ബോളിവുഡിൽ ഭാഗ്യം പരീക്ഷിക്കാനായി വിദേശത്തുനിന്ന് ഇങ്ങോട്ടേക്ക് എത്തിയ പല താരങ്ങളുമുണ്ട്. അവരിൽ പലരും പിന്നെ ഈ രാജ്യത്തെ സ്വന്തം സ്ഥലമായി നെഞ്ചോട് ചേർത്തവരുമാണ്. കത്രീന കൈഫ്, നർത്തകിയും നടിയുമായ നോറ ഫത്തേഹി, മോഡലും നടിയുമായ നതാഷ സ്റ്റാൻകോവിച്ച്, ഐറ്റംഡാൻസറായ യാനാ ഗുപ്ത തുടങ്ങിയവർ അവരിൽ ചിലരാണ്.

ആ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു താരമാണ് മന്ദന കരീമി. ഇറാനിൽനിന്നുള്ള നടിയും മോഡലുമാണവർ. ജനിച്ചത് ഇറാനിലെ ടെഹ്‌റാനിൽ. എയർഹോസ്റ്റസായിട്ടാണ് കരിയർ തുടങ്ങിയത്. മോഡലിങ്ങിൽ താത്പര്യം തോന്നിയപ്പോൾ, ആ ജോലി ഉപേക്ഷിച്ചു. മോഡലിങ്ങിൽ പലപ്പോഴായി ഭാഗ്യം പരീക്ഷിച്ച ശേഷമാണ് അവർ ഇന്ത്യയിലേക്കെത്തുന്നത്. 2010-ൽ മൂന്നുമാസത്തെ മോഡലിങ് കോൺട്രാക്ടുമായിട്ടാണ് മന്ദന മുംബൈയിലെത്തുന്നത്.

നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും, ഇടയ്ക്കിടെ അവർ മുംബൈയിലേക്ക് വന്നുകൊണ്ടിരുന്നു. 2013-ൽ ഇവിടെ സ്ഥിരതാമസമാക്കി. ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരമുണ്ടായി. പിന്നാലെ ബോളിവുഡിലേക്കും. 2015-ൽ റിലീസായ 'ഭാഗ് ജോണി' എന്ന സിനിമയിൽ നായികയായി. അതേ വർഷം തന്നെ ഹിന്ദി റിയാലിറ്റി ഷോ ആയ 'ബിഗ് ബോസി'ൽ താരം പങ്കെടുത്തു, രണ്ടാം റണ്ണറപ്പ് ആവുകയും ചെയ്തു. മേം ഓർ ചാൾസ്, ക്യാ കൂൽ ഹേ ഹം 3 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇഷ്‌ക്ബാസ്, ദ കാസിനോ തുടങ്ങിയ പരമ്പരകളുടെയും ഭാഗമായി. 2022-ൽ പുറത്തിറങ്ങിയ 'താർ' എന്ന സിനിമയിലാണ് മന്ദന ഒടുവിലായി അഭിനയിച്ചത്.

ഇപ്പോഴിതാ നീണ്ട 16 വർഷങ്ങൾക്കുശേഷം ഇന്ത്യയിൽനിന്ന് മടങ്ങിപ്പോയിരിക്കുകയാണ് മന്ദന. 'Ask Me Anything'-ലൂടെ തന്റെ തീരുമാനം പ്രേക്ഷകരുമായി അവർ പങ്കുവെക്കുകയും ചെയ്തു. ആ തീരുമാനത്തിലുള്ള കാരണങ്ങളെക്കുറിച്ചും മന്ദന തുറന്നുപറഞ്ഞു.

വിമാനത്താവളത്തിൽനിന്നുള്ള ഒരു വീഡിയോയും മന്ദന പോസ്റ്റ് ചെയ്തിരുന്നു. ''എനിക്കൊരിക്കലും മുംബൈ വിട്ടുപോകുമെന്ന് സങ്കൽപ്പിക്കാനോ വിശ്വസിക്കാനോ കഴിയുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് പറയാൻ കഴിയും, ഗുഡ്‌ബൈ ഇന്ത്യ''.

ഈ തീരുമാനം വളരെ വേദനാജനകമാണെന്നും താരം കൂട്ടിച്ചേർത്തു. ''ഇതേറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഏകദേശം 16 വർഷമായി ഞങ്ങൾ ഇന്ത്യയിൽ. ഒടുവിലിപ്പോൾ എന്റെ രണ്ടാമത്തെ വീട് ഉപേക്ഷിക്കുകയാണ്. ഇതാ പുതിയ ചില തുടക്കങ്ങളിലേക്ക്. പുതിയ രാജ്യം, പുതിയ വീട്, എല്ലാം പുതിയത്''.

ഈ വർഷമാദ്യം, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, സുരക്ഷാ കാരണങ്ങളാൽ താൻ ഇന്ത്യ വിടാൻ ഒരുങ്ങുന്നതായി മന്ദന സ്ഥിരീകരിച്ചിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങളൊന്നും അന്ന് മന്ദന നൽകിയിരുന്നില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi