ജപ്പാനിലെ ഏറ്റവും പ്രശസ്തനായ പെറ്റ് ഇന്‍ഫ്‌ളുവന്‍സര്‍, ഏറ്റവും ഫോട്ടോജെനിക്കായ നായ...വിശേഷണങ്ങളേറെയാണ് 'മറു' വിന്. ഈ വര്‍ഷമാദ്യം 'മറു' ചത്തുപോയി. പക്ഷേ ഇന്നും അവന്റെ പ്രശസ്തിക്ക് ഇടിവൊന്നും സംഭവിച്ചിട്ടില്ല.
ഒന്നുമില്ലായ്മയില്‍നിന്ന് സെലിബ്രിറ്റി ആയ കഥയാണ് ഷിബ ഇനു ഇനത്തില്‍ പെട്ട ഈ മിടുക്കന്റേത്. 2007 ഒക്ടോബര്‍ 20-നാണ് ഈ നായക്കുട്ടി ജനിച്ചത്. ആരും വാങ്ങാനില്ലാതെ, ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു പെറ്റ് ഷോപ്പില്‍ കിടക്കുകയായിരുന്നു 'മറു'. ഉരുണ്ട ബോള്‍ പോലൊരു നായ. ഒരുദിവസം ഷിഞ്ചിറോ ഒനോ എന്നയാളുടെ കണ്ണില്‍പ്പെട്ടു അവന്‍. അവിടുന്നാണ് 'മറു' ഒനോയ്‌ക്കൊപ്പം ചേരുന്നത്. ഒനോയുടെ എല്ലാ യാത്രകളിലും അവനും പങ്കാളിയായി.
Also Read
'മറു' ഒരു സെലിബ്രിറ്റിയായിത്തുടങ്ങുന്നത്, 2011-ലെ ജപ്പാന്‍ ഭൂകമ്പത്തിനുശേഷമാണ്. രാജ്യം ആകെ തകര്‍ന്നുപോയ സമയം, ജനങ്ങളുടെ ജീവിതം ആകെ താറുമാറായി. ഒനോ ഒരു ഇന്‍സ്റ്റഗ്രാം പേജുണ്ടാക്കി, 'മറു'വിന്റെ ചിത്രങ്ങളിടാന്‍ തുടങ്ങി. ജനങ്ങളുടെ നിരാശയും ഉത്കണ്ഠയും കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പതുക്കെപ്പതുക്കെ ആളുകള്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടുതുടങ്ങി. വളരെ പെട്ടെന്നാണ് അവന്റെ ഫോളോവേഴ്‌സിന്റെ എണ്ണം 2 മില്യണ്‍ ആയത്.
പരസ്യങ്ങളിലും ഫോട്ടോ എക്‌സിബിഷനുകളിലും ഇവന്‍ താരമായി, ജപ്പാനില്‍ മാത്രമല്ല വിദേശത്തും. വോഗ് ഫാഷന്‍ മാഗസിനില്‍ പോലും ഇവന്‍ പ്രത്യക്ഷപ്പെട്ടു. ജപ്പാനിലെ പല പ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരും മറുവിനെ മോഡലാക്കി ഫോട്ടോഷൂട്ടുകള്‍ ചെയ്തു. അവന്റെ പ്രശസ്തി കണക്കിലെടുത്ത് ജപ്പാന്‍ സര്‍ക്കാര്‍, 'മറു'വിനെ ടൂറിസം അംബാസഡറാക്കി. അങ്ങനെ രാജ്യത്തെ ആദ്യത്തെ നോണ്‍ ഹ്യുമന്‍ (മനുഷ്യനല്ലാത്ത) ടൂറിസം അംബാസഡറായി മാറി അവന്‍.
എല്ലാ മൃഗങ്ങള്‍ക്കൊപ്പവും ഇണങ്ങുമെന്നതാണ് ഇവന്റെ പ്രത്യേകത. ആടാണെങ്കിലും പശുവാണെങ്കിലും കുതിരയാണെങ്കിലുമൊക്കെ മറുവിന് ഒരുപോലെ തന്നെ. വളരെ സ്റ്റൈലിഷായിരുന്നു 'മറു'. ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള ബാഗുമുണ്ടാവും എപ്പോഴും അവനൊപ്പം. ഏറ്റവും പ്രിയപ്പെട്ടത് പാണ്ട ബാക്ക് പാക്ക് ബാഗ് തന്നെ. അവന്റെ ഭക്ഷണമൊക്കെ അതിലാണുണ്ടാവുക.
ജപ്പാനില്‍ അവന്റെ പേരിലൊരു മാര്‍ക്കറ്റുമുണ്ട്. 'മറു'വിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത കോഫി മഗ്, ബിയര്‍ മഗ്, ഫോട്ടോബുക്കുകള്‍ എന്നിവ അവിടെനിന്ന് വാങ്ങാന്‍ കിട്ടും. നൂറുകണക്കിന് ഉത്പന്നങ്ങളാണ് ദിവസവും അവിടെ വിറ്റുപോവുന്നത്. ഉത്പന്നങ്ങള്‍ ഷിഞ്ചിറോ ഒനോ നിര്‍മിച്ച്, പല കടകള്‍ക്കായി കൊടുക്കുകയാണ് ചെയ്യുന്നത്. അവിടുന്ന് വിറ്റുകിട്ടുന്ന പണം ഒഞ്ചിറോ ഉപയോഗിക്കുന്നതും നായകള്‍ക്കുവേണ്ടിത്തന്നെ. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പട്ടികളുടെയും മറ്റ് മൃഗങ്ങളുടെയും ക്ഷേമത്തിനായുള്ള സംഘടനകള്‍ക്കാണ് ഷിഞ്ചിറോ ഈ വരുമാനം കൈമാറുന്നത്. 'മറു'വിന്റെ പിറന്നാള്‍ വരെ അവന്റെ ആരാധകര്‍ക്കറിയാം.
Content Highlights: maru, the og pet influencer from japan
Published: 21 Oct 2024, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented