ഗുളിക കഴിപ്പിച്ച് മാനസികരോഗിയാക്കി ചിത്രീകരിച്ച് ഭാവിയില്‍ കേസില്ലാതാക്കാനാണ് അവരുടെ ശ്രമമെന്ന് ഞാന്‍ ഭയപ്പെട്ടു. ഇതിനകം അവര്‍ ചെയ്ത കാര്യങ്ങള്‍ നോക്കുമ്പോള്‍ അങ്ങനെ കരുതാനേ എനിക്കായുള്ളൂ. ഒരുപക്ഷേ സത്യവുമതാവാം. ഇതൊക്കെ പോലീസിനോട് പറഞ്ഞതാണ്. ആശുപത്രിയിലെ ഹെഡ് നഴ്‌സ് വലിയ പിന്തുണയാണ് തന്നത്. അതിന്റെ പേരില്‍ അവരെയും എല്ലാവരും ഒറ്റപ്പെടുത്തി.''
പ്രതീക്ഷയുണ്ട്
''കേസ് കോടതിയിലാണ്. പ്രതി ശശീന്ദ്രന്‍ സസ്‌പെന്‍ഷനിലും. അഞ്ച് വനിതാനഴ്‌സുമാരെ പ്രതിചേര്‍ത്തു. അവരും സസ്‌പെന്‍ഷനിലാണ്. അതെല്ലാം നീതിയായി കരുതുന്നു. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതുപ്രകാരമാണ് നടപടികളുണ്ടായത്. പക്ഷേ, തെറ്റ് ചെയ്‌തെന്ന് അവര്‍ക്ക് ഉറപ്പായിട്ടുപോലും പ്രതിയെ പിരിച്ചുവിട്ടില്ല. സസ്‌പെന്‍ഷന്‍ തീരുന്നതിനുമുന്‍പെ ജോലിയില്‍ തിരിച്ചെടുക്കാനും ശ്രമിച്ചു.
സി.സി.ടി.വി. പരിശോധിച്ച് എന്നെ സ്വാധീനിക്കാന്‍ വന്ന നഴ്‌സുമാരെ തിരിച്ചറിഞ്ഞ് സസ്പെന്‍ഡ് ചെയ്തത് മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെയാണ്. അവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചതുമാണ്. പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് അവരെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. കൂടെയുള്ളവര്‍ സംരക്ഷിക്കാനുണ്ടെങ്കില്‍ ആളുകള്‍ വീണ്ടും തെറ്റുചെയ്യും. സര്‍ക്കാര്‍ ജോലികളില്‍നിന്ന് ഇത്തരം കുറ്റവാളികളെ പിരിച്ചുവിട്ട് അര്‍ഹതയുള്ളവരെ പകരം നിയമിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.
പോലീസ് കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. വാര്‍ഡില്‍ സി.സി.ടി.വി. വയ്ക്കുക, വനിതാ അറ്റന്‍ഡര്‍മാരെ നിയമിക്കുക, രോഗിക്കൊപ്പം ബന്ധുവിനെ നിര്‍ത്തുക തുടങ്ങി കുറച്ചു നിര്‍ദേശങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് പരാതികൊടുത്തിട്ടുണ്ട്''
നീതി കിട്ടുംവരെ സമരം ചെയ്യും
''പരാതിയുമായി മുന്നോട്ടുപോയപ്പോള്‍ എല്ലാവരില്‍ നിന്നും വലിയ പിന്തുണയായിരുന്നു. മുതിര്‍ന്നവരില്‍ ചിലര്‍ ഭാവിയില്‍ ബുദ്ധിമുട്ടാവില്ലേയെന്ന് ചോദിച്ചു. ഒരു തലമുറ നമ്മെക്കണ്ട് വളര്‍ന്നുവരുന്നുണ്ട്. അവര്‍ക്ക് ധൈര്യം കിട്ടണമെങ്കില്‍ നമ്മള്‍ ധൈര്യത്തില്‍ നില്‍ക്കണം എന്നാണ് ഞാനവരോടു പറഞ്ഞത്. എനിക്കയാളോട് മുന്‍വൈരാഗ്യമില്ല, പക്ഷേ, എന്നോടയാള്‍ തെറ്റുചെയ്തു. മൃഗത്തോടെന്നപോലെ പെരുമാറി. മനസ്സില്‍നിന്ന് ആ വേദന ഒരിക്കലും മായില്ല. എനിക്ക് അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവുമായ വേദനയുടെ കുറച്ചെങ്കിലും അയാളും അനുഭവിക്കണം. ശിക്ഷിക്കപ്പെടുകതന്നെ വേണം. നീതി കിട്ടുംവരെ സമരം തുടരും.''- അതിജീവിത ഉറപ്പിച്ചുപറയുന്നു.
Content Highlights: kozhikode medical college hospital sexual assault case
Published: 06 Nov 2023, 10:52 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented