സഞ്ജയ് ലീലാ ബൻസാലിയുടെ 'ഹീരമാണ്ടി: ദ ഡയമണ്ട് ബസാർ' എന്ന സീരീസ് പുറത്തിറങ്ങിയ സമയത്തും അതിനുശേഷവും ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് പാകിസ്താനി നടി നർഗീസ് ബീഗത്തിന്റേത്. പൂർണമായും താരത്തിന്റെ ജീവിതമല്ല സീരീസ് പറയുന്നതെങ്കിലും, അവരെ പോലുള്ള ഒട്ടേറെ യഥാർഥവ്യക്തികളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരീസ് നിർമിച്ചത്.

പാകിസ്താനിൽ ഒരുകാലത്ത് ഏറെ പ്രശസ്തയായ നടിയും നർത്തകിയുമായിരുന്നു നർഗീസ്. നിഗ്ഗോ എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. ലഹോറിനടുത്തുള്ള ഹീരമാണ്ടിയിലാണ് അവരുടെ ജനനം. ലൈംഗികതൊഴിലാളികൾ താമസിച്ചിരുന്ന ഇടമായിരുന്നുവത്. നർഗീസിന്റെ അമ്മയും അവരിലൊരാളായിരുന്നു. അവരെല്ലാം അസാധ്യനർത്തകരുമായിരുന്നു.

കാലക്രമേണ നർഗീസും അമ്മയുടെ തൊഴിലിലേക്ക് തിരിഞ്ഞു. ഒരിക്കൽ ഹീരമാണ്ടിയിലെത്തിയ സിനിമാനിർമാതാക്കൾ നർഗീസിന്റെ നൃത്തം കാണാനിടയായി. ആ പെൺകുട്ടിയെയും അവർ സിനിമയിലേക്ക് ക്ഷണിച്ചു. നർഗീസിന്റെ ആദ്യചിത്രമായ 'ഇഷ്റത്ത്' 1964-ൽ പുറത്തിറങ്ങി. അതിനുശേഷം ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ചു. മിക്ക സിനിമകളിലും അവർ ഐറ്റം ഗേളായാണ് എത്തിയത്.

1972-ൽ 'ഖസു' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, നിർമാതാവായ ഖ്വാജ മസറുമായി പ്രണയത്തിലായി. അധികം വൈകാതെ വിവാഹവും. ലൈംഗികതൊഴിലാളി വിവാഹം കഴിക്കാൻ പാടില്ലെന്ന് പറഞ്ഞ്, ഈ വിവാഹത്തെ നർഗീസിന്റെ അമ്മ എതിർത്തു. അവളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. നർഗീസ് അത് നിരസിക്കുകയും ചെയ്തു. അതിനിടെ വേശ്യാലയം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നറിഞ്ഞപ്പോൾ താരം തിരിച്ച് ഹീരമാണ്ടിയിലെത്തി. ഭർത്താവ് അവളോട് തിരിച്ചുവരാൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ, അവൾ തയ്യാറായില്ല. ഒടുവിൽ 1972-ൽ ഭർത്താവ് അവിടേക്ക് വന്നു. തിരിച്ചുവിളിച്ചെങ്കിലും അമ്മയെ വിട്ടുപോകാൻ നിഗ്ഗോ തയ്യാറായില്ല. ഉടനെ ഖ്വാജ പോക്കറ്റിൽനിന്ന് തോക്കെടുത്ത് ഭാര്യയ്ക്കുനേരെ വെടിയുതിർത്തു. നിഗ്ഗോയ്‌ക്കൊപ്പം അവരുടെ അമ്മാവനും വേറെ രണ്ടുപേരും ആ വെടിവെപ്പിൽ കൊല്ലപ്പെട്ടു. നർഗീസിനെയും അവിടെയുണ്ടായിരുന്ന വേറെ രണ്ടുപേരെയും വെടിവെച്ചുകൊല്ലുകയും ചെയ്തു. ഭർത്താവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi