പാക് നടിയും മോഡലുമായ ഹുമൈറ അസ്ഗർ അലിയുടെ മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന് കുടുംബം. ഹുമൈറയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് അതിന് കാരണമായി അവർ പറഞ്ഞത്. അവരുടെ ഫോൺ പരിശോധിച്ച് നമ്പർ എടുത്താണ് പോലീസ് കുടുംബവുമായി ബന്ധപ്പെട്ടത്. ഫോൺ എടുത്തത് ആർമിയിൽനിന്ന് വിരമിച്ച ഡോക്ടർ കൂടിയായ പിതാവാണ്. ''അവളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ട് എത്രയോ കാലമായി. മൃതദേഹം നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. ഞങ്ങൾ സ്വീകരിക്കില്ല'', എന്നാണ് പിതാവ് പറഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ അവരുടെ മൃതദേഹത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹുമൈറ എന്നാണ് മരിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഇതുവരെ ലഭിച്ചിട്ടില്ല. ഒരുമാസം മുമ്പായിരിക്കും മരണം നടന്നതെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്. എന്നാൽ, അത് തെറ്റാണെന്ന് പിന്നീട് വാർത്തകൾ വന്നു. 2024 ഒക്ടോബറിലായിരിക്കും മരിച്ചിരിക്കുകയെന്ന് ഇപ്പോൾ പോലീസ് പറയുന്നു. ഫ്രിഡ്ജിലെ ഭക്ഷ്യവസ്തുക്കളുടെ കാലാവധി കാണിക്കുന്നത് 2024 സെപ്റ്റംബറാണ്.
സോഷ്യൽ മീഡിയയിൽ അവസാനമായി പോസ്റ്റുകളിട്ടതും സെപ്റ്റംബറിൽ തന്നെ. ഫോണിൽനിന്ന് അവസാനമായി കോളുകൾ പോയതും വന്നതും ഒക്ടോബറിലും. അതിനുശേഷം സിം പ്രവർത്തനരഹിതമായിരുന്നു. ബില്ലുകൾ അടക്കാത്തതിനാൽ അപാർട്ട്മെന്റിലേക്കുള്ള വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിരുന്നു.
ഹുമൈറയെ കുറച്ചുനാളായി കാണാത്തതിനാൽ അയൽവാസികൾ അതിനെക്കുറിച്ച് സംസാരിച്ചിരുന്നുവത്രെ. അതിനൊപ്പം ഫ്ളാറ്റിൽനിന്ന് ദുർഗന്ധം ഉയരുന്നുവെന്ന് അവർ മുമ്പേ പരാതിപ്പെട്ടതായും പറയപ്പെടുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് ഹുമൈറയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കറാച്ചിയിലെ ഡിഫൻസ് ഹൗസിങ് കോളനിയിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഏഴുവർഷത്തോളമായി ഇതേ ഫ്ളാറ്റിലാണ് അവർ കഴിഞ്ഞിരുന്നത്. മാസങ്ങളായി വാടക നൽകാത്തതിനാലും ഫോണിൽ കിട്ടാത്തതിനാലും ഫ്ളാറ്റ് ഉടമ അവരെ ഫ്ളാറ്റിൽനിന്ന് ഒഴിപ്പിക്കാനായി കേസ് ഫയൽ ചെയ്തു. ഫ്ളാറ്റിൽനിന്ന് അവരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. അതിനുപിന്നാലെ പോലീസ് ഫ്ളാറ്റിലെത്തിയതായിരുന്നു. ഉള്ളിൽനിന്ന് പൂട്ടിയ നിലയിലുള്ള ഫ്ളാറ്റിന്റെ വാതിൽ ബലംപ്രയോഗിച്ച് തുറന്നു. അപ്പോഴാണ് മൃതദേഹം കാണുന്നത്.
ബാൽക്കണിയുടെ വാതിലും അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ, കൊലപാതകത്തിനുള്ള സാധ്യത ആദ്യമേ തന്നെ അധികൃതർ തള്ളിക്കളഞ്ഞു. ഹുമൈറ ഒറ്റയ്ക്കായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മാസങ്ങളായി അവർ പൊതുസമൂഹത്തിൽനിന്ന് അകന്നുകഴിയുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ലഹോറിലാണ് ഹുമൈറ ജനിച്ചത്. അതിനുശേഷം അഭിനയമോഹവുമായി കറാച്ചിയിലേക്ക് മാറുകയായിരുന്നു. 2015-ലാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ടിവി ഷോകളിൽ സഹനടിയായിട്ടാണ് കടന്നുവരവ്. ജലൈബി, ലവ് വാക്സീൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2022-ൽ 'തമാഷ ഘർ' എന്ന റിയാലിറ്റി ഷോയിലൂടെ കൂടുതൽ ജനപ്രീതി നേടി. 2023-ൽ ബെസ്റ്റ് ഇമേർജിങ് ടാലന്റ് സ്റ്റാറിനുള്ള പുരസ്‌കാരം അവരെ തേടിയെത്തി. പാക് റിയാലിറ്റി ഷോയായ 'തമാഷ ഘറി'ലൂടെയാണ് ഹുമൈറ പ്രശസ്തയായത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: death of pakistani star humaira asghar alis tragic death and the unanswered questions
Published: 11 Jul 2025, 01:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented