
അവൾക്ക് വയസ്സ് 45. നഗരത്തിൽ സ്വന്തമായി ബുട്ടീക്ക് നടത്തുന്നു. വിദേശത്ത് ഐ. ടി. എൻജിനീയറാണ് ഭർത്താവ്. മകൻ പ്ലസ് ടുവിന് പഠിക്കുന്നു. മകൾ ഏഴാം ക്ലാസ്സിലും. എല്ലാ അർഥത്തിലും സന്തുഷ്ടമായ കുടുംബം.
മാറ്റങ്ങൾ സംഭവിച്ചത് പെട്ടെന്നായിരുന്നു. പതിനേഴുകാരനായ മകന് ഈയിടെയായി പണത്തിന്റെ ആവശ്യം കൂടി വരുന്നു. സിനിമ കാണാനും ക്രിക്കറ്റ് കിറ്റ് വാങ്ങാനുമെല്ലാമായി അങ്ങനെ...
Also Read
പണത്തിന് പഞ്ഞമില്ലാത്തതു കൊണ്ട് അമ്മ പണം കൊടുത്തു കൊണ്ടിരുന്നു. ഒരു ദിവസം അവൻ ആവശ്യവുമായി വന്നു: 'രണ്ടു ലക്ഷം വേണം ബൈക്ക് വാങ്ങാനാണ്.'
പതിനെട്ടു തികയാതെ ബൈക്ക് വാങ്ങേണ്ടെന്ന് അമ്മ. തർക്കമായി, വാശിയായി. മകൻ പൂച്ചെട്ടികൾ എറിഞ്ഞുടച്ചു. ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചു. എന്തുതന്നെ ചെയ്താലും കാശ് തരില്ലെന്ന് അമ്മ തറപ്പിച്ചു പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് ബൂട്ടിക്കിൽ നിന്ന് ഇടയ്ക്ക് എന്തോ കാര്യത്തിനായി വീട്ടിലേക്ക് തിരക്കിട്ടെത്തിയ അവർ ഒരു കാഴ്ച കണ്ട് ഞെട്ടി. ഉറങ്ങിക്കിടക്കുന്ന മകളുടെ വസ്ത്രം നീക്കി മൊബൈൽ ഫോണിൽ ഷൂട്ടു ചെയ്യുന്ന അവളുടെ ചേട്ടൻ. അമ്മയ്ക്ക് നിയന്ത്രണം വിട്ടുപോയി. അവൾ അവനെ അടിക്കാനോങ്ങി. മകൻ അമ്മയ്ക്കു നേരെ ചാടിവീണു. ''ചോദിച്ച കാശ് തരാഞ്ഞിട്ടല്ലേ?''
എങ്ങനെയൊക്കെയോ അവൾ മകനെ മുറിയിലിട്ട് പൂട്ടി. ഇനിയെന്തു ചെയ്യും, പോലീസിനെ വിളിക്കുന്നതെങ്ങനെ? അമ്മയായതിൽ അവൾക്ക് ആദ്യമായി ഖേദം തോന്നിയ നിമിഷങ്ങൾ.
വില്ലൻ മയക്കുമരുന്നു തന്നെ. സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ പരിയചപ്പെട്ട ചെറുപ്പക്കാരിൽ നിന്ന് 'സ്റ്റഫ്' വിലകൊടുത്ത് ശീലിച്ച് അടിമയായി മാറിയതിന്റെ അനന്തരഫലം. അമ്മയിൽ നിന്ന് കാശ് കിട്ടാതെ വന്നപ്പോൾ അനിയത്തിയുടെ ദൃശ്യങ്ങൾ കൊണ്ടുവന്നു തന്നാൽ പണം വാങ്ങിത്തരാമെന്നു പറഞ്ഞതും ആ ചെറുപ്പക്കാർ തന്നെ.
''നാടിനെ ഗ്രസിച്ചിരിക്കുന്ന ഈ ഈ കൊടിയ വിപത്തിൽ നിന്ന് മോചനം വേണ്ടേ?'' സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയെ കുറിച്ച് ചോദിച്ചപ്പോൾ സ്വതവേ ശാന്തസ്വഭാവിയായ ആഭ്യന്തര മന്തിയുടെ ശബ്ദം കനത്തു. ''പൊതുപ്രവർത്തകനും മന്ത്രിയും മാത്രമല്ല ഞാൻ അച്ഛനും ഭർത്താവും മകനുമൊക്കെയാണ്. നാടിനുവേണ്ടി പ്രവർത്തിക്കുന്നതിനൊപ്പം കുടുംബത്തേയും ഉറ്റവരേയും ചേർത്തുപിടിക്കുന്ന കുടുംബനാഥൻ കൂടിയാണ്. നമ്മുടെ നാട്ടിലെ രക്ഷിതാക്കളുടെ കണ്ണീരൊപ്പാൻ, നരകത്തീയിൽ എരിഞ്ഞടങ്ങാനൊരുങ്ങുന്ന കുട്ടികളെ രക്ഷിക്കാൻ എനിക്ക് ബാധ്യതയുണ്ട്. അതു തന്നെയാണ് എന്റെ രാഷ്ട്രീയം.'' വഴുതക്കാട്ടെ സ്വന്തം വീട്ടിലിരുന്ന് സംസാരിക്കവെ രമേശ് ചെന്നിത്തലയുടെ മുഖം ചുവന്നുതുടുത്തു. രാഷ്ട്രീയക്കാരന്റെ നാട്യമല്ലത്. മയക്കുമരുന്ന് വിൽപ്പനക്കാരെയും മാഫിയയെയും കുറിച്ച് സംസാരിക്കുമ്പോഴും കോപത്തിന്റെ ചുവപ്പ് അദ്ദേഹത്തിന്റെ മുഖത്ത് പടർന്നു. മടിയിലിരിക്കുകയായിരുന്ന കൊച്ചുമകൻ രോഹൻ മന്ത്രിയെ കാണാനെത്തിയ പോലീസുദ്യോഗസ്ഥരെ നോക്കി പറഞ്ഞു: ''ന്റെ അപ്പൂപ്പനും പോലീസാ. ദുഷ്ടന്മാരെ വെടിവെക്കും...''
മയക്കുമരുന്ന് മാഫിയയെ തുരത്താനായി ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് തുടക്കമിട്ട് ആഭ്യന്തരമന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ ഹീറോ ആയി മാറിക്കഴിഞ്ഞു രമേശ് ചെന്നിത്തല. അദ്ദേഹം ജീവിതത്തെ നിർണയിച്ച ഘടകങ്ങളേയും വ്യക്തികളേയും പുതിയ പ്രതീക്ഷകളേയും കുറിച്ച് സംസാരിക്കുന്നു.
മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കകം മയക്കുമരുന്നിനെതിരായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയിലേക്ക് കടക്കാനുള്ള കാരണമെന്താണ്?
മന്ത്രിയാകുന്നതിനുമുമ്പ് 14 ജില്ലകളിലും ഡ്രഗ്സിനെതിരെ ഒരു വാക്കത്തോൺ നടത്തിയിരുന്നു. അത് വലിയ വിജയമായിരുന്നു. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ അതിൽ പങ്കെടുത്തു. അതിലൂടെ ഞാൻ തിരിച്ചറിഞ്ഞു, കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്നം ഡ്രഗ്സ് തന്നെയാണെന്ന്. ആഭ്യന്തരമന്ത്രിയായ ഉടനെ തന്നെ ഈ പദ്ധതി തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. വാക്കത്തോണിനെ ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. കേരളത്തിലെ യുവതലമുറയെ വശീകരിക്കുകയും തകർക്കുകയും ചെയ്യുന്നുണ്ട് ലഹരി. ജീവിതം തന്നെ തകർക്കുന്ന ഒന്ന്. യുവതലമുറയാണ് പ്രധാന ഇരകൾ. അതുകൊണ്ടുതന്നെ പദ്ധതിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമ്മമാരാണ്. കുട്ടികളുടെ മാനസികാവസ്ഥയും അവരിലുണ്ടാകുന്നമാറ്റവും ഏറ്റവും വേഗത്തിലറിയുന്നത് അമ്മമാരാണല്ലോ. തൂഫാൻ പ്രഖ്യാപിച്ചപ്പോൾ എനിക്ക് വന്ന കത്തുകളും ഫോൺകോളുകളും കൂടുതലും അമ്മമാരുടേതായിരുന്നു. അവരുടെ പിന്തുണ ശരിക്കും അദ്ഭുതപ്പെടുത്തി. എന്നേക്കാൾ ഇവിടുത്തെ ജനങ്ങളാണ് മയക്കുമരുന്ന് നിർമാർജനം ചെയ്യാൻ ഉത്സാഹവും ആവശ്യമായ സഹായങ്ങളും നൽകുന്നത്.
ഇതിനെക്കുറിച്ച് താങ്കളുടെ ജീവിതപങ്കാളിയുമായി സംസാരിച്ചിരുന്നോ?
തീർച്ചയായും. ഞങ്ങൾ അതേപ്പറ്റി കുറേയധികം സംസാരിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പരിപാടികളിൽ എഴുപത് ശതമാനവും സ്ത്രീകളാണ്. എന്റെ പങ്കാളിയുൾപ്പെടെയുള്ള ഓരോ സ്ത്രീയുടെ മനസ്സിലും അതുണ്ട്. നാളെ തന്റെ മകനോ മകളോ ലഹരിയുടെ കെണിയിൽ അകപ്പെടാം എന്ന ബോധ്യത്തിൽ പിന്തുണ നൽകി മുന്നോട്ട് വരുന്ന ഒരുപാട് സ്ത്രീകളെ ഞാൻ കണ്ടു. അതുകൊണ്ട് എല്ലായിടത്തും ഇപ്പോൾ 'തൂഫാനാ'ണ്. 'തൂഫാനോണം', 'തൂഫാൻ ഫുട്ബോൾ'... അങ്ങനെ.
വൈകാരികമായ പ്രതികരണങ്ങൾ ലഭിക്കാറുണ്ടോ ?
ധാരാളം. മക്കൾ അച്ഛനമ്മമാരെ കൊല്ലുന്ന സംഭവങ്ങൾ പോലും നമ്മുടെ നാട്ടിൽ ഉണ്ടായില്ലേ. കൊലപാതകത്തിന്റെ കാരണമായി പറയുന്നത്, എനിക്ക് ജന്മം നൽകിയതിന്റെ പ്രതിഷേധമാണെന്നാണ്. ഇങ്ങനെ കൊലപാതകങ്ങൾ സമൂഹത്തിൽ നടക്കുന്നതിന് കാരണം ലഹരി തന്നെയാണ്. ലഹരിയുടെ വിപത്തിനെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ തടയാൻ ആരും പ്രായോഗികമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഒരു സത്യം. പണ്ട് മദ്യപാനമായിരുന്നു. ഇപ്പോൾ അത് വലിയ ഡ്രഗ്സുകളിലെത്തിനിൽക്കുന്നു. അത് ഉപയോഗിച്ചാലും പെട്ടെന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയില്ല. മണം കിട്ടില്ലല്ലോ.
ഹിന്ദിഭാഷയോട് താങ്കൾക്ക് പ്രത്യേക ഇഷ്ടമുണ്ടല്ലേ. മുമ്പ് മന്ത്രിയായിരുന്നപ്പോൾ നടത്തിയ 'ഓപ്പറേഷൻ കുബേര'യിലും ഇപ്പോൾ 'ഓപ്പറേഷൻ തൂഫാനി'ലും ഹിന്ദിയുണ്ടല്ലോ?
തൂഫാൻ യഥാർഥത്തിൽ അറബിവാക്കാണ്. പിന്നീട് ഉറുദുവിലേക്കും ഹിന്ദിയിലേക്കും വന്നു. എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്കാണത്. ഒരു കൊടുങ്കാറ്റ് പോലെ ഇത് കേരളത്തിൽ ആഞ്ഞടിക്കണം എന്നതായിരുന്നു ആഗ്രഹം. കേരളജനത ഇത് ഏറ്റെടുത്തതിൽ വലിയ സന്തോഷമുണ്ട്.
മുമ്പ് രാഷ്ട്രീയനേതൃത്വത്തിലേക്ക് എത്തിയ കാലത്ത് താങ്കൾ വലിയ ജനപങ്കാളിത്തത്തോടെ ഒരു കേരളമാർച്ച് നടത്തിയത് ഓർമ്മയുണ്ട്. പിന്നെ വാക്കത്തോൺ. ഇതെല്ലാം ഒരു നേതാവെന്ന നിലയിൽ ജനങ്ങളിലേക്കിറങ്ങി അവരുടെ പൾസ് അടുത്തറിയാൻ സഹായിച്ചു കാണുമല്ലേ ?
അതെ. ജനങ്ങളുമായുള്ള അടുപ്പവും അവരുമായുള്ള ആശയവിനിമയവും ഏറെ പ്രധാനമാണ്. മാറിനിൽക്കാതെ അവരിലേക്കിറങ്ങിയേ തീരൂ. ഏത് പ്രശ്നത്തെപ്പറ്റിയും ആദ്യ ഇൻഫർമേഷൻ ജനങ്ങളിൽനിന്നാണ് ലഭിക്കുന്നത്. മന്ത്രിയാണെങ്കിലും അല്ലെങ്കിലും അത് വലിയ പ്രയോജനം ചെയ്യുന്നുണ്ട്.
ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ക്രിമിനലുകളിൽ നിന്നുള്ള ഭീഷണിയെ എങ്ങനെ കാണുന്നു ?
തൂഫാൻ പോലുള്ള പദ്ധതികൾ മാഫിയാസംഘങ്ങളെ പ്രകോപിപ്പിക്കുന്നുണ്ട് എന്നത് ശരിയാണ്. അവരുടെ ഭീഷണികളുണ്ട്. എനിക്കെതിരെ മാത്രമല്ല ലഹരിക്കെതിരെ പ്രവർത്തിക്കുന്ന പലർക്കെതിരേയും പല സ്ഥലങ്ങളിലും ഭീഷണി ഉയർത്തിയിരുന്നു. അതൊന്നും ചെവിക്കൊള്ളുന്നില്ല. എന്നെച്ചൊല്ലി എന്റെ മക്കൾക്കും ആശങ്കകളുണ്ട്. ദൗത്യവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. ലഹരിമാഫിയയുടെ വേരറുക്കുക എന്നതുതന്നെയാണ് ലക്ഷ്യം.
രാഷ്ട്രീയനേതാക്കളിൽ നൂറ് ശതമാനം ഫാമിലിമാൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് താങ്കൾ. മക്കളിൽ ഒരാൾ ഐ.ആർ.എസ്. ആണ് മറ്റൊരാൾ ഡോക്ടറും. അത്തരത്തിൽ സക്സസ്ഫുൾ ആയ കുടുംബനാഥനാണ് താങ്കൾ...
കുടുംബമല്ലേ ഏറ്റവും പ്രധാനം. പൂർണ്ണമായും കുടുംബത്തിന് വേണ്ടി സമയം മാറ്റിവെക്കാൻ സാധിച്ചിട്ടില്ലെങ്കിലും സാധിക്കാവുന്നത്രയും സന്ദർഭങ്ങളിൽ അവർക്കൊപ്പം നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. മക്കളുടെ വളർച്ചയിൽ ഭാര്യയുടെ പങ്കും വളരെ വലുതായിരുന്നു. എം.പി.യായിരുന്നപ്പോൾ മക്കളുടെ വിദ്യാഭ്യാസം ഡൽഹിയിലായിരുന്നു. അവർക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സാധിച്ചു. ഒരാൾ മെഡിസിനും മറ്റേയാൾ ബിടെക്കിനും ചേർന്ന് അവരുടെ കരിയർ പടുത്തുയർത്തി. പങ്കാളി അനിത, മക്കൾ രോഹിത്, രമിത്, അവരുടെ ഭാര്യമാർ, കൊച്ചുമക്കൾ അങ്ങനെ ഒരു വലിയ കുടുംബത്തിന്റെ തലവനാണ് ഞാൻ. ( മധുരമുള്ളൊരു ചിരി മന്ത്രിയുടെ മുഖത്ത് വിരിഞ്ഞു).
ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭം പറയാമോ?
ഒരു സുഹൃത്ത് വഴിയാണ് അനിതയെ കണ്ടുമുട്ടുന്നത്. പൊതുപ്രവർത്തനത്തിന്റെ ഉത്തരവാദിത്തങ്ങൾ കാരണം പ്രണയിക്കാനൊന്നും പറ്റിയില്ല. അന്ന് വിവാഹാലോചനകൾ വരുന്ന സമയമാണ്. എന്റെ ആലോചന വന്നതോടെ അവൾ എന്നെത്തന്നെയേ വിവാഹം കഴിക്കുള്ളൂ എന്ന് തീരുമാനിച്ചുവത്രെ. അങ്ങനെ വീട്ടിൽപോയി കണ്ടു. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ രാഷ്ട്രീയമൊന്നും അന്വേഷിച്ചിട്ടില്ല.
രാഷ്ട്രീയത്തിൽ താങ്കളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തി ആരാണ്?രണ്ടുപേരാണ്. ഒന്ന് രാജീവ്ഗാന്ധി, പിന്നെ കെ.കരുണാകരൻ. ഇരുവരുടെയും സ്വാധീനം എന്റെ രാഷ്ട്രീയജീവിതത്തിൽ വളരെ വലുതായിരുന്നു. ഇന്ദിരാഗാന്ധിയുമായി രണ്ടുമൂന്ന് വർഷത്തെ അടുപ്പമുണ്ടായിരുന്നു. എന്നാൽ രാജീവ്ഗാന്ധിയുമായിട്ടായിരുന്നു കൂടുതൽ അടുപ്പം. ലീഡറുമായിട്ട് വിദ്യാർഥികാലം മുതലേ ബന്ധമുണ്ടായിരുന്നു.
ദേശീയ രാഷ്ട്രീയത്തിൽ താങ്കളെത്തുന്നത് രാജീവ് ഗാന്ധിയുടെ താത്പര്യത്തിലായിരുന്നുവല്ലേ?
1980-ൽ കെ.എസ്.യു.വിന്റെ ജൂബിലി ആഘോഷത്തിന് തൃശ്ശൂരിൽ അദ്ദേഹം വന്നിരുന്നു. അന്നാണ് ആദ്യമായി കാണുന്നത്. രാഷ്ട്രീയത്തിലേക്ക് അദ്ദേഹം പ്രവേശിക്കുന്ന കാലമാണ്. അന്ന് ഞാൻ ഹിന്ദിയിലാണ് പ്രസംഗിച്ചത്. അത് അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായി. കോൺഗ്രസ് നേതാവായിരുന്ന അരുൺ നെഹ്റുവാണ് എന്നെ അന്നത്തെ മാരുതി കാറിൽ ഇരുത്തി രാജീവ് ഗാന്ധിയെ കാണാൻ കൊണ്ടുപോയത്. രാജീവ് ഗാന്ധി എല്ലാവരോടും വളരെ ഊഷ്മളമായി പെരുമാറുന്ന വ്യക്തിത്വമായിരുന്നു. ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തുതന്നിട്ടുണ്ട്. എന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആക്കുന്നതും അദ്ദേഹമാണ്. തുടർന്ന് എന്നെ എം.പിയും മന്ത്രിയും ആക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം നന്നായി മനസിലാക്കിയിരുന്നു. അദ്ദേഹവുമായി വളരെ അടുത്തുനിന്ന് പ്രവർത്തിക്കാനും അടുപ്പം സൃഷ്ടിക്കാനും അതിലൂടെ അവസരമുണ്ടായി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മരണമാണ്.
അതുപോലെ ലീഡറിന്റെ സ്വാധീനവും വലുതായിരുന്നു. സ്വന്തം മകനോടെന്നപോലെ പെരുമാറി. അവസരങ്ങൾ നൽകി. അദ്ദേഹവും രാജീവ് ഗാന്ധിയും ചേർന്നാണ് എന്നെ മുന്നോട്ടു നയിച്ചത്. അവരെപ്പറ്റി ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകളാണ് എനിക്കുള്ളത്.
ഹിന്ദിഭാഷയുമായുള്ള ആഭിമുഖ്യം എങ്ങനെയാണുണ്ടായത്?
അഞ്ചാംക്ലാസ്സിൽ പഠിക്കുമ്പോൾ സ്‌കൂളിനടുത്ത് ഒരു ഹിന്ദി വിദ്യാലയം ഉണ്ടായിരുന്നു. ജയശ്രീ ഹിന്ദി വിദ്യാലയ് എന്നായിരുന്നു അതിന്റെ പേര്. വീട്ടുകാർ എന്നെ അവിടെ കൊണ്ടുചേർത്തു. പ്രാഥമിക് മുതൽ വിശാരദ് വരെ പഠിച്ചു. പത്താംക്ലാസ്സിലായപ്പോൾ ഞാൻ RBV(രാഷ്ട്രഭാഷാ വിശാരദ്) പാസായി. വിദ്വാൻ എഴുതുന്നതിനുമുമ്പ് കോളേജിൽ ചേർന്നു. അന്നത്തെ പഠനം പിൽക്കാലത്ത് വളരെയധികം സഹായിച്ചിട്ടുണ്ട്.
നന്നായി വായിക്കുമെന്ന് കേട്ടിരുന്നു?
വായിക്കാൻ ഏറ്റവും ഇഷ്ടം നോവലുകളാണ്. എല്ലാ ഭാഷകളിലെയും നോവൽ വായിക്കാൻ ഇഷ്ടമാണ്. വായിച്ച പുസ്തകങ്ങൾ അടുപ്പമുള്ളവർക്കായി നിർദേശിക്കാറുണ്ട്. യു.കെ. കുമാരന്റെ 'തക്ഷൻകുന്ന് സ്വരൂപം', സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം', ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര', 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്നിവയൊക്കെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. നോവലല്ലാത്തവയും വായിക്കാറുണ്ട്. യാത്രകൾക്കിടയിലായിരിക്കും കൂടുതൽ വായന. മക്കളും നന്നായി വായിക്കുന്നവരാണ്.
പാർട്ടിയുടെ നിയന്ത്രണത്തിൽ പ്രിയദർശിനി ബുക്സ് എന്നൊരു പ്രസിദ്ധീകരണ സംരംഭവും ഉണ്ടായി അല്ലേ?
അതും വലിയ സന്തോഷമാണ്. സത്യത്തിൽ സുകുമാർ അഴീക്കോടിനോടുള്ള വാശിയിലാണ് അത് തുടങ്ങിയത്. പണ്ട് പ്രിയദർശിനി ബുക്സ് ഉദ്ഘാടനം ചെയ്യാൻ സുകുമാർ അഴീക്കോടിനെ വിളിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി, കോൺഗ്രസ്സുകാർ പുസ്തകമൊന്നും വായിക്കില്ല, ഞാൻ വരുന്നില്ല എന്നായിരുന്നു. എനിക്ക് വാശിയായി. പ്രിയദർശിനി ബുക്സ് തുടങ്ങി അമ്പതാമത്തെ പുസ്തകം ഇറക്കിയപ്പോൾ അദ്ദേഹത്തെ വീണ്ടും വിളിച്ചു. അപ്പോൾ സന്തോഷത്തോടെ വരാമെന്ന് സമ്മതിച്ചു. ഇക്കാര്യം ഞാൻ അന്നത്തെ വേദിയിൽ പറയുകയും ചെയ്തു. ഇപ്പോൾ നാനൂറിനടുത്ത് പുസ്തകങ്ങൾ ഇറക്കാൻ സാധിച്ചു.
'തൂഫാനു'ശേഷം ഇനി ഏറ്റെടുക്കാൻ പോകുന്ന പദ്ധതി എന്താണ്?
സൈബർ ക്രൈമുകൾക്കെതിരെ വലിയ പരിശ്രമം ഉണ്ടാവും. അതുമായി ബന്ധപ്പെട്ട് മൂന്ന് പ്രോഗ്രാമുകൾ തുടങ്ങിക്കഴിഞ്ഞു. സൈബർ കുറ്റകൃത്യങ്ങളും ലോൺ ആപ്പുകളും തടയാനുള്ള സൈബർ വാൾ അതിലൊന്നാണ്.
അടുത്തിടെ ഒരു ചടങ്ങിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുമായി തമാശപറഞ്ഞ് കൈകളിലടിക്കുന്ന വീഡിയോ വൈറലായിരുന്നു. സത്രീകളോട് കൂടുതൽ ആദരവ് കാട്ടുന്ന ഭരണകർത്താവാകുകയാണോ?
അങ്ങനെ ആവുന്നതല്ല, സ്വാഭാവികമായി മാറുന്നതാണ്. പുതിയ ലോകം, മനുഷ്യർ, അതു നമ്മളെ മാറ്റണം. അനിതയ്ക്കും മക്കൾക്കുമെല്ലാം അതിൽ പങ്കുണ്ട്. ഞാൻ എപ്പോഴും സ്വയം മാറിക്കൊണ്ടിരിക്കുന്നയാളാണ്. സ്ത്രീപക്ഷത്തുനിന്ന് തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ എന്റെ നോവലിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Launch of Operation Toofan by Home Minister Ramesh Chennithala to eradicate the drug mafia in Kerala., Strong emphasis on maternal support and community involvement in identifying drug addiction early., Future initiatives include the 'Cyber Wall' project to combat cybercrimes and illegal loan apps in 2026.
Published: 27 Sept 2026, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented