വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സ്‌റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ അറിയിച്ചിരുന്നു. ഡിസാസ്റ്റര്‍ ടൂറിസം വേണ്ട എന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ''ദയവായി കാഴ്ചകള്‍ കാണാന്‍ ദുരന്തസ്ഥലങ്ങളിലേക്ക് പോകരുത്. അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും''. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കുന്ന രീതിയില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കി. 

എന്താണ് ഡിസാസ്റ്റര്‍ ടൂറിസം?
പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന രീതിയെയാണ് ഡിസാസ്റ്റര്‍ ടൂറിസം എന്നുപറയുന്നത്. ഡാര്‍ക്ക് ടൂറിസത്തിന്റെ ഒരു ഭാഗമാണിത്. പൊതുവെ ആളുകള്‍ക്ക് അപകടങ്ങളും ദുരന്തങ്ങളും നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താത്പര്യം കൂടുതലാണ്. അതുകൊണ്ടാണ് ഡാര്‍ക്ക് ടൂറിസത്തിനും ഡിസാസ്റ്റര്‍ ടൂറിസത്തിനുമൊക്കെ പ്രാധാന്യമേറുന്നത്. കൂട്ടമരണം, പ്രകൃതിദുരന്തം, വലിയ അപകടം എന്നിവ നടന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് ഡാര്‍ക്ക് ടൂറിസവും ഡിസാസ്റ്റര്‍ ടൂറിസവും. പഴയ സ്വേച്ഛാധിപതികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍, ഒന്നാം ലോക-രണ്ടാം ലോക മഹായുദ്ധങ്ങള്‍ നടന്ന സ്ഥലങ്ങള്‍, ആണവദുരന്തം നടന്ന ഉക്രെയ്നിലെ ചെര്‍ണോബില്‍...ഇതൊക്കെയാണ് ഇവയിലുള്‍പ്പെടുന്നത്. ഉരുള്‍പൊട്ടലുകളും പ്രളയവും ചുഴലിക്കാറ്റും നാശംവിതച്ച സ്ഥലങ്ങളിലേക്കുള്ള യാത്രയും ഡിസാസ്റ്റര്‍ ടൂറിസത്തിന്റെ ഭാഗമാണ്.   

ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനല്ലാതെ ആ സ്ഥലം കാണാനും ഫോട്ടോയും സെല്‍ഫിയുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യാനും മാത്രമായി എത്തുന്നവരാണിവര്‍. അത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ ബാധിക്കാറുമുണ്ട്. 2019-ല്‍ ഉരുള്‍പൊട്ടല്‍ നടന്ന മലപ്പുറത്തെ കവളപ്പാളയില്‍ ദുരന്തബാധിതപ്രദേശം കാണാനെത്തുന്നവരുടെ തിരക്കുമൂലം രക്ഷാപ്രവര്‍ത്തകരുടെ വണ്ടികള്‍ പോലും ബ്ലോക്കില്‍ പെട്ടിരുന്നു. കാറുകളിലും ബൈക്കുകളിലുമായി കുടുംബസമേതമാണ് പലരും ദുരന്തസ്ഥലത്തെത്തിയത്. അവശ്യസാധനങ്ങള്‍ എത്തിക്കുന്നവരുടെ വാഹനങ്ങളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും മണ്ണുനീക്കാനെത്തിയ ജെ.സി.ബി.കളും അന്ന് ആ തിരക്കില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാവുകയും ചെയ്തു. ഒടുവില്‍ പോലീസ് ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 

അത് മനസ്സിലുള്ളതുകൊണ്ടാവാം ഇത്തവണ അധികൃതര്‍ നേരത്തെ തന്നെ അതിനായുള്ള മുന്‍കരുതലെടുത്തിരുന്നു. വയനാട് ജില്ലാ കളക്ടറുടെ സോഷ്യല്‍മീഡിയ പേജിലൂടെ, ആളുകള്‍ സ്ഥലം കാണാനായി വരരുതെന്ന് നിര്‍ദേശം നല്‍കി. കല്‍പറ്റ, ചുണ്ടേല്‍ എന്നിവിടങ്ങളില്‍നിന്നും ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനകവാടത്തില്‍ തന്നെ പോലീസ് നില്‍ക്കുകയും, ടൂറിസ്റ്റുകളാണെന്ന് തോന്നുന്നവരെ തടയുകയും ചെയ്യുന്നുണ്ട്.  

പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഏതൊക്കെ?
ഇറ്റലിയിലെ പ്രധാനപ്പെട്ട അഗ്നിപര്‍വതമാണ് മൗണ്ട് വെസൂവിയസ്. എ.ഡി. 79-ല്‍ അവിടെ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായപ്പോള്‍ പോംപെയ് നഗരം പൂര്‍ണമായും നശിച്ചു. ഇന്ന് ഇറ്റലിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണിത്. 

1986-ലെ ചെര്‍ണോബില്‍ ആണവനിലയത്തിലെ നമ്പര്‍-4 റിയാക്ടറിലുണ്ടായ പൊട്ടിത്തെറിയില്‍ വന്‍നാശനഷ്ടങ്ങളുണ്ടായി. സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ റേഡിയേഷന്റെ ഫലമായും ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. എന്നാലിന്നും ദുരന്തത്തിന്റെ ബാക്കിപത്രം കാണാന്‍ ആയിരക്കണക്കിനാളുകള്‍ ദിവസവും ഇവിടെയെത്തുന്നു.