കഴിഞ്ഞ വർഷം നവംബർ 24-നാണ് ധർമേന്ദ്ര മരിച്ചത്. അദ്ദേഹം അഭിനയിച്ച അവസാനചിത്രമായ 'ഇക്കിസ്' റിലീസായത് ഈ ജനുവരി ഒന്നിനും. ഇത്ര ദിവസമായിട്ടും തനിക്ക് 'ഇക്കിസ്' കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് ഹേമ മാലിനി. തനിക്കിതുവരെ അതിനുള്ള ധൈര്യം കിട്ടിയിട്ടില്ലെന്നും മുറിവുകളെല്ലാം ഉണങ്ങിയശേഷം കാണണമെന്നാണ് കരുതുന്നതെന്നും അവർ വെളിപ്പെടുത്തി.

ധർമേന്ദ്രയുടെ അവസാനചിത്രം കണ്ടോ എന്ന ചോദ്യത്തിന് ഹേമ മാലിനി നൽകിയ മറുപടിയിങ്ങനെ, ''സിനിമ റിലീസായ സമയത്ത് ഞാൻ എന്റെ മണ്ഡലമായ മഥുരയിലായിരുന്നു. എനിക്ക് കുറേ ജോലികളുണ്ടായിരുന്നു. മാത്രമല്ല ആ സിനിമ കാണാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ. അതെനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്റെ മക്കളും അതുതന്നെയാണ് പറയുന്നത്. മുറിവുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഞാനാ സിനിമ കണ്ടേക്കാം. ധരംജിയും ഞാനും 57 വർഷത്തോളം ഒരുമിച്ചായിരുന്നു. അദ്ദേഹമില്ലാത്തൊരു ജീവിതം എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. ഓരോ നിമിഷവും മിസ് ചെയ്യുന്നുണ്ട്. ഇനി എപ്പോഴാണ് അദ്ദേഹത്തെ എനിക്ക് വീണ്ടും കാണാൻ കഴിയുക''.

ധർമേന്ദ്രയുടെ കുടുംബങ്ങൾ തമ്മിൽ അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്കും ഹേമ മറുപടി നൽകി. ''വളരെ സൗഹാർദപരമായ രീതിയിലാണ് ഞങ്ങളുടെ കുടുംബങ്ങൾ കഴിഞ്ഞിരുന്നത്, ഇപ്പോഴും അങ്ങനെ തന്നെ. ഞങ്ങൾക്കിടയിൽ കുഴപ്പങ്ങളുണ്ടെന്ന് ആളുകൾ കരുതുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷേ ഞാനെന്തിന് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകണം? ഞാൻ ഒരു വിശദീകരണം നൽകേണ്ടതുണ്ടോ? ഇത് ഞങ്ങളുടെ വ്യക്തിജീവിതമാണ്. ഞങ്ങൾ തികച്ചും സന്തുഷ്ടരാണ്. അത്രമാത്രം. മറ്റുള്ളവരുടെ ദുഃഖം ഉപയോഗിച്ച് ആളുകൾ കുറച്ച് ലേഖനങ്ങൾ എഴുതുന്നത് വളരെ സങ്കടകരമാണ്''. സ്‌ക്രീനിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹേമ മാലിനിയുടെ പ്രതികരണം.

ധർമേന്ദ്രയുടെ ഓർമയ്ക്കായി ഒരു മ്യൂസിയം പണിയാൻ സണ്ണി ഡിയോൾ പദ്ധതിയിടുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. ''സണ്ണിയാണ് അതിന്റെ പ്ലാനിങ് മുഴുവൻ ചെയ്യുന്നത്. സണ്ണി എന്ത് ചെയ്താലും എന്നോട് പറയാറുണ്ട്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi