ബോളിവുഡിലെ അതികായരാണ് ബച്ചൻ കുടുംബവും കപൂർ കുടുംബവും.  ബിഗ് ബി അമിതാഭ് ബച്ചന്റെയും നടി ജയാ ബച്ചന്റെയും കൊച്ചുമകനായ അഗസ്ത്യ നന്ദയുടെ ഏറ്റവും പുതിയ ചിത്രം ഇക്കിസ് ഈയാഴ്ച തിയേറ്ററുകളിലെത്തിയിരുന്നു. അമ്മ ശ്വേത ബച്ചൻ വഴിയും അച്ഛൻ നിഖിൽ നന്ദ വഴിയും ബോളിവുഡിൽ ശക്തമായ പാരമ്പര്യമുള്ള വ്യക്തിയാണ് അഗസ്ത്യ. അച്ഛൻ‍ നിഖിൽ നന്ദയുടെ പാരമ്പര്യം നോക്കുകയാണെങ്കിൽ കപൂർ കുടുംബാംഗവും രാജ് കപൂറിൻ്റെ കൊച്ചുമകനുമാണ് അഗസ്ത്യ. രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെയും രാജൻ നന്ദയുടെയും മകനാണ് നിഖിൽ. 

To advertise here,

അടുത്തിടെ, ബച്ചൻ, നന്ദ കുടുംബാംഗമായിരിക്കുന്നതിനെക്കുറിച്ചും അതിൽ സമ്മർദ്ദം തോന്നുന്നുണ്ടോ എന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഐഎംഡിബി തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഇക്കിസ് സിനിമയുടെ സംവിധായകൻ ശ്രീറാം രാഘവൻ അഗസ്ത്യയോട് ഇങ്ങനെ ചോദിക്കുന്നുണ്ട്- "താങ്കളുടെ കുടുംബത്തിലെ ഇതിഹാസങ്ങൾ ഒരു സമ്മർദ്ദമാണോ?"

അല്ലെന്നായിരുന്നു അഗസ്ത്യയുടെ മറുപടി. "എനിക്കത് തീരെ ഭാരമായി തോന്നുന്നില്ല, കാരണം അതൊരിക്കലും എനിക്കുള്ള പാരമ്പര്യമല്ലെന്ന് എനിക്കറിയാം. എൻ്റെ കുടുംബപ്പേര് നന്ദയാണ്, ഞാൻ ആദ്യം എൻ്റെ അച്ഛൻ്റെ മകനാണ്. അദ്ദേഹത്തിന് അഭിമാനമാവാനാണ് ഞാൻ ശ്രമിക്കുന്നത്, അതാണ് ഞാൻ എൻ്റെമേൽ വലിയ ഭാരമായി കൊണ്ടുനടക്കുന്നത്" അദ്ദേഹം പറഞ്ഞു.

"എൻ്റെ മറ്റു കുടുംബാംഗങ്ങൾ അഭിനേതാക്കളാണ്. അവരുടെ ജോലിയെ ഞാൻ അഭിനന്ദിക്കുന്നു, ഇഷ്ടപ്പെടുന്നു. പക്ഷെ ഞാനവരെപ്പോലെയാകുമെന്ന് കരുതുന്നില്ല. അതിനെക്കുറിച്ച് ചിന്തിക്കാൻ സമയം ചെലവഴിക്കുന്നതുപോലും വെറുതെയാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

സോയ അക്തറിൻ്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ 'ദി ആർച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് അഗസ്ത്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സുഹാന ഖാൻ, ഖുഷി കപൂർ, വേദാങ് റെയ്ന, മിഹിർ അഹുജ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi