
ലാറ്റിനമേരിക്കയേയും യൂറോപ്പിനെയും ചുവപ്പുപൂശിയ കൊച്ചിനീലുകളെന്ന കൊച്ചുപ്രാണിയുടെ കഥയാണിത്. സ്പാനിഷ് അധിവേശക്കാലം വരെ ലാറ്റിനമേരിക്കക്കാര്‍ക്ക്, പ്രത്യേകിച്ചും മെക്‌സിക്കോ, പെറു രാജ്യക്കാര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമായിരുന്നു കൊച്ചിനീലുകള്‍. മേഖലയില്‍ യഥേഷ്ടം വളരുന്ന കള്ളിച്ചെടികളുടെ നീരൂറ്റിക്കുടിച്ചു ജീവിക്കുന്ന ഒരുതരം പരാദമാണിത്. ഇവയുടെ ശരീരത്തിലുള്ള ചുവപ്പുനിറം ഭക്ഷ്യപദാര്‍ഥങ്ങളിലും സൗന്ദര്യവര്‍ധകവസ്തുക്കളിലും തുണിത്തരങ്ങളിലും നിറംതൂവാന്‍ ഉപയോഗിക്കാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പുതൊട്ട് പ്രാദേശികമായി ചെയ്തുപോന്ന ഈ ചായംപൂശല്‍ പ്രാദേശികര്‍ക്കിടയില്‍ രഹസ്യമായി ഒതുങ്ങി.
മായന്‍ സംസ്‌കാരം തൊട്ടേ ലാറ്റിനമേരിക്കയില്‍ കൊച്ചിനീലുകളുടെ നിറം പ്രചാരത്തിലുണ്ട്. ആചാരങ്ങളിലും വ്യാപാരത്തിലുമെല്ലാം ചുവപ്പുനിറത്തിന് പ്രാധാന്യമുണ്ടായിരുന്നു. മധ്യകാലഘട്ടത്തിലെ യൂറോപ്പിലേക്കുവന്നാല്‍, അവിടെ കലാകാരന്മാര്‍ മികച്ച നിറങ്ങള്‍ ശേഖരിക്കാന്‍ പല മാര്‍ഗങ്ങളും തിരഞ്ഞിരുന്നു. യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ റെസിന്‍ പഴവും ചെടികളുടെ വേരുകളുമൊക്കെ ഉപയോഗിച്ച് തരക്കേടില്ലാത്ത മഞ്ഞയും നീലയും പച്ചയും നിറങ്ങളുണ്ടാക്കി. മ്യൂറെക്‌സ് ഒച്ചുകളെ അരച്ചെടുത്താണ് ഇംപീരിയല്‍ പര്‍പ്പിള്‍ തുണികള്‍ക്ക് നിറം നല്‍കിയത്. അന്ന് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടായിരുന്നത്രേ ആ തുണിത്തരങ്ങള്‍ക്ക്. പക്ഷേ, ചുവപ്പുനിറത്തെ വരുതിയിലാക്കാന്‍ ആര്‍ക്കുമായിരുന്നില്ല. ഓട്ടോമാന്‍ രാജവംശം റൂബിയ ചെടിയുടെ വേര് സംസ്‌കരിച്ച് തയ്യാറാക്കിയ ടര്‍ക്കി ചുവപ്പ് യൂറോപ്യന്‍മാര്‍ ഉപയോഗിച്ചിരുന്നു, മികച്ച നിറമോ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നതോ ആയിരുന്നില്ല ടര്‍ക്കി റെഡ്. എങ്കിലും, തുര്‍ക്കിക്കാര്‍ പാകം ചെയ്ത ചുവപ്പിനെ അനുകരിച്ച് യൂറോപ്പില്‍ അതുണ്ടാക്കാന്‍ ശ്രമം നടന്നു, പ്രതീക്ഷിച്ച വിജയം കണ്ടില്ല. ബ്രസീല്‍വുഡും ലൈക്കനുമെല്ലാം പരീക്ഷണത്തിനെത്തിയെങ്കിലും നിറം എളുപ്പം മാഞ്ഞുപോവുന്നത് വെല്ലുവിളിയായി. തിളക്കമുള്ള ചുവപ്പ് തീര്‍ത്തും അപ്രാപ്യം.
രഹസ്യം ചുരുളഴിച്ച സ്പാനിഷ് അധിനിവേശം
ഇന്നത്തെ മെക്‌സിക്കോ അടങ്ങുന്ന പ്രദേശം ഭരിച്ചിരുന്നത് ആസ്‌ടെക് രാജവംശമാണ്. മെക്‌സിക്കോയിലെ പ്രാദേശിക ഗോത്രങ്ങള്‍ ചുമര്‍ചിത്രം വരയ്ക്കാനും വസ്ത്രങ്ങള്‍ക്കും തൂവലുകള്‍ക്കും നിറംനല്‍കാനും കൊച്ചിനീലുകളെ വളര്‍ത്തി. പുറമ്പോക്ക് ഗ്രാമങ്ങളിലും മറ്റും കഴിഞ്ഞിരുന്നവര്‍ ആസ്‌ടെക് ഭരണാധികാരികള്‍ക്ക് കുടിശ്ശിക നല്‍കിത്തീര്‍ത്തത് കിലോക്കണക്കിന് കൊച്ചിനീലുകളെയും രക്തച്ചുവപ്പിലുള്ള തുണികളുടെയും രൂപത്തിലായിരുന്നു. 1521-ല്‍ ആസ്‌ടെക് രാജവംശത്തിന്റെ ആസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഹെര്‍മന്‍ കോര്‍ട്ടെസിന്റെ നേതൃത്വത്തില്‍ സ്പാനിഷ് അധിനിവേശം നടന്നു. യൂറോപ്പില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര തിളക്കമുള്ള ചുവന്ന നിറം ഇവിടെ കണ്ടപ്പോള്‍ സ്‌പെയിന്‍കാര്‍ അമ്പരന്നു.
മെക്‌സിക്കോയില്‍ താന്‍ കണ്ട കാഴ്ചകളും ധനികര്‍ ധരിച്ച രക്തച്ചുവപ്പുള്ള വസ്ത്രങ്ങളെപ്പറ്റിയും വിശദീകരിച്ച് കോര്‍ട്ടെസ് സ്‌പെയ്ന്‍ രാജാവായ ചാള്‍സ് അഞ്ചാമന് കത്തെഴുതി. ഇവിടെ ലഭ്യമായ പല നിറങ്ങളെപ്പറ്റിയും വിപണിയെപ്പറ്റിയും വിശദീകരിച്ചു. കൊച്ചിനീലുകളുടെ യൂറോപ്യന്‍ വിപണിയിലെ കച്ചവടസാധ്യത തിരിച്ചറിഞ്ഞത് രാജാവുതന്നെയാണ്. അങ്ങനെ 1523-ഓടെ, കൊച്ചിനീല്‍ ചായം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. നിറമുണ്ടാക്കുന്നതില്‍ വൈദഗ്ധ്യം നേടിയ തദ്ദേശീയര്‍ക്ക് അവര്‍ പണം നല്‍കി, യൂറോപ്പിലേക്ക് കയറ്റുമതി തുടങ്ങി. സ്‌പെയിന്‍ ഇടനിലക്കാരെന്ന നിലയില്‍ വലിയ ലാഭം കൊയ്തു.
ചുവപ്പ് കണ്ട് ഞെട്ടിയ യൂറോപ്യന്‍മാര്‍
അന്ന് പ്രചാരത്തിലുണ്ടായിരുന്ന 'സെന്റ് ജോണ്‍സ് ബ്ലഡ്' നിറത്തേക്കാള്‍ പത്തിരട്ടി വീര്യമുള്ളതും അര്‍മേനിയന്‍ ചുവപ്പിനേക്കാള്‍ 30 മടങ്ങ് കൂടുതല്‍ ചായം ഉല്‍പ്പാദിപ്പിക്കുന്നതുമായ കൊച്ചിനീല്‍ കാര്‍മൈന്‍ അക്ഷരാര്‍ഥത്തില്‍ യൂറോപ്യന്‍മാരെ ഞെട്ടിച്ചു. അവരതില്‍ പരീക്ഷണം തുടങ്ങി. അന്നുവരെ കണ്ടതില്‍ ഏറ്റവും തിളക്കമുള്ള ചുവപ്പായിരുന്നു അത്. 16-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പിലുടനീളം ചെഞ്ചായം പ്രചാരംനേടി. 1570-കളോടെ യൂറോപ്പിലെ ഏറ്റവും ലാഭകരമായ വ്യാപാരങ്ങളിലൊന്നായി മാറി. 17-ാം നൂറ്റാണ്ടില്‍ പ്രശസ്തരായ യൂറോപ്യന്‍ ചിത്രകാരിലേക്കും ചായമെത്തി.
ബ്രിട്ടിഷ് പട്ടാളക്കാരും പ്രഭുക്കന്മാരും ചുവപ്പണിഞ്ഞു
രാജകുടുംബാംഗങ്ങള്‍, പ്രഭുക്കന്മാര്‍, സഭാ നേതാക്കള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ തുണിത്തരങ്ങള്‍ക്ക് നിറം പിടിപ്പിച്ച് യൂറോപ്പിലുടനീളം കൊച്ചിനീല്‍ ചായം പേരെടുത്തു. ഇംഗ്ലീഷ് പട്ടാളത്തിലെ ഉദ്യോഗസ്ഥരുടെ ചുവപ്പ് നിറത്തിലുള്ള യൂണിഫോം നിര്‍മിക്കാന്‍ ഈ ചായം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
ബ്രിട്ടിഷുകാര്‍ അടങ്ങിയിരുന്നില്ല
കൊച്ചിനീല്‍ ചായം ദീര്‍ഘകാലം കുത്തകയാക്കിയ സ്പെയിന്‍ അതിന്റെ ഉറവിടം ഏകദേശം 200 വര്‍ഷത്തോളം രഹസ്യമാക്കിവെച്ചു. പിന്നീട് രഹസ്യം വെളിപ്പെട്ടതോടെ ഇംഗ്ലീഷുകാര്‍ അടങ്ങിയിരുന്നില്ല. തങ്ങളുടെ കോളനിരാജ്യങ്ങളില്‍ മെക്‌സിക്കോയിലേതു പോലെ കൊച്ചിനീല്‍ ഉത്പാദനം അനുകരിക്കാന്‍ ശ്രമിച്ചു, കള്ളിച്ചെടികളെയും പ്രാണികളെയും പറിച്ചുനടാനായിരുന്നു ശ്രമം. കാലാവസ്ഥ അനുയോജ്യമെന്നു തോന്നിയ, വരണ്ട ഭൂപ്രദേശങ്ങളുള്ള ഓസ്ട്രേലിയയിലായിരുന്നു ഒരു പരീക്ഷണം. 1788-ല്‍ ബ്രസീലില്‍ നിന്ന് മുള്ളന്‍ പിയര്‍ കള്ളിച്ചെടികളും പ്രാണികളും ഓസ്‌ട്രേലിയയിലെത്തി. പക്ഷേ, കൊച്ചിനീലുകള്‍ക്ക് ഓസ്‌ട്രേലിയന്‍ കാലാവസ്ഥയില്‍ ജീവിക്കാനായില്ല. പദ്ധതി പരാജയപ്പെട്ടെന്നുമാത്രമല്ല, ശത്രുജീവികളില്ലാതെ കള്ളിച്ചെടികള്‍ പടര്‍ന്നുപന്തലിച്ചു. പോകെപ്പോകെ അതൊരു അധിനിവേശസസ്യമായി മേഖലയെ വിഴുങ്ങി. കൃഷിയെയടക്കം ബാധിച്ചു. 1925 ആയപ്പോഴേക്കും അര്‍ജന്റീനയില്‍ നിന്നുള്ള സൗത്ത് അമേരിക്കന്‍ നിശാശലഭത്തെ ജൈവായുധമാക്കിയാണ് പതിയെ കള്ളിച്ചെടികളെ നശിപ്പിച്ചത്. കാക്‌റ്റോബ്ലാസ്റ്റിസ് എന്ന ഈ നിശാശലഭത്തിന്റെ ഓറഞ്ചും കറുപ്പും നിറമുള്ള പുഴു ചെടി തിന്നുനശിപ്പിക്കാന്‍ തുടങ്ങി. പരിസ്ഥിതിയെ വീണ്ടെടുക്കാന്‍ സഹായിച്ച, രക്ഷകരായ നിശാശലഭത്തിന് ക്വീൻസ്ലാൻഡിലെ ഡാല്‍ബി പട്ടണത്തില്‍ ഒരു സ്മാരകം പോലും സമര്‍പ്പിച്ചിട്ടുണ്ട്.
ഭക്ഷ്യനിറം
ചെറി, റാസ്പ്‌ബെറി, സ്‌ട്രോബറി ഫ്‌ളേവറുകളുള്ള ഭക്ഷണത്തിന് നിറം നല്‍കാന്‍ കാലങ്ങളായി യൂറോപ്പില്‍ കൊച്ചിനീല്‍ കാര്‍മൈന്‍ ഉപയോഗിക്കുന്നുണ്ട്. കൊച്ചിനീലുകളെ അരച്ചെടുത്തുണ്ടാക്കുന്ന ചുവപ്പുനിറം ഉപയോഗിച്ച് പിങ്ക്, ഓറഞ്ച്, പര്‍പ്പിള്‍ നിറങ്ങളും പരുവപ്പെടുത്തിയെടുക്കാം.
പെറുവാണ് ഇന്ന് ലോകത്ത് ഏറ്റവുമധികം കാര്‍മൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം. അന്താരാഷ്ട്രവിപണിയുടെ ഏകദേശം 95 ശതമാനവും. പതിനായിരക്കണക്കിന് കര്‍ഷകരുണ്ടിവിടെ. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് പ്രാണികളെ നിറത്തിനായി വിളവെടുക്കുന്നു. യോഗേര്‍ട്ട്, ഐസ്‌ക്രീം, ഫ്രൂട്ട് പൈ, സോഫ്റ്റ് ഡ്രിങ്കുകള്‍, ഡോനട്ട്‌സ് തുടങ്ങി എല്ലാത്തരം ഭക്ഷണത്തിലും ഈ നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മെക്‌സിക്കോ, ചിലെ, അര്‍ജന്റീന, കാനറി ദ്വീപുകള്‍ എന്നിവിടങ്ങളും ഉത്പാദകരാജ്യങ്ങളാണ്. ഒട്ടേറെ ലിപ്സ്റ്റിക് കമ്പനികളും ചേരുവയായി കാര്‍മൈന്‍ ഉപയോഗിക്കുന്നു. സുരക്ഷിതം, നിറം മങ്ങിപ്പോവില്ല തുടങ്ങിയ പ്രത്യേകതകളാണ് കാരണം. ചൂടോ വെളിച്ചമോ നിറത്തെ ബാധിക്കില്ല. ജൈവനിറങ്ങള്‍ക്കു പകരക്കാരായി സിന്തറ്റിക് നിറങ്ങള്‍ വന്നതോടെ കൊച്ചിനീലുകളുടെ ആവശ്യകതയില്‍ കുറവുവന്നു. പക്ഷേ, ഭക്ഷ്യനിറമെന്ന നിലയില്‍ ആവശ്യം വര്‍ധിച്ചു. പ്രത്യേകിച്ചും അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സിന്തറ്റിക് നിറങ്ങള്‍ ഭക്ഷണങ്ങളിലുപയോഗിക്കുന്നത് നിരോധിച്ചതോടെ.
500 ഗ്രാമിന് എഴുപതിനായിരം പ്രാണി
500 ഗ്രാം കാര്‍മൈന്‍ ഉണ്ടാക്കാന്‍ 70000 പ്രാണികളെ കൊല്ലേണ്ടിവരും. വന്യജീവിസംരക്ഷണവാദികള്‍ കൊച്ചിനീല്‍ വ്യാപാരത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ കോഫി ഭീമനായ സ്റ്റാര്‍ബക്‌സ് ഐസ്ഡ് കോഫി, സ്മൂത്തി, കേക്ക് എന്നിവയില്‍ കാര്‍മൈന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെട്ട ശേഷം, വ്യാപകപരാതിയുയര്‍ന്നിരുന്നു. വൈകാതെ കമ്പനി തക്കാളിയില്‍ നിന്നുണ്ടാക്കുന്ന ചുവപ്പു നിറത്തിലേക്ക് മാറി. ബെറികളില്‍ നിന്നും ബീറ്റ്‌റൂട്ടില്‍ നിന്നും ഉണ്ടാക്കുന്നവയാണ് മറ്റ് പ്രകൃതിദത്തമായ ചുവപ്പുനിറങ്ങള്‍. അതൊന്നും കാര്‍മൈന്‍ പോലെ ദീര്‍ഘസമയം നിലനില്‍ക്കുന്നതോ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതോ അല്ല.
പ്രകൃതിദത്തമാണെന്നും കല്‍ക്കരിയില്‍ നിന്നോ പെട്രോളിയം ഉപോല്‍പ്പന്നങ്ങളില്‍ നിന്നോ ഉണ്ടാക്കുന്ന കൃത്രിമനിറങ്ങളേക്കാള്‍ സുരക്ഷിതമാണെന്നും അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നു. ചിലര്‍ക്ക് ഗുരുതരമായ അലര്‍ജി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എങ്കിലും കാര്‍മൈന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ല. നിറത്തിന് വലിയ തോതില്‍ ആവശ്യക്കാരുണ്ടെന്നതാണ് മറ്റൊരു വസ്തുത. ഉത്പാദനം പെട്ടെന്നൊന്നും വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതുകൊണ്ടുതന്നെ വിപണിയില്‍ വിലയും കൂടുതലാണ്. 2013-ല്‍ പെറു കയറ്റുമതി ചെയ്തത് ഏകദേശം 531 ടണ്‍ കാർ മൈന്‍ ആണ്. ഫ്രാന്‍സ് ആണ് കൊച്ചിനീല്‍ ഇറക്കുമതിയില്‍ മുമ്പില്‍. ജപ്പാനും ഇറ്റലിയും ഇറക്കുമതി ചെയ്യുന്നു.
കൊച്ചിനീലുകള്‍
വെളുപ്പിലും ചാരനിറത്തിലും കാണപ്പെടുന്ന ചെറുജീവികളാണ് കൊച്ചിനീലുകള്‍. കള്ളിച്ചെടികളുടെ പ്രതലത്തില്‍ പറ്റിപ്പിടിച്ച് ഏകദേശം 5 മില്ലിമീറ്റര്‍ വരെ വളരും. ശരീരത്തിന്റെ നാലിലൊന്നും ചുവപ്പുനിറമുള്ള കാര്‍മിനിക് ആസിഡാണ്. കള്ളിച്ചെടിയുടെ ഈര്‍പ്പം ഊറ്റിയെടുത്ത് ഭക്ഷണമാക്കും. കള്ളിയിലകളില്‍ നിന്ന് ബ്രഷ് ചെയ്താണ് കൊച്ചിനീലുകളെ ശേഖരിക്കുക. പറക്കുന്ന ആണ്‍പ്രാണികളേക്കാള്‍ ചിറകില്ലാത്ത പെണ്‍പ്രാണികള്‍ക്കാണ് വലിപ്പം കൂടുതല്‍, ഇവയെയാണ് നിറമുണ്ടാക്കാന്‍ ഉപയോഗിക്കുന്നതും. മുട്ടയില്‍ നിന്നും നിറം വേര്‍തിരിച്ചെടുക്കാം. ചൂടുവെള്ളത്തില്‍ മുക്കിയോ വെയിലത്തുവെച്ചോ പുഴുങ്ങിയോ കൊന്നശേഷം ഉണക്കിയെടുക്കും. ഭാരം 30 ശതമാനമെങ്കിലും കുറയുന്നതുവരെ ഉണക്കണം. ഓരോ രീതിയും വ്യത്യസ്തമായ നിറമാണ് ഇവയ്ക്ക് നല്‍കുക. ലേഡി ബഗ്, ഉറുമ്പുകള്‍, കടന്നലുകള്‍, പക്ഷികള്‍ തുടങ്ങിയവ ഇവയെ ഭക്ഷിക്കാറുണ്ട്. 200-ലേറെത്തരം കള്ളിച്ചെടികള്‍ ഇവയ്ക്ക് ആവാസയോഗ്യമാണ്.
എത്യോപ്യന്‍ പരീക്ഷണം
2000-ത്തിന്റെ തുടക്കത്തില്‍ കൊച്ചിനീലുകളെ എത്യോപ്യന്‍ കാര്‍ഷികമേഖലയിലെത്തിച്ചിരുന്നു. 2000 ടണ്ണോളം കാര്‍മൈന്‍ മൂന്നുവര്‍ഷത്തോളം കയറ്റുമതി ചെയ്തു. പിന്നീട് സമുദായങ്ങള്‍ തമ്മിലുള്ള വൈരുധ്യം എത്യോപ്യയിലെ കച്ചവടം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചു. ഒപ്പം, പ്രാണികള്‍ പെരുകി കീടമായത് അവിടുത്തെ ആവാസവ്യവസ്ഥയെ ബാധിക്കുകയും ചെയ്തു.
Content Highlights: cochineal parasite used for food coloring
Published: 19 Oct 2024, 03:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented