നൃത്തമായിരുന്നു ചെറുപ്പംമുതലേ ദുര്‍ഗ കൃഷ്ണയ്ക്ക് എല്ലാം. അതിനിടയില്‍ അവിചാരിതമായി സിനിമയിലേക്ക് ടേക്ക് ഓഫ്. പൃഥ്വിരാജ് നായകനായ 'വിമാന'ത്തില്‍ നായികയായി തുടക്കം. പിന്നീട് 'പ്രേതം 2', 'കണ്‍ഫഷന്‍സ് ഓഫ് കുക്കു', 'ഉടല്‍', 'കുടുക്ക് 2025'...നല്ല കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. ഒടുവില്‍ എം.ടി.യുടെ 'മനോരഥങ്ങളി'ല്‍ 'ഓളവും തീരവും' എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയും. '' ആദ്യസിനിമ തൊട്ട് ഇന്നുവരെ ദൈവം എന്റെ കൂടെനിന്ന് അനുഗ്രഹിക്കുന്നതായി തോന്നിയിട്ടുണ്ട് '', ദുര്‍ഗ പറയുന്നു.

To advertise here,

ഏഴുവര്‍ഷമായി സിനിമയിലെത്തിയിട്ട്. 'വിമാനം' മുതല്‍ 'ഓളവും തീരവും' വരെയുള്ള യാത്രയെക്കുറിച്ച് ?
പൃഥ്വിരാജിന്റെ നായികയായി അരങ്ങേറുക എന്നത് വലിയ ഭാഗ്യമായിരുന്നു. അന്നുതൊട്ട് ദൈവാനുഗ്രഹം കൂടെയുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഓരോ സിനിമകളും എന്നെത്തേടിയെത്തിയത്. അതിനൊപ്പം കഠിനപ്രയത്‌നവും തീര്‍ച്ചയായുമുണ്ട്. ഓരോ സിനിമ ചെയ്യുമ്പോഴുമുള്ള ബുദ്ധിമുട്ടുകള്‍, കഥാപാത്രത്തിലേക്കുള്ള സഞ്ചാരം, ഒരു സിനിമ കഴിഞ്ഞ് അടുത്തതു വരെയുള്ള കാത്തിരിപ്പ്... ഈ സിനിമായാത്ര ഒട്ടും എളുപ്പമായിരുന്നില്ല.

മനോരഥങ്ങളുടെ ഭാഗമാവുന്നതെങ്ങനെയാണ്?
നിര്‍മാതാവ് സുധീര്‍ അമ്പലപ്പാട്ട് ആണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. എം.ടി. സാറിന്റെ കുറച്ച് കഥകള്‍ സിനിമയാകുന്നുണ്ടെന്ന് പറഞ്ഞു. എന്റെ സിനിമയെക്കുറിച്ചും സംസാരിച്ചു.  എന്നിട്ടും എനിക്ക് വിശ്വസിക്കാനായില്ല. കോസ്റ്റിയൂമര്‍ വന്ന് അളവെടുത്തു പോയിട്ടുപോലും ഞാന്‍ ഉറപ്പിച്ചില്ല.  വീട്ടുകാര്‍ക്കും ഏറെ സന്തോഷം തോന്നി. അപ്പോഴും ഞാന്‍ പറഞ്ഞു, 'വരട്ടെ, ഷൂട്ടിങ് തുടങ്ങിയിട്ട് വിശ്വസിച്ചാല്‍ മതി'. ഒടുവില്‍ ആദ്യസീന്‍ കഴിഞ്ഞ് പ്രിയന്‍ സാര്‍ കട്ട് വിളിച്ചപ്പോഴാണ് എനിക്ക് വിശ്വാസമായത്.
എം.ടി.സാറിന്റെ പഴയ പല സിനിമകളും കണ്ടിട്ടുണ്ട്. അതുപോലുള്ള കഥാപാത്രം എന്നും സ്വപ്‌നമായിരുന്നു. അതിനൊപ്പം ലാലേട്ടന്റെ നായിക, സംഗീത് ശിവന്റെ ക്യാമറ, പ്രിയദര്‍ശന്റെ സംവിധാനം, സാബു സിറില്‍ ആര്‍ട്ട് ചെയ്യുന്നു... ഇതെല്ലാം ആഗ്രഹിച്ച കാര്യങ്ങളാണ്. ആഗ്രഹങ്ങളെല്ലാം ഒരുമിച്ച് സാധ്യമായതുപോലെ. 
ഷൂട്ടിങ്ങിനുമുമ്പ് പഴയ 'ഓളവും തീരവും' എവിടുന്നോ സംഘടിപ്പിച്ചു കണ്ടു. അതുകഴിഞ്ഞ് സംസാരിച്ചപ്പോള്‍ പ്രിയന്‍ സാര്‍ പറഞ്ഞു, പഴയ സിനിമ കാണരുത്. അതല്ല നമ്മള്‍ ചെയ്യാന്‍ പോകുന്നത്. ഓളവും തീരവും എന്ന സിനിമയുടെ പുതിയ വേര്‍ഷന്‍ ആണെന്ന്.

കംഫര്‍ട്ട് സോണില്‍ മാത്രം നിന്നുകൊണ്ട് അഭിനയിക്കുന്നയാളാണോ?
ഞാന്‍ ഭരതനാട്യം നര്‍ത്തകിയാണ്. സിനിമയില്‍ വരുന്നതിനുമുമ്പ് നിരവധി കഥാപാത്രങ്ങള്‍ കൊറിയോഗ്രഫി ചെയ്ത് വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ കാര്യത്തിലാണെങ്കില്‍ 'വിമാന'ത്തിലെ ജാനകി മുതല്‍ 'ഓളവും തീര'ത്തിലെ  നബീസ വരെ എല്ലാം വ്യത്യസ്തത നിറഞ്ഞ തായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ കംഫര്‍ട്ട് സോണില്‍ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ഒരാളല്ല ഞാന്‍. നൃത്തത്തിലാണെങ്കിലും സിനിമയിലാണെങ്കിലും വ്യത്യസ്തവും ആഴവുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് എന്നും താത്പര്യം.

'ഉടല്‍' എന്ന സിനിമയിലെ കഥാപാത്രം ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നല്ലോ. അതിനൊപ്പം ഇന്റിമേറ്റ് സീനുകളുടെ പേരില്‍ വിമര്‍ശനവും?
'ഉടല്‍' എന്റെ കരിയറിലെ പ്രധാന സിനിമയാണ്. ആ സിനിമയും അതിലെ 'ഷൈനി' എന്ന കഥാപാത്രവും കുറേ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേരിട്ടു. മികച്ച നടിക്കുള്ള ജെ.സി.ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു. എങ്കിലും വേണ്ടത്ര അംഗീകാരം ആ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും എന്റെ ഉത്തരം. കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്ന സിനിമയെപ്പറ്റി അധികം നിരൂപണങ്ങള്‍ നടന്നിട്ടുണ്ടോ എന്നുതന്നെ സംശയമാണ്. 

placeholder
Photo: വിഷ്ണു സന്തോഷ്

ഒരുപാട് പഠിപ്പുണ്ടെങ്കിലും വീട്ടുജോലിയിലും അടുക്കളപ്പണിയിലും തളച്ചിടപ്പെട്ട കഥാപാത്രമാണത്. പ്രായമായ അമ്മായിയച്ഛനെയും അമ്മായിയമ്മയെയും നോക്കേണ്ട ഉത്തരവാദിത്തം അവളുടെ തലയില്‍വെച്ചുകൊടുത്ത്, വീട്ടിലേക്ക് തിരിഞ്ഞുപോലും നോക്കാതെ ദൂരെപ്പോയി ജോലി ചെയ്യുന്ന ഭര്‍ത്താവ്. സത്യത്തില്‍ ഷൈനി ഇന്നത്തെ സമൂഹത്തിലെ വീട്ടമ്മയാണ്. വളരെ ബോള്‍ഡായി, സന്ദര്‍ഭങ്ങളെ വ്യക്തമായി മനസ്സിലാക്കി തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള കഥാപാത്രം. ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് ഞാനാ സിനിമ സ്വീകരിച്ചത്. 
 സംസ്ഥാന അവാര്‍ഡ് പോലുള്ള പല പ്രമുഖ അവാര്‍ഡ് ജൂറികളും ആ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കിയില്ലെന്ന് തോന്നിയിട്ടുണ്ട്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ അവസാന റൗണ്ടില്‍വരെ ഷൈനി എന്ന കഥാപാത്രമുണ്ടായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അതുതന്നെ വലിയ അംഗീകാരമാണ്. വിമര്‍ശനങ്ങള്‍ എന്നും ആര്‍ട്ടിസ്റ്റിന് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തെറ്റുണ്ടെങ്കില്‍ തിരുത്താനും സമൂഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിലവാരവും ഇരട്ടത്താപ്പുമെല്ലാം മനസ്സിലാക്കാനും വിമര്‍ശനങ്ങള്‍ സഹായിക്കും. 

പലപ്പോഴും സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വരുന്ന അഭിനേത്രികളിലൊരാളാണ് ദുര്‍ഗ?
തികച്ചും സ്വകാര്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു കലാകാരിയെന്ന നിലയില്‍ സോഷ്യല്‍ മീഡിയ ആവശ്യമായതുകൊണ്ടുമാത്രം അതില്‍ സജീവമാകുന്നു. അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ പ്രത്യേക ടീമുണ്ട്. സൈബര്‍ അറ്റാക്കുകള്‍ വരുമ്പോള്‍ ആദ്യകാലത്ത് എനിക്കും ടീമിനുമൊക്കെ വിഷമം തോന്നിയിരുന്നു.  പക്ഷേ ഇപ്പോഴില്ല. കാരണം, സോഷ്യല്‍ മീഡിയ വലിയ സമുദ്രമാണെന്ന് എനിക്കറിയാം. നല്ലവരും നല്ലവരായി നടിക്കുന്നവരും മോശക്കാരുമുള്ള വലിയ സമുദ്രം. അതിലെ പ്രശംസയും വിമര്‍ശനവും ചെളിവാരി എറിയലും ലൈംഗികച്ചുവയോടെയുള്ള അഭിപ്രായങ്ങളുമെല്ലാം ഒരു തിര വന്നുപോകുന്ന പോലെയാണ്. അത് മനസ്സിലേക്ക് എടുക്കേണ്ട കാര്യമേ ഇല്ലെന്ന് മനസ്സിലാക്കി. 
എന്റെ സ്വകാര്യജീവിതം, കുടുംബം എന്നിവയെപ്പറ്റിയെല്ലാം മോശം കമന്റുകള്‍ വരുമ്പോള്‍ മുമ്പ് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തി. നേരത്തെ പറഞ്ഞപോലെ ഒരു തിര വന്നുപോകും. വീണ്ടും അടുത്തത് വരും, പോകും. അത്രയേയുള്ളൂ.

നൃത്തമാണോ സിനിമയാണോ കൂടുതല്‍ പ്രധാനം?
സിനിമയും നൃത്തവുമാണ് തൊഴിലും പാഷനും. പക്ഷേ, മുന്‍ഗണന കുടുംബത്തിനാണ്. അതുകഴിഞ്ഞേ എന്തുമുള്ളൂ. പിന്തുണയോടെ ഒപ്പം നില്‍ക്കുന്ന കുടുംബമുള്ളതുകൊണ്ടാണ് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. പിന്നെ കോഴിക്കോട്ടുകാരി ആയതുകൊണ്ട് പാചക പരീക്ഷണങ്ങളും ഉണ്ട്. യാത്രകളും വളരെയിഷ്ടമാണ്. ജോലിസംബന്ധമായും അല്ലാതെയും കുറെ യാത്രകള്‍ ചെയ്യും. സംഗീതവും മെഡിറ്റേഷനും സഹചാരികളാണ്.